ഒരു കൊലപാതകം നടക്കുമ്പോഴെല്ലാം ചര്‍ച്ചകള്‍ ഉണ്ടാകും,
ഒരു പരിധിവരെ ഗൂഢാലോചനാ സിദ്ധാന്തങ്ങളും ഉണ്ടാകും,’
‘ഇവ കൊണ്ടോ മറ്റേതെങ്കിലും രേഖകള്‍ കൊണ്ടോ
അത് മാറാന്‍ പോകുന്നില്ല.’
ഡേവിഡ് മൈക്കല്‍ ബാരറ്റ്,
അമേരിക്കന്‍ ചരിത്രകാരന്‍
അമേരിക്കന്‍ പ്രസിഡന്റായിരുന്ന ജോണ്‍ എഫ് കെന്നഡിയുടെ വധം ലോകത്തിലെ ഏറ്റവും വലിയ നിഗൂഢതകളില്‍ ഒന്നായി തുടരുന്നു. അമേരിക്ക ഇപ്പോള്‍ പുറത്തുവിട്ട കെന്നഡി വധവുമായി ബന്ധപ്പെട്ട 80,000 രഹസ്യരേഖകള്‍ക്ക് പ്രസിഡന്റിനെ വധിച്ചതിലെ ദുരൂഹത നീക്കാനാവുമോ? പഴയ ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങളുണ്ടാകുമോ?john f kennedy assassination; six decades of suspicions and conspiracies
63 വര്‍ഷങ്ങള്‍ക്ക് ശേഷം കെന്നഡി വധത്തിന്റെ പിന്നിലുള്ള രഹസ്യ രേഖകള്‍ ഇപ്പോള്‍ പുറത്ത് വരുമ്പോള്‍ ഉയരുന്ന ചോദ്യങ്ങള്‍ പഴയതു തന്നെ.
പ്രസിഡന്റിന്റെ കൊലപാതകത്തിന് പിന്നിലെ നിഗൂഢത വെളിപ്പെടുത്തുന്ന ഈ രേഖകള്‍ പുറത്ത് വരാനായി നിരവധി അക്കാദമിക് ചരിത്രകാരന്മാര്‍ ഇത്രയും കാലം ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു.
ജോണ്‍ എഫ് കെന്നഡി
യഥാര്‍ത്ഥത്തില്‍ കെന്നഡിയെ വധിക്കാനായി വെടിയുതിര്‍ത്തത് ആരാണ്? ഘാതകനായ ലീ ഹാര്‍വി ഓസ്വാള്‍ഡോ അതോ മറ്റാരെങ്കിലുമാണോ? ആണെങ്കില്‍ വധിക്കാനായി ഒന്നിലധികം പേര്‍ വെടിയുതിര്‍ത്തു എന്ന് പറഞ്ഞ രണ്ട് ‘പ്രധാന സാക്ഷികളുടെ മൊഴികള്‍ വാറന്‍ കമ്മീഷനും സി.ഐ.ഐ യും അവഗണിച്ചതെന്തുകൊണ്ട്?
ആറ് പതിറ്റാണ്ടു മുന്‍പ് നടന്ന ലോകത്തെ ഞെട്ടിച്ച അമേരിക്കന്‍ പ്രസിഡന്റ് ജോണ്‍ എഫ്. കെന്നഡിയുടെ വധവും അതിനെ ചൂഴ്ന്നുനില്‍ക്കുന്ന ദുരൂഹതയും ആ സംഭവ പരമ്പരകള്‍ അമേരിക്കയില്‍, ഉയര്‍ത്തിയ വിവാദങ്ങള്‍ ഇപ്പോഴും നില്‍ക്കുന്നു. ഈ പശ്ചാത്തലത്തിലാണ് അമേരിക്കന്‍ ഗവണ്‍മെന്റ് കെന്നഡിയുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ദേശീയ താല്‍പ്പര്യത്തിന്റെ പേരില്‍ ഇപ്പോള്‍ പുറത്ത് വിടുന്നത്…
പ്രസിഡന്റ് ജോണ്‍ എഫ്. കെന്നഡി, സെനറ്റര്‍ റോബര്‍ട്ട് എഫ്. കെന്നഡി, റവ. ഡോ. മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ജൂനിയര്‍ എന്നിവരുടെ വധങ്ങളെക്കുറിച്ചുള്ള രേഖകളുടെ വര്‍ഗ്ഗീകരണ എക്‌സിക്യൂട്ടീവ് ഉത്തരവായ നമ്പര്‍ 14176, 2025 ജനുവരി 23 ന് പ്രസിഡന്റ് ഡൊണാള്‍ഡ് ജെ. ട്രംപ് ഒപ്പിട്ടു, ‘പ്രസിഡന്റ് ജോണ്‍ എഫ്. കെന്നഡി കൊലപാതക രേഖകളുടെ ശേഖരത്തില്‍ ആറ് ദശലക്ഷത്തിലധികം പേജുകളുള്ള റെക്കോര്‍ഡുകള്‍, ഫോട്ടോഗ്രാഫുകള്‍, ചലച്ചിത്രങ്ങള്‍, ശബ്ദ റെക്കോര്‍ഡിംഗുകള്‍, പുരാവസ്തുക്കള്‍ എന്നിവ ഉള്‍പ്പെടുന്നു.
റോബ് റെയ്നറുടെ പോഡ്കാസ്റ്റ് (2023)
പ്രസിഡന്റ് കെന്നഡിയുടെ കൊലപാതകത്തിന് പിന്നില്‍ ഒരു ഗൂഢാലോചന ഉണ്ടായിരുന്നുവെന്ന് 70 ശതമാനം അമേരിക്കക്കാരും ഇപ്പോഴും വിശ്വസിക്കുന്നു. 1963 നവംബറില്‍ നടത്തിയ ഒരു അഭിപ്രായ വോട്ടെടുപ്പില്‍ കണ്ടെത്തിയത്, പ്രസിഡന്റ് കെന്നഡിയുടെ കൊലപാതകത്തിന് പിന്നില്‍ ഒരു ഗൂഢാലോചനയുണ്ടെന്ന് 52 ശതമാനം ആളുകളും വിശ്വസിച്ചിരുന്നെന്നാണ്. അതുകൊണ്ടു തന്നെ ഈ വിഷയത്തിനെ അടിസ്ഥാനമാക്കി നിരവധി പുസ്തകങ്ങളും ചലച്ചിത്രങ്ങളും ഇപ്പോഴും പുറത്ത് വരുന്നുണ്ട്. ഈ വിഷയത്തില്‍ ഇതുവരെ നിര്‍മ്മിച്ചതില്‍ വെച്ച് ഏറ്റവും മികച്ച സിനിമകളില്‍ ഒന്നായ 1991-ല്‍ ഒലിവര്‍ സ്റ്റോണ്‍ എഴുതി സംവിധാനം ചെയ്ത രാഷ്ട്രീയ ത്രില്ലര്‍ ചിത്രമാണ് JFK. ജോണ്‍ എഫ്. കെന്നഡിയുടെ കൊലപാതകത്തെക്കുറിച്ചുള്ള ന്യൂ ഓര്‍ലിയന്‍സ് ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ജിം ഗാരിസന്റെ അന്വേഷണമാണ് ഈ സിനിമയുടെ ‘പ്രമേയം, കെന്നഡിയെ വധിക്കാന്‍ ഗൂഢാലോചന നടന്നെന്നും കെന്നഡിയുടെ ഘാതകന്‍ ലീ ഹാര്‍വി ഓസ്വാള്‍ഡ്
ഒരു ബലിയാടാണെന്നും ഈ സിനിമ സൂചിപ്പിക്കുന്നു.
