January 15, 2025 |
Share on

അഭയാര്‍ത്ഥി ക്യാമ്പില്‍ ഇസ്രയേലിന്റെ ‘കൂട്ടക്കൊല’

രാത്രിയില്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളും

റഫയില്‍ നിരാലംബരായ പലസ്തീനികളെ പാര്‍പ്പിച്ചിരുന്ന അഭയാര്‍ത്ഥി ക്യാമ്പില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ ബോംബാക്രമണത്തില്‍ 45 പേര്‍ കൊല്ലപ്പെട്ടു. ക്യാമ്പില്‍ ഉണ്ടായിരുന്നവര്‍ക്കെല്ലാം ഗുരുതരമായ പൊള്ളലേറ്റു. പിഞ്ചു കുട്ടികളടക്കം പൊള്ളലേറ്റ് പിടയുന്നവരുടെ ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. പരിക്കേറ്റവരെ പ്രവേശിപ്പിക്കാന്‍ പ്രദേശത്ത് ആശുപത്രികളില്ലെന്നതും സാഹചര്യം കൂടുതല്‍ ദുരന്തപൂര്‍ണമാക്കുന്നുണ്ട്. റഫ മേഖലയില്‍ ആകെ ഒരാശുപത്രിയാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഇസ്രയേല്‍ ആക്രമണങളെ തുടര്‍ന്ന് മറ്റ് ആശുപത്രികള്‍ പ്രവര്‍ത്തനം നിര്‍ത്തുകയോ, പ്രവര്‍ത്തിക്കാന്‍ കഴിയാത്ത അവസ്ഥയില്‍ തകര്‍ന്നു പോവുകയോ ചെയ്തിട്ടുണ്ട്. israel attacked rafah tent camp

പൊതുവെ സുരക്ഷിതമെന്ന് കരുതിയ പ്രദേശത്ത് സ്ഥാപിച്ചിരുന്ന ക്യാമ്പിലാണ് രാത്രിയില്‍ ആക്രമണം നടത്തിയത്. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. അന്താരാഷ്ട്ര സമൂഹത്തിന്റെ മുന്നറിയിപ്പുകളെല്ലാം അവഗണിച്ച് റഫയില്‍ വ്യാപകമായ ആക്രമണമാണ് ഇസ്രയേല്‍ നടത്തുന്നത്. താല്‍ അസ്-സുല്‍ത്താന്‍, സൗദി, ടാല്‍ സൗറബ്, അല്‍-ഹാഷഷിന്‍ തുടങ്ങി നഗരത്തിന്റെ വിവിധ പ്രദേശങ്ങളില്‍ തുടരുന്ന ആക്രമങ്ങളില്‍ നിരവധി പലസ്തീനികള്‍ കൊല്ലപ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്നാണ് വിവരം. അഭയാര്‍ത്ഥി ക്യാമ്പില്‍ നടത്തിയിരിക്കുന്ന ആക്രമണം, ഇസ്രയേലിനെതിരായ പ്രതിഷേധം കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്.

ക്യാമ്പിനു നേരെ ഉണ്ടായ ആക്രമണം ഇസ്രയേല്‍ സൈന്യം അംഗീകരിച്ചിട്ടുണ്ട്. ഹമാസിനെ ലക്ഷ്യമിട്ടുള്ള ആക്രമണമായിരുന്നു നടന്നതെന്നാണ് വാദം. എന്നാല്‍ സംഭവിച്ചത് ദൗര്‍ഭാഗ്യകരമായ കാര്യമാണെന്നും അന്വേഷണം നടത്തുമെന്നും ഉന്നത സൈനികോദ്യോഗസ്ഥര്‍ വിശദീകരിക്കുന്നുണ്ട്.

കുട്ടികള്‍ ഉള്‍പ്പെടെ കൊല്ലപ്പെട്ട ക്യമ്പ് ആക്രമണത്തെ നിരവധി രാജ്യങ്ങളും അന്താരാഷ്ട്ര സംഘടനകളും അപലപിച്ചിട്ടുണ്ട്. ക്രൂരവും മനുഷ്യത്വരഹിതവുമായ ആക്രമണെന്നാണ് എല്ലാവരും കുറ്റപ്പെടുത്തുന്നത്. ഇസ്രയേല്‍ മനപൂര്‍വമാണ് സാധാരണക്കാരായ പലസ്തീനികളെ ലക്ഷ്യം വയ്ക്കുന്നതെന്നാണ് പലസ്തീന്‍ ഭരണകൂടം ആരോപിക്കുന്നത്. ഈ ആക്രമണത്തിനെതിരേ ലോകം ഒന്നായി ഇസ്രയേലിനെതിരേ രംഗത്തു വരണമെന്നും പലസ്തീന്‍ അധികൃതര്‍ ആവശ്യപ്പെടുന്നുണ്ട്.

