ലോക പ്രശസ്ത കലാസൃഷ്ടികളുടെ വ്യാജ പകര്‍പ്പുകള്‍ ആദായകരമായൊരു ബിസിനസ് ആണ്. എത്രയോപേര്‍ ഈ ചതിയില്‍പ്പെട്ട് തങ്ങളുടെ പണം നഷ്ടപ്പെടുത്തിയിരിക്കുന്നു. ഈ വ്യജന്മാര്‍ വലിയൊരു ശൃംഖലയായി പടര്‍ന്നു കിടക്കുകയാണ്. അവര്‍ കോടികളാണ് സമ്പാദിക്കുന്നത്. ഇറ്റലിയില്‍ നിന്നുള്ള ഈ വാര്‍ത്തയും അതേക്കുറിച്ചാണ്. ബാങ്ക്‌സി, പാബ്ലോ പിക്കാസോ, ആന്‍ഡി വാര്‍ഹോള്‍, ഗുസ്താവ് ക്ലിംറ്റ് എന്നിവരുള്‍പ്പെടെ ലോകത്തിലെ ഏറ്റവും പ്രശസ്തരായ കലാകാരന്മാരുടെ സൃഷ്ടികളുടെ അത്യാധുനിക പകര്‍പ്പുകള്‍ വ്യാജമായി നിര്‍മ്മിച്ചു ബിസിനസ് ചെയ്തിരുന്ന ശൃംഖലയെ ഇറ്റാലിയന്‍ പൊലീസ് തകര്‍ത്തിരിക്കുകയാണ്. യൂറോപ്പ് മുഴുവന്‍ ഇവര്‍ വ്യാപിച്ചു കിടക്കുകയായിരുന്നു. മോഷണ വസ്തുക്കള്‍, കലാ സൃഷ്ടികളുടെ വ്യാജ പകര്‍പ്പുകള്‍, വ്യാജരേഖ ചമലയ്ക്കുകള്‍ എന്നിങ്ങനെയുള്ള കുറ്റങ്ങള്‍ക്ക് ഇറ്റലി, സ്‌പെയിന്‍, ഫ്രാന്‍സ്,ബെല്‍ജിയം എന്നീ രാജ്യങ്ങളില്‍ നിന്നായി 38 പേര്‍ വിവിധ അന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തിലായിരുന്നു. ഇവരിലൂടെയാണ് ഒരു മാഫിയ സംഘത്തെ പിടികൂടാന്‍ സാധിച്ചതെന്നാണ് ഇറ്റലിയിയിലെ കലാ വസ്തുക്കളുടെ മോഷണവും വ്യാജനിര്‍മിതിയുമൊക്കെ തടയുന്ന പൊലീസ് വിഭാഗവും(ആര്‍ട്ട് പൊലീസ്) പിസയിലെ പ്രോസിക്യൂട്ടേഴ്‌സ് ഓഫിസും പറയുന്നത്.
കഴിഞ്ഞ വര്‍ഷം ടുസ്‌കാന്‍ നഗരത്തിലുള്ള ഒരു ബിസിനസുകാരന്റെ വീട്ടിലുള്ള കലാ ശേഖരത്തില്‍ ഇറ്റാലിയന്‍ ചിത്രകാരന്‍ അമേഡോ മൊഡിഗ്ലിയാനി ഉള്‍പ്പെടെയുള്ള ചിത്രകാന്മാരുടെ 200 ഓളം വ്യാജ ചിത്ര പകര്‍പ്പുകള്‍ ആര്‍ട്ട് പൊലീസ് കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് അന്വേഷണം ആരംഭിക്കുന്നത്. വ്യാജ പകര്‍പ്പുകള്‍ക്ക് പിന്നാലെ പോയ അന്വേഷകര്‍ ഇത്തരം പകര്‍പ്പുകള്‍ സൃഷ്ടിക്കുന്ന അഞ്ച് സ്ഥാപനങ്ങള്‍ കണ്ടെത്തി. അതില്‍ ഒരെണ്ണം ടുസ്‌കാനിലും മറ്റൊരെണ്ണം വെനീസിലുമായിരുന്നു. ബാക്കി മൂന്നെണ്ണം യൂറോപ്പില്‍ പലഭാഗങ്ങളിലായിട്ടായിരുന്നു. ഈ വ്യാജ ‘കലാകാരന്മാര്‍’ കൂടുതലായും വാര്‍ഹോളിന്റെയും ബാങ്ക്‌സിയുടെയും സൃഷ്ടികളായിരുന്നു സൃഷ്ടിച്ചിരുന്നത്. ഇത്തരം വ്യാജ സൃഷ്ടികള്‍ ഉണ്ടാക്കിയ ശേഷം ഇവര്‍ വിവിധ ഇറ്റാലിയന്‍ ലേല സ്ഥാപനങ്ങളുമായി കരാര്‍ ഉണ്ടാക്കും. വെനീസിന് അടുത്ത് മെസ്‌ട്രെയിലും ടസ്‌കാനിയയിലെ കോര്‍ട്ടൊണയിലും ഈ സംഘം ബാങ്ക്‌സിയുടെ കളക്ഷനുകള്‍ എന്ന പേരില്‍ എക്‌സിബിഷന്‍ വരെ സംഘടിപ്പിച്ചിരുന്നു.
മൊത്തം വിപണി മൂല്യം 200 മില്യണ്‍ യൂറോ (17,90 കോടിക്കുമേല്‍) വരുന്ന 2,100 ന് മുകളില്‍ വ്യാജ സൃഷ്ടികളാണ് പിടിച്ചെടുത്തത്. വിവിധ ലേല സ്ഥാപനങ്ങളുമായി ഈ വ്യാജന്മാര്‍ക്ക് ബന്ധമുണ്ട്. ഇത്തരക്കാര്‍ അടങ്ങിയൊരു അന്തര്‍ദേശീയ ശൃംഖലയെക്കുറിച്ച് വിവരം കിട്ടിയെന്നാണ് പിസായിലെ ചീഫ് പ്രോസിക്യൂട്ടര്‍ തെരേസ ആഞ്ചലോ കമേലിയോയുടെ വാക്കുകളായി ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ബാങ്ക്‌സിയുടെ കലാസൃഷ്ടികള്‍ സംരക്ഷിക്കാന്‍ ഉതുകുന്ന വലിയൊരു ഓപ്പറേഷനാണ് തിങ്കളാഴ്ച്ച നടത്തിയതെന്നും കമേലിയോ പറയുന്നു. വ്യാജ പകര്‍പ്പുകള്‍ സൃഷ്ടിക്കുന്നത് ഇപ്പോള്‍ സാധാരണമായിരിക്കുകയാണെന്നും, ബാങ്ക്‌സിയുടെ പെയിന്റിംഗുകള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവരെ വിലകൂട്ടിയിട്ട വ്യാജ ചിത്രങ്ങള്‍ നല്‍കി പറ്റിക്കുകയാണെന്നുമാണ് കലാകാരന്മാരുടെ ഔദ്യോഗിക സംഘടനയായ പെസ്റ്റ് കണ്‍ട്രോള്‍ ഓഫീസിന്റെ വെബ്‌സൈറ്റില്‍ പറയുന്നത്. എന്നാല്‍ സംഘടനയുടെ പ്രതിനിധികളാരും നേരിട്ടൊരു പ്രതികരണത്തിന് തയ്യാറായിട്ടില്ലെന്നാണ് ഗാര്‍ഡിയന്‍ പറയുന്നത്.
