‘കുറച്ച് ദിവസത്തെ കാര്യം മാത്രമാണ്’; ഔദ്യോഗിക വസതി ഉടന്‍ ഒഴിയുമെന്ന് ജ. ചന്ദ്രചൂഡ്

മുന്‍ ചീഫ് ജസ്റ്റീസിന്റെ ഔദ്യോഗിക വസതി ഒഴിപ്പിച്ചു കിട്ടണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതി കേന്ദ്രത്തിന് കത്തെഴുതിയിരുന്നു

ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഔദ്യോഗിക വസതിയൊഴിഞ്ഞു പൊയ്‌ക്കോളാമെന്ന് സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റീസ് ഡി വൈ ചന്ദ്രചൂഡ്. ഒരു വാടക വീട് ശരിയായിട്ടുണ്ടെന്നും ചില അറ്റക്കുറ്റ പണികള്‍ തീരാനുള്ള കാലതാമസം കൊണ്ടാണ് മാറാന്‍ വൈകുന്നതെന്നും അദ്ദേഹം പറയുന്നു. ശാരീരിക ബുദ്ധിമുട്ടുകള്‍ നേരിടുന്ന രണ്ട് പെണ്‍മക്കളാണ് മുന്‍ ചീഫ് ജസ്റ്റീസിന്. അവര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ കൂടി അദ്ദേഹത്തിന് താമസസ്ഥലത്ത് ഒരുക്കേണ്ടതുണ്ട്. വിരമിച്ച ജഡ്ജിമാര്‍ ഔദ്യോഗിക വസതിയുടെ കാലാവധി നീട്ടി ചോദിക്കുന്നത് അസാധാരണ സംഭവമല്ലെന്നും അദ്ദേഹം പറയുന്നുണ്ട്.

മുന്‍ ചീഫ് ജസ്റ്റീസ് ഡി വൈ ചന്ദ്രചൂഡിന് അനുവദിച്ചിരുന്ന ഔദ്യോഗിക വസതി ഒഴിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് കത്തെഴുതിയെന്ന വാര്‍ത്ത പുറത്തു വന്നതിനു പിന്നാലെയാണ് മുന്‍ ചീഫ് ജസ്റ്റീസിന്റെ വിശദീകരണം പുറത്തു വന്നിരിക്കുന്നത്. സുപ്രീം കോടതിയിലെ സിറ്റിംഗ് ജഡ്ജിമാരുടെ താമസസൗകര്യം അടിയന്തരമായി ശരിയാക്കേണ്ട പശ്ചാത്തലത്തിലാണ് മുന്‍ ചീഫ് ജസ്റ്റീസിന്റെ വസതി ഒഴിപ്പിക്കാനുള്ള ആവശ്യം വന്നിരിക്കുന്നത്. ആകെയുള്ള 34 ജഡ്ജിമാരില്‍ 33 പേരും ഇപ്പോള്‍ കോടതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവര്‍ക്കാവശ്യമായ താമസ സൗകര്യം പ്രധാന പ്രശ്‌നം തന്നെയാണെന്നാണ് സുപ്രീം കോടതി അഡ്മിനിസ്‌ട്രേഷന്‍ പറയുന്നത്.

ജൂലൈ ഒന്നിന്, കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയ സെക്രട്ടറിക്ക് അയച്ച കത്തില്‍, മുന്‍ ചീഫ് ജസ്റ്റിസിന് ഔദ്യോഗിക വസതി ഒഴിയാന്‍ അനുവദിച്ച സമയം ഇതിനകം അവസാനിച്ചുവെന്നാണ് സുപ്രീം കോടതി അഡ്മിനിസ്‌ട്രേഷന്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. കത്തിനുള്ള മറുപടി അവര്‍ക്ക് ലഭിച്ചിട്ടില്ല.

2022 ലെ സുപ്രീം കോടതി ജഡ്ജിമാര്‍ക്കുള്ള ചട്ടങ്ങളിലെ റൂള്‍ 3ബി പ്രകാരം, ചീഫ് ജസ്റ്റിസ്മാര്‍ക്ക് വിരമിച്ചതിന് ശേഷം ആറ് മാസം വരെ അവരുടെ ഔദ്യോഗിക ബംഗ്ലാവ് നിലനിര്‍ത്താന്‍ അനുവാദമുണ്ട്. 5, കൃഷ്ണ മേനോന്‍ മാര്‍ഗിലാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ ഔദ്യോഗിക വസതി. 2024 നവംബറിലാണ് ജസ്റ്റീസ് ചന്ദ്രചൂഡ് ചീഫ് ജസ്റ്റീസ് സ്ഥാനത്ത് നിന്നും വിരമിക്കുന്നത്. 2025 ഏപ്രില്‍ 30 വരെ ഔദ്യോഗക ബംഗ്ലാവ് ഒഴിയാന്‍ സമയം തേടി തന്റെ പിന്‍ഗാമിയായ ജസ്റ്റിസ് സഞ്ജീവ് ഖന്നയ്ക്ക് 2024 ഡിസംബര്‍ 18 ന് ചന്ദ്രചൂഡ് കത്തെഴുതിയിരുന്നു. ഈ ആവശ്യം അനുവദിക്കപ്പെട്ടിരുന്നു.

