ശങ്കര്‍ 1927ല്‍ കേരളത്തില്‍ നിന്ന് കളമൊഴിഞ്ഞ ഒഴിവില്‍ കാര്‍ട്ടൂണ്‍ രചനയില്‍ വ്യാപൃതനായ വ്യക്തിയാണ് കെ.എസ്. പിള്ള. മലയാളത്തിലെ കാര്‍ട്ടൂണ്‍ ചരിത്രത്തില്‍ കെ.എസ്. പിള്ളയുടെ സ്ഥാനം ഒന്നാം നിരയിലാണ്. മലയാളത്തിലെ ആദ്യത്തെ കാര്‍ട്ടൂണ്‍ മഹാക്ഷാമദേവതയ്ക്ക് ജന്‍മം കൊണ്ട 1919 ല്‍ തന്നെയാണ് കേശവകുറുപ്പ്, നാരായണിയമ്മ എന്നിവരുടെ മകനായി മാവേലിക്കരയില്‍ കെ. എസ്. പിള്ളയുടേയും ജനനവും. മലയാള പത്രപ്രവര്‍ത്തനത്തില്‍ കാര്‍ട്ടൂണുകളുടെ സ്ഥാനവും സ്വാധീനവും അനിഷേധ്യമാം വിധം തെളിയിച്ച പ്രതിഭയായിരുന്നു കെ. എസ്. പിള്ള. ചെറുപ്രായം മുതല്‍ ഹാസ്യ ചിത്രരചനയില്‍ താത്പര്യമുണ്ടായിരുന്ന കെ. എസ്. പിള്ളയാണ് മലയാള രാഷ്ട്രീയ കാര്‍ട്ടൂണുകളുടെ പിതാവ്.
മലയാളത്തിലെ ആദ്യ ബോക്‌സ് കാര്‍ട്ടൂണ്‍ വേലുച്ചാര്‍ 1949 ജനുവരി 24 മുതല്‍ ദേശബന്ധു എന്ന പത്രത്തിലായിരുന്നു വരച്ചത്. ഹൈസ്‌ക്കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം മാവേലിക്കര രവിവര്‍മ്മ സ്‌ക്കൂള്‍ ഓഫ് ആര്‍ട്ട്‌സില്‍ ചേര്‍ന്ന് ചിത്രരചനാ പഠനം തുടങ്ങി. അവിടുത്തെ പഠന കാലത്ത് കോട്ടയത്തും കൊല്ലത്തും ഇറങ്ങിയിരുന്ന പ്രസിദ്ധീകരണങ്ങളില്‍ കെ. എസ്. പിള്ള കാര്‍ട്ടൂണുകള്‍ വരയ്ക്കുമായിരുന്നു. കാര്‍ട്ടൂണിസ്റ്റ് താണു, ജെമിനി സ്റ്റുഡിയോയില്‍ ഒരു കാര്‍ട്ടൂണ്‍ ആനിമേഷന്‍ സിനിമ നിര്‍മ്മിക്കുന്നു എന്നറിഞ്ഞ് കെ. എസ്. പിള്ള പഠനം പൂര്‍ത്തിയാക്കാതെ മദിരാശിക്ക് വണ്ടികയറി. മദിരാശിയില്‍ എത്തിയ കെ. എസ്. പിള്ള കാര്‍ട്ടൂണിസ്റ്റ് താണുവിനെ കണ്ടെത്തി.
കാര്‍ട്ടൂണിസ്റ്റ് താണു നാഗര്‍കോവില്‍ സ്വദേശിയാണ്. കോളേജ് പഠനം തിരുവനന്തപുരത്തായിരുന്നു. അദ്ദേഹം ആദ്യ കാലങ്ങളില്‍ ഇന്ത്യന്‍ പത്രങ്ങളായ ദി ഹിന്ദു, ആനന്ദവികടന്‍, കുമുദം തുടങ്ങിയ പത്രങ്ങളിലും, ന്യൂയോര്‍ക്ക് ടൈംസിലും, കാര്‍ട്ടൂണുകളില്‍ വരച്ചിട്ടുണ്ട്. അദ്ദേഹം ആരംഭം കുറിച്ചതാണ് ഏറെ പ്രശസ്തമായ ബ്രില്ല്യന്റ് ട്യൂട്ടോറിയല്‍ എന്ന സ്ഥാപനം.
