‘എപ്പോഴും വിഗ്രഹങ്ങള്‍ ആവശ്യമാണ്. എന്നാല്‍ ആ വിഗ്രഹങ്ങള്‍ തങ്ങളെ സ്വയം ദൈവമായി കണക്കാക്കുമ്പോഴാണ് ഇത്തരം കളികള്‍ ട്രാജഡികളാകുക’
സിനിമയെന്ന മാസ്മരിക ലോകത്തില്‍ ഹീറോ സീറോ ആകാന്‍ അധികം സമയം വേണ്ട. ഇന്ത്യയിലെ ആദ്യത്തെ സൂപ്പര്‍ താരമായ എം.കെ. ത്യാഗരാജ ഭാഗവതരുടെ സിനിമാ ജീവിതം പറയുന്നത് അതാണ്. തച്ചുടക്കപ്പെട്ട ഒരു താര വിഗ്രഹത്തിന്റെ കഥയാണത്, എന്നും പ്രസക്തമായ ചരിത്ര പാഠമാണ് ആ ദുരന്തകഥ, ഇന്നും.
മലയാള സിനിമ താര വിഗ്രഹങ്ങള്‍ ഉടഞ്ഞു കൊണ്ടിരിക്കുന്ന ഈ നാളുകളില്‍, ശനി ബാധിച്ച ഇപ്പോഴത്തെ മലയാള സിനിമാ ലോകത്തെ മാധ്യമലോകവും ജനങ്ങളും ഉറ്റുനോക്കിക്കൊണ്ടിരിക്കുന്ന നാളുകളില്‍ ഓര്‍ക്കേണ്ട ഒന്നാണ്.
‘എവര്‍ ഗ്രീന്‍ മെലഡി ഓഫ് തമിഴ് നാട്’ എന്നറിയപ്പെട്ടിരുന്ന സൂപ്പര്‍ താരം എം.കെ.ത്യാഗരാജ ഭാഗവതരുടെ ജീവിത കഥ. സൂപ്പര്‍ താരപരിവേഷത്തില്‍ നിന്ന് സാധാരണ മനുഷ്യനായി അവസാനിച്ച ദുരന്തകഥ.
ദക്ഷിണേന്ത്യയിലെ സംഗീതം, നാടകം, സിനിമ എന്നീ രംഗങ്ങളിലെ ഏറ്റവും വലിയ താരമായിരുന്നു തമിഴ് നാട്ടിലെ എം.കെ. ത്യാഗരാജ ഭാഗവതര്‍.
ഒരു കാലത്ത് പ്രതിഭയുടേയും പ്രശസ്തിയുടേയും കൊടുമുടിയില്‍ വിരാജിച്ച സൂപ്പര്‍ താരം പിന്നീട് തല മൊട്ടയടിച്ച് നിര്‍ദ്ധനനായി തഞ്ചാവൂര്‍ മാരിയമ്മന്‍ കോവിലിന്റെ ഗോപുരനടയില്‍ അന്ധനായി, ഇരിക്കുന്ന ഭാഗവതരിലേക്കുള്ള ദൂരം എതൊരു താരവിഗ്രഹവും താണ്ടേണ്ടി വരുന്ന, അനിവാര്യ സഞ്ചാരപഥങ്ങളെ ഓര്‍മ്മിപ്പിക്കുന്നു.
ഒരു സ്വര്‍ണപ്പണിക്കാരന്റെ മകനായി 1910 ല്‍ തമിഴ്‌നാട്ടിലെ മായാവരത്തില്‍ ജനിച്ച ത്യാഗരാജന്‍ നാടോടി നാടകങ്ങളിലൂടെയാണ് അഭിനയജീവിതം തുടങ്ങിയത്. നടന്മാര്‍ അഭിനയിച്ച് പാടിയിരുന്ന ആ കാലത്ത് ശാസ്ത്രീയ സംഗീതത്തില്‍ അപാരമായ നൈപുണ്യം നേടിയ അയാള്‍ വളരെ വേഗം നാടകങ്ങളിലൂടെ പ്രശസ്തനായി. 1934-44 കാലഘട്ടമായിരുന്നു ത്യാഗരാജന്റെ ശുക്രദശ. തമിഴില്‍ മാത്രമല്ല കേരളത്തിലും അയാളുടെ നാടകങ്ങള്‍ ഹരമായി മാറി. ഇന്ത്യക്ക് പുറത്ത് സിലോണിലും ബര്‍മയിലും വരെ പോയി നാടകം കളിച്ച് പ്രശസ്തനായി.
ഒരു ദിവസത്തിന് 50 രൂപ (1934 ല്‍ 50 രൂപ വലിയ തുക തന്നെ) കണക്കില്‍ 50 നാടകങ്ങളിലേക്ക് കരാര്‍ ചെയ്യപ്പെട്ടു. സിനിമ നാടകങ്ങളെ പിന്തള്ളി അധീശത്വം സ്ഥാപിച്ചപ്പോള്‍ ഭാഗവതര്‍ ചലചിത്രങ്ങളില്‍ ശ്രദ്ധ കേന്ദീകരിച്ചു. നിശബ്ദ ചിത്രങ്ങളുടെ കാലം കഴിഞ്ഞ് ശബ്ദ ചിത്രങ്ങളുടെ വരവായ സമയം. മനോഹരമായ ആലാപനം, ശബ്ദത്തിന് പുറമേ, സ്വര്‍ണ നിറമുള്ള ശരീരം അക്കാലത്തെ സൗന്ദര്യ സങ്കല്‍പ്പങ്ങള്‍ നൂറു ശതമാനവും തികഞ്ഞ ഭാഗവതര്‍ സ്വാഭാവികമായും തമിഴ് സിനിമാ രംഗം കീഴടക്കി.
