UPDATES

അത് മരണമില്ലാത്തവന്റെ കഥയാണ്, കല്‍ക്കിയുടെതല്ല, യാഷ്‌കിനും കലി മൂര്‍ത്തിയും ഒന്നോ? ഗാണ്ഡീവത്തിന്റെ നിഗുഢത എന്ത്?

സുപ്രീം പവര്‍ എന്ന കലി

                       

നീ ശിശുഹത്യ ചെയ്തവനും ദുഷ്ടനുമാണെന്നു ലോകത്തിന് വെളിപ്പെട്ടിരിക്കുന്നു. അവര്‍ നിന്നെ ഇനിയുള്ള കാലം പാപിയെന്നു വിളിക്കും. നിനക്ക് ഇനി പൊതുസമൂഹത്തില്‍ ഇരിപ്പിടം കിട്ടുകയില്ല. നിന്റെ ശരീരത്തില്‍ സകല രോഗവ്യാധികളും പടര്‍ന്ന് പിടിക്കും. അശരണനായി നീ മൂവായിരത്താണ്ട് കൊല്ലം ഭൂമിയില്‍ അലഞ്ഞു തിരിയും. നിന്നാല്‍ വധിക്കപ്പെട്ട ഗര്‍ഭസ്ഥ ശിശുവിനെ ഞാന്‍ ജീവിപ്പിക്കും. നീ നോക്കി നില്‍ക്കെ അവന്‍ ലോകം ഭരിക്കും’-മഹാഭാരതയുദ്ധത്തിന്റെ അവസാനം ശ്രീകൃഷ്ണന്‍ നല്‍കിയ ശാപം.

മരണമില്ലാത്തവന്‍ (ഹിന്ദു മിത്തോളജി പ്രകാരം എഴ് ചിരഞ്ജീവികളില്‍ ഒരുവന്‍). നെറ്റിയില്‍ ശിവന്റെ മൂന്നാം തൃക്കണ്ണ് പോലെ ജ്വലിക്കുന്ന മണിരത്‌നവുമായി ദ്രോണാചാര്യ പുത്രനായി ജനിച്ചവന്‍- അശ്വത്ഥാമാവ്, അദ്ദേഹത്തിനാണ് ആ ശാപം ലഭിക്കുന്നത്. കല്‍ക്കി സിനിമയുടെ ഒന്നാം ഭാഗം അദ്ദേഹത്തിന്റെ കഥയാണ്. അശ്വത്ഥാമാവ് ചിരഞ്ജീവിയായി കഴിയുന്നതിന്റെ കാരണമായ ആ ശാപത്തില്‍ നിന്നാണ് കല്‍ക്കി സിനിമയുടെ ആരംഭം. കല്‍ക്കി സിനിമ കാണും മുന്‍പ് എറ്റവും കുറഞ്ഞതായി ഒരാള്‍ അറിഞ്ഞിരിക്കേണ്ടത് അശ്വത്ഥാമാവിന്റെ കഥയാണ്.