കെന്നഡി വധത്തിലെ അന്വേഷണത്തിൽ വാറൻ കമ്മീഷൻ പരിശോധിച്ച രേഖകളും ആയുധങ്ങളും
ആറ് പതിറ്റാണ്ട് മുന്‍പ്, 1963 നവംബര്‍ 22-നാണ് ജോണ്‍ എഫ്. കെന്നഡിയുടെ കൊലപാതകം ലോകത്തെ ഞെട്ടിച്ചത്. 46 വയസ്സുള്ള അമേരിക്കന്‍ പ്രസിഡന്റായ ജോണ്‍ കെന്നഡി അമേരിക്കന്‍ നഗരമായ ടെക്‌സസിലെ ഡാള്ളസിലൂടെ ഒരു വാഹനപരേഡില്‍ സഞ്ചരിക്കുമ്പോള്‍, കെന്നഡിയുടെ പുറകില്‍ക്കൂടി ഒരു വെടിയുണ്ട തുളച്ചുകയറി കഴുത്തില്‍ നിന്ന് പുറത്തേക്ക് പോയി. മാരകമായ രണ്ടാമത്തെ വെടിയുണ്ട അദ്ദേഹത്തിന്റെ തലയോട്ടിയിലൂടെ തുളച്ചു കയറി. അപ്പോള്‍ ഭാര്യ പ്രഥമ വനിത ജാക്വലിന്‍ തൊട്ടു തന്നെ ഇരിക്കുന്നുണ്ടായിരുന്നു. മാരകമായി മുറിവേറ്റ പ്രസിഡന്റിനെ ഡീലി പ്ലാസയില്‍ നിന്ന് ഏകദേശം നാല് മൈല്‍ അകലെയുള്ള പാര്‍ക്ക്ലാന്‍ഡ് മെമ്മോറിയല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പ്രസിഡന്റ് വെടിയേറ്റപ്പോള്‍ കെന്നഡിയുടെ തൊട്ടുമുന്നിലുള്ള സീറ്റില്‍ ഇരിക്കുകയായിരുന്ന ടെക്‌സസ് ഗവര്‍ണര്‍ ജോണ്‍ കോണലിക്ക് നെഞ്ചിലും ശ്വാസകോശത്തിലും പുറം, തുട എന്നിവിടങ്ങളിലും പരിക്കേറ്റു. എങ്കിലും കോണലി രക്ഷപ്പെട്ടു. കെന്നഡിയെ ലക്ഷ്യമാക്കി നടത്തിയ വെടിവയ്പ്പില്‍ കവിളില്‍ പരിക്കേറ്റ ജെയിംസ് ടാഗ് എന്ന പ്രാദേശിക കാര്‍ വില്‍പ്പനക്കാരനും രക്ഷപ്പെട്ടു. പാര്‍ക്ക്ലാന്‍ഡ് മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ എത്തിച്ച, വെടിയേറ്റ പ്രസിഡന്റിനെ പരിശോധിച്ച ആദ്യത്തെ ഡോക്ടര്‍ കെന്നഡിയെ രക്ഷപ്പെടുത്താന്‍ കിണഞ്ഞു പരിശ്രമിച്ചെങ്കിലും മുറിവുകള്‍ മാരകമായിരുന്നു. ആശുപത്രിയില്‍ എത്തിച്ച് 17 മിനിറ്റിന് ശേഷം ഉച്ചയ്ക്ക് 1 മണിക്ക് കെന്നഡി മരിച്ചതായി ആശുപത്രി അധികൃതര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. 1963 നവംബര്‍ 25 തിങ്കളാഴ്ച, അമേരിക്ക ദേശീയ ദുഃഖാചരണ ദിനമായി പ്രഖ്യാപിച്ചു. അന്ന് തന്നെ വിര്‍ജീനിയയിലെ ആര്‍ലിംഗ്ടണ്‍ ദേശീയ സെമിത്തേരിയില്‍ പ്രസിഡന്റ് ജോണ്‍ എഫ്. കെന്നഡിയെ സംസ്‌കരിച്ചു.
ലീ ഒസ്വാൾഡ് പോലീസ് ഫയൽ ഫോട്ടോ
ടെക്‌സസിലെയും ഒക്ലഹോമയിലെയും ചില ഭാഗങ്ങളിലെ പൊതുവിദ്യാലയങ്ങളില്‍ പാഠപുസ്തകങ്ങള്‍ വിതരണം ചെയ്യുന്ന ഒരു സ്വകാര്യ സ്ഥാപനമായ ദി ടെക്‌സസ് ബുക്ക് ഡിപ്പോസിറ്ററി കമ്പനിയില്‍ ജീവനക്കാരനായ ലീ ഹാര്‍വി ഓസ്വാള്‍സാണ് തന്റെ സ്ഥാപനമായ ഡിപ്പോസിറ്ററിയുടെ ആറാം നിലയിലെ തുറന്ന ജനാലയിലൂടെ മെയില്‍-ഓര്‍ഡര്‍ റൈഫിള്‍ ഉപയോഗിച്ച് കെന്നഡിക്ക് നേരെ മൂന്ന് തവണ വെടിയുതിര്‍ത്തത്. പിന്നീട് കെന്നഡിയെ വെടിവെച്ച് 90 മിനിറ്റിനുള്ളില്‍ ടെക്‌സസിലെ ഒരു സിനിമാ തിയേറ്ററില്‍ വെച്ച് ഓസ്വാള്‍ഡ് അറസ്റ്റിലായി.