പാപനാശം ശിവന്‍ എന്ന അനുഗൃഹീത സംഗീതജ്ഞന്‍ രചിച്ച മനോഹര ഗാനങ്ങള്‍ തന്റെ സിനിമകളില്‍ പാടിയതത്രയും ജനങ്ങള്‍ ഏറ്റുപാടി. 1931 ല്‍ പുറത്ത് വന്ന ‘പവളക്കൊടി’ യാണ് ത്യാഗരാജ ഭാഗവതരുടെ
ആദ്യ ചിത്രം. നായിക എസ്.ഡി. സുബുലക്ഷ്മി. 56 ഗാനങ്ങള്‍ ഉണ്ടായിരുന്ന ഈ പടം നൂറ് ആഴ്ച ഓടി.
അതേ കാലത്ത് ഉയര്‍ന്ന് വന്ന നടന്‍ പി.യു. ചിന്നപ്പയായിരുന്നു ത്യാഗരാജ ഭാഗവതരുടെ സിനിമയിലെ എതിരാളി. ഇരുവര്‍ക്കും ധാരാളം ആരാധകര്‍ ഉണ്ടായിരുന്നു. ഒരോ പടം വരുമ്പോഴും അവരുടെ ആരാധകര്‍ തമ്മിലടിച്ചു. അക്കാലത്തെ ഒരു സിനിമാ വാരികയുടെ എഡിറ്റര്‍ രണ്ട് പേരുടേയും അഭിനയം വിലയിരുത്തി എഴുതി പി.യു. ചിന്നപ്പ ഭാഗവതരെക്കാള്‍ ഒരു പടി മുന്നിലാണെന്ന്. ശബ്ദസൗകുമാര്യത്തില്‍ പിന്നിലാണെങ്കിലും അടിയിടി, കത്തിക്കുത്ത് ശണ്ഠ, ഡബിള്‍ റോള്‍ എന്നിവയില്‍ ഭാഗവതരേക്കാള്‍ ചിന്നപ്പയാണ് തകര്‍പ്പന്‍ അഭിനയ കാഴ്ചവെയ്ക്കുന്നത് എന്ന് എഡിറ്റര്‍ വിലയിരുത്തി. വിമര്‍ശനം ഉള്‍ക്കൊണ്ട ഭാഗവതര്‍ തനിക്ക് അങ്ങനെ അഭിനയിക്കാന്‍ കഴിയില്ലെന്ന് വിനീതനായി പറഞ്ഞു.
1936 ല്‍ പുറത്ത് വന്ന ‘സത്യശീലന്‍’ ഭാഗവതര്‍ ഡബിള്‍ റോളില്‍ അഭിനയിച്ച ചിത്രമാണ്. ഡബിള്‍ റോള്‍ അവതരിപ്പിച്ച ആദ്യ തമിഴ് ചിത്രമായ സത്യശീലനിലൂടെയാണ് പില്‍ക്കാലത്ത് ഇന്ത്യന്‍ ചാര്‍ലി ചാപ്ലിന്‍ എന്ന് വിശേഷിപ്പിച്ച ഹാസ്യ നടന്‍ എന്‍.എസ്. കൃഷ്ണന്‍ ആദ്യമായി വെള്ളിത്തിരയിലെത്തിയത്. സ്വന്തമായി കോമഡിയെഴുതി അത് സിനിമയില്‍ ചേര്‍ത്ത് രംഗമാക്കിയാണ് എന്‍. എസ്. കൃഷ്ണന്‍ അഭിനയിച്ചത്
.
ടി. ആര്‍ മധുരം എന്ന നടിയെയാണ് കൃഷ്ണന്‍ വിവാഹം ചെയ്തത്. ഇവര്‍ ജോടിയായി ഒരുമിച്ച ഹാസ്യരംഗങ്ങള്‍ തമിഴ് പടങ്ങളുടെ അവിഭാജ്യ ഘടകമായി. ഈ പടത്തോടെ എന്‍. എസ് കൃഷ്ണനും ഭാഗവതരും തമ്മിലുള്ള സൗഹാര്‍ദം വളര്‍ന്നു. പിന്നീടുള്ള ഉയര്‍ച്ച താഴ്ച്ചകളില്‍ അവര്‍ അവസാനം വരെ ഒരുമിച്ച് നിന്നു.
1939 ലെ തിരുനീലകണ്ഠര്‍ എന്ന ചിത്രത്തോടെ ത്യാഗരാജ ഭാഗവതര്‍ തമിഴ് സിനിമാ ലോകത്തെ താര ചക്രവര്‍ത്തിയായി മാറി. ഈ പടത്തിന്റെ ചിത്രീകരണം ചിദംബരത്ത് നടക്കുമ്പോള്‍ ഭാഗവതരെ കാണാന്‍ വന്ന ആരാധികമാരായ സ്ത്രീകളുടെ കൂട്ടത്തെ പിരിച്ച് വിടാന്‍ പോലീസിനെ വിളിക്കേണ്ടി വന്നു.
നാടൊട്ടുക്കും ആരാധകര്‍, ആവശ്യത്തിലേറെ സമ്പത്ത്, യശസ്സ്; രാജകീയ ജീവിതമായിരുന്നു അക്ഷരാര്‍ത്ഥത്തില്‍ സൂപ്പര്‍ താരമായിരുന്ന എം.കെ. ത്യാഗരാജ ഭാഗവതര്‍ നയിച്ചിരുന്നത്. അക്കാലത്തെ അദ്ദേഹം നടിച്ച അംബികാ പതി, അശോക് കുമാര്‍, ശിവ കവി തുടങ്ങിയ ചിത്രങ്ങള്‍ ചരിത്രവിജയം നേടി. ‘രാധേ ഉനക്ക് കോപം ആകാതെടി, ദീനകരുണാകരനെ, തുടങ്ങിയ ഭാഗവതര്‍ പാടി അഭിനയിച്ച ഗാനങ്ങളൊക്കെ ആ തലമുറയുടെ ഹരമായിരുന്നു.
