June 04, 2026 |

ട്രംപിന്റെ വ്യാപാരയുദ്ധം ശുദ്ധ മണ്ടത്തരമെന്ന് ട്രൂഡോ; യുഎസിന് 25 ശതമാനം തീരുവ ചുമത്തി കാനഡ

കാനഡയുടെ സമ്പദ് വ്യവസ്ഥയെ സംരക്ഷിക്കാൻ നിരന്തരമായ പോരാട്ടം നടത്തുമെന്നും ട്രൂഡോ പറഞ്ഞു

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വ്യാപാര യുദ്ധത്തെ മണ്ടത്തരമെന്ന് വിശേഷിപ്പിച്ച് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. കാനഡയുടെ സമ്പദ് വ്യവസ്ഥയെ സംരക്ഷിക്കാൻ നിരന്തരമായ പോരാട്ടം നടത്തുമെന്നും ട്രൂഡോ പറഞ്ഞു. കാനഡയിൽ നിന്നും മെക്സിക്കോയിൽ നിന്നും ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങൾക്ക് 25 ശതമാനം തീരുവ ചുമത്തുമെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. കൂടാതെ ചൈനയിൽ നിന്നുള്ള ഉത്പന്നങ്ങൾക്ക് ഏറ്റവും ഉയർന്ന നികുതി ചുമത്താനാണ് ട്രംപിന്റെ പദ്ധതി.

കാനഡ തീർച്ചയായും യുഎസിനെതിരെ പ്രതികാര നടപടി സ്വീകരിക്കുമെന്നും ഒരു വ്യാപാരയുദ്ധത്തിനാണ് ട്രംപ് ആഹ്വാനം ചെയ്യുന്നതെങ്കിൽ അത് ഇരു രാജ്യങ്ങൾക്കും ദോഷം ചെയ്യുമെന്നും ട്രൂഡോ പറഞ്ഞു. കാനഡ അമേരിക്കയ്ക്ക് മേൽ കൂടുതൽ നികുതി ചുമത്തുമ്പോൾ അമേരിക്ക പരസ്പര നികുതി ചുമത്തുമെന്ന് ട്രൂഡോയെ ആരെങ്കിലും പറ‍ഞ്ഞു മനസിലാക്കൂവെന്ന് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിൽ ട്രംപ് കുറിച്ചു. കനേഡിയൻ സമ്പദ് വ്യവസ്ഥയുടെ മുഴുവനായുള്ള തകർച്ചയാണ് ട്രംപ് ല​ക്ഷ്യം വയ്ക്കുന്നത് ഇത് ഇരു രാജ്യങ്ങളെയും കൂട്ടിചേർക്കുമെന്നാണ് യുഎസ് കരുതുന്നത്. അത് ഒരിക്കലും സംഭവിക്കില്ല അമേരിക്കയുടെ 51ാംമത്തെ സംസ്ഥാനമായി കാനഡ മാറില്ല.
അമേരിക്കയിലെ അനധികൃത കുടിയേറ്റവും ലഹരിമരുന്ന് കടത്തും തടയാനാണ് താൻ ശ്രമിക്കുന്നതെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. അമേരിക്കയിലെ ഫെന്റനെയിൽ എന്ന ഓപിയോയിഡിന്റെ ലഭ്യതയ്ക്ക് കാരണം കാനഡയാണെന്ന് ട്രംപ് ആരോപിച്ചിരുന്നു. എന്നാൽ അമേരിക്കൻ അതിർത്തിയിൽ തടഞ്ഞു വച്ചിരിക്കുന്ന ഫെന്റനെയിലിൽ വെറും ഒരു ശതമാനത്തിൽ താഴെ മാത്രമാണ് കാനഡയുടേതെന്ന് ട്രൂഡോ പറഞ്ഞു.

ചരക്കുകൾക്ക് 25 ശതമാനം ഇറക്കുമതി നികുതി ചുമത്തുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ തിരിച്ചടിയുമായി കാനഡയും രം​ഗത്ത് വന്നിരുന്നു. 155 ബില്യൺ കനേഡിയൻ ഡോളർ വിലമതിക്കുന്ന അമേരിക്കൻ ചരക്കുകൾക്ക് 25 ശതമാനം നികുതി ഏർപ്പെടുത്തുമെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പ്രഖ്യാപിച്ചു. കാനഡ അമേരിക്കയുടെ 51-ാമത് സംസ്ഥാനമായാൽ നികുതി ഒഴിവാക്കുമെന്നായിരുന്നു ട്രംപിൻ്റെ പരിഹാസം. കാനഡയ്ക്ക് നൂറുകണക്കിന് ബില്യൺ ഡോളറാണ് യുഎസ് സബ്സിഡിയായി നൽകുന്നത്. ഈ സബ്സിഡി ഇല്ലെങ്കിൽ കാനഡ ഒരു രാജ്യമായി തന്നെ നിലനിൽക്കില്ല. അതുകൊണ്ട് തന്നെ അമേരിക്കയുടെ സംസ്ഥാനമാവുകയാണെങ്കിൽ കാനഡയിലെ ജനങ്ങൾക്ക് മികച്ച സൈനിക സംരക്ഷണം നൽകുമെന്നായിരുന്നു ട്രംപിൻ്റെ പ്രതികരണം. അതേസമയം ട്രംപിൻ്റെ നിലപാടിനെ കാനഡ തള്ളിയിരുന്നു.

content summary: Prime Minister Justin Trudeau criticized Donald Trump’s broad tariffs on Canada, describing them as a very foolish move.

 

Leave a Reply

Your email address will not be published. Required fields are marked *

×