July 08, 2025 |
Share on

ട്രംപ് ഭരണം ഭയാനകം; യുഎസ് വിടാനൊരുങ്ങി ജെയിംസ് കാമറൂൺ

ന്യൂസിലന്‍ഡ് പൗരത്വം സ്വീകരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് കാമറൂൺ

അമേരിക്കന്‍ പ്രസിഡന്റായി വീണ്ടും ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റതിനാല്‍ യുഎസ് ഉപേക്ഷിച്ച് പോകുകയാണെന്ന് അറിയിച്ച് ഹോളിവുഡ് സംവിധായകനും നിര്‍മാതാവുമായ ജെയിംസ് കാമറൂണ്‍. ന്യൂസിലന്‍ഡ് പൗരത്വം സ്വീകരിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ട്രംപിന്റെ ഭരണത്തിന് കീഴിലുള്ള അമേരിക്ക നീതിയുക്തമായ കാര്യങ്ങളില്‍ നിന്നും മാറി സഞ്ചരിക്കുകയാണെന്നും ജെയിംസ് കാമറൂണ്‍ പറഞ്ഞു.

ഒരു പോഡ്കാസ്റ്റ് പ്രോഗ്രാമില്‍ ട്രംപിന്റെ രണ്ടാം ടേമിനെക്കുറിച്ച് എത്രമാത്രം ആശങ്കയുണ്ടെന്ന ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു ജെയിംസ് കാമറൂണിന്റെ പരാമര്‍ശം.

‘ട്രംപിന്റെ ഭരണം ഭയപ്പെടുത്തുന്നതാണ്. അമേരിക്ക അതിന്റെ അടിസ്ഥാന മൂല്യങ്ങളെ മറന്ന് വ്യക്തിപരമായ കാര്യങ്ങള്‍ക്ക് താല്‍പര്യം നല്‍കുന്നതിലേക്ക് മാറിയിരിക്കുന്നു. ചരിത്രപരമായി നിലകൊള്ളുന്ന കാര്യങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്നില്ലെങ്കില്‍ അമേരിക്ക ഒന്നിനും വേണ്ടി നിലകൊള്ളില്ല. അത് ഒരു പൊള്ളയായ ആശയം മാത്രമായി മാറും’, ജെയിംസ് കാമറൂണ്‍ ആരോപിച്ചു.

എക്കാലത്തെയും ക്ലാസിക് സിനിമകളിലൊന്നായ ടൈറ്റാനിക്കിന്റെ സംവിധായകന്‍ 2012 മുതല്‍ ന്യൂസിലന്‍ഡില്‍ ഒരു വലിയ ഡയറി ഫാം സ്വന്തമാക്കിയിട്ടുണ്ട്. കൂടാതെ ന്യൂസിലന്‍ഡിലേക്ക് സ്ഥിര താമസം മാറാനുള്ള പദ്ധതികളും നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.

‘ഇവിടെ എനിക്ക് സുരക്ഷിതത്വം ഉണ്ടെന്ന് തോന്നുന്നില്ല. എല്ലാ ദിവസവും പത്രങ്ങളുടെ ആദ്യ പേജില്‍ ട്രംപിന്റെ ചിത്രം കാണാന്‍ എനിക്ക് താല്‍പര്യമില്ല. അത് വെറുപ്പുളവാക്കുന്നതാണ്. ഒരു അപകടം ആവര്‍ത്തിച്ച് കാണുന്നത് പോലെയാണ് എനിക്ക് തോന്നുന്നത്. ന്യൂസിലന്‍ഡ് പൗരത്വം തിരഞ്ഞെടുക്കാനുള്ള തീരുമാനം അര്‍ത്ഥവത്തായതാണെന്നും അതിന് വേണ്ടിയാണ് താന്‍ കഠിനാധ്വാനവും ത്യാഗവും ചെയ്യുന്നതെന്ന്’ ജെയിംസ് കാമറൂണ്‍ പറഞ്ഞു.

‘നമ്മള്‍ എല്ലാം ഉപേക്ഷിച്ച് മറ്റൊരു സ്ഥലത്തേക്ക് പോകാന്‍ തീരുമാനിക്കുമ്പോള്‍ അവിടം നിങ്ങള്‍ക്ക് അവകാശങ്ങള്‍ നേടിയെടുക്കാന്‍ കഴിയുന്നതായിരിക്കണം. എന്റെ ജന്മനാടായ കാനഡയുമായി ഞാന്‍ ന്യൂസിലന്‍ഡിനെ താരതമ്യം ചെയ്യാന്‍ ആഗ്രഹിക്കുന്നു. ജനങ്ങളുടെ പെരുമാറ്റത്തിലും രീതിയിലുമെല്ലാം സാമ്യമുണ്ട്. എല്ലാവര്‍ക്കും തുല്യ അവകാശവും ഉറപ്പ് നല്‍കുന്നു. എന്റെ കുട്ടികള്‍ക്ക് ഇത് ലഭിക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്’, കാമറൂണ്‍ കൂട്ടിച്ചേര്‍ത്തു.

2023 ല്‍, ന്യൂസിലന്‍ഡിന്റെ ചലച്ചിത്ര മേഖലയിലേക്ക് പുതിയ പ്രതിഭകളെ കൊണ്ടുവരാനുള്ള പദ്ധതികള്‍ കാമറൂണ്‍ അറിയിച്ചിരുന്നു. തന്റെ ഭാവി സിനിമകളെല്ലാം ന്യൂസിലന്‍ഡിൽ
നിര്‍മ്മിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും കാമറൂണ്‍ പറഞ്ഞിരുന്നു.

Content Summary: James Cameron Calls Trump Administration ‘Terrifying,’ Plans to Leave the US
Titanic James Cameron Donald trump

Leave a Reply

Your email address will not be published. Required fields are marked *

×