June 04, 2026 |
Share on

ഇറാന് പകരം ലോകകപ്പ് കളിപ്പിക്കാമെന്ന് വാഗ്ദാനം; മാനംകെട്ട പരിപാടിക്കില്ലെന്ന് ഇറ്റലി

ലോകകപ്പില്‍ നിന്ന് പിന്മാറാന്‍ ഇറാന്‍ ഇതുവരെ തയ്യാറായിട്ടില്ല, മാത്രമല്ല അമേരിക്കയില്‍ നടക്കാനിരിക്കുന്ന മത്സരങ്ങള്‍ക്കായി ടീം പരിശീലനം തുടരുകയാണ്

ലോകകപ്പില്‍ ഇറാന് പകരക്കാരായി കളിക്കാനില്ലെന്ന് വ്യക്തമാക്കി ഇറ്റലി. മിഡില്‍ ഈസ്റ്റില്‍ യുദ്ധം തുടരുന്ന പശ്ചാത്തലത്തില്‍ ഇറാന്റെ പങ്കാളിത്തം അനിശ്ചിതത്വത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയില്‍, ട്രംപ് ഭരണകൂടത്തിലെ ഉദ്യോഗസ്ഥന്‍ മുന്നോട്ടുവെച്ച നിര്‍ദ്ദേശമാണ് ഇറ്റാലിയന്‍ കായിക അധികൃതര്‍ തള്ളിയത്.

ലോകകപ്പില്‍ നിന്ന് പിന്മാറാന്‍ ഇറാന്‍ ഇതുവരെ തയ്യാറായിട്ടില്ലെന്നും അമേരിക്കയില്‍ നടക്കാനിരിക്കുന്ന മത്സരങ്ങള്‍ക്കായി ഇറാനിയന്‍ ടീം പരിശീലനം തുടരുകയാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ജൂണില്‍ ലോസ് ഏഞ്ചല്‍സിലും സിയാറ്റിലിലുമായി നടക്കാനിരിക്കുന്ന ഇറാന്റെ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ നിശ്ചയിച്ച പ്രകാരം തന്നെ നടക്കുമെന്ന് അന്താരാഷ്ട്ര ഫുട്‌ബോള്‍ ഫെഡറേഷന്‍ (ഫിഫ) അറിയിച്ചു.

ഗ്ലോബല്‍ പാര്‍ട്ണര്‍ഷിപ്പിനായുള്ള യുഎസ് സ്‌പെഷ്യല്‍ എന്‍വോയ് പൗലോ സാംപോളി, പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോടും ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോയോടും ഇറാനു പകരം ഇറ്റലിയെ ഉള്‍പ്പെടുത്തുന്നതിനെക്കുറിച്ച് സംസാരിച്ചതായി ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ തന്റെ ഈ ആവശ്യം രാഷ്ട്രീയപരമല്ലെന്നും ഒരു മുന്‍കരുതല്‍ നടപടി മാത്രമാണെന്നും സാംപോളി അസോസിയേറ്റഡ് പ്രസ്സിനോട് പറഞ്ഞു. അവസാന നിമിഷം ഇറാന് ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ കഴിയാതെ വന്നാല്‍ പകരമായി ഒരു ടീം വേണമെന്ന ലക്ഷ്യത്തോടെയാണ് ഈ നിര്‍ദ്ദേശം വെച്ചതെന്ന് അദ്ദേഹം വിശദീകരിച്ചു.

കഴിഞ്ഞ മാസം നടന്ന യോഗ്യതാ മത്സരങ്ങളില്‍ ഇറ്റലി പരാജയപ്പെട്ടിരുന്നെങ്കിലും, നാല് തവണ ലോക ചാമ്പ്യന്മാരായ ഇറ്റാലിയന്‍ ടീമിനെ ടൂര്‍ണമെന്റില്‍ ഉള്‍പ്പെടുത്തുന്നത് ന്യായമാണെന്നായിരുന്നു സാംപോളിയുടെ നിലപാട്. ‘താനൊരു സ്വപ്നം കണ്ടതാണെന്നും, ഇറ്റാലിയന്‍ ജനതയ്ക്കും അമേരിക്കയിലുള്ള ഇറ്റാലിയന്‍ വംശജര്‍ക്കും വേണ്ടിയാണ് ഈ ആവശ്യം ഉന്നയിച്ചതെന്നും’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ഈ നിര്‍ദ്ദേശത്തോട് ഇറ്റാലിയന്‍ ഭരണകൂടം രൂക്ഷമായാണ് പ്രതികരിച്ചത്. ‘ഇതൊരിക്കലും സാധ്യമായ കാര്യമല്ലെന്നും, ഒട്ടും നല്ല ആശയമല്ലെന്നും’ ഇറ്റാലിയന്‍ കായിക മന്ത്രി ആന്‍ഡ്രിയ അബോദി വ്യക്തമാക്കി. സാംപോളിയുടെ നിര്‍ദ്ദേശം ‘ലജ്ജാകരമാണെന്നാണ്’ ഇറ്റാലിയന്‍ ധനമന്ത്രി ജിയാന്‍കാര്‍ലോ ജോര്‍ജെറ്റി വിശേഷിപ്പിച്ചത്. ഇതോടെ ലോകകപ്പില്‍ പിന്‍വാതിലിലൂടെ പ്രവേശിക്കാനുള്ള സാധ്യതകളെ ഇറ്റലി പൂര്‍ണ്ണമായും തള്ളിക്കളഞ്ഞു.

Content Summary; Italy rejects ‘shameful’ idea to replace Iran at World Cup. Iran has not withdrawn from the World Cup

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×