കഴിഞ്ഞ 50 ദിവസത്തിനുള്ളിൽ അജ്ഞാതരോഗം ബാധിച്ച് മരിച്ചത് 17 പേർ. ജമ്മു കാശ്മീരിലെ രജൗരി ജില്ലയിലെ ബാദൽ ഗ്രാമത്തിലാണ് മൂന്ന് കുടുംബങ്ങളിലായി പതിമൂന്ന് കുട്ടികളും 4 പേരും അജ്ഞാത അസുഖം ബാധിച്ച് മരണപ്പെട്ടത്. ഇതേ തുടർന്ന് ഗ്രാമത്തിൽ ഒത്തുചേരലുകൾ നിരോധിച്ചുകൊണ്ട് കണ്ടെയ്ൻമെന്റ് സോൺ പ്രഖ്യാപിച്ചു.
അണുബാധ തടയുന്നതിനുള്ള നിയന്ത്രണത്തിന്റെ ഭാഗമായി രജൗരിയിലെ ജില്ലാ മജിസ്‌ട്രേറ്റ് ബാദൽ ഗ്രാമത്തിൽ ബിഎൻഎസ്എസ് സെക്ഷൻ 163 പ്രയോഗിച്ചു.
”ആളുകൾ മരണപ്പെടുന്ന കുടുംബങ്ങളെല്ലാം കണ്ടെയ്ൻ്‌മെന്റ് സോൺ ഒന്നായി പ്രഖ്യാപിക്കും, അവരുടെ വീടുകൾ സീൽ ചെയ്യുകയും ചെയ്യും. കുടുംബാംഗങ്ങൾ ഉൾപ്പെടെ മരണപ്പെട്ടയാളുമായി സമ്പർക്കത്തിലുള്ള ആരും ഉദ്യോഗസ്ഥരുടെ അനുമതിയില്ലാതെ പുറത്തിറങ്ങാൻ പാടില്ല.” എന്നാണ് കോടതി ഉത്തരവിൽ പറയുന്നത്.
”രോഗബാധിതനായ വ്യക്തിയുമായി അടുത്തിടപഴകിയ എല്ലാവരും കണ്ടെയ്ന്റ്‌മെന്റ് സോൺ രണ്ടിൽപ്പെടും. ഈ കുടുംബങ്ങളിലെ അംഗങ്ങളുടെ ആരോഗ്യം നിരീക്ഷിക്കുന്നതിനായി ജിഎംസി രജൗരിയിലേക്ക് മാറ്റണം” എന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
ബാദൽ ഗ്രാമത്തിലെ എല്ലാ വീടുകളും ഇപ്പോൾ കണ്ടെയ്ന്റ്‌മെന്റ് സോൺ മൂന്നിലാണുള്ളതെന്നും ഉത്തരവിൽ പറയുന്നു. പ്രദേശവാസികളുടെ ഭക്ഷണക്രമം പരിശോധിച്ച് വരുന്നതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ആളുകൾ മരിക്കുന്നതിന്റെ കാരണം കണ്ടെത്താൻ ഇതുവരെ ഡോക്ടർമാർക്ക് കഴിഞ്ഞിട്ടില്ല. ലാബ് പരിശോധനകൾ, ക്ലിനിക്കൽ റിപ്പോർട്ടുകൾ, പാരിസ്ഥിതിക സാമ്പിളുകൾ എന്നിവ പരിശോധിക്കുമ്പോൾ മരണകാരണം ഏതെങ്കിലും പകർച്ചവ്യാധിയോ, വൈറസോ, ബാക്ടീരിയയോ കാരണമല്ല എന്ന് മനസിലാകുന്നതായി സർക്കാർ വ്യക്തമാക്കി.
കാരണം കണ്ടെത്തുന്നതിനായി വിവിധ ഡിപ്പാർട്ട്‌മെന്റിൽ നിന്നുള്ള വിദഗ്ധർ ഗ്രാമത്തിലെത്തിയിട്ടുണ്ട്. സംഭവത്തിൽ പോലിസും അന്വേഷണം ആരംഭിച്ചു.
content summary; J&K’s Badhaal village declared containment zone after 17 mysterious deaths