March 21, 2025 |
Share on

കാലഘട്ടങ്ങളെ അതിജീവിക്കുന്ന സംവിധായകന്‍

കാലഘട്ടങ്ങളെ അതിജീവിക്കുന്ന സംവിധായകന്‍; ജോഷിയെ ഒറ്റ വാചകത്തില്‍ ഇങ്ങനെ അടയാളപ്പെടുത്താം. വാണിജ്യ സിനിമകളുടെ സൂപ്പര്‍ സ്റ്റാര്‍ സംവിധായകനായിരുന്ന ശശികുമാറിന്റെ ശിഷ്യന്‍. 1978-ല്‍ ‘ടൈഗര്‍ സലീ’മില്‍ തുടങ്ങിയ യാത്ര 45 വര്‍ഷങ്ങള്‍ പിന്നിട്ട് ‘ ആന്റണി’യിലേക്ക് എത്തുമ്പോള്‍ ഗുരുവിനോളം വളര്‍ന്നിരിക്കുന്നു ശിഷ്യനും. കരിയറിലെ 75 ആം ചിത്രം സംവിധാനം ചെയ്യുമ്പോഴും പ്രേക്ഷകനില്‍ ആവേശം നിറയ്ക്കാന്‍ കഴിയുന്നൂ. പേരെടുത്ത പ്രഗത്ഭര്‍ പലരും അപ്‌ഡേറ്റഡ് അല്ല എന്ന പരാതി കേള്‍ക്കുമ്പോഴാണ് ജോഷി വ്യത്യസ്തനാകുന്നത്. മലയാള സിനിമയുടെ നാലുകാലഘട്ടങ്ങള്‍ക്കു മുന്നേയുള്ള ഒരു സംവിധായകന്റെ […]

കാലഘട്ടങ്ങളെ അതിജീവിക്കുന്ന സംവിധായകന്‍; ജോഷിയെ ഒറ്റ വാചകത്തില്‍ ഇങ്ങനെ അടയാളപ്പെടുത്താം. വാണിജ്യ സിനിമകളുടെ സൂപ്പര്‍ സ്റ്റാര്‍ സംവിധായകനായിരുന്ന ശശികുമാറിന്റെ ശിഷ്യന്‍. 1978-ല്‍ ‘ടൈഗര്‍ സലീ’മില്‍ തുടങ്ങിയ യാത്ര 45 വര്‍ഷങ്ങള്‍ പിന്നിട്ട് ‘ ആന്റണി’യിലേക്ക് എത്തുമ്പോള്‍ ഗുരുവിനോളം വളര്‍ന്നിരിക്കുന്നു ശിഷ്യനും. കരിയറിലെ 75 ആം ചിത്രം സംവിധാനം ചെയ്യുമ്പോഴും പ്രേക്ഷകനില്‍ ആവേശം നിറയ്ക്കാന്‍ കഴിയുന്നൂ. പേരെടുത്ത പ്രഗത്ഭര്‍ പലരും അപ്‌ഡേറ്റഡ് അല്ല എന്ന പരാതി കേള്‍ക്കുമ്പോഴാണ് ജോഷി വ്യത്യസ്തനാകുന്നത്.

മലയാള സിനിമയുടെ നാലുകാലഘട്ടങ്ങള്‍ക്കു മുന്നേയുള്ള ഒരു സംവിധായകന്റെ സിനിമയ്ക്കു വേണ്ടി ഇന്നത്തെ പ്രേക്ഷകരും കാത്തിരിക്കുന്നൂ എന്നതാണ് ജോഷി എന്ന സംവിധായകന്റെ വാല്യു. നാലര പതിറ്റാണ്ടോളം ഒരു സംവിധായകന് തന്റെ മേലുള്ള പ്രേക്ഷകന്റെ വിശ്വാസം നിലനിര്‍ത്താന്‍ കഴിയുക എന്നത് ജോഷിക്കല്ലാതെ മറ്റാര്‍ക്കെങ്കിലും കഴിഞ്ഞിട്ടുണ്ടോ എന്നു സംശയമാണ്. പ്രതിഭാധനരായ ഒട്ടനവധി സംവിധായകര്‍ മലയാളത്തില്‍ ഉണ്ടായിട്ടുണ്ട്, ഇപ്പോഴുമുണ്ട്, ഇനിയുണ്ടാവുകയും ചെയ്യും. പക്ഷേ, ജോഷി ഒന്നേയുള്ളൂ.