1944 ല്‍ പുറത്ത് വന്ന ഭാഗവതര്‍ അഭിനയിച്ച ‘ഹരിദാസ്’ ചെന്നെ ബ്രോഡ് വേ ടാക്കീസില്‍ ഓടിയത് 1000 ദിവസമാണ്. മൂന്ന് ദീപാവലികള്‍ പിന്നിട്ട ഈ ചിത്രത്തിന്റെ ഈ റെക്കോര്‍ഡ് തമിഴ് സിനിമയില്‍ ഇനിയും ഭേദിക്കപ്പെട്ടിട്ടില്ല.
1931 മുതല്‍ 1941 വരെ പത്ത് ചിത്രങ്ങളില്‍ പാടി, അഭിനയിച്ച ഭാഗവതര്‍ ഏത് തരം സൂപ്പര്‍ താരമായിരുന്നു?
ഒരു സംഭവം കൊണ്ട് ഇത് വ്യക്തമാക്കാം. ഒരു ദിവസം ഈറോഡില്‍ നിന്ന് ബാഗ്ലൂരില്‍ അതിരാവിലെ എത്തിച്ചേരേണ്ട തീവണ്ടി, സ്റ്റേഷന്‍ വിട്ട് പോകുന്നില്ല, കാരണം എറണാകുളത്ത് നിന്ന് കച്ചേരി കഴിഞ്ഞ് കൊച്ചിന്‍ എക്‌സ്പ്രസ് വണ്ടിയില്‍ എം.കെ.ത്യാഗരാജ ഭാഗവതര്‍ വരുന്നു. താരത്തെ കാണാനായി പതിനായിരത്തോളം ആരാധകര്‍ രണ്ട് മണിക്കൂറായി റെയില്‍ പാളത്തില്‍ കുത്തിരിക്കുകയാണ്, ഈ വണ്ടി വന്ന്, ആരാധക വൃന്ദം ഭാഗവതരെ കണ്ടതിനു ശേഷമാണ് അവിടെ ട്രെയിന്‍ ഗതാഗതം പുന:സ്ഥാപിക്കപ്പെട്ടത്.
ഒരു ചലചിത്ര നടനെ, സൂപ്പര്‍ താരമായി ജനങ്ങള്‍ അംഗീകരിച്ചത് ഇന്ത്യയില്‍ തന്നെ, ആദ്യമായി ഭാഗവതരെയാണ്. ഒരു ദിവസം ഒരു ലക്ഷം രൂപ അഭിനയത്തിന്, 1940 കളില്‍ അത്രയും പ്രതിഫലം വാങ്ങുക ചില്ലറക്കാര്യമല്ല. പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുമ്പോഴാണ് ഭാഗവതര്‍ ഒരു കൊലക്കേസില്‍ പ്രതിയാവുന്നത്. അവിടെ തുടങ്ങുന്നു വിധിയുടെ വിളയാട്ടം.
എം.കെ. ത്യാഗരാജ ഭാഗവതരും എസ്. എന്‍. കൃഷ്ണനും തമിഴ് സിനിമയുടെ വാണിജ്യ വിജയത്തിന്റെ അവിഭാജ്യ ഘടമായിരുന്നു. പ്രശസ്തിയുടെയും ആഡംബര ജീവിതത്തിന്റെയും ഉന്മാദ ലഹരിയില്‍ രണ്ടു പേരും വിഹരിക്കുമ്പോഴാണ് അവരുടെ ജീവിതത്തിനു മേല്‍ ഒരു അശനിപാതമായി ലക്ഷ്മി കാന്തന്‍ കൊലക്കേസ് വന്ന് പതിക്കുന്നത്.
അക്കാലത്ത് ഇന്ദുനേഷന്‍ എന്ന പേരില്‍ മദ്രാസില്‍ നിന്നും ഒരു വാരിക പുറത്തിറങ്ങിയിരുന്നു. ആളുകളെ ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടുക എന്നതായിരുന്നു എഡിറ്ററും ഉടമയും ആയിരുന്ന ലക്ഷ്മികാന്ത് ചെയ്തിരുന്നത്.
മുന്‍പ് വ്യാജ രേഖ ഉണ്ടാക്കിയ കേസില്‍ പോലീസ് അറസ്റ്റ് ചെയ്ത് കോടതി ശിക്ഷിച്ച ഒന്നാന്തരം ഒരു ക്രിമിനല്‍ മനസുള്ള കുറ്റവാളിയായിരുന്നു ലക്ഷ്മി കാന്തന്‍. ഏഴു വര്‍ഷത്തെ ശിക്ഷ കഴിഞ്ഞ് പുറത്ത് വന്ന ഇയാള്‍ സമൂഹത്തിലെ അഴിമതിക്കും അനീതിക്കുമെതിരേ സന്ധിയില്ലാ സമരം താന്‍ പ്രഖ്യാപിക്കുന്നു എന്ന് പറഞ്ഞ് 1943 ല്‍ സിനിമാ ദൂത് എന്നൊരു വാരിക തുടങ്ങി. എന്നാല്‍ ഉള്ളടക്കം മഞ്ഞയായിരുന്നു. സിനിമാ ലോകത്തെ കിടപ്പറ രഹസ്യങ്ങള്‍ എഴുതിയ വാരിക പെട്ടെന്ന് ശ്രദ്ധിക്കപ്പെട്ടു. ഇത്തരം വാര്‍ത്തകള്‍ പ്രത്യേകിച്ച് സിനിമാ താരങ്ങളുടെ അവിഹിതം വായനക്കാര്‍ക്ക് ഹരമാണെന്ന് മനസിലാക്കിയ ഇയാള്‍ ഇത്തരത്തിലുള്ള ഇക്കിളി സാഹിത്യം വാരികയില്‍ അച്ചടിക്കാന്‍ തുടങ്ങി. അത് വായിക്കാന്‍ വേണ്ടി വായനക്കാര്‍ തേടിപ്പിടിച്ച് വാങ്ങാന്‍ തുടങ്ങി. അതോടെ വന്‍ പ്രചാരം നേടിയ ഈ വാരികയില്‍ അച്ചടിച്ച് വരുന്ന ആഭാസക്കഥകള്‍ അസഹനീയമായപ്പോള്‍ തമിഴ് സിനിമാ ലോകത്തെ പ്രമുഖര്‍ സംഘടിച്ച് ഇത് അച്ചടിക്കുന്ന വനമാലി എന്ന ‘പ്രസ്സ് അടിച്ച് തകര്‍ക്കുകയും സ്വാധീനമുപയോഗിച്ച് ആ വാരികയുടെ ലൈസന്‍സ് റദ്ദാക്കുകയും ചെയ്തു.
