January 31, 2026 |
Share on

ഇമ്രാന്‍ ഖാന്റെ കാഴ്ച്ച നഷ്ടമാകുന്നു; ഏകാന്ത തടവില്‍ ഗുരുതരാവസ്ഥയില്‍ മുന്‍ പ്രധാനമന്ത്രി

മുന്‍ പ്രധാനമന്ത്രിക്ക് ചികിത്സ നിഷേധിക്കുകയാണെന്ന് അദ്ദേഹത്തിന്റെ പാര്‍ട്ടി ആരോപിക്കുന്നു

പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഏകാന്ത തടവില്‍ ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുകയാണെന്ന് വിവരം. ഇമ്രാന്റെ കാഴ്ച്ചശക്തി നഷ്ടമാകുന്ന അവസ്ഥയാണുള്ളതെന്നും, എന്നാല്‍ രാജ്യത്തിന്റെ മുന്‍ പ്രധാനമന്ത്രിക്ക് കൃത്യമായ ചികിത്സ നിഷേധിക്കുകയാണെന്ന് ഇമ്രാന്റെ പാര്‍ട്ടിയായ പാകിസ്താന്‍ തെഹ്രീകെ ഇന്‍സാഫ് (പിടിഐ) ആരോപിക്കുന്നു.

വലതുകണ്ണിലെ റെറ്റിനല്‍ വെയ്നില്‍ അപകടകരമായ തടസ്സം നേരിടുന്ന ‘സെന്‍ട്രല്‍ റെറ്റിനല്‍ വെയ്ന്‍ ഒക്ലൂഷന്‍’ എന്ന അവസ്ഥ 73 വയസ്സുകാരനായ ഇമ്രാന്‍ ഖാന് സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കൃത്യസമയത്ത് ചികിത്സ ലഭിച്ചില്ലെങ്കില്‍ ഇത് സ്ഥിരമായ കാഴ്ചനഷ്ടത്തിന് കാരണമാകും. നിലവില്‍ അദ്ദേഹത്തിന് കാഴ്ച മങ്ങുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. മാസങ്ങളായി അദ്ദേഹത്തിന്റെ പേഴ്‌സണല്‍ ഡോക്ടറെ കാണാന്‍ ജയില്‍ അധികൃതര്‍ അനുവദിക്കുന്നില്ലെന്നും ഇത് ഖാന്റെ ആരോഗ്യത്തെ വലിയ അപകടത്തിലാക്കുകയാണെന്നും പിടിഐ പ്രസ്താവനയില്‍ പറഞ്ഞു.

2023 ഓഗസ്റ്റ് മുതല്‍ ജയിലില്‍ കഴിയുന്ന ഇമ്രാന്‍ ഖാനെ കഴിഞ്ഞ മൂന്ന് മാസമായി അഭിഭാഷകര്‍ക്കോ പാര്‍ട്ടി നേതാക്കള്‍ക്കോ കാണാന്‍ സാധിച്ചിട്ടില്ല. ആഴ്ചയില്‍ രണ്ടുതവണ കുടുംബാംഗങ്ങളെയും അഭിഭാഷകരെയും കാണാന്‍ കോടതി അനുമതിയുണ്ടെങ്കിലും 100 ദിവസമായി അദ്ദേഹം ആരെയും കണ്ടിട്ടില്ല. അദ്ദേഹത്തിന്റെ സഹോദരിമാരും പാര്‍ട്ടി പ്രവര്‍ത്തകരും അഡിയാല ജയിലിന് പുറത്ത് നടത്തുന്ന പ്രതിഷേധങ്ങള്‍ക്ക് നേരെ കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിക്കുന്ന സാഹചര്യമാണുള്ളത്.

‘അദ്ദേഹം പുറംലോകവുമായി ബന്ധമില്ലാതെ ഏകാന്ത തടവിലാണ്. ഇത് മൗലികാവകാശങ്ങളുടെ ലംഘനമാണ്. ഖാന്റെ ആരോഗ്യനിലയെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വന്ന സാഹചര്യത്തില്‍ ഡോക്ടര്‍മാര്‍ക്ക് അദ്ദേഹത്തെ കാണാന്‍ ഉടന്‍ അനുമതി നല്‍കണം,’ പിടിഐ ചെയര്‍മാന്‍ ഗോഹര്‍ അലി ഖാന്‍ ആവശ്യപ്പെട്ടു.

അഴിമതിക്കേസിലും ഔദ്യോഗിക രഹസ്യങ്ങള്‍ ചോര്‍ത്തിയെന്ന കേസിലുമായി ശിക്ഷിക്കപ്പെട്ടാണ് ഖാന്‍ ജയിലില്‍ കഴിയുന്നത്. തന്നെ രാഷ്ട്രീയത്തില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ സൈന്യവും സര്‍ക്കാരും ചേര്‍ന്ന് കെട്ടിച്ചമച്ച കേസുകളാണിതെന്ന് അദ്ദേഹം ആരോപിക്കുന്നു.

2023 ഓഗസ്റ്റില്‍ ‘സര്‍ക്കാര്‍ സമ്മാനങ്ങള്‍ വിറ്റ കേസില്‍’ മൂന്ന് വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ടു. 2025 ജനുവരിയില്‍ അഴിമതിക്കേസുകളില്‍ 14 വര്‍ഷത്തെ തടവ് കൂടി വിധിച്ചു.

അദ്ദേഹത്തിന്റെ ഭാര്യ ബുഷ്‌റ ബീബിയും ഇതേ കേസില്‍ ഏഴ് വര്‍ഷത്തെ തടവ് ശിക്ഷ അനുഭവിക്കുകയാണ്.

2018 മുതല്‍ 2022 വരെ പ്രധാനമന്ത്രിയായിരുന്ന ഇമ്രാന്‍ ഖാന്‍ സൈന്യവുമായുള്ള ഭിന്നതയെത്തുടര്‍ന്ന് അവിശ്വാസ പ്രമേയത്തിലൂടെയാണ് പുറത്തായത്. നിലവില്‍ പാകിസ്താനിലെ ഏറ്റവും പ്രമുഖനായ രാഷ്ട്രീയ തടവുകാരനാണ് ലോക ക്രിക്കറ്റിലെ ഒരു ചരിത്ര താരം കൂടിയായ ഇമ്രാന്‍ ഖാന്‍.

Content Summary; Jailed former pakistan prime minister Imran Khan is facing severe eye damage and denied proper medical treatment

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×