ജോഷിയുടെ വിജയം സിനിമയോടുള്ള അദ്ദേഹത്തിന്റെ താത്പര്യമാണ്. നല്ലൊരു പ്രേക്ഷകനാണ്. സിനിമ അദ്ദേഹത്തെ സ്നേഹിക്കുന്നതുപോലെ തിരിച്ചും സ്‌നേഹിക്കുന്നു. ജോഷിയുടെ ഓരോ സിനിമയിലും ഒരു സംവിധായകന്റെ സാന്നിധ്യം എപ്പോഴും തിരിച്ചറിയാം. സത്യന്‍ ഒഴിച്ച് മലയാള സിനിമയിലെ പ്രതിഭാധനരായ അഭിനേതാക്കളെല്ലാം ജോഷി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. നസീര്‍, മധു, ജയന്‍, സോമന്‍, സുകുമാരന്‍, മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങി ഇന്നത്തെ താരങ്ങളെയെല്ലാം വച്ചും ജോഷി സിനിമകള്‍ ചെയ്യുന്നു. നായകനാരായാലും ജോഷിയുടെ സിനിമ എന്നാണ് ഇന്നും അറിയപ്പെടുന്നത്.

മലയാളത്തില്‍ പ്രഗത്ഭരായ നിരവധി സംവിധായകരും ടെക്നീഷ്യന്മാരും ഉണ്ടെങ്കിലും അവരില്‍ നിന്നെല്ലാം ജോഷിക്ക് പ്രത്യേകതകളുണ്ട്. ഒരു സീന്‍ ഒന്നോ രണ്ടോ തവണ വായിച്ചു നോക്കിയാല്‍ മനഃപാഠമാണ്. പിന്നെയൊരു കണ്‍ഫ്യൂഷനില്ല. എടുക്കുന്ന ഓരോ സീനിനെ കുറിച്ചും വ്യക്തമായ ധാരണയുണ്ടാകും. അമിതമായി ആലോചിക്കേണ്ട കാര്യമൊന്നുമില്ല. കൃത്യമായ കണക്കുകൂട്ടലോടെയാണ് ജോലി ചെയ്യുന്നത്. വെറും 22 ദിവസം കൊണ്ടാണ് ‘ന്യൂഡല്‍ഹി’ ചെയ്തത്. 29 ലക്ഷം രൂപ ബഡ്ജറ്റില്‍. അതാതു കാലത്തെ ടെക്നോളജിക്കൊപ്പം അല്ലെങ്കില്‍ പലതും മുന്നേ കണ്ട് സഞ്ചരിക്കുന്ന സംവിധായകന്‍. ന്യൂഡല്‍ഹിയില്‍ ക്ലോസ് റെയ്ഞ്ചില്‍ ആണ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. അന്നത്തെ കാലത്ത് അത് വലിയ ചര്‍ച്ചാവിഷയമായിരുന്നു. ഒരു കഥ പറയുമ്പോള്‍ ടെക്നോളജി അതിന്റെ മേലേ വരരുതെന്നാണ് പറയാറ്. ആ കഥയ്ക്കും സീക്വന്‍സിനും ആവശ്യമുള്ള രീതിയില്‍ അതിനെ കൊണ്ടു പോകാന്‍ കഴിയുന്ന ക്രാഫ്റ്റ് ആണ് ഒരു സംവിധായകന് വേണ്ടത്. കഥയോട് ഇഴുകി ചേര്‍ന്നു പോകുന്ന ടെക്നോളജിയായിരിക്കണം വേണ്ടത്. ജോഷിയുടെ സിനിമകളില്‍ ആ ക്രാഫ്റ്റ് ഉണ്ട്. അദ്ദേഹം സബ്ജക്ടിനെ മുന്‍നിര്‍ത്തിയാണ് സിനിമ ചെയ്യുന്നത്. ഒരിക്കലും അതിനോട് കോംപ്രമൈസ് ചെയ്യുന്നില്ല. നമ്പര്‍ 20 മദ്രാസ് മെയില്‍ 50 ദിവസത്തോളം ട്രെയിനില്‍ തന്നെ ഷൂട്ട് ചെയ്ത സിനിമയാണ്. തിരുവനന്തപുരം മുതല്‍ ചെന്നൈ വരെയുള്ള മിക്ക സ്റ്റേഷനുകളിലും ഷൂട്ട് ചെയ്തിട്ടുണ്ട്. സബ്ജക്ട് പറഞ്ഞിരിക്കുന്നതെന്താണോ അത് ഒരു വിട്ടുവീഴ്ച്ചയുമില്ലാതെ ചെയ്യാനുള്ള ജോഷിയുടെ തീരുമാനമാണ് നമ്പര്‍ 20 മദ്രാസ് മെയിലൊക്കെ ഇന്നും പുതുമയോടെ കണ്ടിരിക്കാന്‍ പ്രേക്ഷകരെ പ്രരിപ്പിക്കുന്നതിനു കാരണം.