ജോണ്‍ എഫ് കെന്നഡി 1917 ല്‍ മസാച്യുസെറ്റ്‌സിലെ ബ്രൂക്ക്‌ലൈനില്‍ ഒരു ഐറിഷ് റോമന്‍ കത്തോലിക്കാ കുടുംബത്തിലാണ് ജനിച്ചത്. പൂര്‍വ്വികരെല്ലാം ബോസ്റ്റണിലെ പ്രധാനപ്പെട്ട രാഷ്ട്രീയ വിദഗ്ധരായിരുന്ന കെന്നഡി കുടുംബം പ്രാദേശിക രാഷ്ട്രീയത്തില്‍ വളരെയധികം സ്വാധീനം ചെലുത്തിയവരായിരുന്നു. കെന്നഡിയുടെ പിതാവ് ഗ്രേറ്റ് ബ്രിട്ടനിലെ അമേരിക്കന്‍ അംബാസഡറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
1940 ല്‍ കെന്നഡി ഹാര്‍വാഡില്‍ നിന്ന് സയന്‍സ് ബിരുദം നേടിയ ശേഷം അദ്ദേഹം യുഎസ് നാവികസേനയില്‍ ഒരു ഇന്റലിജന്‍സ് ഓഫീസറായി ചേര്‍ന്നു. 1946-ല്‍ ഡെമോക്രാറ്റായി പ്രതിനിധിസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതിന് മുമ്പ് ഒരു പത്രപ്രവര്‍ത്തകനായി ജോലി ചെയ്തു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ അദ്ദേഹം പ്രസിഡന്റ് ഹാരി എസ്. ട്രൂമാന്റെ ഉറച്ച അനുഭാവിയായിരുന്നു. പുരോഗമന നികുതി, കുറഞ്ഞ ചെലവിലുള്ള പൊതു ഭവനങ്ങളുടെ വികസനം, സാമൂഹിക ക്ഷേമത്തിന്റെ വിപുലീകരണം, കുടിയേറ്റ നിയമങ്ങളില്‍ ഇളവ് എന്നിവയെ അദ്ദേഹം അനുകൂലിച്ചു. കറുത്തവര്‍ഗക്കാരുടെ പൗരാവകാശ പ്രചാരണത്തില്‍ കെന്നഡി വിശ്വസിച്ചു, യൂണിയനുകളുടെ മേലുള്ള അമേരിക്കന്‍ മാഫിയയുടെ ശക്തിക്കെതിരെ പ്രവര്‍ത്തിച്ചു.
വധിക്കപ്പെട്ട നാലാമത്തെ അമേരിക്കന്‍ പ്രസിഡന്റായിരുന്നു ജോണ്‍ കെന്നഡി. വധിക്കപ്പെട്ട ആദ്യത്തെ അമേരിക്കന്‍ പ്രസിഡന്റ് 1865-ല്‍ ജോണ്‍ വില്‍ക്‌സ് ബൂത്ത് വെടിവച്ച് കൊന്ന എബ്രഹാം ലിങ്കനായിരുന്നു. 1881-ല്‍ ജെയിംസ് എ. ഗാര്‍ഫീല്‍ഡിനെ ചാള്‍സ് ജെ. ഗിറ്റോയും 25-ാമത് പ്രസിഡന്റായിരുന്ന വില്യം മക്കിന്‍ലിയെ 1901 ല്‍ ലിയോണ്‍ സോള്‍ഗോസും വെടിവച്ച് കൊലപ്പെടുത്തി.
കെന്നഡി വധിക്കപ്പെട്ട് രണ്ട് ദിവസത്തിന് ശേഷം അറസ്റ്റിലായ ഘാതകന്‍ ഓസ്വാള്‍ഡിനെ സിറ്റി ജയിലില്‍ നിന്ന് കണ്‍ട്രി ജയിലിലേക്ക് മാറ്റുന്നതിനിടെ, അമേരിക്കന്‍ ടെലിവിഷനില്‍ ലൈവായി അത് പ്രക്ഷേപണം ചെയ്തു കൊണ്ടിരിക്കെ ഒരു നൈറ്റ്ക്ലബ് ഉടമയായ ജാക്ക് റൂബി ഓസ്വാള്‍ഡിനെ വെടിവച്ചു കൊന്നു. കേസിന്റെ വിചാരണയില്‍ ഒരു വലിയ ഗൂഢാലോചന വെളിപ്പെടുത്തുന്നത് തടയാന്‍ റൂബി ഓസ്വാള്‍ഡിനെ കൊലപ്പെടുത്തിയെന്ന അഭ്യൂഹങ്ങള്‍ക്ക് ഈ പരസ്യ വധശിക്ഷ കാരണമായി. കെന്നഡിയുടെ വിധവയായ ജാക്വിലിന് വിചാരണയ്ക്കായി ഡാളസിലേക്ക് മടങ്ങേണ്ടിവരാതിരിക്കാന്‍ താന്‍ ഓസ്വാള്‍ഡിനെ കൊന്നതായി റൂബി അവകാശപ്പെട്ടു. കൊലപാതകക്കുറ്റത്തിന് റൂബിക്ക് ആദ്യം വധശിക്ഷ വിധിച്ചു, പക്ഷേ അയാളുടെ ശിക്ഷ റദ്ദാക്കി. രണ്ടാമത്തെ വിചാരണ നടക്കുന്നതിന് മുമ്പ് കാന്‍സര്‍ ബാധിച്ച് അയാള്‍ മരിച്ചു.
കെന്നഡി വധിക്കപ്പെട്ട് ഒരു ആഴ്ച കഴിഞ്ഞ്, കെന്നഡിയുടെ കൊലപാതകം അന്വേഷിക്കാന്‍ പ്രസിഡന്റ് ജോണ്‍സണ്‍ ചീഫ് ജസ്റ്റിസ് ഏള്‍ വാറന്റെ നേതൃത്വത്തില്‍ വാറന്‍ കമ്മീഷന്‍ രൂപീകരിച്ചു. 10 മാസത്തിനുശേഷം, ‘ലീ ഹാര്‍വി ഓസ്വാള്‍ഡോ ജാക്ക് റൂബിയോ പ്രസിഡന്റ് കെന്നഡിയെ വധിക്കാന്‍ ആഭ്യന്തരമോ വിദേശമോ ആയ ഏതെങ്കിലും ഗൂഢാലോചനയില്‍ പങ്കാളികളായിരുന്നു എന്നതിന് തെളിവുകളൊന്നുമില്ല’ എന്ന് വാറന്‍ കമ്മീഷന്‍ നിഗമനത്തിലെത്തി. അതോടെ വിവാദങ്ങളുമാരംഭിച്ചു.
വാറൻ കമ്മീഷനംഗങ്ങൾ സംഭവ സ്ഥലം പരിശോധിക്കുന്നു
‘കുറ്റകൃത്യത്തില്‍ ഓസ്വാള്‍ഡ് ഒറ്റക്കായിരുന്നില്ല എന്ന കിംവദന്തികളെ ഇല്ലാതാക്കുന്നതില്‍ വാറന്‍ കമ്മീഷന്‍ പരാജയപ്പെട്ടു:
’21 മെയില്‍ ഓര്‍ഡര്‍ റൈഫിളുള്ള ഈ ചെറിയ മനുഷ്യന് ഭൂമിയിലെ ഏറ്റവും ശക്തനായ മനുഷ്യനെ വീഴ്ത്താന്‍ കഴിയുമെന്നത് അചിന്തനീയമാണ്. എ ക്രുവല്‍ ആന്‍ഡ് ഷോക്കിംഗ് ആക്റ്റ് : ദി സീക്രട്ട് ഹിസ്റ്ററി ഓഫ് ദി കെന്നഡി അസാസിനേഷന്‍ എന്ന പുസ്തകത്തിന്റെ രചയിതാവായ ഫിലിപ്പ് ഷെനന്‍ പറയുന്നു.
