March 24, 2025 |

2,200 യുഎസ്എയ്ഡ് ജീവനക്കാരുടെ നിര്‍ബന്ധിത അവധി; ട്രംപിനെ തടഞ്ഞ് കോടതി

യുഎസ്എയ്ഡിന്റെ 2,200 ജീവനക്കാരെ ശമ്പളത്തോടെ അവധിയിൽ പ്രവേശിപ്പിക്കുന്നതിൽ നിന്ന് ട്രംപ് ഭരണകൂടത്തെ തടഞ്ഞ് കോടതി

യുഎസ്എയ്ഡിന്റെ 2,200 ജീവനക്കാരെ ശമ്പളത്തോടെ അവധിയിൽ പ്രവേശിപ്പിക്കുന്നതിൽ നിന്ന് ട്രംപ് ഭരണകൂടത്തെ തടഞ്ഞ് കോടതി. ഡൊണാൾഡ് ട്രംപ് നിയമിച്ച അമേരിക്കൻ ജില്ലാ ജഡ്ജി കാൾ നിക്കോൾസ്, വെള്ളിയാഴ്ച്ച മുതൽ ജീവനക്കാരെ ശമ്പളത്തോടു കൂടി അവധിയിൽ പ്രവേശിപ്പിക്കാനുള്ള പദ്ധതി താൽക്കാലികമായി നിർത്തിവക്കാൻ ഉത്തരവിട്ടു.

ആറ് പതിറ്റാണ്ടുകളായി സേവനം നടത്തുന്നഏജൻസിയെയും അതിന്റെ ആഗോള പരിപാടികളെയും നിർത്തലാക്കുന്നത് തടയാൻ തൊഴിലാളികൾ ശ്രമിച്ചിരുന്നു. ഇതിനാൽ ചില ജീവനക്കാരെ നിർബന്ധിത അവധിയിൽ പ്രവേശിപ്പിച്ചിരുന്നു.

കോൺഗ്രസ് നിയമനിർമാണത്തിന്റെ ഭാഗമായി സ്ഥാപിച്ച ഏജൻസി അടച്ചുപൂട്ടുന്നതിന് ഭരണകൂടത്തിന് അനുമതിയില്ലെന്ന് പരാതിക്കാരുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു.

യുഎസ്എയ്ഡ് അടച്ചുപൂട്ടുന്നതിനുള്ള ശ്രമങ്ങൾ തടയാൻ ശ്രമിക്കുന്ന അമേരിക്കയിലെ സർക്കാർജീവനക്കാരുടെ ഏറ്റവും വലിയ യൂണിയനും വിദേശ സേവന തൊഴിലാളികളുടെ അസോസിയേഷനുമാണ് ഭരണകൂടത്തിനെതിരെ രംഗത്തെത്തിയത്.

പ്രകൃതി ദുരന്തം, പകർച്ചവ്യാധികൾ, ആരോഗ്യ പ്രതിസന്ധികൾ, കാർഷിക വികസനം, ദാരിദ്ര്യ നിർമാർജനം, യുദ്ധ മേഖലകളിലെ രക്ഷാപ്രവർത്തനം തുടങ്ങിയ പ്രവർത്തനങ്ങൾക്ക് വലിയ ധനസഹായങ്ങൾ നൽകുന്ന പ്രസ്ഥാനമാണ് യുഎസ്എയ്ഡ്. അതിന്റ് പ്രവർത്തനം നിലയ്ക്കുന്നത് ഇന്ത്യയുൾപ്പെടെ നൂറിലധികം രാജ്യങ്ങളിലെ ജീവകാരുണ്യ പ്രവർത്തനങ്ങളെ സാരമായി ബാധിക്കുമെന്ന് ഡെമോക്രാറ്റുകൾ പറയുന്നു. സമൂഹത്തിന്റെ ഏറ്റവും താഴെ തട്ടിലുള്ള ആളുകൾക്ക് സഹായമെത്തിക്കുന്ന ഈ ഏജൻസിക്ക് ചെലവാകുന്നത് അമേരിക്കൻ ഫെഡറൽ ബജറ്റിന്റെ ഒരു ശതമാനം മാത്രമാണ്.

