സ്വന്തം പട തോല്‍ക്കുമ്പോഴും, പോരാട്ട വീര്യം കൊണ്ട് വേറിട്ട് നില്‍ക്കുന്നൊരു പടയാളി ഉണ്ടാകും. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ജസ്പ്രിത് ബുംറയെപോലെ. സ്വന്തം ടീം തകര്‍ന്നു വീഴുമ്പോഴും അയാളൊരു ജേതാവ് ആയി തന്നെ നില്‍ക്കുകയാണ്. മെല്‍ബണിലും തോറ്റ് നിരാശപ്പെടുത്തി ടീമിനെ കുറിച്ച് എന്ത് ഇകഴ്ത്തലുകള്‍ നടന്നാലും, ബുംറയെ മാറ്റ് നിര്‍ത്തണം. കാരണം അയാള്‍ ഹീറോയാണ്.
അത്ര മികച്ചതെന്നു പറയാവുന്നൊരു പന്തായിരുന്നില്ല ട്രാവിസ് ഹെഡ് മിഡ് വിക്കറ്റിലേക്ക് ഫ്‌ളിക്ക് ചെയ്തത്. അതുപക്ഷേ 200-ാം ടെസ്റ്റ് വിക്കറ്റ് എന്ന നേട്ടത്തിന് ബുംറയെ ഉടമയാക്കി. അയാളുടെ കരിയറിലെ മറ്റൊരു സുപ്രധാന നാഴികക്കല്ല്. ആ വിക്കറ്റോടെ, ബുംറ തന്റെ തലമുറയിലെ ഏറ്റവും മികച്ച ബൗളര്‍മാരില്‍ ഒരാളെന്ന തന്റെ സ്ഥാനം വീണ്ടും ഉറപ്പിച്ചു. വെറും 44-ാമത്തെ ടെസ്റ്റിലാണ് ബുംറ 200 വിക്കറ്റ് തികച്ചത്. ചരിത്രത്തില്‍ 12 ബൗളര്‍മാര്‍ മാത്രമാണ് കുറച്ച് മത്സരങ്ങളില്‍ ഈയൊരു നേട്ടം കൈവരിച്ചിരിക്കുന്നതെന്ന് അറിയുമ്പോഴാണ് ബുംറ വ്യത്യസ്തനാകുന്നത്.
ഡെയ്ല്‍ സ്റ്റെയ്ന്‍, വഖാര്‍ യൂനിസ്, കാഗിസോ റബാഡ തുടങ്ങിയ ഇതിഹാസങ്ങളാണ് കുറവ് മത്സരങ്ങളില്‍ നിന്ന് വിക്കറ്റുകളുടെ ഡബിള്‍ സെഞ്ച്വറി തികച്ചിരിക്കുന്നത്. എന്നാല്‍ ബുംറ അവരില്‍ നിന്നൊക്കെ വേറിട്ടുനില്‍ക്കുന്നത് അതിശയിപ്പിക്കുന്ന ബൗളിംഗ് ശരാശരി കൊണ്ടാണ്. 19.56 എന്ന ശരാശരിയിലാണ് ടെസ്റ്റില്‍ 200 വിക്കറ്റ് നേടിയത്. മറ്റേതൊരു ടെസ്റ്റ് ബൗളര്‍ക്കിടയിലും ഏറ്റവും മികച്ച കണക്ക്. അധികം റണ്‍സ് വഴങ്ങാതെ വിക്കറ്റ് വീഴ്ത്താനുള്ള അദ്ദേഹത്തിന്റെ കഴിവിന് അടിവരയിടുന്ന കണക്ക്. 4000 റണ്‍സില്‍ താഴെ മാത്രം വഴങ്ങി ടെസ്റ്റ് ക്രിക്കറ്റില്‍ 200 വിക്കറ്റ് വീഴ്ത്തുന്ന ആദ്യ കളിക്കാരനാണ് അദ്ദേഹം.