കെന്നഡിയെ വെടിവെച്ച ദിവസം ഉച്ചയ്ക്ക് 1:15 ഓടെ കൊലപാതകിയെന്ന് സംശയിക്കപ്പെടുന്ന ഓസ്വാള്‍ഡ് ലീയെ ഡാളസ്സിലെ പോലീസിന് സെര്‍ജന്റ് ജെഡി ടിപ്പറ്റ് പിടികൂടാന്‍ ശ്രമിച്ചപ്പോള്‍, ഓസ്വാള്‍ഡ് വെടിയുതിര്‍ക്കുകയും ഒരു റിവോള്‍വര്‍ ഉപയോഗിച്ച് ടിപ്പറ്റിനെ പലതവണ വെടിവയ്ക്കുകയും ചെയ്തു, ടിപ്പറ്റ് തല്‍ക്ഷണം മരിച്ചു.
വാറന്‍ കമ്മീഷന്‍ ഇങ്ങനെ രേഖപ്പെടുത്തി. ‘പട്രോള്‍ മാന്‍ ടിപ്പറ്റിനെ വധിച്ച് 35 മിനിറ്റിനകം ആ കുറ്റകൃത്യത്തില്‍ സംശയിക്കുന്നവനായി ലീ ഹാര്‍വി ഓസ്വാള്‍ഡിനെ ഡാള്ളസ് പോലീസ് അറസ്റ്റ് ചെയ്തു. ഫെഡറല്‍ – സംസ്ഥാന- പ്രദേശിക സമിതികള്‍ എന്നിവ നല്‍കിയ തെളിവിനെ ആധാരമാക്കി. പ്രസിഡന്റ് കെന്നഡിയുടേയും, പട്രോള്‍ മാന്‍ ടിപ്പറ്റിന്റെയും വധക്കുറ്റം ചുമത്തിയുള്ള, അറസ്റ്റിന് 12 മണിക്കൂറിനകം തന്നെ ടെക്‌സാസ് സ്റ്റേറ്റ് ഓസ്വാള്‍ഡിനെ കോടതി മുന്‍പാകെ ഹാജരാക്കി.
1963 നവംബര്‍ 24 ന് തന്റെ അറസ്റ്റിന് 18 മണിക്കൂറിനകം, ഡാള്ളസിലെ ഒരു നിശാക്ലബ് ഉടമസ്ഥനായ ജാക്ക് റൂബി ഡാള്ളസ് പോലീസ് താവളത്തില്‍ വെച്ച് ഓസ്വാള്‍ഡിനെ വെടിവെച്ചു. ദേശീയ ടെലിവിഷനില്‍ പ്രേക്ഷകര്‍ മുഴുവന്‍ വീക്ഷിച്ചു കൊണ്ടിരിക്കെയാണ് ഈ വെടിവെയ്പ്പ്.’
552 സാക്ഷികള്‍ മൊഴികള്‍, ആയിരക്കണക്കിന് പേജുകള്‍ വരുന്ന 26 വോള്യങ്ങളുള്ള വാറന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് വാറന്‍ കമ്മീഷന്‍ 1964-ല്‍ പ്രസിദ്ധപ്പെടുത്തി. പ്രസിഡന്റ് കെന്നഡിയെ വധിക്കുന്നതില്‍ ലീ ഹാര്‍വി ഓസ്വാള്‍ഡ് ഒറ്റയ്ക്കാണ് പ്രവര്‍ത്തിച്ചതെന്ന് കമ്മീഷന്‍ കണ്ടെത്തി. കൊലപാതകത്തെയും തുടര്‍ന്നുള്ള അന്വേഷണത്തെയും ചുറ്റിപ്പറ്റിയുള്ള സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങളുടെ തെറ്റായ സ്വഭാവം കാരണം കൊണ്ട് മാത്രം കെന്നഡി വധം ‘ലോകത്തിലെ ഏറ്റവും വലിയ കുറ്റകൃത്യങ്ങളെിലൊന്നായി’ മുദ്രകുത്തപ്പെട്ടു.
1970-കളില്‍, യുഎസ് രഹസ്യാന്വേഷണ ഏജന്‍സികളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് രണ്ട് അന്വേഷണ കമ്മീഷനുകള്‍ – ദി റോക്ക്‌ഫെല്ലര്‍ കമ്മീഷന്‍, ദി ചര്‍ച്ച് കമ്മിറ്റി – വാറന്‍ കമ്മീഷന്റെ കണ്ടെത്തലുകളുമായി യോജിച്ചു. കമ്മിഷന്‍ തെളിവുകള്‍ പുനഃപരിശോധിച്ചു. ‘ഒരു ഗൂഢാലോചനയുടെ ഫലമായി കെന്നഡി കൊല്ലപ്പെട്ടിരിക്കാം’ എന്ന് അവര്‍ നിഗമനത്തിലെത്തി. എന്നിരുന്നാലും ‘മറ്റൊരു തോക്കുധാരിയെയോ ഗൂഢാലോചനയുടെ വ്യാപ്തിയെയോ കണ്ടുപിടിക്കാനോ തിരിച്ചറിയാനോ അവര്‍ക്ക് സാധിച്ചില്ല.
ഓസ്വാൾഡിനെ ജാക്ക് റൂബി വെടിവെയ്ക്കുന്നു
അമേരിക്കയിലെ ന്യൂ ഓര്‍ലെയിന്‍സില്‍ ജനിച്ച ലീ ഹാര്‍വി ഓസ്വാള്‍ഡ് പന്ത്രണ്ടാം വയസ്സില്‍ ജുവനൈല്‍ ഹോമില്‍ ജീവിച്ച ആളാണ്. സാധാരണ കുടുംബജീവിതം നയിക്കാത്തതിനാല്‍ ‘വൈകാരികമായി അസ്വസ്ഥനായ’ വ്യക്തിയാണെന്ന് ഒരു മനഃശാസ്ത്രജ്ഞന്‍ വിലയിരുത്തിയ വ്യക്തി. ചെറുപ്പത്തില്‍ 12 സ്‌കൂളുകളില്‍ പഠിച്ച അദ്ദേഹം, പല ജോലിയും ചെയ്തു അവയെല്ലാം ഉപേക്ഷിച്ചു, 17-ാം വയസ്സില്‍ അമേരിക്കന്‍ മറൈന്‍സില്‍ ചേര്‍ന്നു, അവിടെ രണ്ടുതവണ കോടതിമാര്‍ഷല്‍ ചെയ്യപ്പെടുകയും ജയിലിലടയ്ക്കപ്പെടുകയും 1959-ല്‍ സോവിയറ്റ് യൂണിയനിലേക്ക് പോയ ലീ ഹാര്‍വി ഓസ്വാള്‍ഡ്’ സോവിയറ്റ് യൂണിയനിലേക്ക് കൂറുമാറി റഷ്യന്‍ പൗരത്വം സ്വീകരിച്ചു. 1962-ല്‍ തന്റെ സോവിയറ്റ് വംശജയായ ഭാര്യ മറീനയോടൊപ്പം അമേരിക്കയിലേക്ക് മടങ്ങി. 1963 സെപ്റ്റംബറില്‍ മെക്‌സിക്കോ സിറ്റിയിലേക്കുള്ള ഓസ്വാള്‍ഡിന്റെ യാത്രയില്‍ സി.ഐ.എ രഹസ്യനിരീക്ഷണവുമായി അയാളുടെ പുറകെ തന്നെയുണ്ടായിരുന്നു. വെടിവയ്പ്പിന് വെറും ഒരു മാസം മുമ്പ് മെക്‌സിക്കോയില്‍ എത്തിയ ഓസ്വാള്‍ഡ് സോവിയറ്റ്, ക്യൂബന്‍ എംബസികള്‍ സന്ദര്‍ശിക്കുകയും കെന്നഡിയെ കൊല്ലാനുള്ള പദ്ധതികള്‍ പോലും പ്രഖ്യാപിക്കുകയും ചെയ്തു. ഓസ്വാള്‍ഡ് സ്വയം വിശേഷിപ്പിച്ച ഒരു മാര്‍ക്‌സിസ്റ്റ് ആയിരുന്നു. കൊലപാതകത്തിന് ഉപയോഗിച്ച ആയുധം 6.5 എംഎം ഇറ്റാലിയന്‍ കാര്‍ബൈന്‍ റൈഫിള്‍ ഓസ്വാള്‍ഡ് 19.95 ഡോളറിന് വാങ്ങി.