പൊലീസ് നടപടിയുണ്ടായിട്ടില്ലായിരുന്നുവെങ്കില്‍, ഒറിജിനലിനോട് വളരെ അടുത്ത് നില്‍ക്കുന്ന വ്യാജ സൃഷ്ടികള്‍ കൂടിയ വിലയ്ക്ക് വില്‍പ്പന നടത്തുന്നത് തുടരുമായിരുന്നുവെന്നാണ് കമേലിയ പറയുന്നത്. കലാ സൃഷ്ടികളുടെ ലേലങ്ങളെ തന്നെ തകിടം മറിക്കുന്ന കള്ളത്തരങ്ങളായിരുന്നു നടത്തി വന്നിരുന്നതെന്നും ചീഫ് പ്രോസിക്യൂട്ടര്‍ പറയുന്നു. ക്ലോഡ് മോനെ, വിന്‍സെന്റ് വാന്‍ ഗോഗ്, സാല്‍വഡോര്‍ ഡാലി, ഹെന്റി മൂര്‍, ജോവാന്‍ മിറോ, ജോര്‍ജിയോ ഡി ചിറിക്കോ, മാര്‍ക്ക് ചഗല്‍, ഫ്രാന്‍സിസ് ബേക്കണ്‍, പോള്‍ ക്ലീ, പീറ്റ് മോന്‍ഡ്രിയന്‍ തുടങ്ങി 19-ഉം 20-ഉം നൂറ്റാണ്ടുകളിലെ കലയിലെ അതികായന്മാരുടെ സൃഷ്ടികളും വ്യാജമായി നിര്‍മ്മിക്കുന്നുണ്ടായിരുന്നു. ഇറ്റാലിയന്‍ മോഡേണിസ്റ്റ് മൊഡിഗ്ലിയാനിയുടെ സൃഷ്ടികളും വ്യാജ്യമായി ഇറക്കിയിരുന്നു. മൂന്നു ലക്ഷം യൂറോയ്ക്ക്(രണ്ടരക്കോടിക്ക് മുകളില്‍) ഇത്തരത്തില്‍ വ്യാജ സൃഷ്ടി വില്‍ക്കാന്‍ ശ്രമം നടന്നിരുന്നു. സാംസ്‌കാരിക സംരക്ഷണ യൂണിറ്റ് ഈ കള്ളത്തരം കണ്ടെത്തിയതോടെ വെനീസ് പൊലീസ് അധികൃതര്‍ വ്യാജ പകര്‍പ്പുകള്‍ പിടികൂടിയിരുന്നു.
2017 ല്‍ മൊഡിഗ്ലാനിയുടെ ചിത്രങ്ങള്‍ വച്ച് ജെനോവയില്‍ ഒരു പ്രദര്‍ശനം സംഘിടിപ്പിച്ചിരുന്നു. എന്നാല്‍ ചിത്രങ്ങളില്‍ സംശയം തോന്നിയ ഒരു വിദ്ഗധന്റെ ഇടപെടല്‍ കൊണ്ട് പൊലീസ് പരിശോധനയ്‌ക്കെത്തുകയും അവിടെയുണ്ടായിരുന്ന 21 പെയിന്റിംഗുകളില്‍ 20 എണ്ണവും വ്യാജമാണെന്ന് കണ്ടെത്തുകയും ചെയ്തു. ഗാര്‍ഡിയന്‍ പറയുന്ന രസകരമായൊരു കാര്യം കൂടി ഈ റിപ്പോര്‍ട്ടിലുണ്ട്. 1984 ല്‍ ഇറ്റലിയിലെ ലിവോര്‍ണോ കനാലില്‍ നിന്ന് മാര്‍ബിളില്‍ തീര്‍ത്ത മൂന്ന് തലകള്‍ കണ്ടെത്തി. കലാ വിദഗ്ധരും അധികൃതരും കരുതിയത് നവോഥാന കാലത്തെ ഏതോ കലാകാരന്മാര്‍ തീര്‍ത്ത മാസ്റ്റര്‍ പീസുകള്‍ ആണെന്നാണ്. എന്നാല്‍ പിന്നീടാണ് സത്യം മനസിലായത്, തമാശയ്‌ക്കോ, പറ്റിക്കാനോ വേണ്ടി മൂന്നു കലാ വിദ്യാര്‍ത്ഥികള്‍ നിര്‍മിച്ചതായിരുന്നു അവ. Italian police dismantled forgery network for replicas of art works by world famous artists
Content Summary; Italian police dismantled forgery network for replicas of art works by world famous artists