ബുംറയുടെ സ്ട്രൈക്ക് റേറ്റായ 42.4 (ഓരോ ഏഴ് ഓവറിലും ഒരു വിക്കറ്റ്) അസാധാരണമായ ഒന്നാണ്. ഈ കണക്ക് തന്നെയാണ് ലോകോത്തര ബൗളര്‍മാരുടെ എലൈറ്റ് ക്ലബ്ബില്‍ ബുംറയെ ഉള്‍പ്പെടുത്തുന്നതും. ന്യൂ ബോളിലും, പഴയിതയുമായ പന്തുകളില്‍ വിക്കറ്റ് നേടാനുള്ള കഴിവിന് പേരുകേട്ട വഖാര്‍ യൂനിസ്, ഡെയ്ല്‍ സ്റ്റെയ്ന്‍, കാഗിസോ റബാഡ തുടങ്ങിയ എക്കാലത്തെയും മികച്ച ഏതാനും താരങ്ങള്‍ മാത്രമാണ് ബുംറയുടെ സ്ട്രൈക്ക് റേറ്റിന് മുന്നിലുള്ളത്.
ഏതു സാഹചര്യത്തിലായാലും, കൂട്ടുകെട്ടുകള്‍ തകര്‍ക്കാനുള്ള കഴിവ് ബുംറയെ ഇന്ത്യയുടെ ബൗളിംഗ് ആക്രമണത്തിലെ-പ്രത്യേകിച്ച് വിദേശ പിച്ചുകളിലെ- ഒരു നിര്‍ണായക കളിക്കാരനാക്കി മാറ്റുന്നുണ്ട്. സാഹചര്യങ്ങളെക്കുറിച്ച് പറയുമ്പോള്‍, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലാന്‍ഡ്, ഓസ്ട്രേലിയ എന്നിവിടങ്ങളില്‍ ബുംറ പ്രത്യേകിച്ചും ആധിപത്യം പുലര്‍ത്തുന്നുണ്ട്. ഈ രാജ്യങ്ങളില്‍ ഒരു ഇന്ത്യന്‍ ഫാസ്റ്റ് ബൗളറുടെ ഏറ്റവും ഉയര്‍ന്ന വിക്കറ്റ് ശരാശരിയും ബുംറയുടെ പേരിലാണ്. വ്യത്യസ്ത സാഹചര്യങ്ങളില്‍ പുലര്‍ത്തുന്ന ഈ മികവാണ് അദ്ദേഹത്തെ ഒരു അന്താരാഷ്ട്ര ബൗളറാക്കി ഉയര്‍ത്തുന്നത്.
ബുംറയുടെ ആദ്യ 200 വിക്കറ്റുകളില്‍ 64 എണ്ണവും ടോപ് ത്രീ പൊസിഷനില്‍ കളിക്കുന്ന ബാറ്റര്‍മാര്‍ക്കെതിരെയാണ്, 50 ഓപ്പണര്‍മാരെയും 14 തവണ നമ്പര്‍ 3 ബാറ്റര്‍മാരെയും പുറത്താക്കി. നാലാം നമ്പറില്‍ ഇറങ്ങുന്ന ബാറ്ററെ 30 തവണയാണ് ബുറം തിരിച്ചയിച്ചിട്ടുള്ളത്. നിര്‍ണായക ബാറ്റിംഗ് പൊസിഷനുകള്‍ ഭേദിക്കാനുള്ള കഴിവാണ് ബുംറയെ കൂടുതല്‍ അപകടകാരിയാക്കുന്നത്.
ടോപ്പ് ഓര്‍ഡര്‍ ബാറ്റ്സ്മാന്‍മാര്‍ക്കെതിരായ ബുംറയുടെ സ്ട്രൈക്ക് റേറ്റ് അന്താരാഷ്ട്ര തലത്തില്‍ ഏഴാമത്തെതും, ഇന്ത്യന്‍ ബൗളറില്‍ വച്ച് ഒന്നാമത്തേതുമാണ്. വ്യക്തിഗത ഏറ്റുമുട്ടല്‍ എടുക്കുകയാണെങ്കില്‍ ബുംറ ഇംഗ്ലണ്ടിന്റെ ജോ റൂട്ടിനെ ഒമ്പത് തവണ പുറത്താക്കിയിട്ടുണ്ട്. ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സും ട്രാവിസ് ഹെഡുമാണ് ബുംറയുടെ ഇരകളില്‍ പിന്നിലുള്ളത്. യഥാക്രമം എട്ട്, ആറ് തവണ ഇരുവരെയും പുറത്താക്കിയിട്ടുണ്ട്. സുപ്രധാന മത്സരങ്ങളില്‍ പ്രധാന എതിരാളികള്‍ക്കെതിരായ അദ്ദേഹത്തിന്റെ പ്രകടനം ഇന്ത്യയുടെ ഫാസ്റ്റ് ബൗളിംഗ് ആയുധപ്പുരയിലെ ബുംറയുടെ പ്രാധാന്യം അടിവരയിടുന്നു.
