തെന്നിന്ത്യൻ താരങ്ങളായ നയൻതാര-ധനുഷ് വിഷയമാണ് കഴിഞ്ഞ കുറച്ചുദിവസങ്ങളായി സാമൂഹ്യമാധ്യമങ്ങളിൽ നിറഞ്ഞ് നിൽക്കുന്നത്. അതോടൊപ്പം നവംബർ 18ന് നെറ്റ്‌ഫ്‌ളിക്‌സ് റിലീസായി പുറത്തിറങ്ങിയ ‘നയൻതാര ബിയോൺഡ് ദി ഫെയറിടെയിൽ’ എന്ന ഡോക്യുമെന്ററിയിൽ നയൻതാരയുടേയും വിഘ്‌നേഷ് ശിവന്റേയും പ്രണയബന്ധത്തെക്കുറിച്ച് ധനുഷ് നടത്തിയ പരാമർശത്തെക്കുറിച്ചുള്ള രാധിക ശരത്കുമാറിന്റെ വെളിപ്പെടുത്തലാണ് സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയാകുന്നത്. dhanush to radhika sarathkumar
നാനും റൗഡി താൻ എന്ന സിനിമയിൽ വിജയ് സേതുപതിയുടെ അമ്മയായാണ് രാധിക അഭിനയിച്ചത്. ധനുഷാണ് തന്നോട് ഇരുവരും തമ്മിലുള്ള പ്രണയത്തെക്കുറിച്ച് ആദ്യമായി പറയുന്നതെന്ന് രാധിക ശരത്‌കുമാർ പറയുന്നു.
“ധനുഷാണ് എന്നോട് ആദ്യമായി ഇക്കാര്യം പറയുന്നത്. നിങ്ങൾക്ക് നാണമുണ്ടോ എന്നാണ് ധനുഷ് എന്നെ വിളിച്ചപ്പോൾ ചോദിച്ചത്. നീയെന്താണ് പറയുന്നതെന്ന് ഞാൻ ധനുഷിനോട് ചോദിച്ചു. അവിടെ എന്താണ് നടക്കുന്നതെന്ന് ചേച്ചിക്ക് അറിയുമോയെന്നും വിഘ്‌നേഷ് ശിവനും നയൻതാരയും പ്രണയത്തിലാണന്നും ധനുഷ് പറഞ്ഞു. എനിക്കിതിനെക്കുറിച്ച് ഒന്നും അറിയില്ലെന്ന് ഞാൻ പറഞ്ഞു”, രാധിക ഡോക്യുമെന്ററിയിൽ പറയുന്നു.
ധനുഷ് നിർമാതാവായ നാനും റൗഡി താൻ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് നയൻതാരയും വിഘ്‌നേഷ് ശിവനും പ്രണയത്തിലാകുന്നത്. സിനിമയുടെ സെറ്റിൽ വെച്ചാണ് തനിക്ക് വിക്കിയോട് ഇഷ്ടം തോന്നിയതെന്ന് നയൻതാര ഡോക്യുമെന്ററിയിൽ പറയുന്നു.
സിനിമയുടെ ഷൂട്ടിങ്ങ് കഴിഞ്ഞപ്പോൾ താൻ വിഘ്‌നേഷ് ശിവന് മെസേജ് അയച്ചുവെന്നും വിഘ്‌നേഷ് ശിവനുമായി ചിലവഴിച്ചിരുന്ന സമയം ഇപ്പോൾ മിസ് ചെയ്യുന്നുവെന്ന് അറിയിക്കുകയും ചെയ്തെന്ന് നയൻതാര പറയുന്നുണ്ട്. നയൻതാര താൽപര്യം അറിയിച്ചപ്പോൾ തന്നെ പ്രാങ്ക് ചെയ്യുകയാണെന്നാണ് വിഘ്‌നേഷ് ശിവൻ കരുതിയതെന്നും ഡോക്യുമെന്ററിയിൽ പറഞ്ഞു.
നയൻതാരയുടേയും വിഘ്‌നേഷ് ശിവന്റേയും സുഹൃത്തുക്കളായ നിരവധി സിനിമാപ്രവർത്തകരും സംവിധായകരുമെല്ലാം ഇരുവരുമായുള്ള ബന്ധത്തെക്കുറിച്ച് ഡോക്യുമെന്ററിയിൽ പറയുന്നുണ്ട്. നയൻതാരയുടേയും വിഘ്‌നേഷ് ശിവന്റേയും പ്രണയത്തെ തുടക്കം മുതലേ പിന്തുണച്ചിരുന്നവരിൽ ഒരാളായിരുന്നു ധനുഷ്. എന്നാൽ തങ്ങളുടെ വിവാഹ ഡോക്യുമെന്ററിയിൽ നാനും റൗഡി താൻ എന്ന സിനിമയുടെ പിന്നാമ്പുറ ദൃശ്യങ്ങൾ ഉപയോഗിച്ചുവെന്ന് ചൂണ്ടിക്കാട്ടി ധനുഷ് നഷ്ടപരിഹാരം ചോദിച്ചെന്ന നയൻതാരയുടെ പോസ്‌റ്റ് വന്നതോടെയാണ് നയൻതാര-ധനുഷ് പ്രശ്‌നം പുറത്തറിയുന്നത്. മൂന്ന് സെക്കൻഡ് വീഡിയോയ്‌ക്ക് 10 കോടി രൂപയാണ് നഷ്ടപരിഹാരമായി ധനുഷ് ആവശ്യപ്പെട്ടത്. 24 മണിക്കൂറിനുള്ളിൽ ഡോക്യുമെന്ററിയിൽ ഉപയോഗിച്ചിരിക്കുന്ന ദൃശ്യങ്ങൾ മാറ്റണമെന്നും ധനുഷ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ സിനിമയുടെ പിന്നാമ്പുറ ദൃശ്യങ്ങൾ ഉൾപ്പെടുത്തിയുള്ള ഡോക്യുമെന്ററിയാണ് ഇപ്പോഴും നെറ്റ്‌ഫ്‌ളിക്‌സിലുള്ളത്.
ധനുഷ് പകപോക്കുകയാണെന്ന് ആരോപിച്ചുകൊണ്ടുള്ള നയൻതാരയുടെ പോസ്‌റ്റിന് ധനുഷിനെ അനുകൂലിച്ചുകൊണ്ടുള്ള കമന്റുകളാണ് വന്നിരുന്നത്. എന്നാൽ നയൻതാരക്ക് പിന്തുണയുമായി നസ്രിയ, പാർവ്വതി തിരുവോത്ത്, ഐശ്യര്യ ലക്ഷ്‌മി തുടങ്ങിയ മുൻനിര നായികമാർ രംഗത്തെത്തിയിരുന്നു. dhanush to radhika sarathkumar
content summary; dhanush to radhika sarathkumar on nayanthara vignesh romance