amitabh-kalki-

മൂവായിരം വര്‍ഷത്തിലധികമായി ജരാനരകള്‍ ബാധിച്ച്, കാലപ്രയാണം നടത്തുകയാണ് അയാള്‍. ആ ജരാനര ജീവിതയാത്രയുടെ തുടക്കം, അതായത് മഹാഭാരതയുദ്ധ കാലത്തിന്റെ ഫ്‌ലാഷ് ബാക്കിലൂടെയാണ് സിനിമ ആരംഭിക്കുന്നത്. മഹാഭാരതയുദ്ധത്തില്‍ ജയിക്കുന്ന പാണ്ഡവര്‍ക്കുള്ള ഒരേയൊരു ആശ്വാസം ഏക അനന്തരാവകാശിയും അര്‍ജുന പത്‌നിയായ ഉത്തരയുടെ ഗര്‍ഭത്തില്‍ വളരുന്ന പരിഷിത്താണ്. ആ ഗര്‍ഭസ്ഥ ശിശുവിനെ തന്റെ അസ്ത്രത്താല്‍ അശ്വത്ഥാമാവ് വധിക്കുന്നു. പാണ്ഡവരുടെ ഏക രാജ്യാവകാശിയുടെ ഹത്യ. ആ കൊടുംക്രൂരത അദ്ദേഹത്തെ കൊണ്ട് ചെയ്യിപ്പിച്ചത് പാണ്ഡവരുടെ ഉന്മൂല നാശം എന്ന ഉറപ്പ് മരണകിടക്കയിലായിരുന്ന ഉറ്റമിത്രം ദുര്യോധന് നല്‍കിയിരുന്നു എന്നതാണ്. പ്രവചാനാതീതമായ ഒരു മാനസികാവസ്ഥയും അദ്ദേഹത്തിന് ഉണ്ടായിരിക്കണം. കാരണം യുദ്ധം അവസാനിക്കുമ്പോള്‍ അയാളുടെ കണ്‍മുന്നിലുള്ളത് ശവങ്ങളുടെ മൈതാനിയാണ.് സ്വന്തം പിതാവായ ദ്രോണരും ഉറ്റ സുഹൃത്തായ ദുര്യോധനനും കൗരവ സഹോദരങ്ങളും…അങ്ങനെ പ്രിയപ്പെട്ടതായിരുന്ന എല്ലാം പാണ്ഡവരുടെ ആയുധ പ്രയോഗത്താല്‍ നഷ്ടമായവന്റെ മനോവികാരത്തിന് അടിമപ്പെട്ടവനായിരുന്നു അന്ന് അദ്ദേഹം.

ആ ക്രോധത്താല്‍ ധര്‍മ യുദ്ധത്തില്‍ നിന്ന് വഴുതിമാറി യുദ്ധ നിയമങ്ങള്‍ കാറ്റിപറത്തിയുള്ള പ്രകടനമായിരുന്നു അയാള്‍ നടത്തിയത്. ഒടുവില്‍ മഹാവിഷ്ണുവിന്റെ ഒന്‍പതാമത്തെ അവതാരമായ ശ്രീകൃഷ്ണന്‍ ശാപവാക്കുകളിലൂടെ അയാളുടെ ഭാവി തീരുമാനിക്കപ്പെടുന്നു,

കൃഷ്ണന്‍ ജന്മനാല്‍ ലഭിച്ച ആ മണിരത്നം ചൂഴ്ന്ന് എടുക്കുന്നു, മരണമില്ലാതെ അലയാന്‍ വിടുന്നു. അയാള്‍ ചിരഞ്ജീവിയാവുന്നു.

KALKKI

ചിത്രത്തില്‍ അശ്വത്ഥാമാവിന്റെ വേഷത്തിലെത്തുന്നത് അമിതാഭ് ബച്ചനാണ്. പോസ്റ്ററുകളിലും ടീസറിലും പുറത്തിറങ്ങിയ വ്രണങ്ങളും മുറിവുകളും നിറഞ്ഞ മുഖവും പൂര്‍ണമായും ശരീരം മൂടിയ വസ്ത്രവുമായി, ഒറ്റപ്പെട്ട ജീവിതം നയിക്കുന്ന വ്യക്തിയായി അമിതാഭ് പ്രത്യക്ഷപ്പെട്ടതിന്റെ കാരണവും മേല്‍ പറഞ്ഞതാണ്. പിന്നാലെ ഗാന്ധാരി ശാപത്താല്‍ കൃഷ്ണനും ജീവന്‍ വെടിഞ്ഞു. കലിയുഗവും അവസാനിച്ചു. ഇനി വരാനുള്ളത് വിഷ്ണു ഭഗവാന്റെ പത്താം അവതാരമായ കല്‍ക്കിയാണ്. അതിലാണ് അശ്വത്ഥാമാവിന്റെ ശാപമോക്ഷം ഇരിക്കുന്നത്. കല്‍ക്കിയ്ക്ക് ജന്മം നല്‍കുന്ന അമ്മയുടെ സംരക്ഷകനെന്ന ഉത്തരവാദിത്വമാണ് അശ്വത്ഥാമാവിനുള്ളതാണ്. ആ വേഷമാണ് സിനിമയില്‍ അമിതാഭ് തകര്‍ത്താടിയത്.