ജാക്ക് റൂബി – ഫയൽ ഫോട്ടോ
ചോദ്യം ചെയ്യലില്‍ ഓസ്വാള്‍ഡ് കുറ്റം നിഷേധിച്ചു. ”ഞാന്‍ ആരെയും വെടിവച്ചിട്ടില്ല, ഞാന്‍ വെറും ഒരു ഇര മാത്രമാണ്,” അയാള്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഓസ്വാള്‍ഡിന്റെ യാത്രകളെക്കുറിച്ചുള്ള തങ്ങളുടെ അറിവ് സി.ഐ.എ വാറന്‍ കമ്മീഷനില്‍ നിന്ന് മറച്ചുവെച്ചു. ദി സീക്രട്ട് ഹിസ്റ്ററി ഓഫ് ദി കെന്നഡി അസാസിനേഷന്‍ എന്ന പുസ്തകത്തില്‍ രചയിതാവായ ഫിലിപ്പ് ഷെനന്‍ പറയുന്നു.
”അവര്‍ വാറന്‍ കമ്മീഷനോട് പൂര്‍ണമായും കള്ളം പറഞ്ഞു,” കൊലപാതകത്തിന് മുന്‍പ് ആഴ്ചകളിലും മാസങ്ങളിലും എഫ്ബിഐയും സിഐഎയും ഓസ്വാള്‍ഡിനെ സൂക്ഷ്മമായി നിരീക്ഷിച്ചിരുന്നു എന്നതാണ് സത്യം. ഓസ്വാള്‍ഡിനെ രേഖകള്‍ സഹിതം പിടികൂടുന്നതില്‍ തങ്ങള്‍ പരാജയപ്പെട്ടത് പരസ്യമാവുമെന്ന് രണ്ട് ഏജന്‍സികളും ഭയപ്പെട്ടു, കൂടാതെ കെന്നഡിയുടെ കൊലപാതകം മുന്‍കൂട്ടി കണ്ടെത്താന്‍ അവര്‍ക്ക് കഴിയുമായിരുന്ന തെളിവുകളും അവസരവും അവര്‍ നഷ്ടപ്പെടുത്തി’ ഷെനന്‍ പറയുന്നു.
ജോണ്‍ എഫ് കെന്നഡിയുടെ കൊലപാതകത്തിന് ശേഷമുള്ള രാത്രിയില്‍, ഒരു സി. എ. ഐ ഇന്റലിജന്‍സ് ഓഫീസറായ ജെ ഗാരറ്റ് അണ്ടര്‍ഹില്‍ വാഷിംഗ്ടണില്‍ നിന്ന് അപ്രത്യക്ഷനായി. ന്യൂജേഴ്സിയിലെ ഒരു സുഹൃത്തിന്റെ വീട്ടിലേക്കായിരുന്നു അയാള്‍ മുങ്ങിയത്. കെന്നഡിയുടെ കൊലപാതകത്തിന് ഏജന്‍സിയിലെ ഒരു ‘ചെറിയ സംഘം’ ഉത്തരവാദിയാണെന്ന് അണ്ടര്‍ഹില്‍ പിന്നീട് ആരോപിച്ചു.
കൊലപാതകത്തിന് പിന്നില്‍ സി.ഐ.എ ആണെന്ന് അണ്ടര്‍ഹില്‍ തന്റെ സുഹൃത്ത് ചാര്‍ലിന്‍ ഫിറ്റ്‌സിമ്മണ്‍സിനോട് പറഞ്ഞതായി പറയപ്പെടുന്നു. സൈനിക ഇന്റലിജന്‍സ് ഓഫീസര്‍, കണ്‍സള്‍ട്ടന്റ്, സൈനിക കാര്യ എഴുത്തുകാരന്‍ എന്നീ നിലകളില്‍ അണ്ടര്‍ഹില്ലിന്റെ ഭൂതകാലത്തെ സി.എ.ഐ സേവനം അദ്ദേഹത്തിന്റെ നിഗമനങ്ങള്‍ക്ക് വിശ്വാസ്യത നല്‍കുന്നതാണ്.
തോക്ക് കടത്തല്‍, മയക്കുമരുന്ന്, മറ്റ് കള്ളക്കടത്ത് എന്നിവയില്‍ ലാഭകരമായ ഒരു റാക്കറ്റ് നടത്തിക്കൊണ്ടിരുന്ന ഒരു സിഐഎ സംഘമാണ് കെന്നഡിയുടെ കൊലപാതകത്തിന് പിന്നിലെന്ന് അണ്ടര്‍ഹില്ല് തന്റെ അടുത്ത സുഹൃത്തുക്കളോട് സൂചിപ്പിച്ചതായി ചിലര്‍ പറയുന്നു.
സത്യത്തിനായുള്ള സമഗ്രമായ അന്വേഷണം നടത്തിയിട്ടും, സംഭവിച്ചതെന്ന് രണ്ടു സാക്ഷികള്‍ സമ്മതിച്ചില്ല. ലീ ഹാര്‍വി ഓസ്വാള്‍ഡ് ഒറ്റയാന്‍ കൊലയാളിയല്ല കെന്നഡിയെ വധിച്ചത് എന്ന ആശയത്തെ പിന്തുണയ്ക്കുന്ന മൊഴികള്‍ നല്‍കിയ ആ രണ്ട് സാക്ഷികള്‍ വാറന്‍ കമ്മീഷന്റെ കണ്ടെത്തലുകളെ നിരാകരിക്കുന്നു.
