മാരക അസുഖങ്ങളോടെ വലയുന്ന രോഗികള്‍ക്ക് മരിക്കാനുള്ള അവകാശം നല്‍കുന്ന ദയാവധം നടപ്പിലാക്കി കര്‍ണാടക സര്‍ക്കാര്‍. രോഗമുക്തിയില്ലാതെ കിടപ്പിലായവര്‍ക്കും അബോധാവസ്ഥയിലുള്ള വ്യക്തികള്‍ക്കുമാണ് ദയാവധം അനുവദിക്കുക. ഭാവിയില്‍ ഇത്തരം സാഹചര്യം ഉണ്ടാകുമെന്നതിനാല്‍ മുന്‍കൂട്ടിയും ദയാവധത്തിന് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കിവയ്ക്കാനും കര്‍ണാടക സര്‍ക്കാരിന്റെ പുതിയ ഉത്തരവ് സാധ്യമാക്കുന്നു.
ദയാവധത്തിന് അനുമതി നല്‍കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ രണ്ട് ഡോക്ടര്‍മാരടങ്ങുന്ന രണ്ട് കമ്മറ്റികള്‍ രൂപീകരിക്കണമെന്നും ഉത്തരവില്‍ പറയുന്നു. ദയാവധത്തിനുള്ള സുപ്രീം കോടതി നിര്‍ദ്ദേശം നടപ്പിലാക്കിയാല്‍ ഇതൊരു ചരിത്രപരമായ നിമിഷമായിരിക്കുമെന്ന് സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി ദിനേശ് ഗുണ്ടു റാവു പറഞ്ഞു. ഒരു രോഗിയ്ക്ക് ഭാവിയില്‍ തങ്ങള്‍ക്ക് ലഭ്യമാകേണ്ടുന്ന ചികിത്സകളെ സംബന്ധിച്ച ആഗ്രഹങ്ങളെക്കുറിച്ച് രേഖപ്പെടുത്താന്‍ കഴിയുന്ന അഡ്വാന്‍സ് മെഡിക്കല്‍ ഡയറക്റ്റീവ് എന്ന സംവിധാനവും നിലവില്‍ കൊണ്ടുവരുമെന്ന് ദിനേശ് ഗുണ്ടു റാവു പറഞ്ഞു. ഈ സുപ്രധാന നടപടി നിരവധി കുടുംബങ്ങള്‍ക്ക് ആശ്വാസമായേക്കുമെന്ന് മന്ത്രി കൂട്ടിചേര്‍ത്തു.
ചികിത്സിച്ച് ഭേദമാക്കാനാവാതെ ഗുരുതരാവസ്ഥയില്‍ കഴിയുന്ന രോഗികള്‍ക്ക് അവരുടെയോ ഏറ്റവുമടുത്ത ബന്ധുക്കളുടെയോ അനുമതിയോടെയുള്ള ദയാവധം അനുവദിക്കുന്നതില്‍ ഡോക്ടര്‍മാര്‍ക്ക് ഉചിതതീരുമാനമെടുക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിടുന്നത് 2024 സെപ്തംബറില്‍ ആയിരുന്നു.
ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ കരട് പെരുമാറ്റച്ചട്ടങ്ങളിലാണ് ഈ വ്യവസ്ഥ പരാമര്‍ശിച്ചിരുന്നത്. ജീവിതത്തിലേക്ക് ഇനിയൊരിക്കലും തിരിച്ചുവരാത്ത വിധം സമീപഭാവിയില്‍ മരണമുറപ്പായ രോഗാവസ്ഥയെയാണ് മാറാരോഗമായി കരടുരേഖയില്‍ നിര്‍വചിച്ചിരുന്നത്. 72 മണിക്കൂര്‍ നിരീക്ഷണത്തിനു ശേഷവും പുരോഗതി കാണിക്കാത്ത വിധത്തിലുള്ള മസ്തിഷ്‌കാഘാതത്തെയും ഇതിന്റെ പരിധിയിലുള്‍പ്പെടുത്തിയിരുന്നു.
അതിഗുരുതര രോഗാവസ്ഥയില്‍ ജീവന്‍രക്ഷാ സംവിധാനങ്ങള്‍ പലപ്പോഴും പ്രയോജനകരമല്ലാത്തതും കൊണ്ടുതന്നെ ദയാവധം അനുയോജ്യമാണെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിഗമനം. ജീവന്‍രക്ഷാ സംവിധാനംകൊണ്ട് രോഗിക്ക് പ്രയോജനവുമുണ്ടാകാതിരിക്കുന്ന സാഹചര്യത്തില്‍ രോഗിയുടെ താത്പര്യാര്‍ഥം ജീവന്‍രക്ഷാ സംവിധാനം ഡോക്ടര്‍ക്ക് പിന്‍വലിക്കാം.
ബെല്‍ജിയം, കാനഡ, കൊളംബിയ, എക്വഡോര്‍, ലെംസന്‍ബര്‍?ഗ്, നെതര്‍ലന്‍ഡ്‌സ്, ന്യൂസിലന്‍ഡ്, സ്‌പെയിന്‍, ഓസ്‌ട്രേലിയ, എന്നിവടങ്ങളിലാണ് നിലവില്‍ ദയാവധത്തിനുള്ള അനുമതിയുള്ളത്.
content summary; Karnataka introduces guidelines to give terminally ill patients the ‘right to die with dignity’