ബുംറയുടെ ടെസ്റ്റ് കരിയര്‍ പരിശോധിച്ചാല്‍ നിരവധി വെല്ലുവിളികള്‍ നിറഞ്ഞതാണെന്നു കാണാം. 2018ല്‍ അരങ്ങേറ്റം കുറിച്ചതു മുതല്‍, ഇന്ത്യയ്ക്കായി അമിത ജോലി ചെയ്യേണ്ടി വന്ന കളിക്കാരനാണ് അദ്ദേഹം. മൂന്ന് ഫോര്‍മാറ്റുകളിലും ബുംറയെ ടീമിന് ആവശ്യമായിരുന്നു. പരുക്കും, നിര്‍ബന്ധിത വിശ്രമവും കാരണം നാട്ടില്‍ നടന്ന 30 ടെസ്റ്റുകളില്‍ 18 എണ്ണവും ബുംറയ്ക്ക് നഷ്ടമായി. അതേ സമയം ഇന്ത്യയുടെ എവേ ടെസ്റ്റുകളില്‍ എട്ടെണ്ണത്തില്‍ മാത്രമാണ് പരിക്ക് കാരണം ബുംറയ്ക്ക് നഷ്ടമായത്. ശ്രദ്ധേയമായൊരു കാര്യം, ബുംറയുടെ 200 ടെസ്റ്റ് വിക്കറ്റുകളില്‍ 153 എണ്ണവും വിദേശ പിച്ചുകളിലാണ്. വിദേശത്ത് ബുംറ കൂടുതല്‍ അപകടകാരിയാണെന്നതിന്റെ തെളിവ് കൂടിയാണിത്. സ്വന്തം തട്ടകത്തില്‍ മത്സരങ്ങള്‍ പലതും നഷ്ടമായെങ്കിലും, ഇന്ത്യന്‍ മണ്ണിലും ബുംറയുടെ ശരാശരി മികച്ചതാണ്.
എവേ നമ്പറുകള്‍ തന്നെയാണ് ബുംറയുടെ കാര്യത്തില്‍ മികച്ചതെങ്കിലും ന്യൂസിലന്‍ഡിനെതിരായ പ്രകടനമാണ് അത്ര മികച്ചതല്ല. അഞ്ച് ടെസ്റ്റുകളില്‍ നിന്ന് 45.44 ശരാശരിയില്‍ വെറും ഒമ്പത് വിക്കറ്റുകള്‍ മാത്രമാണ് അദ്ദേഹത്തിന് കിട്ടിയത്. അതുകൊണ്ട് ഇന്ത്യന്‍ വിജയങ്ങളില്‍ ബുംറയുടെ ആധിപത്യം നിഷേധിക്കാനാകാത്തതാണ്. ഇന്ത്യ സ്വന്തമാക്കിയ 20 ടെസ്റ്റ് വിജയങ്ങളില്‍ 14.4 എന്ന അത്ഭുതകരമായ ശരാശരിയില്‍ 110 വിക്കറ്റുകളാണ് അദ്ദേഹം നേടിയത്. ടീം ഇന്ത്യയുടെ മൂന്ന് മുന്‍നിര സ്പിന്നര്‍മാരായ അനില്‍ കുംബ്ലെ, രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവരേക്കാള്‍ വളരെ മികച്ച റെക്കോര്‍ഡാണ് ബുംറയ്ക്കുള്ളത്.
ഏത് സാഹചര്യങ്ങളിലും, ഇന്ത്യയിലോ വിദേശത്തോ- എവിടെയാണെങ്കിലും ഇന്ത്യയുടെ, ഏറ്റവും മികച്ച ആയുധമാണ് ജസ്പ്രിത് ബുംറ. അസാധാരണമായ കഴിവ്, പ്രകടനത്തിലെ സ്ഥിരത, ഏതു സാഹചര്യങ്ങളിലായാലും പൊരുതാനും വിജയിക്കാനുമുള്ള ശേഷി; ഇവയുടെ ഫലം കൂടിയാണ് അദ്ദേഹം സ്വന്തമാക്കിയ 200 വിക്കറ്റുകള്‍. Jasprit Bumrah in 200th Test wicket
Content Summary; Jasprit Bumrah in 200th Test wicket