ഓസ്വാള്‍ഡിന്റെ തോക്കില്‍ നിന്ന് ചീറിപ്പാഞ്ഞ മൂന്ന് വെടിയുണ്ടകള്‍ ഒന്ന് ലക്ഷ്യം തെറ്റി പ്രസിഡന്റിന്റെ കാറില്‍ കൊള്ളാതെ പോയി. രണ്ടാമത്തെ വെടിയുണ്ട പ്രസിഡന്റിന്റെ കഴുത്തിന് പിന്നില്‍ തട്ടി ശരീരത്തിലൂടെ കടന്നുപോയി. ടെക്‌സസ് ഗവര്‍ണര്‍ ജോണ്‍ കോണലിയുടെ തോളില്‍ തുളച്ചുകയറി, തുടര്‍ന്ന് അദ്ദേഹത്തിന്റെ കൈത്തണ്ട ഒടിഞ്ഞു. വിചിത്രമായ വിവരണമായ ഈ വെടിയുണ്ട കഥ പലപ്പോഴും അവിശ്വസനീയമായതിനാല്‍ ‘മാജിക് ബുള്ളറ്റ്’ എന്ന് അതിനെ പലരും വിശേഷിപ്പിച്ചിട്ടുണ്ട്. മൂന്നാമത്തെയും അവസാനത്തെയും വെടിയുണ്ടയാണ് കെന്നഡിയെ കൊന്നത്. വാറന്‍ കമ്മീഷന്‍ കണ്ടെത്തിയ എല്ലാ നാശനഷ്ടങ്ങളും രണ്ടാമത്തെ വെടിയുണ്ടയ്ക്ക് വരുത്താന്‍ കഴിയില്ലെന്ന് കെന്നഡി വധത്തെ വിശകലനം ചെയ്യുന്ന ഡസന്‍ കണക്കിന് പുസ്തകങ്ങള്‍ അവകാശപ്പെടുന്നു. അതിനര്‍ത്ഥം ഒരു രണ്ടാമന്‍ വധശ്രമത്തില്‍ പങ്കാളിയാണെന്നും അയാളുടെ തോക്കില്‍ നിന്ന് നാലാമത് ഒരു വെടിയുണ്ട ചീറി വന്ന് ലക്ഷ്യംകണ്ടു എന്നാണ്.
കെന്നഡി വധത്തിന്റെ ഒരു സാക്ഷിയായ ഫിലിപ്പ് ബെന്‍ ഹാത്ത് വേയെന്ന 28 കാരന്‍ ഡള്ളാസ് പോലീസ് വകുപ്പിന് നല്‍കിയ മൊഴി ഇതിലേക്ക് വിരല്‍ചൂണ്ടുന്നു. ലോണ്‍ സ്റ്റാര്‍ ഗ്യാസ് കമ്പനിയിലെ റിസര്‍ച്ച് വിഭാഗത്തില്‍ ജോലി ചെയ്യുന്ന ഹാത്ത് വേ കെന്നഡി വധിക്കപ്പെടുമ്പോള്‍ സംഭവ സ്ഥലത്തിന് തൊട്ടുള്ള ടെക്‌സാക്കോ കെട്ടിടത്തില്‍ സുഹൃത്തുക്കളോടൊപ്പം ഉണ്ടായിരുന്നു.
” ഞാന്‍ സുഹൃത്തായ ജോണ്‍ ലോറന്‍സുമൊത്ത് പ്രസിഡന്റിന്റെ വാഹന പരേഡ് കാണാന്‍ റോഡിലേക്കിറങ്ങിയപ്പോള്‍ ഒരാള്‍ റൈഫിള്‍ ഒരു ഗണ്‍ കേസില്‍ വെച്ച് നടന്നു ഞങ്ങളുടെ നേരെ വന്ന് എതിര്‍ദിശയിലേക്ക് നടന്നുപോയി. 30 വയസ് പ്രായമുള്ള, 6 അടിയില്‍ പൊക്കമുള്ള ബലിഷ്ഠനായ അയാള്‍ ഒരു ഗ്രെ കളര്‍ സൂട്ടാണ് ധരിച്ചിരുന്നത്. അയാളുടെ കയ്യിലുള്ള കേസില്‍ ഭാരമുള്ള റൈഫിള്‍ ആണെന്ന് എനിക്ക് മനസിലായി. തോക്കുമായി ആള്‍ക്കൂട്ടത്തിനിടയിലേക്ക് പോകുന്ന അയാള്‍ തീര്‍ച്ചയായും രഹസ്യ പോലീസ് വിഭാഗത്തിലെ ഉദ്യോഗസ്ഥനാണെന്ന് ഞാന്‍ കരുതി. അപ്പോള്‍ സമയം 11.50 ആയിരുന്നു. അയാളെ എവിടെ വെച്ച് കണ്ടാലും എനിക്ക് തിരിച്ചറിയാന്‍ കഴിയും’ ഹാത്ത് വേയുടെ മൊഴിയില്‍ പറയുന്ന ആളെ കുറിച്ച് അന്വേഷണം ഉണ്ടായില്ല. ആരാണ് ആ തോക്കുധാരി?
മറ്റൊരു പ്രധാന ദൃക്‌സാക്ഷി ഡള്ളാസിലെ ഒരു സ്‌ക്കൂള്‍ ടീച്ചറായ ജീന്‍ എല്‍ ഹില്‍ ഡീലി പ്ലാസയിലെ എല്‍മ് സ്ട്രീറ്റിന്റെ തെക്ക് വശത്തായി, എതിര്‍വശത്ത് അവര്‍ നില്‍ക്കുകയായിരുന്നു. കെന്നഡിയുടെ തലയില്‍ വെടിയേറ്റപ്പോള്‍ ജീന്‍ ഹില്‍ കെന്നഡി സഞ്ചരിച്ച കാറിന്റെ 21 വാരം അടുത്തുണ്ടായിരുന്ന ഏറ്റവും അടുത്ത ദൃക്‌സാക്ഷിയായിരുന്നു. വാറന്‍ കമ്മീഷനില്‍ മൊഴി കൊടുത്ത അവര്‍ തന്റെ ക്യാമറ ഉപയോഗിച്ച് കാറിലുള്ള കെന്നഡിയുടെ ചിത്രം പകര്‍ത്തുമ്പോഴാണ് വെടിയൊച്ച കേട്ടത്.
കമ്മീഷന്റെ സിറ്റിങ്ങില്‍ വാറന്‍ കമ്മീഷനംഗം ആര്‍ലെന്‍ സ്‌പെക്ടര്‍ അവരോട് ചോദിച്ചു. ‘ആകെ എത്ര വെടിയൊച്ച നിങ്ങള്‍ കേട്ടു.’
ജീന്‍ ഹില്‍: നാല് മുതല്‍ ആറ് വരെ ഉണ്ടായിരുന്നു, ഞാന്‍ എപ്പോഴും പറഞ്ഞിട്ടുണ്ട്. മൂന്ന് വെടിയൊച്ചകള്‍ ഉണ്ടായിരുന്നു – ഒന്നിനു പുറകെ ഒന്നായി, ഒരു ഇടവേളക്ക് ശേഷം, പിന്നെ കൂടുതല്‍ വെടിയൊച്ച ഞാന്‍ കേട്ടു.
