March 15, 2025 |
Share on

ഒഴിയാന്‍ തീരുമാനിച്ച് ട്രൂഡോ; കാനഡ പുതിയ നേതാവിനെ തേടുന്നു

ട്രൂഡോയുടെ രാജിയില്‍ പരിഹാസവുമായി ട്രംപ്

പ്രധാനമന്ത്രി സ്ഥാനത്ത് നിന്നുള്ള പടിയിറക്കം പ്രഖ്യാപിച്ച് ജസ്റ്റിന്‍ ട്രൂഡോ. പാര്‍ട്ടി അനുയോജ്യനായ നേതാവിനെ കണ്ടത്തുന്നതോടെ കാനഡയുടെ അധികാര സ്ഥാനത്ത് നിന്നും താന്‍ പിന്മാറുമെന്നാണ് ട്രൂഡോ പ്രഖ്യാപിച്ചിരിക്കുന്നത്. ഒരു ദശാബ്ദം നീണ്ടു നിന്ന അധികാരവാഴ്ച്ചയ്ക്കാണ് ഇതോടെ അന്ത്യമാകുന്നത്. ‘പുതിയ നേതാവിനെ തിരഞ്ഞെടുക്കാന്‍ കനേഡിയന്‍ പൗരന്മാരെ അനുവദിക്കുക’ എന്നായിരുന്നു ട്രൂഡോയുടെ പ്രഖ്യാപനം. സ്വന്തം പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തര കലഹങ്ങളും അധികാര വടംവലികളും വളരെ രൂക്ഷമായതോടെ, വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിനെതിരേ മത്സരിക്കുന്നത് തനിക്ക് അസാധ്യമായി തീര്‍ന്നിരിക്കുകയാണെന്ന ഏറ്റു പറച്ചിലും ട്രൂഡോ നടത്തിയിട്ടുണ്ട്.

സമഗ്രവും, എല്ലാവരുടെയും പങ്കാളിത്തം ഉറപ്പു വരുത്തുന്നതുമായൊരു തിരഞ്ഞെടിപ്പ് ലിബറല്‍ പാര്‍ട്ടിക്കുള്ളില്‍ നടത്തി, പുതിയ നേതാവിനെ തിരഞ്ഞെടുക്കുന്നതുവരെ പ്രധാനമന്ത്രി സ്ഥാനത്ത് തുടരുമെന്നാണ് ട്രൂഡോ വ്യക്തമാക്കിയിരിക്കുന്നത്. സ്വന്തം പാര്‍ട്ടിയില്‍ നിന്നും പ്രതിപക്ഷത്തു നിന്നും കടുത്ത സമ്മര്‍ദ്ദം ഉയര്‍ന്നതിനെ തുടര്‍ന്നാണ് ലിബറല്‍ പാര്‍ട്ടി നേതാവ് സ്ഥാനം ഒഴിയാനുള്ള ട്രൂഡോയുടെ തീരുമാനം. പുതിയ നേതാവിനെ തിരഞ്ഞെടുക്കുന്നത് വരെ അദ്ദേഹം പ്രധാനമന്ത്രിയായി തുടരും, ഈ വര്‍ഷം മാര്‍ച്ച് 24-ന് മുമ്പായി പാര്‍ട്ടി അവരുടെ പുതിയ നേതാവിനെ തിരഞ്ഞെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബാലറ്റ് സംവിധാനത്തിലൂടെയാണ് ലിബറല്‍ പാര്‍ട്ടിയില്‍ നേതൃത്വ തിരഞ്ഞെടുപ്പ് നടത്തുന്നത്. ആര്‍ക്കാണോ കൂടുതല്‍ വോട്ട് കിട്ടുന്നത്, അതുവരെ വോട്ടെടുപ്പ് നടത്തും.

ആരാകും ലിബറല്‍ പാര്‍ട്ടിയില്‍ ട്രൂഡോയുടെ പിന്‍ഗാമി എന്നതില്‍ കടുത്ത മത്സരം തന്നെ നടക്കും. ആരായാലും ഒക്ടോബറില്‍ നടക്കുന്ന പൊതു തിരഞ്ഞെടുപ്പില്‍ അവര്‍ക്ക് സ്വന്തം പാര്‍ട്ടിയെ എത്രത്തോളം മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയുമെന്നതില്‍ സംശയമുണ്ട്. സര്‍വേകളെല്ലാം പ്രതിപക്ഷമായ കണ്‍സര്‍വേറ്റുകള്‍ക്കാണ് ഇത്തവണ സാധ്യത കല്‍പ്പിക്കുന്നത്.