നൂറിലധികം രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന യു.എസ് എയ്‌ഡിന്റെ ഇന്ത്യയിലെ പ്രോജക്ടുകളും ഇനിയൊരു അറിയിപ്പുണ്ടാകും വരെ നിർത്തിവെക്കാൻ അമേരിക്ക ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യയിൽ അത്രയ്ക്കും വലിയ സാന്നിദ്ധ്യമല്ല യു.എസ്.എയ്‌ഡ്. എങ്കിലും ആഗോളതലത്തിൽ സഹായങ്ങൾ കുറഞ്ഞുവരുന്ന കാലത്ത് വികസന മേഖലകളിൽ പ്രവർത്തിക്കുന്ന സന്നദ്ധസംഘടനകൾക്ക് ഈ തീരുമാനം തിരിച്ചടിയാകാൻ സാധ്യതയുണ്ട്.

ഇന്ത്യയിൽ നരേന്ദ്രമോദി സർക്കാരിനെതിരായ പ്രചാരണത്തിൽ ഏജൻസി പങ്കാളിയായെന്നും സർക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങളെ പിന്തുണച്ചെന്നും വലതുപക്ഷക്കാർ നാളകാളായി ഏജൻസിക്കെതിരെ ഉന്നയിക്കുന്ന ആരോപണമാണ്. 2014-നു ശേഷം ഇതാദ്യമാണ് വിദേശശക്തികൾ ഒരു പാർലമെൻ്റ് സമ്മേളനത്തിനു മുമ്പ് പ്രശ്നങ്ങൾക്കു തീകൊടുക്കാൻ ശ്രമിക്കുന്നതെന്ന് നരേന്ദ്ര മോദി ബജറ്റു സമ്മേളനത്തിനു തൊട്ടുമുമ്പ് തുറന്നടിച്ചിരുന്നു. 2017-ൽ ഹെറിറ്റേജ് ഫൗണ്ടേഷൻ ഓഫ് ഇന്ത്യ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ജോർജ് സോറോസിൻ്റെ ഓപ്പൺ സൊസൈറ്റി ഫൗണ്ടേഷനുമായി ചേർന്ന് യുഎസ്എയ്ഡ് ഇന്ത്യയടക്കമുള്ള നിരവധി രാജ്യങ്ങളിൽ വിഭാഗീയ അജണ്ടകൾ പ്രോത്സാഹിപ്പിച്ചതായി ആരോപിച്ചിരുന്നു.

സി.ഐ.എയുടെ ചെക്ക് ബുക്കെന്നാരോപിക്കപ്പെടുന്ന, ആരേയും കണക്കുകൾ ബോധിപ്പിക്കണമെന്ന് നിർബന്ധമില്ലാത്ത ഈ സംഘടന നിരവധി ജീവകാരുണ്യപ്രവർത്തനങ്ങൾ നടത്തുന്നുണ്ടെങ്കിലും സുതാര്യമായല്ല പ്രവർത്തിക്കുന്നതെന്ന ആരോപണങ്ങളുമുണ്ട്. ട്രംപിൻ്റെ പുതിയ തീരുമാനങ്ങളെ ലോകരാജ്യങ്ങൾ പൊതുവെ വളരെ സംശയത്തോടെയാണ് കാണുന്നത്. എങ്കിലും ദശകങ്ങളായി അമേരിക്കൻ ഇടപെടലുകൾ കാരണം വിഷമിച്ച ആഫ്രിക്കൻ, ലാറ്റിനമേരിക്കൻ, ഏഷ്യൻ രാജ്യങ്ങൾക്ക് യു.എസ് എയ്‌ഡ് അടച്ചുപൂട്ടുന്ന വാർത്ത ദു:ഖകരമാവാൻ ഇടയില്ല.

content summary; Judge temporarily stops Trump from placing 2,200 USAID workers on leave

×