ലക്ഷ്മി കാന്തന്‍ ഇതിലൊന്നും കുലുങ്ങാതെ സാമ്പത്തിക അവശത കാരണം പൂട്ടാന്‍ പോകുന്ന ‘ഇന്ദു നേഷന്‍’ എന്നൊരു വാരിക വിലക്ക് വാങ്ങി അയാള്‍ പൂര്‍വാധികം ശക്തിയോടെ സിനിമാ ലോകത്ത് തിരികെയെത്തി.
സമൂഹത്തിലെ ഉന്നതരുടെ അണിയറക്കഥകള്‍ ഇന്ദു നേഷനില്‍ എഴുതി തുടങ്ങിയായിരുന്നു രണ്ടാം വരവ്. ഉയര്‍ന്ന ഉദ്യോഗസ്ഥന്മാര്‍, പ്രശസ്ത കുടുംബത്തിലെ സ്ത്രീകള്‍, നടീ നടന്മാര്‍, ഡോക്ടര്‍മാര്‍ ഇങ്ങനെ സമൂഹത്തിലെ ഉന്നത ”ശ്രേണിയിലുള്ളവരുടെ സ്വകാര്യ ജീവിതത്തിലെ കാര്യങ്ങള്‍ ചികഞ്ഞ് അയാള്‍ ഇന്ദു നേഷനില്‍ ലേഖനങ്ങള്‍ എഴുതാനാരംഭിച്ചു. സ്വകാര്യ രഹസ്യങ്ങള്‍ ചോര്‍ത്തി ശേഖരിക്കാന്‍ ഇയാള്‍ക്ക് ഒരു ഗൂഡ സംഘം തന്നെ ഉണ്ടായിരുന്നു. ഇതോടെ ബ്ലാക്ക് മെയ്‌ലിംഗും ആരംഭിച്ചു. ലേഖനം എഴുതും എന്ന് പറഞ്ഞത് പണം തട്ടലായിരുന്നു പ്രധാന ലക്ഷ്യം. പല ഉന്നതരും ഇതില്‍ കുടുങ്ങി പണം കൊടുത്ത് രക്ഷപ്പെട്ടു. വാരിക വന്‍ പ്രചാരത്തിലേക്ക് ഉയര്‍ന്നു. കൂടാതെ ബ്ലാക്ക് മെയിലില്‍ നിന്ന് ധാരാളം പണം വെറെയും. ചുരുങ്ങിയ സമയം കൊണ്ട് ഇയാള്‍ ലക്ഷങ്ങള്‍ സമ്പാദിച്ചു.
അങ്ങനെയിരിക്കെ എം. കെ. ത്യാഗരാജ ഭാഗവതരുടെ സ്വകാര്യ ജീവിതത്തെ കുറിച്ച് ഒരു പരമ്പര ആരംഭിക്കാന്‍ പോകുകയാണ് എന്നൊരു പരസ്യം ഇന്ദു നേഷനില്‍ വന്നു. കൂടാതെ എന്‍.എസ് കൃഷ്ണനെ കുറിച്ചും ലേഖനം വരുമെന്ന അറിയിപ്പും പിന്നാലെ വന്നു. പറഞ്ഞ പോലെ ഭാഗവതരെ കുറിച്ചുള്ള രതിക്കഥകള്‍ ഇന്ദു നേഷനില്‍ വരാന്‍ തുടങ്ങി. വാരിക 700 കോപ്പിയില്‍ നിന്ന് 20000 കോപ്പിയായി. ലക്ഷ്മി കാന്തനെതിരെ നിരവധി തവണ ആക്രമണമുണ്ടാവുകയും അച്ചടിക്കുന്ന പ്രസ് തല്ലിപ്പൊളിക്കുകയും ഉണ്ടായി. പക്ഷേ, അജ്ഞാതമായ ഒരു കേന്ദ്രത്തിലിരുന്ന് അയാള്‍ വാരിക മുടങ്ങാതെ പുറത്തിറക്കി.
ഇതിനിടെ ഭാഗവതരും എന്‍.എസ്. കൃഷ്ണനും ചേര്‍ന്ന് മദ്രാസ് ഗവര്‍ണര്‍ക്ക് വാരികക്കെതിരെ നിവേദനം നല്‍കിയെങ്കിലും ഫലമുണ്ടായില്ല. 1944 നവംബര്‍ 8 ന് ഒരു റിക്ഷാ വണ്ടിയില്‍ വീട്ടിലേക്ക് പോകുകയായിരുന്ന ലക്ഷ്മി കാന്തനെ ഒരു അജ്ഞാതന്‍ കുത്തി മുറിവേല്‍പ്പിച്ചു. ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അയാള്‍ മരണമടഞ്ഞു.
ലക്ഷ്മി കാന്തന്‍ കൊല ചെയ്യപ്പെട്ട വിവരം കാട്ടുതീ പോലെ പടര്‍ന്നു. ജനം ഇളകി മറഞ്ഞു. അയാളുടെ ശവസംസ്‌കാരം മദ്രാസില്‍ നടത്തി. ഒരു ദേശീയ നേതാവിന്റെത് പോലെ, ആ ശവസംസ്‌ക്കാരച്ചടങ്ങില്‍ അമ്പതിനായിരം പേരാണ് പങ്കെടുത്തത്.
