നിങ്ങളുടെ അമ്മയെ കുറിച്ചാണ് പറഞ്ഞതെങ്കില്‍ എന്തു ചെയ്യും എന്നാണ് ദദ്‌ലാനി ചോദിക്കുന്നത്
മാണ്ഡിയില്‍ നിന്നുള്ള ബിജെപി എംപിയും ബോളിവുഡ് താരവുമായ കങ്കണ റണാവത്തിന്റൈ മുഖത്തടിച്ച സിഐഎസ്എഫ് വനിത കോണ്‍സ്റ്റബിളിന് ജോലി വാഗ്ദാനം നല്‍കി ബോളിവുഡ് ഗായകനും സംഗീത സംവിധായകനുമായ വിശാല്‍ ദദ്‌ലാനി. കോണ്‍സ്റ്റബിള്‍ കുല്‍വിന്ദര്‍ കൗറിനെ പിന്തുണച്ചുള്ള ദദ്‌ലാനിയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറി ഇപ്പോള്‍ വൈറാണ്. kangana ranaut slapped controversy cisf women constable-job offered by music director vishal dadlani
ബിജെപി യോഗത്തില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയിലേക്ക് പോകാന്‍ ചണ്ഡീഗഡ് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയപ്പോഴായിരുന്നു കങ്കണയെ ഡ്യൂട്ടിയിലുണ്ടായിരുന്ന കുല്‍വിന്ദര്‍ തല്ലിയത്. കര്‍ഷക സമരത്തില്‍ പങ്കെടുത്ത സ്ത്രീകളെ അപമാനിച്ച് കങ്കണ നേരത്തെ പരാമര്‍ശം നടത്തിയിരുന്നു. തന്റെ അമ്മയും കര്‍ഷക സമരത്തില്‍ പങ്കെടുത്തയാളാണെന്ന് പറഞ്ഞായിരുന്നു കൗര്‍ എംപിയുടെ മുഖത്തടിച്ചത്. ഇവരെ ജോലിയില്‍ നിന്ന് സസ്‌പെന്ഡ് ചെയ്തിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് വനിത കോണ്‍സ്റ്റബിളിനെ പിന്തുണച്ച് ബോളിവുഡ് സംഗീതജ്ഞന്‍ രംഗത്തു വന്നിരിക്കുന്നത്.
‘ ഞാനൊരിക്കലും അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നവനല്ല, പക്ഷേ, വനിത ഉദ്യോഗസ്ഥയുടെ പ്രതിഷേധം എനിക്ക് മനസിലാക്കാന്‍ സാധിക്കും. ഏതെങ്കിലും തരത്തിലുള്ള നടപടി സിഐഎസ്എഫിന്റെ ഭാഗത്ത് നിന്നും അവര്‍ക്ക് നേരിടേണ്ടി വരികയാണെങ്കില്‍, അവര്‍ സ്വീകരിക്കാന്‍ തയ്യാറായാല്‍ ഒരു ജോലി അവര്‍ക്കായി കാത്തിരിപ്പുണ്ടെന്ന കാര്യം ഞാന്‍ ഉറപ്പാക്കും, ജയ് ജവാന്‍, ജയ് കിസാന്‍’ ദദ്‌ലാനി ഇന്‍സ്റ്റയില്‍ പറയുന്നു.
കുല്‍വിന്ദര്‍ കൗറിന്റെ സസ്‌പെന്‍ഷനെ പിന്തുണച്ച് എത്തുവന്നരോടുള്ള ചോദ്യമായി ദദ്‌ലാനി മറ്റൊരു പോസ്റ്റും ഇന്‍സ്റ്റയില്‍ ഇട്ടിട്ടുണ്ട്. ‘ നിങ്ങളുടെ അമ്മയെയാണ് നൂറു രൂപയ്ക്ക് കിട്ടുന്നതെന്ന് അവര്‍(കങ്കണ) പറഞ്ഞാല്‍ നിങ്ങള്‍ എന്തു ചെയ്യും? എന്നാണ് ദദ്‌ലാനി ചോദിക്കുന്നത്. ഈ പോസ്റ്റിലും, കൗറിനെ ജോലിയില്‍ നിന്നു നീക്കം ചെയ്യുകയോ മറ്റോ ചെയ്താല്‍ താനവര്‍ക്ക് ജോലി സുരക്ഷിതത്വം നല്‍കുമെന്ന വിശാല്‍ ദദ്‌ലാനി ആവര്‍ത്തിച്ചിട്ടുണ്ട്.