കൂട്ടക്കൊല എന്നാണ് ആക്രമണത്തെ ഹമാസ് കുറ്റപ്പെടുത്തിയത്. ഇസ്രയേലിന് പണവും ആയുധവും നല്‍കുന്ന അമേരിക്കയ്ക്കും ഈ ക്രൂരതയില്‍ പങ്കുണ്ടെന്ന് ഹമാസിന്റെ മുതിര്‍ന്ന നേതാക്കളില്‍ ഒരാളായ സമി അബു സുഹ്‌രി പറഞ്ഞു.

ആക്രമണത്തെ ‘ അതീവ ഗുരുതരം’ എന്നാണ് ഇസ്രയേല്‍ ഉന്നത് സൈനിക പ്രോസിക്യൂട്ടര്‍ മേജര്‍ ജനറല്‍ യിഫാത് തോമര്‍ യെറുഷാല്‍മി പ്രസ്താവനയില്‍ പറഞ്ഞത്. അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും വിശദമായ അന്വേഷണം നടത്താന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം പറഞ്ഞു. യുദ്ധത്തിനിടയില്‍ സാധാരണക്കാരായ മനുഷ്യര്‍ക്ക് സംഭവിച്ച ദുരന്തത്തില്‍ തങ്ങള്‍ ആത്മാര്‍ത്ഥമായി ഖേദിക്കുന്നുവെന്നും മേജര്‍ ജനറല്‍ തോമര്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. ‘ ദാരുണമായ പിഴവ്’ എന്നാണ് ആക്രമണത്തെക്കുറിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹൂ പ്രതികരിച്ചത്. ‘ നിരപരാധികളായ സാധാരണക്കാര്‍ക്ക് ഉപദ്രവം ഉണ്ടാകാതിരിക്കാന്‍ ഞങ്ങള്‍ പരമാവധി ശ്രമിക്കുന്നുണ്ട്. എങ്കിലും ഇന്നലെ രാത്രിയില്‍ ഗുരുതരമായ അബദ്ധം സംഭവിച്ചു’ എന്നായിരുന്നു ഇസ്രയേല്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത് സംസാരിക്കാവെ പ്രധാനമന്ത്രി നെതന്യാഹൂ പറഞ്ഞത്. ‘ ഞങ്ങളുടെ നയത്തിന്റെ ഭാഗമായതിനാല്‍, ഇക്കാര്യത്തില്‍ അന്വേഷണം നടത്തി ഇതിന്റെ കാരണം കണ്ടെത്തുമെന്നും പ്രധാനമന്ത്രി പാര്‍ലമെന്റില്‍ പ്രസ്താവിച്ചു.

Post Thumbnail
കച്ചോടം പൊളിഞ്ഞപ്പോള്‍ മക്‌ഡൊണാള്‍ഡ്‌സിന്‌ വീണ്ടുവിചാരംവായിക്കുക

റഫയില്‍ താല്‍ അസ്-സുല്‍ത്താനില്‍ സ്ഥിതി ചെയ്യുന്ന അഭയാര്‍ത്ഥി ക്യാമ്പ് ബോധപൂര്‍വം ലക്ഷ്യമിട്ട് ആക്രമിച്ചതാണെന്നാണ് പലസ്തീനികളും അല്‍-ജസീറയുടെ ഫാക്ട് ചെക്കിംഗ് ഏജന്‍സിയായ സനദും ആരോപിക്കുന്നത്.

റഫയില്‍ നിലവില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന രണ്ട് ആശുപത്രികളില്‍ ഒന്നായ കുവൈത്തി ഹോസ്പിറ്റലും അടച്ചു പൂട്ടി. ഇസ്രയേല്‍ ആക്രമണത്തെ തുടര്‍ന്നാണ് ആശുപത്രി പൂട്ടുന്നതെന്ന് ഡയറക്ടര്‍ പ്രസ്താവനയില്‍ അറിയിച്ചു. കഴിഞ്ഞ ദിവസം ഇസ്രയേല്‍ നടത്തിയ ഷെല്‍ ആക്രമണത്തില്‍ രണ്ട് ആശുപത്രി ജീവനക്കാര്‍ കൊല്ലപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് ആശുപത്രി പെട്ടെന്ന് പൂട്ടാന്‍ അധികൃതര്‍ നിര്‍ബന്ധിതരായത്.

ഒക്ടോബര്‍ ഏഴിന് ഇസ്രയേല്‍ തുടങ്ങിയ യുദ്ധത്തില്‍ ഇതുവരെ 36,050 പലസ്തീനികള്‍ കൊല്ലപ്പെടുകയും 81,026 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Content Summary; Israel attacked rafah tent camp several death including child and women

Tags:

×