പോലീസ് കൊലപാതകത്തിന്റെ അന്വേഷണം ആരംഭിച്ചു. കുറച്ച് ദിവസത്തിന് ശേഷം ജയാനന്ദം എന്നൊരാളെ പോലീസ് അറസ്റ്റ് ചെയ്തു. മജിസ്‌ട്രേറ്റിന് മുന്‍പില്‍ നടത്തിയ കുറ്റസമ്മതത്തില്‍ കൊലയും ഗൂഡാലോചനയും വെളിവായി. കുത്തിയത് വടിവേലു എന്നൊരാളാണെന്നും തന്നെയും തന്റെ സഹോദരിയേയും കുറിച്ച് മോശമായി വാരികയില്‍ എഴുതിയതിന്റെ വൈരാഗ്യം തീര്‍ക്കാനാണ് താന്‍ ഗൂഡാലോചനയില്‍ പങ്കെടുത്തത് എന്നും ജയാനന്ദന്‍ കുറ്റസമ്മതം നടത്തി. വടിവേലുവിനെ സഹായിക്കാന്‍ വെറെ നാലു പേരുണ്ടായിരുന്നെന്നും അയാള്‍ വെളിപ്പെടുത്തി.
തുടര്‍ന്ന് അയാള്‍ പറഞ്ഞ പേരുകള്‍ തമിഴ് നാടിനെ ഇളക്കിമറയ്ക്കാന്‍ പോന്നതായിരുന്നു. അതില്‍ ഒന്നാമനായ എം.കെ. ത്യാഗരാജ ഭാഗവതര്‍ 2500 രൂപ ഇതിനായി വാഗ്ദാനം ചെയ്തു എന്നും രണ്ടാമന്‍ എന്‍.എസ്. കൃഷ്ണന്‍ 500 രൂപ നല്‍കിയെന്നും കൃത്യം നടന്ന ശേഷം ബാക്കി പണം നല്‍കാമെന്നും ജയാനന്ദന്‍ എറ്റു പറഞ്ഞു. വാള്‍ ടാക്‌സ് റോഡിലുള്ള ഒരു സിനിമാ തിയറ്ററില്‍ വെച്ചാണ് ഗൂഡാലോചന നടന്നെന്നതെന്നും അയാള്‍ വെളിപ്പെടുത്തി. പ്രമുഖ നിര്‍മാതാവായിരുന്ന ശ്രീരാമൂലു നായിഡു ഗൂഡാലോചനയില്‍ പങ്കാളിയായിരുന്നു എന്ന് അയാള്‍ മൊഴി നല്‍കി. മൊഴി നല്‍കിയ ജയാനന്ദം പിന്നീട് കേസില്‍ മാപ്പ് സാക്ഷിയായി.
1944 ഡിസംബര്‍ 27 ന് രാത്രി മദ്രാസിലെ അരന്‍മനെക്കാര്‍ തെരുവിലെ സെന്റ് മേരീസ് ഹാളില്‍ ഭാഗവതരുടെ സംഗീത കച്ചേരിയുണ്ടായിരുന്നു. അത് കഴിഞ്ഞ് ഹാളിന് പുറത്തേക്ക് വന്‍ ജനക്കൂട്ടത്തിന്റെ ആരാധനാശീര്‍വാദങ്ങളേറ്റ് വാങ്ങി കാറില്‍ മടങ്ങാന്‍ തുടങ്ങുമ്പോള്‍ മലയാളി പോലീസ് ഇന്‍സ്‌പെക്ടറായ കൃഷ്ണന്‍ നമ്പ്യാര്‍ മുന്നോട്ട് വന്ന് സ്വകാര്യമായി ഭാഗവതരോട് കാതില്‍ പറഞ്ഞു,’സോറി സാര്‍, യു ആര്‍ അണ്ടര്‍ അറസ്റ്റ്’. ഒരു നിമിഷം നടുങ്ങിയ ഭാഗവതര്‍ എതിര്‍പ്പൊന്നും കൂടാതെ പോലീസ് ജീപ്പില്‍ കയറി. ജീപ്പ് വേഗത്തില്‍ പാഞ്ഞു പോയി. ഭാഗവതരെ തിരക്കില്‍ നിന്ന് പോലീസ് രക്ഷപ്പെടുത്തികൊണ്ടുപോയതാണെന്നാണ് അവിടെ കൂടിയവര്‍ കരുതിയത്. കുറച്ച് നേരം കഴിഞ്ഞ് എന്‍. എസ്. കൃഷ്ണനും അറസ്റ്റ് ചെയ്യപ്പെട്ടു.
പിറ്റേന്നാള്‍ തമിഴ്‌നാട് നടുങ്ങിയ വാര്‍ത്ത എല്ലാ പത്രങ്ങളിലും ബാനര്‍ ഹെഡ്‌ലൈനില്‍ വന്നു.’ലക്ഷ്മികാന്തന്‍ കൊലക്കേസില്‍ എം.കെ. ത്യാഗരാജ ഭാഗവതര്‍ അറസ്റ്റില്‍’ തെന്നിന്ത്യ മുഴുവന്‍ വാര്‍ത്താ പ്രധാന്യം നേടിയ ആ വാര്‍ത്ത അക്ഷരാര്‍ഥത്തില്‍ എല്ലാവരെയും ഞെട്ടിച്ചു. ഭാഗവതരുടെ ആരാധകര്‍ പൊട്ടിക്കരഞ്ഞു കൊണ്ട് തെരുവിലേക്കിറങ്ങി.