കുല്‍വിന്ദര്‍ കൗറിനെതിരേ കങ്കണ സിഐഎസ്എഫിന് പരാതി നല്‍കിയതിനു പിന്നാലെ കോണ്‍സ്റ്റബിളിനെ കസ്റ്റഡിയില്‍ എടുത്തു. ഇവരെ ജോലിയില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
നൂറ് രൂപ കൊടുത്ത് തെരുവില്‍ നിന്നും കൊണ്ടു വന്ന സ്ത്രീകളാണ് കര്‍ഷക സമരത്തില്‍ പങ്കെടുക്കുന്നതെന്നായിരുന്നു കങ്കണയുടെ ആക്ഷേപം. കര്‍ഷക സ്ത്രീകളെ അപമാനിച്ചതിന് തന്നെയാണ് താന്‍ അവരെ തല്ലിയതെന്ന് കൗര്‍ ചോദ്യം ചെയ്യലില്‍ വ്യക്തമായി പറയുകയും ചെയ്തിരുന്നു. കൗര്‍-കങ്കണ സംഭവം വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. നിരവധി പേരാണ് കൗറിനെ പിന്തുണച്ച് സോഷ്യല്‍ മീഡിയയില്‍ അടക്കം മുന്നോട്ടു വരുന്നത്. ഇത്തവണത്തെ പൊതു തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വലിയ തിരിച്ചടിയാണ് കര്‍ഷ സമരത്തിന്റെ ഭാഗമായ സംസ്ഥാനങ്ങളില്‍ നിന്നും കിട്ടിയത്. ലോക്‌സഭയില്‍ ഒറ്റയ്ക്ക് ഭൂരിപക്ഷം നേടുന്നതില്‍ നിന്നും ബിജെപിയെ തടഞ്ഞ ഘടകങ്ങളില്‍ ഒന്ന് കര്‍ഷക പ്രക്ഷോഭങ്ങളാണ്. രണ്ടാം മോദി സര്‍ക്കാരിന്റെ കാലത്ത് രണ്ട് തവണയാണ് പഞ്ചാബ്-ഹരിയാന മേഖലകളില്‍ നിന്നും കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് പ്രതിഷേധവുമായി എത്തിയത്. ഇതിന്റെ ഭാഗമായി നിരവധി അക്രമ സംഭവങ്ങള്‍ ഉണ്ടാവുകയും പല കര്‍ഷകര്‍ക്കും ജീവന്‍ നഷ്ടമാവുകയും ചെയ്തിരുന്നു. ഇതിനുള്ള തിരിച്ചടിയാണ് തെരഞ്ഞെടുപ്പില്‍ ഉണ്ടായത്.
അതേസമയം, തനിക്കു നേരെയുണ്ടായ അക്രമത്തില്‍ നിശബ്ദ പാലിക്കുകയാണെന്നാരോപിച്ച് ബോളിവുഡ് സിനിമാ ലോകത്തിനെതിരേ കങ്കണ രോഷം പ്രകടിപ്പിച്ചിട്ടുണ്ട്. വര്‍ഗീയ ചുവയോടു കൂടിയ ആക്ഷേപങ്ങളാണ് കങ്കണ നടത്തിയിരിക്കുന്നത്. ‘ എല്ലാ കണ്ണുകളും റാഫ ഗ്യാങ്ങിനുമേലായിരിക്കുമ്പോള്‍ ഇതൊക്കെ നിങ്ങള്‍ക്കോ നിങ്ങളുടെ കുട്ടികള്‍ക്കോ നേരേയും സംഭവിക്കാം’. ആര്‍ക്കോ എതിരേ നടക്കുന്ന തീവ്രവാദി ആക്രമങ്ങള്‍ നിങ്ങള്‍ ആഘോഷിക്കുന്നു, തിരിച്ച് നിങ്ങള്‍ക്കും അങ്ങനെ സംഭവിക്കുന്നൊരു ദിവസത്തിനു വേണ്ടേി തയ്യാറെടുക്കൂ’ എന്നായിരുന്നു കങ്കണയുടെ പരിഹാസം.
ഹിമാചല്‍ പ്രദേശിലെ മാണ്ഡി മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസിന്റെ വിക്രമാദിത്യ സിംഗിനെ 74,000 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് കങ്കണ ആദ്യമായി ലോക്‌സഭയില്‍ എത്തുന്നത്.
Content Summary; kangana ranaut slapped controversy cisf women constable-job offered by music director vishal dadlani