പരുക്കനായ മനുഷ്യന്‍ എന്ന തോന്നല്‍ ജോഷിക്കുമേല്‍ കാലാകാലങ്ങളായുണ്ട്. പെട്ടെന്നൊരു സൗഹൃദം കാണിക്കല്‍ ജോഷിയില്‍ നിന്നും ഉണ്ടാകില്ലെങ്കിലും കൂടെ ജോലി ചെയ്തവര്‍ക്കല്ലാം സ്‌നേഹസമ്പന്നനായ സഹപ്രവര്‍ത്തകനാണ്. കൂടെയുള്ളവരുടെ എന്തു കാര്യത്തിനും അവര്‍ക്കു വേണ്ടി നിലകൊള്ളും. സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകര്‍ക്കു വേണ്ടി നില്‍ക്കുന്ന ചുരുക്കം ചില സംവിധായകരില്‍ ഒരാള്‍. മറ്റുള്ളവര്‍ പറയുന്നത് കേള്‍ക്കാനും തന്റെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പറയാനും മടി കാണിക്കില്ല. ജോഷി ഒരു അഭിപ്രായം പറഞ്ഞാല്‍ നല്ല മനസോടെ എല്ലാവരും സ്വീകരിക്കും. പറയുന്നതില്‍ ഒരു മൂല്യം ഉണ്ടെന്ന് എല്ലാവര്‍ക്കും അറിയാം. ആ സ്നേഹവും ബഹുമാനവുമാണ് ഇന്നും അദ്ദേഹത്തിന് കിട്ടുന്നത്. സിനിമയില്‍ തനിക്ക് കിട്ടുന്ന സൗകര്യങ്ങള്‍ മറ്റുള്ളവര്‍ക്ക് കൂടി ഉപകാരപ്പെടുത്താന്‍ മടി കാണിച്ചിട്ടില്ല. ജോഷിയുടെ ചിറകിന്‍ കീഴില്‍ നിന്നു വളര്‍ന്നവരൊക്കെ അദ്ദേഹത്തിന് ലഭിച്ചിരുന്ന അതേ സ്റ്റാറ്റസും അനുഭവിച്ചിരുന്നു.

ഓരോരുത്തരേയും അവരവരുടെ കഴിവിനനുസരിച്ച് അംഗീകരിക്കാന്‍ മടിയില്ല. ഇടപെടല്‍ നടത്തില്ല. പൂര്‍ണ സ്വാതന്ത്ര്യം കൊടുക്കും. കൂടെയുള്ളവരെ വിശ്വാസത്തിലെടുക്കും. തന്റെ സിനിമയിലെ പാട്ടുകളുടെ കാര്യത്തില്‍ ശ്രദ്ധാലുവായിരുന്നു. ടെക്‌നീഷ്യന്‍ ആയതുകൊണ്ട് പാട്ടുകള്‍ എങ്ങനെ ചിത്രീകരിക്കാം എന്നതിലായിരിക്കും കൂടുതല്‍ ശ്രദ്ധ. ഒരു പാട്ട് കേള്‍ക്കുമ്പോള്‍ തന്നെ അത് ഹിറ്റാകുമോ എന്ന് പ്രവചിക്കുമായിരുന്നു. ധ്രുവത്തിലെ കറുകവയല്‍ കുരുവി എന്ന പാട്ട് അത്തരത്തില്‍ പ്രവചിച്ചൊരു പാട്ടായിരുന്നു. ഇന്നും ആ പാട്ട് മലയാളി കേട്ടുകൊണ്ടേയിരിക്കുന്നു. എസ് പി വെങ്കിടേഷിന് താത്പര്യമില്ലാത്ത ട്യൂണ്‍ ആയിരുന്നു അത്. മറ്റൊന്ന് നോക്കാമെന്നായിരുന്നു വെങ്കിടേഷിന്റെ തീരുമാനം. ഇതു തന്നെ മതിയെന്ന് വാശി പിടിച്ചത് വരികളെഴുതിയ ഷിബു ചക്രവര്‍ത്തിയായിരുന്നു. അതുപോലെയാണ് സൈന്യത്തിലെ ‘ബാഗി ജീന്‍സും ഷൂസുമണിഞ്ഞ്’ എന്ന പാട്ടിന്റെ കാര്യത്തിലും നടന്നത്. അന്നത്തെ സാഹചര്യത്തില്‍ കുറെ വിപ്ലവകരമായ കാര്യങ്ങളാണ് ആ പാട്ടില്‍ പറയുന്നത്. വേണമെങ്കില്‍ ആ പാട്ട് സിനിമയില്‍ ഉപയോഗിക്കേണ്ടാ എന്ന് ജോഷിക്ക് പറയാമായിരുന്നു. അദ്ദേഹം അതു ചെയ്തില്ല. മറ്റൊരാളുടെ സര്‍ഗാത്മകതയില്‍ ഇടപെടല്‍ നടത്തിയില്ല. ആരോടും ഒന്നും ഡിമാന്‍ഡ് ചെയ്യില്ല. എല്ലാവര്‍ക്കും പൂര്‍ണ സ്വാതന്ത്ര്യം കൊടുക്കുന്നു.