സ്‌പെക്ടര്‍: നിങ്ങള്‍ കേട്ട മൂന്നാമത്തേത് എത്ര സമയം നീണ്ടുനിന്നു?
ജീന്‍ ഹില്‍: പെട്ടെന്നുള്ള വെടിയൊച്ചകളായിരുന്നു.
സ്‌പെക്ടര്‍: ആ മൂന്ന് ഷോട്ടുകളുടെയും സമയപരിധിയെക്കുറിച്ച് നിങ്ങള്‍ക്ക് ഒരു കണക്ക് തരാമോ?
ജീന്‍ ഹില്‍: ഇല്ല; എനിക്ക് കഴിയില്ല.
സ്‌പെക്ടര്‍: ഇപ്പോള്‍, എത്ര തവണ വെടി വെച്ചു കാണും
ഹില്‍: കുറഞ്ഞത് നാലോ അഞ്ചോ ഉണ്ടായിരുന്നിരിക്കാം, ഒരുപക്ഷേ ആറ് തവണ എന്ന് ഞാന്‍ കരുതുന്നു,
ഓസ്വാള്‍ഡിനെ കൂടാതെ തോക്കുപയോഗിക്കുന്നവര്‍ അന്ന് വേറെയുണ്ടായിരുന്നു എന്നതിനെ ശക്തിപ്പെടുത്തുന്നതാണ് ജീന്‍ ഹില്‍ നടത്തിയ ഈ സംഭാഷണം.
പുതിയ അമേരിക്കൻ പ്രസിഡൻ്റായി ലിൻഡൻ ബി. ജോൺസൺ പ്രസിഡൻ്റിൻ്റെ വിമാനമായ എയർഫോഴ്സ് 1 ൽ വെച്ച് സത്യപ്രതിജ്ഞ ചെയ്യുന്നു
1991 നവംബറില്‍ നല്‍കിയ ഒരു അഭിമുഖത്തില്‍ ജീന്‍ ഹില്‍ ചില കാര്യങ്ങള്‍ കൂടി വെളിപ്പെടുത്തി. പ്രസിഡന്റ്, കെന്നഡി തന്നെ നോക്കുക പോലും ചെയ്യില്ല എന്നറിയാമായിരുന്ന ജീന്‍ ഗില്‍ റോഡിനരുകില്‍ നിന്ന് പ്രസിഡന്റിന്റെ കാര്‍ അടുത്തെത്തിയപ്പോള്‍ അവര്‍ ഉറക്കെ വിളിച്ചു കൂവി
‘ഹേ മിസ്റ്റര്‍ പ്രസിഡന്റ്, എനിക്ക് നിങ്ങളുടെ ഫോട്ടോ എടുക്കണം!’അപ്പോള്‍ വെടിയൊച്ചകള്‍ മുഴങ്ങാന്‍ തുടങ്ങി. ഞാന്‍ തെരുവിന് മറുവശത്ത് നോക്കിയപ്പോള്‍ അവര്‍ കുന്നില്‍ നിന്ന് വെടിവയ്ക്കുന്നത് ഞാന്‍ കണ്ടു. അവിടെ ഒന്നിലധികം തോക്കുധാരികള്‍ ഉണ്ടെന്ന് എനിക്കു മനസിലായി. മേരി എന്നോട് ഉറക്കെ വിളിച്ചു പറഞ്ഞു.’പുല്‍ത്തകിടിയില്‍ നിന്നും ഇറങ്ങൂ, അവര്‍ വെടിവെയ്ക്കുകയാണ്.’
ഞാന്‍ മുകളിലേക്ക് നോക്കിയപ്പോള്‍ ഒരു മനുഷ്യന്‍ സ്‌കൂള്‍ ബുക്ക് ഡിപ്പോസിറ്ററി ബില്‍ഡിംഗിന്റെ മുന്നിലെ റെയില്‍വേ ട്രാക്കിലേക്ക് വേഗത്തില്‍ നീങ്ങുന്നത് കണ്ടു, പടിഞ്ഞാറോട്ട്, കുന്നില്‍ നിന്ന് വെടിവച്ചിരുന്ന ആ മനുഷ്യന്‍ രക്ഷപ്പെടുകയാണ്. അവനെ വിട്ടു കൂടാ, എനിക്ക് അവനെ പിടിക്കണം. ഞാന്‍ തെരുവിലേക്ക് ചാടി. ഞാന്‍ ഓടി കുറുകെ കുന്നിന്‍ മുകളിലേക്ക് കയറി… ഞാന്‍ അവിടെ എത്തിയപ്പോള്‍ ഒരു കൈ എന്റെ തോളില്‍ വന്നു വീണു, അത് എന്റെ തോളില്‍ ഒരു ബലമുള്ള പിടുത്തമായിരുന്നു. ആ മനുഷ്യന്‍ എന്നോട് പറഞ്ഞു, ‘നിങ്ങള്‍ എന്നോടൊപ്പം വരൂ’
ഞാന്‍ പറഞ്ഞു. ‘ഇല്ല നിങ്ങളോടൊപ്പം ഞാന്‍ വരില്ല., എനിക്ക് അയാളെ പിടികൂടണം’. അയാള്‍ എനിക്ക് അയാളുടെ ഐഡി കാണിച്ചു തന്നു. അതില്‍ സീക്രട്ട് സര്‍വീസ് എന്ന് എഴുതിയിരുന്നു. അത് ഔദ്യോഗികമായിരുന്നു. ഈ സമയത്ത്, രണ്ടാമത്തെയാള്‍ വന്ന് മറുവശത്ത് നിന്ന് എന്നെ പിടിച്ചു.
അവര്‍ എന്നെ റെക്കോര്‍ഡ്‌സ് ബില്‍ഡിംഗിലെ, നാലാം നിലയിലെ ഒരു മുറിയിലേക്ക് കൊണ്ടുപോയി. രണ്ടുപേര്‍ കൂടി ഇരിക്കുന്നുണ്ടായിരുന്നു, ഞാന്‍ എന്താണ് അവിടെ കണ്ടതെന്ന് അവര്‍ എന്നോട് ചോദിച്ചു, ഞാന്‍ എന്താണ് കണ്ടതെന്ന് അവര്‍ക്ക് അറിയാമെന്ന് എനിക്ക് മനസിലായി. ഞാന്‍ എത്ര വെടിയൊച്ചകള്‍ കേട്ടുവെന്ന് അവര്‍ എന്നോട് ചോദിച്ചു,
ഞാന്‍ പറഞ്ഞു ‘നാല് മുതല്‍ ആറ് വരെ’.
അവര്‍ പറഞ്ഞു, ‘ഇല്ല, നീ അത് കേട്ടിട്ടില്ല. മൂന്ന് വെടിയൊച്ചകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ..’
ഞാന്‍ പറഞ്ഞു, ഞാന്‍ കേട്ടത് എത്രയെന്ന് എനിക്കറിയാം’,
അവര്‍ എന്നോട് അവസാനമായി പറഞ്ഞു, ‘നിങ്ങളുടെ വായ അടയ്ക്കുക അതാണ് ബുദ്ധി.’
