ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ പാകിസ്ഥാനെതിരായ മത്സരത്തിലെ മികച്ച പ്രകടനത്തിന് വിരാട് കോഹ്‌ലിയെ പ്രശംസിച്ച് പ്രശസ്ത ഗാനരചയിതാവും കവിയുമായ ജാവേദ് അക്തർ. സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റിന് പോസിറ്റീവ് കമന്റിനോടൊപ്പം ധാരാളം നെഗറ്റീവ് കമന്റുകളുമുണ്ടായിരുന്നു. കമന്റുകളിലെ വർഗീയ പരാമർശങ്ങൾക്ക് കുറിക്ക് കൊള്ളുന്ന മറുപടി നൽകിയിരുന്നു ജാവേദ്.
കോഹ്ലിക്കെതിരെ വംശീയ പരാമർശങ്ങളുണ്ടാകുന്നത് ഇത് ആദ്യമല്ല. ”വിരാട് കോഹ്ലി സിന്ദാബാദ്!! ഞങ്ങൾക്ക് നിങ്ങളെക്കുറിച്ച് ഓർക്കുമ്പോൾ അഭിമാനം തോന്നുന്നു”. എന്നെഴുതിയ ജാവേദിന്റെ പോസ്റ്റിന് കീഴിൽ ”ജാവേദ്. ബാബറിന്റെ അച്ഛനാണ് കോഹ്ലി, ജയ് ശ്രീറാം എന്ന് പറയൂ” എന്നായിരുന്നു ഒരാളുടെ കമന്റ്.
ശക്തമെങ്കിലും സംയമനം പാലിച്ചുകൊണ്ടുള്ള മറുപടിയാണ് ജാവേദ് ഇയാൾക്ക് നൽകിയത്. ”നിങ്ങൾ വളരെ നിസാരക്കാരനായ മനുഷ്യനാണ്, അതൊരിക്കലും മാറാൻ പോകുന്നില്ല. രാജ്യസ്‌നേഹത്തെക്കുറിച്ച് നിങ്ങൾക്ക് എന്തറിയാം?”
എന്നാൽ എല്ലാ മോശം കമന്റുകളെയും ഇത്ര നിസാരമായല്ല ജാവേദ് കണ്ടത്. ”ഇന്ന് സൂര്യൻ എവിടെ നിന്നാണ് ഉദിച്ചത്? നിങ്ങൾക്ക് സങ്കടം തോന്നുന്നുവോ” എന്ന ചോദ്യമാണ് അദ്ദേഹത്തെ ഏറ്റവും കൂടുതൽ പ്രകോപിപ്പിച്ചത്. ”മകനെ നിന്റെ അച്ഛനും മുത്തച്ഛനും ബ്രിട്ടീഷുകാരുടെ ബൂട്ട് നക്കിയപ്പോൾ, എന്റെ പൂര്‍വ്വികര്‍ ജയിലിലും കാലാപാനിയിലും സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടുകയായിരുന്നു. എന്റെ സിരകളിൽ ഒഴുകുന്നത് ദേശസ്‌നേഹത്തിന്റെ രക്തമാണ്, നിങ്ങളുടേത് ബ്രിട്ടീഷ് സേവകരുടെ രക്തമാണ്. ഈ വ്യത്യാസം ഒരിക്കലും മറക്കരുത്.” എന്ന് ജാവേദ് മറുപടി നൽകി.
കടുത്ത നിരകീശ്വരവാദിയായ ജാവേദ് മുൻപും നിരവധി പരാമർശങ്ങൾക്ക് വിധേയനായിട്ടുണ്ട്.
നിലവിൽ പാക്കിസ്ഥാനിലും ദുബായിലും നടക്കുന്ന ചാമ്പ്യൻസ് ട്രോഫിയുടെ സെമിയിൽ സ്ഥാനം ഉറപ്പിച്ച ഇന്ത്യൻ ടീമിന് അഭിനന്ദനങ്ങളുമായി നിരവധി പേരെത്തുമ്പോഴും, ജാവേദിന്റെ പോസ്റ്റും അതിലെ കമന്റുകളും ചർച്ചയാവുകയാണ്.
Content summary; Javed Akhtar Hits Back at Trolls After Virat Kohli Appreciation Post