2024 ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിന്ന് പിന്മാറാൻ ജോ ബൈഡൻ അധിക സമയമെടുത്തതാണ് കമല ഹാരിസിന്റെ വിജയത്തിന് തിരിച്ചടിയായതെന്ന് തിരഞ്ഞെടുപ്പ് പ്രചരണത്തിൽ കമല ഹാരിസിന്റെ സഹായിയായിരുന്ന ഡേവിഡ് പ്ലൂഫ് പറഞ്ഞതായി ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തു.
ജെയ്ക്ക് ടാപ്പറും അലക്സ് തോംസണും ചേർന്ന് എഴുതിയ ‘ഒറിജിനൽ സിൻ: പ്രസിഡന്റ് ബൈഡൻസ് ഡിക്ലൈൻ, ഇറ്റ്സ് കവർ-അപ്പ്, ആൻഡ് ഹിസ് ഡിസാസ്ട്രസ് ചോയ്സ് ടു റൺ എഗെയ്ൻ’ എന്ന പുതിയ പുസ്തകത്തിലാണ് ഡേവിഡ് പ്ലൂഫ് പറഞ്ഞതായി എഴുതിയിരിക്കുന്നത്.
2008 ലെ ബരാക് ഒബാമയുടെ പ്രചരണത്തിനും ഡേവിഡ് പ്ലൂഫ് സഹായിയായി എത്തിയിരുന്നു. ഒബാമയുടെ വിജയത്തിന് പിന്നാലെ വൈറ്റ് ഹൗസിലെ മുതിർന്ന ഉപദേഷ്ടാവായും ഡേവിഡ് പ്ലൂഫ് സേവനമനുഷ്ഠിച്ചു. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് 2024 ലെ മത്സരത്തിൽ നിന്ന് ജോ ബൈഡൻ പിന്മാറിയപ്പോൾ കമല ഹാരിസിനെ സഹായിക്കാൻ ഡേവിഡ് പ്ലൂഫ് എത്തിയിരുന്നു.
ഡൊണാൾഡ് ട്രംപിനെതിരായ കമല ഹാരിസിന്റെ 107 ദിവസത്തെ പ്രചാരണത്തെ പേടിസ്വപ്നം എന്നാണ് പ്ലൂഫ് വിശേഷിപ്പിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു. കമല ഹാരിസിന്റെ പരാജയത്തിന്റെ പ്രധാന കാരണക്കാരൻ ബൈഡനാണെന്നാണ് പ്ലൂഫ് കുറ്റപ്പെടുത്തുന്നത്.
പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ ബൈഡൻ വീണ്ടും മത്സരിക്കാൻ തീരുമാനിക്കുകയും മൂന്ന് ആഴ്ചയിലേറെ പ്രചരണം നടത്തുകയും ചെയ്തു. ട്രംപിനെതിരെ ബൈഡൻ നടത്തിയ ഒരു പ്രഭാഷണം അദ്ദേഹത്തിന്റെ പ്രായത്തെക്കുറിച്ചും ആരോഗ്യസ്ഥിതിയെക്കുറിച്ചുമുള്ള സംസാരങ്ങൾക്ക് ഇടയാക്കുകയും ചെയ്തു. ഇത് ട്രംപിനെതിരായ മത്സരത്തിൽ വലിയ തിരിച്ചടിയായിരുന്നുവെന്ന് ഡേവിഡ് പ്ലൂഫ് പറഞ്ഞതായി റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
വ്യക്തമായ തകർച്ചയുടെ സൂചനകൾ ഉണ്ടായിരുന്നിട്ടും ജോ ബൈഡൻ തിരഞ്ഞെടുപ്പിൽ തുടർന്നതിനെ രൂക്ഷമായി വിമർശിക്കുന്നതാണ് ഒറിജിനൽ സിൻ എന്ന പുസ്തകത്തിൽ പറയുന്നത്.
മാത്രമല്ല തിരഞ്ഞെടുപ്പിൽ നിന്ന് മാറുന്നുവെന്ന തീരുമാനം വളരെ വൈകിയാണ് ജോ ബൈഡൻ എടുത്തത്. സമയം വൈകിപ്പിച്ചതിലൂടെ ബൈഡൻ എല്ലാവരെയും വഞ്ചിക്കുകയാണ് ചെയ്തതെന്നും ഡേവിഡ് പ്ലൂഫ് കുറ്റപ്പെടുത്തുന്നുണ്ട്. ബൈഡന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് പലരും വൈറ്റ് ഹൗസിന് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ തനിക്ക് തുടരണമെന്ന് ബൈഡൻ ആവർത്തിക്കുകയായിരുന്നു.
ബൈഡന്റെ പരാജയം മറച്ചുവെക്കാനുള്ള ശ്രമങ്ങളും നടന്നിരുന്നതായി പുസ്തകത്തിൽ പറയുന്നു. നിയമനിർമ്മാതാക്കൾ, സഹായികൾ, ഇൻസൈഡർമാർ എന്നിവരുൾപ്പെടെ 200 ലധികം പേരുടെ വിവരണങ്ങൾ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
Content Summary: Joe Biden Ruined kamala Harris’s 2024 Chances by Delaying Exit
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.