മലയാള സിനിമയില്‍ ഏറ്റവും സീനിയര്‍ ആയിട്ടുള്ള സംവിധായകനാണെങ്കിലും പുതുമുഖങ്ങളായ എഴുത്തുകാരോടും ടെക്നീഷ്യന്മാരോടും അഭിനേതാക്കളോടുമെല്ലാം അദ്ദേഹം നടത്തുന്ന ഇടപെടല്‍ അഭിനന്ദനീയമാണ്. എന്നും പുതിയ ചിന്തകളോടൊപ്പം സഞ്ചരിക്കാന്‍ ആഗ്രഹിക്കുന്നൊരാള്‍. അതുകൊണ്ട് തന്നെ പുതിയ ആള്‍ക്കാരെ സ്വാഗതം ചെയ്യുന്നു. ഒരു തുടക്കക്കാരന്‍ പറയുന്നതും ശ്രദ്ധയോടെ കേള്‍ക്കാനും നിര്‍ദേശങ്ങള്‍ തരാനും വഴി പറഞ്ഞു കൊടുക്കാനും സദാ സന്നദ്ധന്‍.

സിനിമയെ കുറിച്ച് പഠിക്കാനുള്ള പാഠപുസ്തകമാണ് ജോഷി. ഒരു പ്രത്യേക കാറ്റഗറിയില്‍ ഉള്‍പ്പെടുന്നതല്ല ജോഷി സിനിമകള്‍. ആക്ഷന്‍, മാസ്, ത്രില്ലര്‍ സിനിമകളുടെ സൃഷ്ടാവ് എന്നു പറയുമ്പോഴും വൈവിധ്യങ്ങള്‍ നിറഞ്ഞവ. ചില കൂട്ടുകെട്ടുകള്‍ ആവര്‍ത്തിച്ചിട്ടുണ്ടെങ്കിലും വ്യത്യസ്തരായ എഴുത്തുകാര്‍ക്കൊപ്പമാണ് ജോഷി പ്രവര്‍ത്തിക്കുന്നത്. ഓരോ എഴുത്തുകാരനും എന്താണോ തന്റെ തിരക്കഥയില്‍ പറയുന്നത്, അതിന്റെ അന്ത:സത്ത ചോരാതെ ചെയ്യും. ആ സിനിമകളിലെല്ലാം തന്റെതായൊരു കൈയൊപ്പും ചാര്‍ത്തും. മനുഷ്യ മനസിന്റെ സങ്കീര്‍ണതകള്‍ സൂക്ഷ്മമായി നിരീക്ഷിച്ചിച്ച് എഴുതുന്ന ലോഹിദാസിനൊപ്പം ചേരുമ്പോഴും കൗരവര്‍ എന്ന ചിത്രം ഒരേ സമയം ലോഹിയുടെയും തന്റേയും ചിത്രങ്ങളായി നിലനിര്‍ത്താന്‍ ജോഷിക്ക് കഴിഞ്ഞു. ആനയേയും സിംഹത്തേയും പുലിയേയും മാനിനെയും മുയലിനെയുമെല്ലാം ഒരേ കൂട്ടിലിട്ട് മെരുക്കാന്‍ ഒരു ജോഷിക്ക് മാത്രമേ കഴിയൂ എന്ന് ട്വന്റി-ട്വന്റി എന്ന സിനിമ വമ്പന്‍ വിജയം നേടിയപ്പോള്‍ ഉണ്ടായ കമന്റും അടയാളപ്പെടുത്തുന്നത് മലയാള സിനിമയിലെ ജോഷിയുടെ സ്ഥാനമാണ്. ആവര്‍ത്തിച്ച് ആവര്‍ത്തിച്ച് നമ്മള്‍ കാണുന്ന ഒരു സൂപ്പര്‍ ഹിറ്റ് സിനിമയാണ് ജോഷി…

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

×