അറസ്റ്റ് ചെയ്യപ്പെട്ട ഇവരുടെ ജാമ്യാപേക്ഷ, പ്രസിഡന്‍സി മജിസ്‌ട്രേറ്റ് തള്ളി. പക്ഷേ, മദ്രാസ് ഹൈക്കോടതിയിലെ വെക്കേഷന്‍ ജഡ്ജി പതഞ്ജലി ശാസ്ത്രി ഇവര്‍ക്ക് ജാമ്യം അനുവദിച്ചു. ജാമ്യം റദാക്കാനായി ക്രൗണ്‍ പ്രോസിക്യൂട്ടര്‍ ഹൈക്കോടതിയിലെത്തി. വാദം കേട്ട ജസ്റ്റീസ് ബെയേഴ്‌സ് എന്ന ബ്രിട്ടീഷുകാരന്‍ ജഡ്ജി കൊലക്കുറ്റം ആരോപിക്കപ്പെട്ടവര്‍ക്ക് അസാധാരണ സാഹചര്യങ്ങളിലേ ജാമ്യം അനുവദിക്കാവൂ എന്ന് അഭിപ്രായപ്പെട്ടു ഇവരുടെ ജാമ്യം റദ്ദാക്കി. താരജീവിതം വീണ്ടും ഇരുമ്പഴിക്കുള്ളിലായി.
അക്കാലത്ത് കൊലക്കേസ് വിചാരണ നടത്തിയത് മദ്രാസ് ഹൈക്കോടതിയിലായിരുന്നു. ജൂറി സമ്പ്രദായമാണ് അന്ന്. വാദത്തിന് ശേഷം പ്രതി കുറ്റക്കാരനാണോ എന്ന് തെളിവ് പരിശോധിച്ച് തീരുമാനിക്കുക ജൂറിയും ശിക്ഷ വിധിക്കുക ജഡ്ജിയുമാണ്. ജസ്റ്റീസ് മോക്കറ്റ് എന്ന ബ്രിട്ടീഷുകാരന്‍ ജഡ്ജിക്കു മുന്‍പിലാണ് കൊലക്കുറ്റ വിചാരണ വന്നത്.
ഒന്നാം പ്രതി വടിവേലു, രണ്ടും മൂന്നും പ്രതികളായിരുന്നു ഭാഗവതരും കൃഷ്ണനും. ആകെ 8 പ്രതികള്‍. അവര്‍ക്ക് വേണ്ടി 26 അഭിഭാഷകര്‍. ഒരാളൊഴികെ മറ്റ് എല്ലാ പ്രതികളേയും കോടതി ശിക്ഷിച്ചു. ആറു പേര്‍ കുറ്റക്കാരാണെന്ന് ജൂറി കണ്ടെത്തി. ജഡ്ജി ശിക്ഷ പ്രഖ്യാപിച്ചു: പ്രതികളെ ജീവപര്യന്തം നാടു കടത്തുക(അന്ന് അന്തമാന്‍ ദ്വീപിലേക്ക് ആയിരുന്നു കുറ്റവാളികളെ നാട് കടത്തല്‍).
ഒരു പ്രതിയായ, നിര്‍മ്മാതാവ് ശ്രീരാമൂലു നായിഡുവിന് വേണ്ടി ഹാജരായത് ബോബെയിലെ പ്രശസ്ത അഭിഭാഷകനും പിന്നീട് കേന്ദ്ര വനം മന്ത്രിയുമായ കെ.എം. മുന്‍ഷിയായിരുന്നു. ഗൂഡാലോചനയില്‍ പങ്കാളിയായി എന്നതായിരുന്നു ശ്രീരാമൂലു നായിഡുന്റെ പേരില്‍ ആരോപിച്ച കുറ്റം.
കമലാനാഥന്‍ എന്നൊരു സാക്ഷി മാത്രമേ ശ്രീരാമൂലു നായിഡുവിനെതിരെ ഉണ്ടായിരുന്നുള്ളൂ. മദ്രാസിലെ വുഡ്‌സ്ലാന്‍സ് ഹോട്ടലില്‍ വെച്ച് നായിഡുവും ഭാഗവതരും കൊലപാതക പദ്ധതി ചര്‍ച്ച ചെയ്യുന്നത് താന്‍ കാണുകയും കേള്‍ക്കുകയും ചെയ്തു എന്നായിരുന്നു മൊഴി.
പ്രഗത്ഭനായ അഭിഭാഷകനായിരുന്ന കെ.എം. മുന്‍ഷി സമര്‍ത്ഥമായ ക്രോസ് വിസ്താരത്തിലുടെ ആ സാക്ഷിയുടെ വിശ്വാസ്യത തകര്‍ത്തു.
മുന്‍ഷി ചോദിച്ചു: ‘നിങ്ങള്‍ അന്ന് എത്ര മണിക്കാണ് വീട്ടില്‍ നിന്ന് ഇറങ്ങിയത്?’
സാക്ഷി: വൈകുന്നേരം നാലര മണിക്ക്.
മുന്‍ഷി: രാഹുകാലം കഴിഞ്ഞിട്ടിറങ്ങാം എന്ന് വിചാരിച്ചിട്ടാണോ നാലര മണിക്ക് ഇറങ്ങിയത്?
സാക്ഷി: അതെ.
ഉടനെ രാഹുകാലം ആ ദിവസം സാക്ഷി പറഞ്ഞ സമയത്തല്ല എന്ന് മുന്‍ഷി കലണ്ടര്‍ കാണിച്ച് കോടതിയെ ബോധ്യപ്പെടുത്തി. മാത്രമല്ല, ആ ദിവസം ശ്രീരാമൂലു നായിഡു ബോംബേയിലെ താജ് മഹള്‍ ഹോട്ടലില്‍ താമസിക്കുകയായിരുന്നു എന്ന് തെളിവ് സഹിതം കോടതിയെ ബോദ്ധ്യപ്പെടുത്തി. അതോടെ ശ്രീരാമൂലു നായിഡുവിന്റെ കേസ് കോടതി തള്ളി.