നമ്മുടെ അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടിലെ പ്രസിദ്ധീകരണങ്ങളായ സ്വദേശമിത്രന്‍, ആനന്ദവികടന്‍, കല്‍ക്കി തുടങ്ങിയ വാരികകളിലും ദി മെയില്‍, ദി ഹിന്ദു തുടങ്ങിയ പത്രങ്ങളിലും സ്വദേശികളുടെ കാര്‍ട്ടൂണുകള്‍ പ്രസിദ്ധീകരിക്കാന്‍ തുടങ്ങിയത് ജനങ്ങള്‍ സ്വീകരിച്ചു. മുന്‍പ് ഡേവിഡ് ലോയുടേയും മറ്റും കാര്‍ട്ടൂണുകള്‍ പുനര്‍ പ്രസിദ്ധീകരിക്കുകയായിരുന്നു പതിവ്. അത് മലയാള പ്രസിദ്ധീകരണങ്ങളില്‍ കാര്‍ട്ടൂണുകള്‍ക്ക് പ്രത്യേക സ്ഥാനം നല്‍കാന്‍ കാരണമായി. മദിരാശി ജീവിതത്തിനിടയില്‍ കാര്‍ട്ടൂണിസ്റ്റ് താണുവിലൂടെ വിദേശത്തേയും, സ്വദേശത്തേയും കാര്‍ട്ടൂണുകളെ അടുത്തറിഞ്ഞ കെ. എസ്. പിള്ള തിരിച്ച് കേരളത്തില്‍ കോട്ടയത്തെത്തി മലയാള മനോരമയില്‍ കാര്‍ട്ടൂണുകള്‍ വരച്ച് തുടങ്ങി. ജോണ്‍ മാത്യു ആയിരുന്നു ആദ്യ കാലത്ത് മനോരമയില്‍ കാര്‍ട്ടൂണ്‍ വരച്ചിരുന്നത്. പിന്നീട് കെ. എസ്. പിള്ള വിവിധ പ്രസിദ്ധീകരണങ്ങളില്‍ കാര്‍ട്ടൂണുകള്‍ വരച്ചു തുടങ്ങി.
കാര്‍ട്ടൂണിസ്റ്റ് റ്റോംസ് തന്റെ ആത്മകഥയായ എന്റെ ബോബനും മോളിയും എന്ന പുസ്തകത്തില്‍ കെ. എസ്. പിള്ളയെ കുറിച്ച് ഒരു അദ്ധ്യായം തന്നെ എഴുതിയിട്ടുണ്ട്. കെ. എസ്. പിള്ളയുമായി നേരിട്ട് ബന്ധമുള്ള റ്റോംസിന്റ ആത്മകഥയില്‍ കുറച്ച് കാര്യങ്ങള്‍ വിവരിച്ചിട്ടുണ്ട്. മലയാള കാര്‍ട്ടൂണ്‍ കലയെ വളര്‍ത്തി വലുതാക്കിയ മഹാനായ മനുഷ്യന്‍ 59-ാം വയസ്സിലാണ് മരിക്കുന്നത്. അദ്ദേഹത്തിന്റെ ജീവിത കഥ അറിഞ്ഞിരിക്കേണ്ടത് കാര്‍ട്ടൂണ്‍ ചരിത്രവായനയുടെ ഭാഗമാണ്.
ഒരുകാലത്ത് കാര്‍ട്ടൂണിന്റെ കുലപതിയായിരുന്നു കെ. എസ്. പിള്ള എന്ന കെ. ശങ്കരപ്പിള്ള. കെ. എസ്. പിള്ള ജോലി ചെയ്തിരുന്ന ദേശബന്ധു ദിനപ്പത്രത്തിനു പുറമേ മലയാള മനോരമയിലും കാര്‍ട്ടൂണ്‍ വരച്ചിരുന്നു. പീച്ചിക്ക് പോയ പി. റ്റി. ചാക്കോയുടെ കാറില്‍ ഒരു സ്ത്രീയെ കണ്ടു എന്ന പേരില്‍ ഒരു വിവാദ സംഭവം അന്നത്തെ വലിയ വാര്‍ത്തയായിരുന്നു. എല്ലാ പത്രങ്ങളും അത് കൊട്ടിഘോഷിച്ചപ്പോള്‍ മലയാള മനോരമയില്‍ വൈകിയാണ് വാര്‍ത്ത വന്നത്. ഇതിനെ അധികരിച്ച് കെ. എസ്. പിള്ള വരച്ച ഒരു കാര്‍ട്ടൂണില്‍ മാമ്മന്‍മാപ്പിള ആയിരുന്നു കഥാപാത്രം. ഒരു കൊമ്പനാനയെ അദ്ദേഹം കൊട്ടയിട്ടു മൂടാന്‍ ശ്രമിക്കുന്നു. മാമ്മന്‍മാപ്പിള താഴെയിരുന്ന് ആനയുടെ തുമ്പിക്കൈ പിടിച്ച് ലേശം ഭാഗം കുട്ടയുടെ അടിയിലാക്കി കഴിഞ്ഞു. ഈ കാര്‍ട്ടൂണ്‍ ദേശബന്ധുവില്‍ പ്രസിദ്ധീകരിച്ചത് ഏറെ ഇഷ്ടപ്പെട്ടത് മാമ്മന്‍മാപ്പിളയ്ക്കായിരുന്നു. പിന്നീട് അദ്ദേഹം തന്നെ പിള്ളയുടെ കാര്‍ട്ടൂണുകള്‍ മലയാള മനോരമയിലും പ്രസിദ്ധീകരിച്ചു.
കെ. എസ്. പിള്ള തിരുവല്ലയിലെ ഒരു അഡ്വക്കേറ്റിന്റെ മകള്‍ ലീലയെ വിവാഹം കഴിച്ചു. ലീല കോട്ടയത്തുതന്നെ ഒരു സ്‌കൂളില്‍ അദ്ധ്യാപികയായിരുന്നു. അവരുടെ കുടുംബജീവിതം കാറ്റും കോളും നിറഞ്ഞതായിരുന്നു. ഒടുവില്‍ ഉഭയകക്ഷി സമ്മതപ്രകാരം ആ ബന്ധം വേര്‍പെട്ടു. ഒരു വര്‍ഷത്തിനുശേഷം പിള്ള മറ്റൊരു വിവാഹം കഴിച്ചെങ്കിലും അതും പരാജയമായി. സാമ്പത്തികയായി തകര്‍ന്ന അദ്ദേഹം ജോലി ഉപേക്ഷിച്ച് മാവേലിക്കരയിലുള്ള വീട്ടില്‍ വന്ന് ഒറ്റയ്ക്ക് താമസമായി. അച്ഛനും അമ്മയും മരിച്ചിരുന്നു. ഏക സഹോദരന്‍ ബോംബെയിലും. ഒറ്റയ്ക്ക് പാചകമൊക്കെ ചെയ്ത് അവിടെ താമസിച്ചു.
അങ്ങനെയിരിക്കെയായിരുന്നു മനോരമ കാര്‍ട്ടൂണിസ്റ്റുകളുടെ ഒരു സെമിനാറിന് പരിപാടി ഇട്ടത്. കെ. എസ്. പിള്ള ജീവിച്ചിരിക്കെ അദ്ദേഹമില്ലാത്ത ഒരു സെമിനാര്‍ പൂര്‍ണ്ണമല്ലെന്ന് കാര്‍ട്ടൂണിസ്റ്റ് റ്റോംസ് മലയാള മനോരമ മാനേജ്‌മെന്റിനോട് പറഞ്ഞു. അതനുസരിച്ച് കെ. എസ്. പിള്ളയെ കൂട്ടിക്കൊണ്ടുവരാന്‍ മലയാള മനോരമ മാനേജ്‌മെന്റ് റ്റോംസിനെ അയച്ചു. മാവേലിക്കരയില്‍ ചെന്ന് വീട് തപ്പിപ്പിടിച്ചു. നോക്കുമ്പോള്‍ വീട് പൂട്ടിയിരിക്കുന്നു. ഡോര്‍ ബെല്ല് അടിച്ചിട്ടും മുട്ടിയിട്ടും തുറക്കുന്നില്ല, നോക്കുമ്പോള്‍ മുറ്റമടിച്ചിട്ട് മാസങ്ങള്‍ ആയിരിക്കുന്നു. മുറ്റം മുഴുവന്‍ പുല്ലുപിടിച്ചിരുന്നു. മാസങ്ങളായി ആള്‍താമസമില്ലെന്നു മനസ്സിലായി. അയല്‍ വക്കത്തുള്ള വീട്ടില്‍ ചോദിച്ചപ്പോള്‍ അവര്‍ക്കും നിശ്ചയമില്ല. ബാലന്‍ എന്നു പേരുള്ള വകയില്‍ ഒരു സഹോദരന്‍ അടുത്ത വീട്ടില്‍ താമസമുണ്ടെന്നും ബാലനോടു ചോദിച്ചാല്‍ അറിയാമെന്നും പറഞ്ഞതനുസരിച്ച് റ്റോംസ് അദ്ദേഹത്തെ പോയി കണ്ടു. ബാലന്‍ പറഞ്ഞ കഥ കേട്ട് റ്റോംസ് ഏറെനേരം ചിന്തിച്ചിരുന്നുപോയി.
തന്റെ ഒറ്റയ്ക്കുള്ള ജീവിതവും ഭാര്യയുടെ മരണവും ഏക മകളെ നഷ്ടപ്പെട്ടതിലുള്ള പ്രയാസവും കാരണം പിള്ളക്ക് ആരോടും മിണ്ടാട്ടമില്ലാതായി. സദാ നേരവും വീടടച്ച് വീട്ടിനകത്ത് കുത്തിയിരുപ്പായി. ഒരുതരം ഡിപ്രഷന്‍. ഒരിക്കല്‍ വീട്ടിലെ പഴയ വീഞ്ഞപ്പെട്ടി തുറന്നപ്പോള്‍ താന്‍ മകള്‍ക്കു വേണ്ടി വാങ്ങിയ പാവകളും കളിക്കോപ്പുകളും കണ്ടു. അത് വാരിക്കൂട്ടി തീയിട്ടു. തീയാളിയപ്പോള്‍ മനസ്സിനൊരു വിഭ്രാന്തി. അടുത്തു കിടന്ന കമ്പിക്കഷ്ണമെടുത്ത് നെഞ്ചത്തും വയറ്റിനും കുത്തി. കരച്ചില്‍ കേട്ട് ഓടിച്ചെന്നപ്പോഴത്തെ അവസ്ഥ കണ്ട് ബാലന്‍ അദ്ദേഹത്തെ ആശുപത്രിയില്‍ ആക്കി. ഒരാഴ്ച കൊണ്ട് മുറിവുകള്‍ കരിഞ്ഞു. ബാലന് ജോലി ഉണ്ടായിരുന്നതുകൊണ്ട് കൂടെ നില്‍ക്കാന്‍ ആകുമായിരുന്നില്ല. കൂട്ടിക്കൊണ്ടുവരാന്‍ ചെന്നപ്പോള്‍ രണ്ടു ദിവസം മുമ്പേ രോഗി പോയിരിക്കുന്നു എന്നായിരുന്നു മറുപടി ലഭിച്ചത്. എവിടെപ്പോയെന്നോ എങ്ങോട്ടു പോയെന്നോ വിവരമില്ല. കുറെയൊക്കെ അന്വേഷിച്ചിട്ടും ഒരു പിടിയും കിട്ടിയില്ല.
രണ്ടു വര്‍ഷത്തിനുശേഷം ബാലനും ഭാര്യയും കൂടി മധുരമീനാക്ഷീക്ഷേത്രം സന്ദര്‍ശിച്ചിട്ട് വരുമ്പോള്‍ ഒരു വൃക്ഷച്ചുവട്ടില്‍ താടിയും മുടിയും നീട്ടിവളര്‍ത്തിയ ഒരാള്‍ കയ്യും കെട്ടി നില്‍ക്കുന്നു. സൂക്ഷിച്ചു നോക്കുമ്പോള്‍ കെ. എസ്. പിള്ളയാണോന്നൊരു സംശയം. ആയിരിക്കാന്‍ വഴിയില്ല എന്ന് ബാലന്‍. ഭാര്യ നിര്‍ബ്ബന്ധിച്ചപ്പോള്‍ മുന്നോട്ടു നടന്നു. എങ്കിലും മുന്നോട്ട് കാലുവെയ്ക്കാന്‍ ഒരുമടി. തിരികെ വന്ന് താങ്കള്‍ കെ. എസ്. പിള്ളയാണോന്നു ചോദിച്ചിട്ടും മറുപടിയില്ല. എതിരെ ഉള്ള ഹോട്ടലില്‍ ചോദിച്ചപ്പോള്‍ വളരെക്കാലമായി അവിടെ നില്‍ക്കുന്നു. ആരാ എന്താണെന്നൊന്നും ഞങ്ങള്‍ക്കും നിശ്ചയമില്ല. വിശക്കുമ്പോള്‍ ഇവിടെ വരും. ഒരു മലയാളിയാണല്ലോന്നു വിചാരിച്ച് ഞങ്ങള്‍ ആഹാരം കൊടുക്കും എന്നവര്‍ പറഞ്ഞു. ബാലന്‍ തിരികെ ചെന്ന് കടലാസില്‍ ഒരു കുറിപ്പ് എഴുതി കൊടുത്തു. നിങ്ങളാണോ കെ. എസ്. പിള്ള എന്നയാള്‍. ആണെങ്കില്‍ എന്തിനിവിടെ നില്‍ക്കണം. അയാള്‍ പേനായ്ക്ക് കൈ നീട്ടി. മറുവശത്ത് എഴുതി കൊടുത്തു. ഉത്തരം ഒന്ന്, കെ. എസ്. പിള്ള എന്നയാള്‍ ഞാന്‍ തന്നെ. രണ്ട്, മറ്റെങ്ങും നില്‍ക്കണമെന്ന് തോന്നാത്തതുകൊണ്ട് ഇവിടെ നില്‍ക്കുന്നു. നല്ല ബുദ്ധിപൂര്‍വ്വമായ മറുപടി. ബാലന്‍ നിര്‍ബ്ബന്ധിച്ചിട്ടും കൂടെ പോകാന്‍ കൂട്ടാക്കിയില്ല. അവസാനം ഹോട്ടല്‍ ഉടമ കൂടി നിര്‍ബ്ബന്ധിച്ച് സ്റ്റേഷനില്‍ കൊണ്ടുവന്ന് തീവണ്ടി കയറ്റി നാട്ടിലേയ്ക്കയച്ചു.
ഏക സഹോദരി ആറു കിലോമീറ്റര്‍ അപ്പുറത്ത് താമസമുണ്ട്. ഇപ്പോള്‍ അവിടെയുണ്ടന്ന് ബാലന്‍ പറഞ്ഞു. റ്റോംസ് വീടു തപ്പിപ്പിടിച്ച് അവിടെ ചെന്നു. ചുറ്റും ഓലകൊണ്ട് കുത്തിച്ചായ്ച്ച ഒരു വീട്. പിള്ള കോലായില്‍ത്തന്നെ ഇരിപ്പുണ്ട്. ഞാന്‍ വന്ന കാര്യം പറഞ്ഞു. കോട്ടയത്ത് എത്താനുള്ള ടാക്‌സി ഫെയറും കൊടുത്തു. നിശ്ചിത ദിവസം തന്നെ അദ്ദേഹം വന്നു. നല്ലൊരു പ്രസംഗവും കാഴ്ചവെച്ചു. പോകാന്‍ നേരം അദ്ദേഹത്തിന്റെ കഥകള്‍ അറിഞ്ഞിരുന്ന കെ. എം. മാത്യു അയ്യായിരം രൂപയും കൊടുത്തു. (റ്റോംസിന്റെ ആത്മകഥയില്‍ നിന്ന്)
ഒരുകാലത്ത് തിരുവിതാംകൂറിലെ പത്രങ്ങളിലും ഹാസ്യ മാസികകളിലും കാര്‍ട്ടൂണുകള്‍ വരച്ച് അത്ഭുതം സ്യഷ്ടിച്ച അനുഗ്രഹീത കാര്‍ട്ടൂണിസ്റ്റായ കെ. എസ്. പിള്ള മലയാള കാര്‍ട്ടൂണിന്റെ കുലപതിയാണ്. മലയാള കാര്‍ട്ടൂണ്‍ കലയെ ജനകീയമാക്കിയ പ്രതിഭയാണ് അദ്ദേഹം. സ്വരാജ് മോട്ടോഴ്‌സ് ഉടമയും ദേശബന്ധു പത്രത്തിന്റെ ഉടമയുമായ കെ. എന്‍. ശങ്കുണ്ണിപ്പിള്ളയാണ് കെ. എസ്. പിള്ള എന്ന കാര്‍ട്ടൂണിസ്റ്റിനെ വളര്‍ത്തികൊണ്ടു വന്നതെന്നത് ചരിത്രമാണ്. കാര്‍ട്ടൂണിന് ദേശബന്ധുവില്‍ അത്രമാത്രം പ്രാധാന്യമാണ് നല്‍കിയിരുന്നത്.
അച്ചടി വിദ്യ അത്രകണ്ട് വളര്‍ച്ച പ്രാപിക്കാത്തതിനാല്‍ ബ്‌ളോക്കുണ്ടാക്കിയാണ് ചിത്രങ്ങള്‍ അച്ചടിച്ചിരുന്നത്. കമ്പോസിങ്ങിന്റെ കാലത്ത് ഒഴിഞ്ഞ ഇടങ്ങളില്‍ വേലുച്ചാര്‍ എന്ന പേരില്‍ ചെറിയ കാര്‍ട്ടൂണുകള്‍ കെ. എസ്. പിള്ളയുടേതായി ദേശബന്ധുവില്‍ പ്രസിദ്ധീകരിച്ചിരുന്നു. ലക്ഷണമൊത്ത ആദ്യ ബോക്‌സ് കാര്‍ട്ടൂണായിരുന്നു അത്. നര്‍മ്മം നന്നായി വശമുള്ള ശങ്കുണ്ണി പിള്ളയാണ് കമന്റുകള്‍ ബോക്‌സ് കാര്‍ട്ടൂണിന് നല്‍കിയിരുന്നത്. ഒരു ദിവസം തന്നെ ദേശബന്ധുവില്‍ ഒന്നിലേറെ വേലുച്ചാര്‍ എന്ന ബോക്‌സ് കാര്‍ട്ടൂണുകള്‍ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു.
കേരളത്തിന്റെ രാഷ്ട്രീയ സാംസ്‌കാരിക ചരിത്രമാണ് കെ. എസ്. പിള്ളയുടെ കാര്‍ട്ടൂണുകള്‍. അദ്ദേഹം കാര്‍ട്ടൂണ്‍ രംഗത്ത് സജീവമായിരുന്ന കാലത്ത് ഒരു പത്രത്തില്‍ തന്നെ ഒരേ ദിവസം രണ്ടും മൂന്നും കാര്‍ട്ടൂണുകള്‍ വരയ്ക്കുമായിരുന്നു. പ്രസിദ്ധീകരിക്കപ്പെടുന്ന കാര്‍ട്ടൂണുകളുടെ വലുപ്പവും പരാമര്‍ശിക്കപ്പെടേണ്ടത് തന്നെയാണ്. ഒരു പത്രത്തിന്റെ പകുതി പേജില്‍ നിറഞ്ഞ് നില്‍ക്കുന്ന എത്രയോ കാര്‍ട്ടൂണുകള്‍ കണ്ടിരിക്കുന്നു. കേരള നിയമസഭാ ലൈബ്രറിയില്‍ ദേശബന്ധു പത്രത്തിന്റെ കോപ്പികള്‍ ഉണ്ട്. പഠനാവശ്യങ്ങള്‍ക്ക് അത് റഫറന്‍സിന് ലഭ്യവുമാണ്.
ഒരേ ദിവസം അഞ്ച് പത്രങ്ങളില്‍ വ്യത്യസ്ത ആശയങ്ങള്‍ ഉള്‍ക്കൊണ്ട കാര്‍ട്ടൂണുകള്‍ വിമോചന സമര കാലത്ത് പ്രസിദ്ധീകരിച്ചിരുന്നു. അക്കാലത്ത് കെ. എസ്. പിള്ള മാത്രമായിരുന്നു കാര്‍ട്ടൂണ്‍ രംഗത്ത് സജീവമായി ഉണ്ടായിരുന്നത്. അദ്ദേഹത്തിന്റെ ഓര്‍മ്മയ്ക്കായി ശിഷ്യനും പ്രമുഖ കാര്‍ട്ടൂണിസ്റ്റുമായ സുകുമാര്‍ ഏര്‍പ്പെടുത്തിയ കെ. എസ്. പിള്ള സ്മാരക ഫ്രീലാന്‍സ് കാര്‍ട്ടൂണിസ്റ്റ് അവാര്‍ഡ് കേരള കാര്‍ട്ടൂണ്‍ അക്കാദമി മുഖേന നല്‍കുന്നുണ്ടായിരുന്നു. സുകുമാറിന്റെ മരണത്തോടെ അത് അനിശ്ചിതത്വത്തിലായി.
1978 ഏപ്രില്‍ 30ന് കെ. എസ്. പിള്ള അന്തരിച്ചു. കെ. എസ്. പിള്ളയുടെ മരണത്തോടെയാണ് കേരളത്തില്‍ കാര്‍ട്ടൂണിസ്റ്റുകളുടെ കൂട്ടായ്മയുടെ ആവശ്യം ഗൗരവത്തിലായത്. മലയാള കാര്‍ട്ടൂണിനെ ജനകീയമാക്കിയ കെ. എസ്. പിള്ളയുടെ വിയോഗം പലരും അറിഞ്ഞില്ല. സാധാരണക്കാരന്റെ മരണമായി ഈ അസാധാരണക്കാരന്റെ മരണം മാറി. അനുശോചന യോഗങ്ങളുണ്ടായില്ല. നല്ലൊരു ആദരവ് അദ്ദേഹത്തിന് മരണത്തില്‍ പോലും ലഭിച്ചില്ല. അതിനൊരു അന്ത്യം കുറിക്കണമെന്ന് അക്കാലത്തെ കുറച്ച് കാര്‍ട്ടൂണിസ്റ്റുകള്‍ തീരുമാനിച്ചു. അതിന്റെ ഫലമായി രൂപം കൊണ്ടതാണ് കേരള കാര്‍ട്ടൂണ്‍ അക്കാദമി. വേണ്ടത്ര അംഗീകാരം ലഭിക്കാതെ പോയ അനുഗ്രഹീതനായ ജനകീയ കാര്‍ട്ടൂണിസ്റ്റായിരുന്നു കെ. എസ്. പിള്ള. ആദ്യ ഭാര്യ ലീല. രണ്ടാം ഭാര്യ ക്യഷ്ണകുമാരി. രണ്ട് ആണ്‍മക്കളും ഒരു മകളും. K.S Pillai, the father of malayalam political cartoons
Content Summary: K.S Pillai, the father of malayalam political cartoons