ജല്ലിക്കെട്ടിനെ എതിര്‍ത്തു; നടി തൃഷയ്‌ക്കെതിരെ തരംതാണ പ്രതിഷേധം

വ്യത്യസ്ത അഭിപ്രായം പ്രകടിപ്പിച്ചതിന് സ്ത്രീയെ വ്യക്തിഹത്യ നടത്തുന്നത് തമിഴ്‌നാട്ടില്‍ ഇത് ആദ്യമായല്ല.

ജല്ലിക്കെട്ട് പാടില്ലെന്ന സുപ്രിംകോടതി വിധിയോടുള്ള ജനവികാരം പൊങ്കല്‍ അടുക്കുന്തോറും തമിഴ്നാട്ടില്‍ കൂടി വരികയാണ്. അതേസമയം നിയമപരമായി ഈ പരമ്പരാഗത അനുഷ്ഠാനം നടത്താനാകില്ലെന്നും ഉറപ്പായിരിക്കുന്നു. ഈ സഹചാര്യത്തില്‍ ജല്ലിക്കെട്ടിനെ എതിര്‍ത്ത് സംസാരിക്കുന്നവരും മൃഗങ്ങളുടെ അവകാശത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന പെറ്റ എന്ന സംഘടനയെ അനുകൂലിക്കുന്നവര്‍ക്കും നേരെ കടുത്ത പ്രതിഷേധമാണ് ഇവിടെ ഉയരുന്നത്.

നടന്മാരായ കമല്‍ ഹാസനും സിലമ്പരസനും ജല്ലിക്കെട്ടിനോടുള്ള തങ്ങളുടെ പിന്തുണ അറിയിച്ചു കഴിഞ്ഞു. എന്നാല്‍ സിനിമയില്‍ നിന്നുള്ള മറ്റ് ചിലര്‍ പെറ്റയെ അനുകൂലിച്ചതിന്റെയും അതിന്റെ പ്രചരണാര്‍ത്ഥ ഫോട്ടോ ഷൂട്ടില്‍ പങ്കെടുത്തതിന്റെയും പേരില്‍ രൂക്ഷ വിമര്‍ശനമാണ് നേരിടേണ്ടി വരുന്നത്. പേറ്റയുടെ ഹര്‍ജിയിലാണ് സുപ്രിംകോടതി ജല്ലിക്കെട്ട് നിരോധിച്ചത് എന്നതാണ് പെറ്റയ്‌ക്കെതിരെയുള്ള പ്രതിഷേധത്തിന് കാരണം.

എന്നാല്‍ ധനുഷ്, തൃഷ, സണ്ണി ലിയോണ്‍ എന്നിവര്‍ പെറ്റയെ പിന്തുണയ്ക്കുന്ന ടീഷര്‍ട്ടുമിട്ട് പ്രചരണം നടത്തിയത് പലരെയും പ്രകോപിതരാക്കിയിരിക്കുകയാണ്. നിയമം അനുസസരിക്കുന്ന പൗരനെന്ന നിലയില്‍ സുപ്രിംകോടതി വിധിയെ മാനിക്കുന്നെന്ന് പറഞ്ഞ നടന്‍ വിശാലിനെ പോലും ഇവര്‍ വെറുതെ വിട്ടില്ല. എന്താണ് ജല്ലിക്കെട്ട് എന്ന് ചോദിച്ച ആര്യയെയും ട്രോളന്മാര്‍ അജ്ഞതയുടെ പേരില്‍ കളിയാക്കിയിരുന്നു.

അതേസമയം ഈ വിഷയത്തിലെ പ്രതികരണങ്ങള്‍ എത്രമാത്രം തരംതാണ തലത്തില്‍ എത്തി എന്നതിന്റെ തെളിവാണ് ഇപ്പോള്‍ തൃഷയ്‌ക്കെതിരെ പ്രത്യക്ഷപ്പെടുന്ന ട്രോളുകള്‍. വളരെ കാലമായി പെറ്റയുമായി അടുപ്പമുള്ള തൃഷ മൃഗങ്ങളുടെ അവകാശത്തെ പിന്തുണയ്ക്കുന്ന വ്യക്തിയുമായതാണ് പ്രശ്‌നം. അടുത്തിടെ തൃഷ മരിച്ചുവെന്ന് പറയുന്ന പോസ്റ്ററുകളാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചത്. പോസ്റ്ററില്‍ മരണ കാരണം എയ്ഡ്‌സ് ആണെന്നും പറയുന്നുണ്ട്. കൂടാതെ തൃഷയുടെ മാതാപിതാക്കളെയും വ്യക്തിപരമായി അധിക്ഷേപിക്കുന്നു. ചില ട്രോളുകളില്‍ ഒരു സ്ത്രീ മദ്യപിച്ച് തമിഴ്‌നാടിന്റെ മാനം തെരുവില്‍ വലിച്ചെറിഞ്ഞെന്നും മറ്റൊരു സ്ത്രീ സംസ്‌കാരം ലോകം മുഴുവന്‍ പടര്‍ത്തിയെന്നുമാണ് പറയുന്നത്.

വ്യത്യസ്ത അഭിപ്രായം പ്രകടിപ്പിച്ചതിന് സ്ത്രീയെ വ്യക്തിഹത്യ നടത്തുന്നത് തമിഴ്‌നാട്ടില്‍ ഇത് ആദ്യമായല്ല. മുമ്പ് ഖുഷ്ബു, ജ്യോതിമണി എന്നിവരെയാണ് ഇത്തരത്തില്‍ തമിഴ്ജനത ആക്രമിച്ചത്. ലൈംഗികമായി അധിക്ഷേപിക്കുന്ന തരത്തിലുള്ള ഭാഷയാണ് പലരും ഉപയോഗിച്ചത്.

This post was last modified on January 13, 2017 5:16 pm

അഴിമുഖം ഡെസ്ക്:
Related Post
Leave a Comment