വിധിക്കെതിരെ അപ്പീല്‍ പോയെങ്കിലും ഹൈക്കോടതി ശിക്ഷ ശരിവെച്ചു. ഒടുവില്‍ ലണ്ടനിലെ പ്രിവി കൗണ്‍സിലില്‍ അപ്പീല്‍ പോയി. തെളിവുകള്‍ പുന:പരിശോധിക്കാന്‍ പ്രിവി കൗണ്‍സില്‍ നിര്‍ദ്ദേശിച്ചു.
പ്രശസ്തനായ അഭിഭാഷകന്‍ വി.എന്‍ എത്തി രാജ് വാദിക്കാനെത്തി. തെളിവുകള്‍ പുന:പരിശോധിക്കപ്പെട്ടു. സംശയത്തിന്റെ ആനുകൂല്യം നല്‍കി കോടതി വിധിച്ചു. അങ്ങനെ കോളിളക്കം സൃഷ്ടിച്ച ലക്ഷ്മികാന്തന്‍ കൊലക്കേസ് അവസാനിച്ചു. ഭാഗവതരും എന്‍. എസ്. കൃഷ്ണനും തടവില്‍ കിടന്നിട്ട് മൂന്നു കൊല്ലം പിന്നിട്ടിരുന്നു. ഭാഗവതര്‍ക്ക് ഈ കേസിലുള്ള പങ്ക് അവസാനം വരെ വ്യക്തതയില്ലായിരുന്നു. കുറ്റക്കാരനാണോ നിരപരാധിയാണോയെന്ന് ഉറച്ച സിദ്ധാന്തമൊന്നും തന്നെയില്ല.
കൊല്ലപ്പെട്ട ലക്ഷ്മികാന്തനേറ്റ മുറിവ് മാരകരമല്ലെന്നും ഓപ്പറേഷന്‍ നടത്തിയ ഡോക്ടര്‍ക്ക് പറ്റിയ പിഴവാണ് മരണകാരണം എന്നും പിന്നീട് പുറത്ത് വന്നു. സിനിമാ രംഗത്തെ പകയും കിടമത്സരവുമൊക്കെ ഇതിന് പിന്നില്‍ ഉണ്ടായിരുന്നു എന്ന വിവരവും പിന്നീട് പുറത്തുവന്നു.
1945 ല്‍ ഭാഗവതര്‍ ജയിലില്‍ പോകുമ്പോള്‍ ‘വസന്ത സേന, ശ്രീ വള്ളി, രാജയോഗി എന്നീ പടങ്ങളില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയായിരുന്നു ഇനി തിരികെ വന്നില്ലെങ്കിലോ എന്ന് ഭയന്ന നിര്‍മ്മാതാക്കള്‍ വെറെ നടന്മാരെ വെച്ച് പിന്നീടാ പടങ്ങള്‍ പൂര്‍ത്തിയാക്കി.
ശിക്ഷ കഴിഞ്ഞ് പുറത്ത് വന്നപ്പോഴേക്കും (1952 കാലം’) കരുണാനിധി, എം.ജി.ആര്‍ തുടങ്ങിയവരുടെ വാഴ്ച ആരംഭിച്ചിരുന്നു. രണ്ട് പടം ഭാഗവതരുടെതായി വന്നെങ്കിലും, വിജയിച്ചില്ല. കാലം മാറിയിരുന്നു. ആസ്വാദനത്തിലും, അഭിരുചികളിലും വന്ന മാറ്റം മനസിലാക്കാന്‍ ആ താരത്തിന് കഴിഞ്ഞില്ല. കേസും സ്വന്തമായി നിര്‍മ്മിച്ച സിനിമ തകര്‍ന്നതും ഭാഗവതരെ നിര്‍ദ്ധനനും കടക്കാരനുമാക്കി.
1952 ല്‍ ആരംഭിച്ച സിനിമയിലെ വേഗതയിലുള്ള മാറ്റങ്ങള്‍ മനസിലാക്കാതെ ഭാഗവതര്‍ പഴയ വഴിയിലൂടെ പോയത് പരാജയത്തിലേക്കായിരുന്നു. ‘ഫ്യൂഡലിസത്തിനോട് ബന്ധപ്പെട്ട കലയിലെ മൂല്യബോധം, ദൈവഭക്തി, കാളവണ്ടിക്കാരനും കര്‍ണ്ണാടക സംഗീതം പാടുന്ന സംഗീത ബോധം, രാത്രിമുഴുവന്‍ നാടകവും, കച്ചേരിയും കാണുന്ന രീതി എന്നിവയൊക്കെ മാറി ദ്രാവിഡ പ്രസ്ഥാനങ്ങളുടെ മൂല്യബോധവും ദ്രാവിഡ ആസ്വാദന രീതിയും അരങ്ങു കീഴടക്കിയതാണ് എം.കെ. ത്യാഗരാജ ഭാഗവതരുടെ പതനത്തിന് കാരണം.’ തമിഴിലെ പ്രശസ്ത എഴുത്തുകാരന്‍ ചാരു നിവേദിത ത്യാഗരാജ ഭാഗവതരുടെ ജീവിതത്തെ കുറിച്ച് എഴുതിയപ്പോള്‍ വിലയിരുത്തി.
ചലചിത്ര രംഗം വിടും മുന്‍പ് അവസാന അഭിമുഖത്തില്‍ ഭാഗവതര്‍ പറഞ്ഞു; ‘ജീവിതത്തില്‍ എന്നെപ്പോലെ സര്‍വ്വ സൗഭാഗ്യങ്ങളുടേയും നടുവില്‍ ജീവിച്ചവരാരുമുണ്ടാകില്ല. ജീവിതത്തില്‍ എന്നേപ്പോലെ തകര്‍ന്നവരുമുണ്ടാകില്ല. ഞാന്‍ എവറസ്റ്റോളം ഉയര്‍ന്നു. പാതാളത്തോളം താഴ്ന്നു.’
