June 13, 2026 |
Share on

മഞ്ഞപ്പിത്ത വ്യാപനത്തിൽ പരാതികൾ നൽകിയിട്ടും നടപടിയെടുത്തില്ല; വാഹനങ്ങൾ അഗ്നിക്കിരയായി, ചാൻസലറുടെ ബംഗ്ലാവ് തകർത്ത് വിദ്യാർത്ഥികൾ

വാഹനങ്ങൾക്ക് തീയിടുകയും കാമ്പസിലെ സ്വത്തുക്കൾ നശിപ്പിക്കുകയും ചെയ്തു

മധ്യപ്രദേശിലെ സെഹോറിലെ വിഐടി സർവ്വകലാശാലയിൽ ചൊവ്വാഴ്ച അ‍‍ർദ്ധരാത്രിയിൽ നടന്ന പ്രതിഷേധം വലിയ തോതിലുള്ള പ്രതിഷേധങ്ങളിലേക്ക് നീങ്ങി. വിദ്യാ‌‌‍‍ർത്ഥികൾ നിരവധി വാഹനങ്ങൾക്ക് തീയിടുകയും കാമ്പസിലെ സ്വത്തുക്കൾ നശിപ്പിക്കുകയും ചെയ്തു. വാഹനങ്ങൾ കത്തിക്കുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായി. മഞ്ഞപ്പിത്തം ബാധിച്ച് നിരവധി വിദ്യാർത്ഥികൾ ആശുപത്രിലായതാണ് പ്രശ്നങ്ങളുടെ തുടക്കം.

ശുചിത്വക്കുറവും ഭക്ഷണത്തിന്റെ ​ഗുണനിലവാരം കുറയുന്നതുമായി ബന്ധപ്പെട്ട് തങ്ങൾ നൽകിയ ആവർത്തിച്ചുള്ള പരാതികൾ സർവ്വകലാശാല അവ​ഗണിച്ചതായി വിദ്യാർത്ഥികൾ പറഞ്ഞു. കഴിഞ്ഞ ഒരു മാസത്തിനിടെ കാമ്പസിൽ മഞ്ഞപ്പിത്തം ബാധിച്ച് മൂന്ന് വിദ്യാ‌‍ർത്ഥികൾ മരിച്ചതായി വിദ്യാർഥികൾ ആരോപിച്ചു. ഹോസ്റ്റലുകളിലെ വെള്ളത്തിന്റെ ഗുണനിലവാരം മോശമായതിനാൽ നിരവധി ദിവസത്തേക്ക് സ്വന്തം ചെലവിൽ കുപ്പിവെള്ളം വാങ്ങാൻ നിർബന്ധിതരായതായി നിരവധി വിദ്യാർത്ഥികൾ ആരോപിച്ചു.

ഫാക്കൽറ്റി അം​ഗങ്ങൾ പ്രതിഷേധവുമായെത്തിയ വിദ്യാർത്ഥികളെ ആക്രമിച്ചതായി ആരോപിക്കപ്പെട്ടതോടെ സംഘർഷം ഉടലെടുത്തു. അർദ്ധരാത്രിയോടെ വിദ്യാർത്ഥികൾ ഒത്തുകൂടി മുദ്രാവാക്യം വിളിയ്ക്കുകയും അടിയന്തിര നടപടി ആവശ്യപ്പെടുകയും ചെയ്തു. രണ്ട് കാറുകൾ, ഒരു ബസ്, ഒരു ആംബുലൻസ്, നിരവധി മോട്ടോർ സൈക്കിളുകൾ എന്നിവ അഗ്നിക്കിരയാക്കി. രോഷാകുലരായ വിദ്യാർത്ഥികൾ ചാൻസലറുടെ ബംഗ്ലാവിന്റെ ചില ഭാഗങ്ങൾ നശിപ്പിച്ചു.

എബിവിപി പ്രവർത്തകർ പിന്നീട് കാമ്പസിലെത്തി. സ്ഥിതിഗതികൾ നിയന്ത്രിക്കുന്നതിനും കൂടുതൽ അക്രമങ്ങൾ തടയുന്നതിനുമായി സെഹോറിൽ നിന്നും സമീപ പ്രദേശങ്ങളിൽ നിന്നും പൊലീസ് സംഘങ്ങളെ വിന്യസിച്ചു. വിഐടി ഭരണകൂടമോ ജില്ലാ അധികാരികളോ ഔദ്യോഗിക പ്രസ്താവന പുറപ്പെടുവിച്ചിട്ടില്ല.

ചൊവ്വാഴ്ച രാത്രിയായപ്പോഴേക്കും വിദ്യാർത്ഥികളുടെ അതൃപ്തി അക്രമാസക്തമായ പ്രതിഷേധത്തിലേക്ക് വഴിമാറി. പ്രധാന ആരോഗ്യ-സുരക്ഷാ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ ഭരണകൂടം പരാജയപ്പെട്ടു എന്നതിലുള്ള രോഷം പ്രകടിപ്പിച്ചുകൊണ്ട് വിദ്യാർത്ഥികൾ ഹോസ്റ്റലുകളിലും പ്രധാന കവാടത്തിലും മുദ്രാവാക്യം വിളിക്കുകയും മാനേജ്‌മെന്റിനെതിരെ പ്രതിഷേധിക്കുകയും ചെയ്തു. നിയന്ത്രണം തിരികെ പിടിക്കാനും കൂടുതൽ നാശനഷ്ടങ്ങൾ തടയാനുമായി സെഹോറിൽ നിന്നും സമീപ പ്രദേശങ്ങളിൽ നിന്നുമുള്ള പോലീസ് സംഘങ്ങളെ വിന്യസിച്ചു.

കാമ്പസിലെ കുടിവെള്ളം സുരക്ഷിതമല്ലാത്തതിനാൽ പല വിദ്യാർത്ഥികളും കുപ്പികളിലെ മിനറൽ വാട്ടർ വാങ്ങാൻ നിർബന്ധിതരായി എന്നും വിദ്യാർത്ഥികൾ മാധ്യമങ്ങളോട് പറഞ്ഞു. ഇതുവരെ, യൂണിവേഴ്സിറ്റി ഭരണകൂടമോ ജില്ലാ അധികൃതരോ മഞ്ഞപ്പിത്തം പൊട്ടിപ്പുറപ്പെട്ടതിനെക്കുറിച്ചോ അക്രമ സംഭവങ്ങളെക്കുറിച്ചോ ഔദ്യോഗികമായി ഒരു പ്രസ്താവനയും പുറത്തിറക്കിയിട്ടില്ല. രോഗബാധ, ആക്രമണങ്ങൾ, സ്വത്ത് നാശനഷ്ടം എന്നിവയുടെ കാരണം അന്വേഷിക്കുകയാണെന്നും, കൂടുതൽ നടപടികൾ അന്വേഷണത്തിന് ശേഷം ഉണ്ടാകുമെന്നും പോലീസ് അറിയിച്ചു.

content summary: After a jaundice outbreak and no action taken despite repeated complaints, students vandalized VIT university in Madhya Pradesh

Leave a Reply

Your email address will not be published. Required fields are marked *

×