July 09, 2025 |
Share on

ഭാരം ചുമന്നു തളര്‍ന്ന് ബുംറ; ദയ കാണിച്ച് ബിസിസിഐ

ചാമ്പ്യന്‍സ് ട്രോഫിക്ക് വേണ്ടിയാണ് ഇപ്പോഴത്തെ കരുതല്‍

ജസ്പ്രിത് ബംറയ്ക്ക് കുറച്ച് വിശ്രമം നല്‍കാന്‍ ഒടുവില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് തീരുമാനിച്ചു. നാട്ടില്‍ ഇംഗ്ലണ്ടിനെതിരേ നടക്കുന്ന വൈറ്റ് ബോള്‍ മത്സരങ്ങള്‍ക്കിടയില്‍ വിശ്രമം അനുവദിക്കാനാണ് തീരുമാനം. ഫെബ്രുവരി 19 ന് ആരംഭിക്കുന്ന ചാമ്പ്യന്‍സ് ട്രോഫിക്ക് മുന്നോടിയായുള്ള കരുതല്‍.

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലെ അഞ്ചാം ടെസ്റ്റിന്റെ അവസാന ദിവസങ്ങളില്‍ ബുംറ ബോള്‍ ചെയ്തിരുന്നില്ല. പുറംവേദനയായിരുന്നു കാരണം. ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിംഗ്‌സിന്റെ പകുതിയില്‍ ഗ്രൗണ്ട് വിട്ട ബുംറ, രണ്ടാം ഇന്നിംഗിസില്‍ ഓസീസിനെതിരേ ബോള്‍ കൈയിലെടുത്തിരുന്നു. രോഹിതിന്റെ അഭാവത്തില്‍ ക്യാപ്റ്റന്‍ സ്ഥാനവും അദ്ദേഹത്തിനായിരുന്നു.

പരമ്പര 1-3 ന് തോറ്റ്, പത്തു വര്‍ഷത്തിനുശേഷം ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ഓസീസിന് തിരികെ നല്‍കിയാണ് ഇന്ത്യ നാട്ടിലേക്ക് മടങ്ങിയതെങ്കിലും, ബുംറയായിരുന്നു ഈ പരമ്പരയിലെ സൂപ്പര്‍താരം. 32 വിക്കറ്റുകളാണ് ഇന്ത്യന്‍ പേസര്‍ വീഴ്ത്തിയത്.

30 കാരന്‍ ബുംറയെക്കൊണ്ട് പരമ്പരയിലാകെ 150 ഓവറുകളാണ് എറിയിച്ചത്. ഇതിന്റെ ആഘാതമാണ് പുറംവേദന. അമിതമായ ജോലിഭാരമാണ് ബുംറയെ തളര്‍ത്തിയതെന്ന് വ്യക്തമാണ്. ഇന്ത്യന്‍ മെഡിക്കല്‍ ടീം ബുംറയുടെ കാര്യത്തില്‍ ജാഗ്രതയിലാണ്. ചാമ്പ്യന്‍സ് ട്രോഫിക്ക് മുമ്പായി അദ്ദേഹത്തെ ഫിറ്റ് ആക്കേണ്ടത് അത്യാവശ്യമാണ്. സുപ്രധാനമായ ഈ ഐസിസി ട്രോഫിയില്‍ ബുംറയുടെ അസാന്നിധ്യം ഇന്ത്യ ഒട്ടും ആഗ്രഹിക്കുന്നില്ല. ബുംറയെ അലട്ടുന്ന പുറംവേദന ഗുരുതരമാണോ എന്ന കാര്യത്തില്‍ വിവരങ്ങളൊന്നും പുറത്തു വിട്ടിട്ടില്ല.

Bumrah

കാറ്റഗറി ഒന്നില്‍ വരുന്ന പരിക്കാണ് സംഭവിച്ചിരിക്കുന്നതെങ്കില്‍, മുക്തനായി കളിക്കളത്തിലേക്ക് തിരിച്ചെത്താന്‍ കുറഞ്ഞത് രണ്ടോ മൂന്നോ ആഴ്ച്ച വേണം. ഗ്രഡ് രണ്ടില്‍പ്പെട്ട പരിക്കാണെങ്കില്‍ ആറാഴ്ച്ച വേണ്ടി വരും. ഏറ്റവും ഗുരുതരമായി കരുതുന്ന ഗ്രേഡ് മൂന്നില്‍പ്പെട്ട പരിക്കാണെങ്കില്‍ മൂന്നുമാസത്തെ വിശ്രമമെങ്കിലും ബുംറയ്ക്ക് വേണ്ടി വരുമെന്നാണ് എന്‍ഡിടിവിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഫെബ്രുവരി 20 ന് ദുബായില്‍ ബംഗ്ലാദേശിനെതിരെയാണ് ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ ആദ്യമത്സരം. അതിനു മുമ്പായി ബുംറ ഫിറ്റായി തിരിച്ചെത്തണമെന്നാണ് ഇന്ത്യന്‍ ടീമും ആരാധകരും ഒരുപോലെ ആഗ്രഹിക്കുന്നത്.

ഇംഗ്ലണ്ടിനെതിരായ ട്വന്റി-20 പരമ്പരയില്‍ നിന്ന് പൂര്‍ണമായി വിട്ടു നില്‍ക്കുന്ന ബുംറ, ഏകദിന പരമ്പരയില്‍ രണ്ടോ മൂന്നോ മത്സരങ്ങള്‍ കളിപ്പിക്കാന്‍ സാധ്യതയുണ്ട്. ചാമ്പ്യന്‍സ് ട്രോഫിക്ക് ഒരുക്കുകയാണ് ലക്ഷ്യം. എന്നാല്‍ അദ്ദേഹത്തിന്റെ പരിക്ക് എത്രത്തോളം ഗുരുതരമാണെന്നതിനെ ആശ്രയിച്ചായിരിക്കും, കാര്യങ്ങള്‍. ചാമ്പ്യന്‍സ് ട്രോഫിയില്‍ ടീം ഇന്ത്യയുടെ ഭാവിയെ തന്നെ ബാധിക്കുന്നതുമായിരിക്കും.  Jasprit Bumrah who sustained back spasms likely to be rested home series against England 

Content Summary; Jasprit Bumrah who sustained back spasms likely to be rested home series against England

Leave a Reply

Your email address will not be published. Required fields are marked *

×