കെന്നഡി വധം പ്രമേയമായുള്ള ഏറ്റവും പ്രശസ്തമായ ചലചിത്രം
വാറന്‍ കമ്മിഷന്റെ അവസാന നിഗമനത്തെ ചോദ്യം ചെയ്യുന്ന ഈ രണ്ട് മൊഴികള്‍ക്കും ഇപ്പോള്‍ പുറത്ത് വരുന്ന 80,000 രഹസ്യരേഖകളിലെ ഏതെങ്കിലും രേഖ യുക്തി സഹജമായ ഉത്തരം നല്‍കുമോ എന്ന് കാത്തിരുന്ന് കാണാം. ഉണ്ടെങ്കില്‍ ആ ഉത്തരമായിരിക്കും കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും ദുരൂഹമായ കെന്നഡി വധത്തിന്റെ യഥാര്‍ത്ഥ ചിത്രം.
1963 നവംബര്‍ 22-ന് എബ്രഹാം സപ്രൂഡര്‍ ഉറക്കമുണര്‍ന്നപ്പോള്‍, ആ ദിവസം താന്‍ യുഎസ് ചരിത്രത്തിന്റെ അവിസ്മരണീയ ഭാഗമാകാന്‍ പോകുകയാണെന്ന് അദ്ദേഹം ഒരിക്കലും ഊഹിച്ചിട്ടുണ്ടാകില്ല. ഉക്രെയ്‌നില്‍ നിന്നുള്ള ഒരു വസ്ത്ര നിര്‍മ്മാതാവായ സപ്രൂഡര്‍, ഡാളസിലെ എല്‍ം സ്ട്രീറ്റിലൂടെ ജോണ്‍ എഫ് കെന്നഡിയുടെ വാഹനവ്യൂഹം നീങ്ങുന്നതിന്റെ 26 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ പകര്‍ത്തി. അദ്ദേഹം രേഖപ്പെടുത്തിയ 486 ഫ്രെയിമുകളില്‍ അമേരിക്കന്‍ പ്രസിഡന്റിന്റെ ജീവിതം അവസാനിപ്പിച്ച രണ്ട് വെടിയുണ്ടകളുടെ അവസാന നിമിഷങ്ങള്‍ ഉണ്ടായിരുന്നു.
ജാക്വിലിൻ കെന്നഡിയും മകനും ശവസംസ്ക്കാര ചടങ്ങിലേക്ക് പോകുന്നു
സപ്രൂഡറിന്റെ ദൃശ്യങ്ങളുടെ അവകാശം ലൈഫ് മാഗസിന്‍ 50,000 ഡോളറിന് വാങ്ങി (ഇന്നത്തെ 4,300,725 രൂപയോളം), വാറന്‍ കമ്മീഷന്റെ അന്വേഷണത്തിന്റെ ഭാഗമായി ഈ സ്റ്റില്ലുകള്‍ പിന്നീട് ഉപയോഗിച്ചു. എന്നിരുന്നാലും, 1975-ല്‍ യുഎസ് ടെലിവിഷനില്‍ സംപ്രേഷണം ചെയ്തപ്പോള്‍ മാത്രമാണ്, കെന്നഡിക്ക് തലയിലേറ്റേ വെടി സമീപത്ത് മറ്റെവിടെയെങ്കിലും സ്ഥിതി ചെയ്യുന്ന രണ്ടാമത്തെ കൊലയാളിയുണ്ടന്ന സൂചന മനസിലാവുന്നത്.
2023 ല്‍ അമേരിക്കന്‍ പോഡ്കാസ്റ്റര്‍മാരായ റോബ് റെയ്നറും സോളെഡാഡ് ഒ’ബ്രയാനും അവരുടെ പുതിയ പോഡ്കാസ്റ്റായ ഹു കില്‍ഡ് ജെഎഫ്കെ? -യ്ക്കായി നിരവധി വിദഗ്ധരെയും സാക്ഷികളെയും അഭിമുഖം നടത്തി.
‘അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ കൊലപാതക രഹസ്യം’ എന്ന് വിളിക്കുന്ന ഒരു സംഭവമാണിത്.”
‘ഹു കില്‍ഡ് ജെഎഫ്കെ’ പോഡ്കാസ്റ്റ് ചെയ്ത റെയ്നര്‍പറയുന്നു ?
പ്രസിഡന്റ് കെന്നഡിയെ കൊല്ലാന്‍ ആര്‍ക്കാണ് പ്രേരണ?
മൂന്ന് പ്രധാന ഗ്രൂപ്പുകള്‍ ഇതിന് പിന്നിലുണ്ട്. കാസ്‌ട്രോയ്ക്ക് ശേഷം ക്യൂബയിലേക്ക് മടങ്ങാന്‍ ആഗ്രഹിച്ച സിഐഎയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ക്യൂബന്‍ പ്രവാസികള്‍, ബേ ഓഫ് പിഗ്‌സ് അധിനിവേശത്തിന് കെന്നഡി വ്യോമ പിന്തുണ നല്‍കാത്തതില്‍ അവര്‍ രോഷാകുലരായിരുന്നു.
രണ്ടാമത്തെ ഗ്രൂപ്പ് മാഫിയക്കാരായിരുന്നു, ക്യൂബന്‍ വിപ്ലവത്തില്‍ നഷ്ടപ്പെട്ട ഹോട്ടലുകളും കാസിനോകളും തിരികെ വേണമെന്ന് ആഗ്രഹിച്ച് അവര്‍ ഭ്രാന്തന്മാരായിരുന്നു. ജെഎഫ്കെയുടെ സഹോദരന്‍ അറ്റോര്‍ണി ജനറല്‍ റോബര്‍ട്ട് കെന്നഡി അവരെ ജയിലിലടച്ചു. കാസ്‌ട്രോയെ വധിക്കാന്‍ ശ്രമിക്കുന്നതിനായി സിഐഎ മാഫിയയുമായി അടുത്ത ബന്ധം പുലര്‍ത്തി.
സിഐഎയിലെയും സൈന്യത്തിലെയും കര്‍ക്കശക്കാരായിരുന്നു മൂന്നാമത്തെ കൂട്ടര്‍. ക്യൂബന്‍ മിസൈല്‍ പ്രതിസന്ധിയുടെ സമയത്ത് സോവിയറ്റ് യൂണിയനെ നേരിടാന്‍ കെന്നഡി ഒരു അവസരം പോലും ഉപയോഗിക്കാത്തതില്‍ അവര്‍ രോഷാകുലരായിരുന്നു.
റോബ് റെയ്നര്‍ പറയുന്നു.
കെന്നഡി വധം:
അതിനെക്കുറിച്ച് ഒരു സംശയവുമില്ല:
അതൊരു ഗൂഢാലോചനയായിരുന്നു.john f kennedy assassination; six decades of suspicions and conspiracies
Content Summary: john f kennedy assassination; six decades of suspicions and conspiracies