ആരോഗ്യ കേന്ദ്രത്തിനു മുന്നില്‍ കാത്തു നില്‍ക്കുകയായിരുന്നു 15 പലസ്തീനികള്‍ ഇസ്രയല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി വിവരം. ഇതില്‍ 10 പേര് കുഞ്ഞുങ്ങളാണ്. കഴിഞ്ഞ ദിവസങ്ങളില്‍ മാത്രമായി ഗാസയില്‍ ഇസ്രയേല്‍ ശക്തമാക്കിയിരിക്കുന്ന ബോംബാക്രമണങ്ങളില്‍ ഏകദേശം 82 പേര് കൊലപ്പെട്ടതായാണ് പറയുന്നത്.
വെടിനിര്‍ത്തല്‍ നിലവില്‍ വരുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുമ്പോഴാണ് ഇസ്രയേല്‍ ഗാസയില്‍ തുടര്‍ച്ചയായി ആക്രമണങ്ങള്‍ നടത്തി ആളുകളെ കൊല്ലുന്നത്. വെടിനിര്‍ത്തലിന് ഇസ്രയേലും ഹമാസും സമ്മതിച്ചുവെന്ന്, അമേരിക്ക പറഞ്ഞു കൊണ്ടിരിക്കുമ്പോഴും, അതിപ്പോഴും പ്രാബല്യത്തില്‍ വന്നിട്ടില്ല. ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന് നെതന്യാഹുവും യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും വാഷിംഗ്ടണില്‍ കൂടിക്കാഴ്ച്ച നടത്തിയതിനു പിന്നാലെ കരാര്‍ നിലവില്‍ വരുമെന്ന് പറഞ്ഞിട്ടും ഫലം ഉണ്ടായിട്ടില്ല.
വ്യാഴാഴ്ച രാവിലെയായിരുന്നു ദേര്‍ അല്‍-ബലയിലെ ഒരു ആരോഗ്യകേന്ദ്രത്തിന് മുന്നില്‍ പോഷകാഹാര സപ്ലിമെന്റുകള്‍ക്കും വൈദ്യചികിത്സയ്ക്കുമായി കാത്തിരിക്കുന്ന കുടുംബങ്ങള്‍ക്കു നേരെ ഇസ്രയേല്‍ വ്യോമാക്രമണം ഉണ്ടായതെന്നാണ് മെഡിക്കല്‍ വൃത്തങ്ങള്‍ പറയുന്നത്. പ്രൊജക്ട് ഹോപ്പ് എന്ന സംഘടനയായിരുന്നു ഈ മെഡിക്കല്‍ ക്യാമ്പ് നടത്തി വന്നിരുന്നത്. അക്രമത്തിന്റെ പശ്ചാത്തലത്തില്‍ ക്യാമ്പിന്റെ പ്രവര്‍ത്തനങ്ങള്‍ താത്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്.
മെഡിക്കല്‍ ക്യാമ്പിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നതും കാത്തുനിന്നിരുന്ന നിരപരാധികളായ മനുഷ്യര്ക്കുനേരെയാണ് ആക്രമണം ഉണ്ടായത്. ഇത് അന്താരാഷ്ട്ര നിയമങ്ങളുടെയെല്ലാം ലംഘനമാണ്, പ്രൊജക്ട് ഹോപ്പ് ചീഫ് എക്സിക്യൂട്ടീവ് റാബിഹ് ടോര്‍ബേ മാധ്യമങ്ങളോട് പറയുന്നു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഗാസ മുനമ്പിലുടനീളം ഇസ്രായേലി ആക്രമണങ്ങളിലും വെടിവയ്പ്പിലും കുറഞ്ഞത് 67 പേര് കൊല്ലപ്പെട്ടതായാണ് പലസ്തീന് ആരോഗ്യ മന്ത്രാലയം പറയുന്നത്.
ബുധനാഴ്ച, വെടിനിര്‍ത്തലിന് പകരമായി 10 ബന്ദികളെ വിട്ടയക്കാമെന്ന് ഹമാസ് സമ്മതിച്ചിരുന്നു. ഈ ആഴ്ചയോ അടുത്ത ആഴ്ചയോ വെടിനിര്‍ത്തല്‍ കരാറിലെത്താന്‍ ‘വളരെയേറെ സാധ്യതയുണ്ടെന്നാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പറഞ്ഞത്. അപ്പോഴും ഇസ്രയേല്‍ വ്യോമാക്രമണം നടത്തി നിരപരാധികളെ കൊന്നൊടുക്കി കൊണ്ടിരിക്കുകയാണ്.
അതേസമയം വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിക്കുന്ന ഖത്തര്‍ പറയുന്നത് വെടിനിര്‍ത്തല്‍ നിലവില്‍ വരാന്‍ സമയമെടുക്കുമെന്നാണ്. ചില കാര്യങ്ങളില്‍ തര്‍ക്കങ്ങള്‍ നിലനില്‍ക്കുകയാണ്. വെടിനിര്‍ത്തലിന് ശേഷവും ഗാസയില്‍ സൈനിക പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നാണ് ഇസ്രയേല്‍ പറയുന്നത്. വെടിനിര്‍ത്തല്‍ നിലവില്‍ വന്നാല്‍ ഇസ്രയേല്‍ സൈന്യം ഗാസയില്‍ നിന്നും ഒഴിഞ്ഞു പോകണമെന്നാണ് ഹമാസിന്റെ ആവശ്യം.
അമേരിക്ക മധ്യസ്ഥത വഹിക്കുന്ന, 60 ദിവസത്തെ വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നാല്‍, പിന്നീട് സ്ഥിരമായി വെടിനിര്‍ത്തല്‍ ഉറപ്പാക്കുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് ഇസ്രയേല്‍ തയ്യാറാകുമെന്നായിരുന്നു ട്രംപുമായുള്ള കൂടിക്കാഴ്ച്ചയില്‍ നെതന്യാഹു അവകാശപ്പെട്ടത്. എന്നാല്‍ അതിനുള്ള നിബന്ധനകളും നെതന്യാഹുവിനുണ്ട്. ഹമാസ് പൂര്‍ണമായി നിരായുധീകരിക്കപ്പെടണം, അവര്‍ ഗാസയുടെ ഭരണം ഒഴിയണം. എന്നാല്‍ ഇതിനു ഹമാസ് സമ്മതിക്കുന്നില്ല. Israeli strike a medical point in Gaza, kills at least 10 children among 15 people
Content Summary; Israeli strike a medical point in Gaza, kills at least 10 children among 15 people
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.