മാര്‍ച്ച് 24 വരെ പാര്‍ലമെന്റ് സസ്‌പെന്‍ഡ് ചെയ്യുമെന്നാണ് ജസ്റ്റിന്‍ ട്രൂഡോ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനര്‍ത്ഥം നിലവിലുള്ള എല്ലാ ബില്ലുകളും അസാധുവാകുമെന്നും പാര്‍ലമെന്റ് വീണ്ടും ചേരുന്നത് വരെ പുതിയ നിയമനിര്‍മ്മാണം പാസാക്കില്ലെന്നുമാണ്. ഈ നീക്കം കാനഡയുടെ ഭരണത്തിലും നയരൂപീകരണ പ്രക്രിയകളിലും കാര്യമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നാണ് പറയുന്നത്.

ഡൊണാള്‍ഡ് ട്രംപ് വീണ്ടും അമേരിക്കയുടെ അധികാര സ്ഥാനത്തേക്ക് വരുന്നതിന്റെ അസ്വസ്ഥതകള്‍ കനേഡിയന്‍ രാഷ്ട്രീയത്തില്‍ പുകയുന്ന സാഹചര്യത്തില്‍ തന്നെയാണ് ട്രൂഡോയുടെ രാജി പ്രഖ്യാപനവും. ട്രംപിന്റെ നയങ്ങളെക്കുറിച്ചുള്ള ആശങ്കകളാണ് ഈ ഉത്കണ്ഠയ്ക്ക് ആക്കം കൂട്ടുന്നത്, പ്രത്യേകിച്ച് കാനഡയ്ക്ക് മേല്‍ 25% താരിഫ് ചുമത്താനുള്ള നീക്കം. ഇത് രാജ്യത്തിന് കാര്യമായ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നാണ് പറയുന്നത്.

ട്രൂഡോയുടെ രാജി പ്രഖ്യാപനം വന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ ട്രംപ് അതിനെ പരിഹസിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രതികരിക്കുകയും ചെയ്തു. യുഎസിന്റെ സംസ്ഥാന പദവി നേടാന്‍ കാനഡയെ പ്രേരിപ്പിക്കുന്ന തരത്തിലായിരുന്നു ട്രംപിന്റെ പരിഹാസം. നിരവധി കാനഡക്കാര്‍, അമേരിക്കിയലെ 51 മത്തെ സംസ്ഥാനമാകുന്നത് ഇഷ്ടപ്പെടുന്നുണ്ടെന്നായിരുന്നു ട്രംപിന്റെ കളിയാക്കല്‍. കാനഡയ്ക്ക് അനവദിക്കുന്ന സബ്‌സിഡികളും വ്യാപര കമ്മികളും ഇനിയും പേറേണ്ട കാര്യം അമേരിക്കക്കില്ലെന്നും ട്രംപ് കുറിച്ചു.

‘ജസ്റ്റിന്‍ ട്രൂഡോയ്ക്ക് ഇക്കാര്യം മനസിലായി, രാജിവെക്കുകയും ചെയ്തു. കാനഡ യുഎസുമായി ലയിച്ചാല്‍, താരിഫുകള്‍ ഉണ്ടാകില്ല, നികുതികള്‍ കുറയും, അവരെ ചുറ്റിപ്പറ്റിയുള്ള റഷ്യന്‍, ചൈനീസ് കപ്പലുകളുടെ നിരന്തരമായ ഭീഷണിയില്‍ നിന്ന് അവര്‍ പൂര്‍ണമായും സുരക്ഷിതരാവുകയും ചെയ്യും. ഒരുമിച്ചാല്‍ ഒരു മഹത്തായ രാഷ്ട്രമായി മാറുകയും ചെയ്യും’ എന്നും നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് പ്രോകപനപരമായി കുറിക്കുന്നു.  Justin Trudeau announces plan to step down from Canada’s Prime Minister

Content Summary; Justin Trudeau announces plan to step down from Canada’s Prime Minister

×