ഗാണ്ഡീവത്തിന്റെ രഹസ്യം

പുരാണങ്ങളില്‍ പറയുന്നത് മഹാവിഷ്ണു ശംഭാലയെന്ന ഗ്രാമത്തില്‍ കല്‍ക്കിയായി അവതാരപിറവി കൊള്ളുമെന്നാണ്. ആ യുഗത്തിന്റെ തുടക്കമാണ് ചിത്രത്തില്‍ കാണിക്കുന്നത്. ഗര്‍ഭസ്ഥ ശിശുവായാണ് കല്‍ക്കി എന്ന കഥാപാത്രം സിനിമയിലുള്ളത്. കല്‍ക്കിയുഗത്തിലെത്തുമ്പോള്‍ അത്യാധുനിക ടെക്നോളജിയാണ് പ്രപഞ്ചത്തിലുള്ളത്. കല്‍ക്കിയുടെ ജന്മ രഹസ്യമറിയുന്ന സുപ്രീം പവറാണ് പ്രപഞ്ചം ഭരിക്കുന്നത്. അയാളുടെ ലക്ഷ്യം കല്‍ക്കിയെ ഗര്‍ഭാസ്ഥ ശിശുവായിരിക്കെ തന്നെ ലഭിക്കുക എന്നതാണ്.

ആ ഗര്‍ഭസ്ഥ ശിശുവിന്റെ ശക്തി മോഷ്ടിക്കണം. പക്ഷെ സുപ്രീം പവറിന് ലഭിക്കുന്നത് ആ ശിശുവിന്‍ നിന്നുള്ള ഒരുതുള്ളി സിറം മാത്രമാണ്. ആ സിറം അയാള്‍ക്ക് ശക്തി നല്‍കുന്നു. ആ ശക്തിയാലാണ് ചിത്രത്തിന്റെ കഥാഗതി നിര്‍ണയിക്കുന്ന ഗാണ്ഡീവം അയാള്‍ക്ക് പ്രാപ്യമാവുന്നത്. കല്‍ക്കി എന്ന അവതാരത്തിന്റെ അതിശക്തിയെയാണ് ഒരു തുള്ളി സിറത്തിലൂടെ സുപ്രിം പവര്‍ സൂപ്പര്‍ശക്തിയാവുന്നതിലൂടെ ചിത്രം പറഞ്ഞ് വയ്ക്കുന്നത്.

അശ്വത്ഥാമാവ് ഊന്നുവടിയായി കൊണ്ട് നടക്കുന്നത് ഉറ്റമിത്രവും കൗരവ പടയുടെ നായകനുമായിരുന്ന കര്‍ണന്റെ വടിയാണ്.

ഭൈരവന്‍ എന്ന പേരില്‍ പ്രഭാസ് അവതരിപ്പിക്കുന്ന കഥാപാത്രമാണ് കര്‍ണനെന്ന് മഹാഭാരത കഥയെ അറിയുന്നവര്‍ക്ക് മാത്രമാണ് തിരിച്ചറിയാന്‍ സാധിക്കു. വീണ്ടും ഗാണ്ഡീവത്തിലേക്ക് വന്നാല്‍, ആ ധനുസ് ഉപയോഗിച്ചിട്ടുള്ളതും കൈയ്യില്‍ വച്ചിട്ടുള്ളതുമായ വ്യക്തികള്‍ കുറവാണ്.ബ്രഹ്മാവ് സൃഷ്ടിച്ച മഹാശക്തിയുള്ള വില്ല് അതിന്റെ പേരാണ് ഗാണ്ഡീവം. ബ്രഹ്മദേവന്‍ അത് പ്രജാപതിക്കും പ്രജാപതിയില്‍ നിന്നും ഇന്ദ്രനും, ഇന്ദ്രനില്‍ നിന്നും ചന്ദ്രനും ചന്ദ്രനില്‍ നിന്നും വരുണനും ലഭിച്ച ശക്തിയാണത്. കലിയുഗത്തില്‍ ഖാണ്ഡവ വന ദാഹസമയത്ത് അഗ്നിദേവന്റെ നിര്‍ദ്ദേശപ്രകാരം വരുണന്‍ പാണ്ഡവ വില്ലാളിയായ അര്‍ജ്ജുനന് വില്ല് നല്‍കുന്നു. കലിയുഗത്തിന്റെ അവസാനം അര്‍ജ്ജുനന്‍ വരുണന് ആ വില്ല് തിരികെ നല്‍കുകയാണ്. പിന്നാലെ പൂര്‍ണമായും നശിക്കുകയാണ് ഭൂമി. വരണ്ടുണങ്ങിയ ഗംഗാനദിയുടെ ഭാഗങ്ങളിലൂടെ സഞ്ചരിക്കുമ്പോള്‍ ചിത്രം ഇക്കാര്യം പറയുന്നുണ്ട്. വരണ്ട് കരയായി മാറിയ സ്ഥലത്ത് നിന്ന് ഗാണ്ഡീവം സുപ്രിം പവറിന് ലഭിക്കുന്നതിന്റെ കാരണവും ഇതാണ്.

