വീണ്ടും ബിഗ് സ്ക്രീനിലേക്ക് തിരിച്ച് വരവിനൊരുങ്ങി നടൻ ജഗതി ശ്രീകുമാർ. ഗഗനചാരി എന്ന ചിത്രത്തിലൂടെ പ്രശസ്തനായ അരുൺ ചന്തു സംവിധാനം ചെയ്യുന്ന വല എന്ന ചിത്രത്തിലൂടെയാണ് ജഗതിയുടെ തിരിച്ചുവരവ്. ജഗതി ശ്രീകുമാറിന്റെ പിറന്നാൾ ദിവസമായ ഇന്ന് കഥാപാത്രത്തിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടാണ് താരത്തിന്റെ തിരിച്ചുവരവ് അണിയറപ്രവർത്തകർ അറിയിച്ചത്. ചിത്രത്തിൽ പ്രൊഫസര്‍ അമ്പിളി അഥവ അങ്കില്‍ ലൂണ ആര്‍ എന്നാണ് ജഗതിയുടെ കഥാപാത്രത്തിന്റെ പേര്.
വലിയൊരു അപകടത്തിന് ശേഷം സിനിമയിൽ നിന്നും വിട്ടു നിൽക്കുകയായിരുന്ന നടൻ, മധു സംവിധാനം ചെയ്ത സിബിഐ 5 എന്ന ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നു. തന്റെ പുതിയ ചിത്രത്തിെലെ കഥാപാത്രത്തെക്കുറിച്ച് ജഗതി തന്നെ സോഷ്യൽ മീഡിയയിൽ ക്യാരക്ടർ പോസ്റ്റർ പങ്കുവച്ചിട്ടുണ്ട്. ‘പുതിയ വർഷം, പുതിയ തുടക്കങ്ങൾ, ചേർത്ത് നിർത്തുന്ന എല്ലാവരോടും നിസ്സീമമായ സ്നേഹം. ഇതിലും നല്ല ജന്മദിന സമ്മാനം ഇല്ല. എന്നായിരുന്നു പോസ്റ്റർ പങ്കുവച്ചുകൊണ്ട് നടൻ കുറിച്ചത്.
സംവിധായകൻ അരുൺ ചന്തുവിന്റെ പുതിയ ചിത്രമാണ് ‘വല’. അജു വർഗീസ് നായകനായെത്തുന്ന ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് വീഡിയോയും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. സോംബികളുടെ കഥ പറയുന്ന സിനിമ, മലയാളത്തിലെ ആദ്യ സോംബി ചിത്രമാണ്. 2025ലാണ് തിയേറ്ററുകളിലെത്തുന്നത്.
ഗോകുല്‍ സുരേഷ്, അജു വര്‍ഗീസ് എന്നിവര്‍ക്കൊപ്പം അനാര്‍ക്കലി മരിക്കാര്‍, കെ ബി ഗണേഷ് കുമാര്‍, ജോണ്‍ കൈപ്പള്ളില്‍, അർജുൻ നന്ദകുമാർ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്റെ രസകരമായ അനൗണ്‍സ്‌മെന്റ് വീഡിയോയായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്നത്. ഗനനചാരിയുടെ തുടര്‍ച്ചയാണോ, വ്യത്യസ്തമായ ചിത്രമാണോ, അതോ പുതിയ യൂണിവേഴ്‌സിന് തുടക്കമാണോ എന്നെല്ലാം ചിത്രത്തെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്.
ചിത്രത്തിന്റെ ഛായാഗ്രഹണം സുര്‍ജിത് എസ് പൈ, സംഗീതം ശങ്കര്‍ ശര്‍മ്മ, എഡിറ്റിംഗ് സിജെ അച്ചു, മേക്കപ്പ് ആര്‍ജി വയനാടന്‍, വസ്ത്രാലങ്കാരം ബ്യൂസി ബേബി ജോണ്‍, വിഎഫ്എക്സ് മേരാക്കി, സൗണ്ട് ഡിസൈന്‍ ശങ്കരന്‍ എ എസ്, സിദ്ധാര്‍ത്ഥന്‍ എന്നിവര്‍ നിര്‍വ്വഹിക്കുന്നു. ഫൈനല്‍ മിക്സ് വിഷ്ണു സുജാഥന്‍, ക്രിയേറ്റീവ് ഡയറക്ടര്‍ വിനീഷ് നകുലന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രശാന്ത് നാരായണന്‍.