ഒടുവില്‍, സിനിമ രംഗവും സംഗീതരംഗവും കൈവിട്ട്, പ്രമേഹരോഗം വന്ന് അന്ധനായി. തല മുണ്ഡനം ചെയ്ത് തഞ്ചാവൂര്‍ മാരിയമ്മന്‍ കോവിലിന് മുന്നില്‍ ‘ഇരിപ്പായി. നിസംഗതയോടെ, ആരോടും പരിഭവമില്ലാതെയുള്ള ഇരുപ്പ്.
ആ കാലത്ത് ത്യാഗരാജ ഭാഗവതരെ കണ്ട കാര്യം മറ്റൊരു സൂപ്പര്‍ താരം ഒരിക്കല്‍ എഴുതി, ‘തന്റെ തലമുറ ആരാധനയോടെ കണ്ട ഭാഗവതരുടെ ഇപ്പോഴത്തെ അവസ്ഥ കണ്ട് ഞാന്‍ ഞെട്ടി. ഞാന്‍ അദ്ദേഹത്തിനോട്, ഞാന്‍ സിനിമാ നടനാണെന്നും, താങ്കളുടെ ആരാധകനാണെന്നും പറഞ്ഞു. അപ്പോള്‍ അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ നിങ്ങള്‍ വിചാരിക്കുന്നത് എന്തെന്ന് എനിക്കറിയാം! എനിക്ക് കുറച്ച് പണം തരട്ടേ എന്നല്ലേ’ വേണ്ട! ഞാന്‍ കാണാത്ത ധനമില്ല, ഐശ്വര്യമില്ലാ, സമ്പത്തില്ലാ. എനിക്ക് ഒന്നും വേണ്ട! എന്റെ അനുജന്‍, എനിക്ക് ആഹാരം തരുന്നുണ്ട് ‘അത് മതി.’
ഇത് എഴുതിയത് പ്രേംനസീര്‍. പതിനാല് ചിത്രങ്ങളില്‍ മാത്രം അഭിനയിച്ച ഭാഗവതര്‍ അഭിനയിച്ചതെല്ലാം നായക വേഷത്തിലായിരുന്നു. അതില്‍ പത്ത് പടങ്ങള്‍ ബോക്‌സ് ഓഫീസ് ഹിറ്റുകളായി.
30 വര്‍ഷം ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ താരമായി, സൂപ്പര്‍ താരമായി നിറഞ്ഞു നിന്ന ഭാഗവതര്‍ 1959 നവംബര്‍ 1ന് അന്തരിച്ചു. അന്ന് വെറും 49ാം വയസ് മാത്രം പ്രായം. അതിന് രണ്ട് വര്‍ഷം മുന്‍പ് എന്‍.എസ്. കൃഷ്ണനും തന്റെ 48ാം വയസില്‍ മരിച്ചു. തങ്ങള്‍ക്ക് സംഭവിച്ച ദുരന്തം വരുത്തിയ ആഘാതത്തില്‍ നിന്ന് അവര്‍ ഒരിക്കലും മോചിതനായില്ല. എല്ലാം കൈവിട്ടപ്പോള്‍ ഇരുവരും മുഴുത്ത മദ്യപാനികളായി മാറുകയും അത് അവരുടെ മരണത്തിന് ആക്കം കൂട്ടുകയും ചെയ്തു.
നാല് പതിറ്റാണ്ട് മുന്‍പ് മലയാളത്തിലെ ‘കുങ്കുമം’ വാരികയുടെ എഡിറ്ററായിരുന്ന എസ്. രാമകൃഷ്ണന്‍ ഭാഗ്യ നിര്‍ഭാഗ്യങ്ങളിലൂടെ കടന്നു പോയ, ഒടുവില്‍ ദുരന്തത്തിലവസാനിച്ച എം.കെ. ത്യാഗരാജ ഭാഗവതരുടെ അഭിനയ ജീവിതം മനോഹരമായി അടയാളപ്പെടുത്തി ‘അഗ്‌നി പ്രവേശം’ എന്നൊരു നോവല്‍ എഴുതി. ‘മലയാളത്തിലെ മികച്ച നോവലുകളൊന്നാണ് ഇതെന്ന് പി. ഗോവിന്ദപിള്ള പുസ്തകത്തെ കുറിച്ച് നിരൂപണത്തില്‍ എഴുതിയത്. പക്ഷേ, ശ്രദ്ധിക്കപ്പെടാതെ പോയ ആ നോവലിന് ഒരു അംഗീകാരവും കിട്ടിയില്ല. മലയാള നിരൂപകര്‍ അവഗണിച്ച ആ നോവല്‍ എം.കെ. ത്യാഗരാജ ഭാഗവതരെ വിഷയമാക്കിയ ആദ്യ കൃതിയാണ്.
‘എപ്പോഴും വിഗ്രഹങ്ങള്‍ ആവശ്യമാണ്. എന്നാല്‍ ആ വിഗ്രഹങ്ങള്‍ തങ്ങളെ സ്വയം ദൈവമായി കണക്കാക്കുമ്പോഴാണ് ഇത്തരം കളികള്‍ ട്രാജഡികളാകുക’. ഒരു താരവിഗ്രഹം രൂപം പ്രാപിക്കുന്നതിനേയും നശിക്കുന്നതിനേയും പറ്റി ചിന്തിച്ചാല്‍ നമ്മള്‍ വേദാന്തത്തിലാണെത്തുക! ചാരു നിവേദിത താര ജീവിതത്തെ ഇങ്ങനെ നിര്‍വ്വചിക്കുന്നു. MK Thyagaraja bhagavathar, indian film superstar,up and downs in life and career
Content Summary; MK Thyagaraja bhagavathar, indian film superstar,up and downs in life and career