സുപ്രീം പവര്‍ എന്ന കലി

ചിത്രത്തിലെ സുപ്രീം പവര്‍ അഥവാ വില്ലന്‍ വേഷത്തില്‍ എത്തുന്നത് കമല്‍ഹാസനാണ്. യാസ്‌കിന്‍ എന്ന പേരിലാണ് സുപ്രീം പവര്‍ അറിയപ്പെടുന്നത്. വായുപുരാണം ആസ്പദമാക്കി പറഞ്ഞാല്‍ കലിയുഗം അവസാനിച്ച് കല്‍ക്കി യുഗം ആരംഭിക്കും വരെ പ്രപഞ്ചത്തിന്റെ മൂര്‍ത്തി കലിയാണ്. വരുണ ദേവന്റെ മകനാണ് കലി എന്ന് പുരാണങ്ങള്‍ പറയുന്നു.ജലത്തിന്റെ മുകളില്‍ വസിക്കുന്ന വ്യക്തിയായി കമല്‍ഹാസനെ കാണിക്കുന്നത് വരുണ പുത്രനെന്ന് പറഞ്ഞുവയ്ക്കാനാണെന്ന് വേണം കരുതാന്‍.

-Kamal-Haasan

ഗാണ്ഡീവം അര്‍ജുനന്‍ തിരികെ ഏല്‍പ്പിക്കുന്നതും സമുദ്രദേവനായ വരുണനെയാണ്. കല്‍ക്കി തനിക്കുള്ള വെല്ലുവിളയാണെന്ന് കലി നേരത്തെ തിരിച്ചറിയുന്നുണ്ട്. കൃഷ്ണാവതാര കാലത്ത് കംസന്‍ കൃഷ്ണന്‍ ജന്‍മമെടുക്കാതിരിക്കാന്‍ ശ്രമിക്കുമ്പോള്‍ കലി, കല്‍ക്കിയുടെ ശക്തികള്‍ സ്വന്തമാക്കാനുള്ള ശ്രമമാണ് നടത്തുന്നത്. സമുദ്ര ദേവന്റെ പുത്രനായ കലിയ്ക്ക് തടയിടാന്‍ സൂര്യ പുത്രനായ കര്‍ണന്‍ വേണ്ടി വരാം. കര്‍ണന്റെ കല്‍ക്കി യുഗ പിറവിയാണ് പ്രഭാസ് വേഷമിടുന്ന ഭൈരവന്‍ കഥാപാത്രം.

കല്‍ക്കി രണ്ടാം ഭാഗം: കലിയും ഭൈരവനും തമ്മിലുള്ള യുദ്ധ സാധ്യത കൂടി തുറന്നിട്ടാണ് ചിത്രം അവസാനിക്കുന്നതും.

ദീപികയാണ് ചിത്രത്തിലെ നായിക, പക്ഷെ ശോഭന, അന്നാ ബെന്‍ തുടങ്ങിയ സ്ത്രീതാരങ്ങളും മികച്ച വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ മിത്തോളജി ഇഷ്ടപ്പെടുന്ന ഒരാള്‍ക്ക് അതിഗംഭീര ചിത്രമായിരിക്കും കല്‍ക്കി.

 

English Summary: Kalki 2898 AD character guide – Who is Kamal Haasan’s Supreme Yaskin?

Share on

മറ്റുവാര്‍ത്തകള്‍