ഏപ്രില്‍ 28 ന്, ജസ്റ്റിസ് ചന്ദ്രചൂഡ് വീണ്ടും ചീഫ് ജസ്റ്റിസ് ഖന്നയ്ക്ക് കത്തെഴുതിയിരുന്നു. ഔദ്യോഗിക വസതിയൊഴിയാന്‍ ജൂണ്‍ 30 വരെ സമയം തേടിയായിരുന്നു ആ കത്ത്. പ്രത്യേക പരിഗണന ആവശ്യമുള്ള രണ്ട് പെണ്‍മക്കള്‍ തനിക്കുള്ളതിനാല്‍, അവരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനു കൂടി അനുയോജ്യമായ ഒരു താമസസ്ഥലം കണ്ടെത്തുന്നതിലെ ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടിയായിരുന്നു വീണ്ടും സമയം നീട്ടി ചോദിച്ചത്.

എന്നാല്‍ ഈ കത്തിന് മറുപടി ലഭിച്ചില്ലെന്നാണ് ചന്ദ്രചൂഡ് പറയുന്നത്. സഞ്ജീവ് ഖന്നയുടെ പിന്‍ഗാമിയായി എത്തിയ ബി ആര്‍ ഗവായിയുമായി ഫോണില്‍ ഇക്കാര്യം സംസാരിച്ചിട്ടുണ്ടെന്നാണ് ചന്ദ്രചൂഡ് പറയുന്നത്. സര്‍ക്കാര്‍ തനിക്ക് വാടകയ്ക്ക് ഒരു താമസസ്ഥലം ഒരുക്കിയിട്ടുണ്ടെന്നാണ് മുന്‍ ചീഫ് ജസ്റ്റീസ് സുപ്രീം കോടതിയെ അറിയിച്ചിരിക്കുന്നത്. ചില അറ്റക്കുറ്റപ്പണികള്‍ തീര്‍ത്ത് ജൂണ്‍ 30 ന് അകം വസതി കൈമാറാമെന്നായിരുന്നു കരാറുകാരന്‍ അറിയിച്ചിരുന്നത്. എന്നാല്‍ പറഞ്ഞ സമയത്ത് പണികള്‍ തീര്‍ന്നില്ല, കുറച്ചു കൂടി ബാക്കിയുണ്ടെന്നാണ് അറിയിച്ചത്. കുറച്ച് ദിവസത്തെ കാര്യം മാത്രമേയുള്ളൂ, കരാറുകാരന്‍ അറിയിച്ചാല്‍ ഉടന്‍ തന്നെ പുതിയ സ്ഥലത്തേക്ക് മാറും’ എന്നാണ് ചന്ദ്രചൂഡ് പറയുന്നത്. രണ്ട് വര്‍ഷമായി ആള്‍ താമസം ഇല്ലാതെ കിടന്നിരുന്ന വസതിയായതുകൊണ്ടാണ് അറ്റക്കുറ്റപ്പണികള്‍ നടത്തേണ്ടി വന്നതെന്നാണ് കാലതാമസത്തിന് കാരണമായി അദ്ദേഹം പറയുന്നത്.

14, തുഗ്ലക്ക് റോഡ് വസതിയിലായിരുന്നു ചീഫ് ജസ്റ്റീസ് ആകുന്നതിന് മുമ്പ് ജ. ചന്ദ്രചൂഡ് കുടുംബവുമായി താമസിച്ചിരുന്നത്. കുടുംബത്തിന് ആ സ്ഥലം ഇഷ്ടപ്പെട്ടതിനാല്‍ ചീഫ് ജസ്റ്റിസ് ആയതിനുശേഷവും അവിടെ നിന്ന് മാറേണ്ടതില്ലെന്നായിരുന്നു തീരുമാനം. എന്നാല്‍, കുറച്ചു മാസത്തിന് ശേഷം തീരുമാനം മാറ്റേണ്ടി വന്നു. ചീഫ് ജസ്റ്റീസിന്റെ ഔദ്യോഗിക നിര്‍വഹണത്തിന് സൗകര്യം മതിയാകാതെ വന്നതോടെയാണ്. 5 കൃഷ്ണ മേനോന്‍ മാര്‍ഗിലെ ഔദ്യോഗിക വസതിയില്‍ ആകെ ഒരു വര്‍ഷം മാത്രമാണ് ചീഫ് ജസ്റ്റീസ് ആയശേഷം താമസിച്ചിട്ടുള്ളതെന്നും ചന്ദ്രചൂഡ് പറയുന്നു.

സുപ്രീം കോടതി ജസ്റ്റീസ് നിയമതിനായശേഷം, ഔദ്യോഗിക വസതി അനുവദിച്ച് കിട്ടുന്നതുവരെ ഏകദേശം ആറുമാസം ഉത്തര്‍പ്രദേശ് സദനില്‍ ആയിരുന്നു തന്റെ താമസം എന്ന കാര്യവും ചന്ദ്രചൂഡ് പറയുന്നുണ്ട്.  J. DY Chandrachud indicated that vacating the official bungalow is now just a matter of a few days

 

 

 

Content Summary; J. DY Chandrachud indicated that vacating the official bungalow is now just a matter of a few days

This post was last modified on July 7, 2025 9:37 am

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment