കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ കൊണ്ടുവന്ന അച്ചടക്ക നടപടികളില്‍ പ്രതിഷേധിച്ച് എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ നടത്തിയ അനിശ്ചിതകാല രാപ്പകല്‍ സമരം കഴിഞ്ഞ ദിവസമാണ് അവസാനിച്ചത്. സിന്‍ഡിക്കേറ്റ് ഉപസമിതിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം താല്‍ക്കാലികമായി അവസാനിപ്പിച്ചത്. വിദ്യാര്‍ത്ഥികളുന്നയിച്ച ആവശ്യങ്ങള്‍ പരിഹരിക്കപ്പെട്ടതോടെയാണ് സമരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ അഴിമുഖത്തോട് പ്രതികരിച്ചു. ചില വിഷയങ്ങളിലെ സിന്‍ഡിക്കേറ്റിന്റെ ആശങ്ക വിദ്യാര്‍ത്ഥികള്‍ മനസിലാക്കുകയും അനുഭാവപൂര്‍ണമായ തീരുമാനമെടുക്കുകയുമാണുണ്ടായത്. കാലടി മുഖ്യക്യാമ്പസിനെ പൈതൃക ടൂറിസം ക്യാമ്പസാക്കി മാറ്റുന്നതിനുളള നടപടികള്‍ ഉടന്‍ ആരംഭിക്കാനും ചര്‍ച്ചയില്‍ തീരുമാനമായിട്ടുണ്ട്.
വിദ്യാര്‍ത്ഥികളുടെ പോരാട്ടവിജയമായാണ് സമരത്തെ കാണുന്നതെന്നും വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ചിരുന്ന ആവശ്യങ്ങള്‍ സിന്‍ഡിക്കേറ്റ് അംഗീകരിച്ചുവെന്നും ക്വീര്‍ ആക്ടിവിസ്റ്റും കാലടി സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ത്ഥിയുമായ ആദി അഴിമുഖത്തോട് പറഞ്ഞു.
‘കഴിഞ്ഞ ദിവസമാണ് ഞങ്ങള്‍ നടത്തിയിരുന്ന സമരം താല്‍ക്കാലികമായി അവസാനിപ്പിച്ചത്. എസ്എഫ്‌ഐയുടെയും എകെആര്‍എസ്എയുടെയും നേതൃത്വത്തില്‍ ഇന്നലെ ഒരു ബ്ലോക്ക് മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. തുടര്‍ന്ന് സിന്‍ഡിക്കേറ്റ് ഉപസമിതിയുമായി ചര്‍ച്ച നടത്തുകയും കാര്യങ്ങള്‍ പരിഗണിക്കാമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു. അതിന്റെ ഭാഗമായാണ് സമരം താല്‍ക്കാലികമായി അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. പിഎച്ച്ഡി വിദ്യാര്‍ത്ഥികളുടെ സമയ നിയന്ത്രണം പൂര്‍ണമായും എടുത്ത് മാറ്റിയിട്ടുണ്ട്. പിജി, യുജി വിദ്യാര്‍ത്ഥികളുടെ കര്‍ഫ്യൂ സര്‍ക്കാര്‍ തലത്തില്‍ വന്ന തീരുമാനമായതിനാല്‍ ഒരു സര്‍വകലാശാലയില്‍ മാത്രം മാറ്റാന്‍ കഴിയില്ലല്ലോ. അതിനാല്‍ എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റി ഒരു മൂവ്‌മെൻ്റായി ഏറ്റെടുത്ത് പോകാം എന്നാണ് അറിയിച്ചത്.
ഗവേഷക വിദ്യാര്‍ത്ഥികളുടെ പ്രശ്‌നങ്ങള്‍ സംസാരിക്കാന്‍ സിന്‍ഡിക്കേറ്റ് ഉപസമിതി ഈ മാസം 23ന് ചര്‍ച്ചയ്ക്ക് തയ്യാറാണെന്നാണ് വിവരം ലഭിച്ചത്. വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയറിയിച്ച് പ്രസ്തവനയിറക്കിയ അധ്യാപകര്‍ തുടര്‍ന്നും പരസ്യ പിന്തുണയുമായി ഒപ്പമുണ്ടായിരുന്നു. വിദ്യാര്‍ത്ഥികളുടെ പോരാട്ടവിജയം എന്ന നിലയില്‍ തന്നെയാണ് സമരത്തെ കാണുന്നത്’, ആദി അഴിമുഖത്തോട് പറഞ്ഞു.
ചര്‍ച്ചയില്‍ പരിഗണിച്ച മാറ്റങ്ങളെന്തൊക്കെയെന്ന് എസ്എഫ്‌ഐ അംഗവും വിദ്യാര്‍ത്ഥിയുമായ അദ്വൈത് അഴിമുഖത്തോട് വിശദീകരിച്ചു.
‘വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ചിരുന്ന ആവശ്യങ്ങളെല്ലാം സിന്‍ഡിക്കേറ്റ് അവസാന വട്ട ചര്‍ച്ചയില്‍ പരിഗണിച്ചിരുന്നു.ഫീസ് വര്‍ദ്ധനവായിരുന്നു പ്രധാനമായും വിദ്യാര്‍ത്ഥികള്‍ ഉയര്‍ത്തിക്കാട്ടിയ വിഷയം. 14 വര്‍ഷങ്ങളായിട്ട് വര്‍ദ്ധിപ്പിക്കാതിരുന്ന ഫീസ് ഒറ്റയടിക്ക് കൂട്ടുന്ന തരത്തിലുള്ള തീരുമാനമായിരുന്നു ആദ്യം എടുത്തിരുന്നത്. ആറ് പേര്‍ ഷെയര്‍ ചെയ്തിരുന്ന മുറിക്ക് 75 രൂപയായിരുന്നത് 150 രൂപയാക്കിയിരുന്നു. നിലവില്‍ അത് 125 രൂപയാക്കി കുറച്ചിട്ടുണ്ട്. ഗവേഷക വിദ്യാര്‍ത്ഥികള്‍ക്ക് മൂന്നാം വര്‍ഷത്തില്‍ സിംഗിള്‍ റൂം ലഭിക്കും. അവയ്ക്ക് 250 രൂപയായിരുന്നു വാങ്ങിയിരുന്നത്. അത് 500 രൂപയാക്കി ഉയര്‍ത്തിയതായാണ് ഉത്തരവ് വന്നത്. അതില്‍ മുന്‍പ് വാങ്ങിയിരുന്ന വാടക തന്നെ ഈടാക്കുമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്. അത്തരത്തില്‍ ഫീസ് ഇളവുകള്‍ സിന്‍ഡിക്കേറ്റ് അംഗീകരിച്ചിട്ടുണ്ട്. ഗ്രേസ് മാര്‍ക്കിന്റെ കാര്യത്തിലും കൃത്യമായ തീരുമാനം കൈക്കൊള്ളുമെന്നും മറ്റ് സര്‍വകലാശാലകളില്‍ നിന്നും ഒരു മാര്‍ക്കെങ്കിലും അധികമാക്കി നല്‍കാമെന്നാണ് അറിയിച്ചിരിക്കുന്നത്.
24 മണിക്കൂര്‍ പ്രവര്‍ത്തിക്കേണ്ട ലൈബ്രറി 11 മണിക്ക് ശേഷം ഉപയോഗിക്കാന്‍ പാടില്ലായെന്ന ഉത്തരവ് പിന്‍വലിച്ചിട്ടുണ്ട്. ഹോസ്റ്റലുകളുടെ സമയക്രമം നിലവില്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുള്ള മാര്‍ഗരേഖപ്രകാരം മുന്നോട്ട് പോകാന്‍ തീരുമാനമായിട്ടുണ്ട്. 9.30 എന്നാണ് വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ നിയമപ്രകാരമുള്ള കര്‍ഫ്യൂ. അതേസമയം, യുജി വിദ്യാര്‍ത്ഥികള്‍ക്ക് 7.30 വരെയാണ് കര്‍ഫ്യൂ. എന്നാല്‍ അറ്റന്‍ഡന്‍സ് രജിസ്റ്ററില്‍ രേഖപ്പെടുത്തിയ ശേഷം അവര്‍ക്ക് ആവശ്യമുള്ളപ്പോള്‍ 9.30 പുറത്തുപോകാം.
ബിഎഫ്എ(ഫൈന്‍ ആര്‍ട്‌സ്)ലെയും ഭരതനാട്യം പോലുള്ള കോഴ്‌സുകള്‍ ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അനുവാദത്തോട് കൂടി കൃത്യമായി പുറത്തിറങ്ങാനും പ്രാക്ടീസ് ചെയ്യാനും കഴിയും. അവരുടെ ഡിപ്പാര്‍ട്ട്‌മെന്റ് വരാന്തകളാണ് അക്കാദമിക് സ്‌പേസുകളായി കുട്ടികള്‍ ഉപയോഗിക്കുന്നത്. അവയെ ഒരിക്കലും മാറ്റിസ്ഥാപിക്കാന്‍ കഴിയുകയില്ല.
മറ്റൊന്ന് ആണ്‍കുട്ടികളുടെ ഹോസ്റ്റലുകളില്‍ സ്ഥിരമായി വാര്‍ഡന്‍ ഇല്ലാത്തതിനാല്‍ വിദ്യാര്‍ത്ഥികളെ 5.30ക്ക് ശേഷം പൂട്ടിയിടുന്ന രീതിയുണ്ടായിരുന്നു. ഇനിമുതല്‍ അത് നടക്കില്ലായെന്ന് വിദ്യാര്‍ത്ഥികള്‍ അറിയിക്കുകയും സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ അത് അംഗീകരിക്കുകയും ചെയ്തിരുന്നു’, അദ്വൈത് അഴിമുഖത്തോട് പറഞ്ഞു.
കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയില്‍ അനുഭാവപൂര്‍ണമായാണ് കുട്ടികള്‍ പ്രതികരിച്ചതെന്നും സര്‍വകലാശാലയില്‍ നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ആലോചിക്കുന്നുണ്ടെന്നും സിന്‍ഡിക്കേറ്റ് അംഗം അഡ്വക്കേറ്റ് കെ. എസ് അരുണ്‍കുമാര്‍ അഴിമുഖത്തോട് പ്രതികരിച്ചു. ‘സര്‍വകലാശാല പുറത്തിറക്കിയ സര്‍ക്കുലറില്‍ പറഞ്ഞിരുന്ന അച്ചടക്ക നടപടികളിലും വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ച ഫീസ് വര്‍ദ്ധനവിലും ഇളവുകള്‍ വരുത്തിയിട്ടുണ്ട്. ലഹരി വിമുക്തമാക്കാനുള്ള ശ്രമങ്ങള്‍ തുടരാന്‍ തന്നെയാണ് സര്‍വകലാശാലയുടെ തീരുമാനം. പുറത്ത് നിന്നുള്ള ആരെയും അനുമതി കൂടാതെ ക്യാമ്പസിനുള്ളില്‍ പ്രവേശിപ്പിക്കില്ല. ഐഡി കാര്‍ഡ് ഇല്ലാത്തവര്‍ എന്ത് ആവശ്യത്തിനാണ് എത്തിയതെന്ന് എഴുതിവെച്ചിട്ട് വേണം പ്രവേശിക്കേണ്ടത്. ചര്‍ച്ചയില്‍ വിദ്യാര്‍ത്ഥികള്‍ മുന്നോട്ട് വെച്ച ആവശ്യം ഞങ്ങള്‍ പരിഗണിക്കുകയും ഞങ്ങളുടെ ആശങ്ക അവരും മനസിലാക്കിയിട്ടുണ്ട്. ലഹരിക്കെതിരായുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനുള്ള തീരുമാനത്തില്‍ വിദ്യാര്‍ത്ഥികളെല്ലാം ഒപ്പമുണ്ടാകുമെന്നും അറിയിച്ചിട്ടുണ്ട്. വളരെ അനുഭാവപൂര്‍ണമായാണ് കുട്ടികള്‍ ഇതിനോട് പ്രതികരിച്ചത്.
നിരവധി വികസന പ്രവര്‍ത്തനങ്ങളും കാലടി സര്‍വകലാശാലയില്‍ നടത്താനുദ്ദേശിക്കുന്നുണ്ട്. ആദി ശങ്കരാചാര്യരുടെ ജന്മനാട് കൂടിയാണല്ലോ കാലടി. അതിന്റെ ഭാഗമായി പൈതൃക ടൂറിസം എന്ന നിലയില്‍ പദ്ധതി ആവിഷ്‌കരിക്കാനാണ് ആലോചിക്കുന്നത്. ക്യാമ്പസിലെ പെയിന്റിങ്ങ്, ഭരതനാട്യം, തീയറ്റര്‍ തുടങ്ങിയവ മികച്ച രീതിയില്‍ കൊണ്ടുവരും. തുടര്‍ന്ന് വിനോദസഞ്ചാരികള്‍ക്കായി ക്യാമ്പസ് തുറത്തുകൊടുക്കും. ഭാഷാപഠനത്തിനെത്തുന്ന കുട്ടികളെ വിദഗ്ധരാക്കാന്‍ വേണ്ടി മൂന്ന് വിഷയങ്ങളില്‍ നൈപുണ്യവികസ കോഴ്‌സുകള്‍ ഉള്‍പ്പെടുത്താനും ആലോചിക്കുന്നുണ്ട്’, അഡ്വക്കേറ്റ് കെ. എസ് അരുണ്‍കുമാര്‍ അഴിമുഖത്തോട് പ്രതികരിച്ചു.
ലഹരി ഉപയോഗം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി 9.30ക്ക് ശേഷം വിദ്യാര്‍ത്ഥികള്‍ക്ക് ഹോസ്റ്റലുകളില്‍ പ്രവേശനമുണ്ടാകില്ലെന്ന തരത്തിലുള്ള നിരവധി ഭരണപരിഷ്‌കാരങ്ങള്‍ ഉള്‍പ്പെടുത്തി ജൂണ്‍ അവസാനം സര്‍വകലാശാല ഒരു സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ സമരം സംഘടിപ്പിച്ചത്.
Content Summary: kalady university curfew circular; made amendments to its disciplinary rules
This post was last modified on July 19, 2025 4:07 pm
Leave a Comment