പഹൽഗാം ആക്രമണത്തിനുശേഷം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷങ്ങൾ വർദ്ധിച്ചുവെങ്കിലും പാകിസ്ഥാനിലെ കർതാർപൂർ ഇടനാഴി ഇപ്പോഴും തുറന്നിരിക്കുകയാണ്. കർതാർപൂരിലെ ഗുരുദ്വാര ദർബാർ സാഹിബ്, സന്ദർശിക്കുന്ന സിഖ് തീർത്ഥാടകരുടെ എണ്ണം നിലവിൽ കുറഞ്ഞിരിക്കുകയാണെങ്കിൽ പോലും സിഖ് മതവിശ്വാസികൾക്കായി ഇപ്പോഴും കർതാർപൂർ തുറന്നിരിക്കുന്നു. അതേസമയം, അമൃത്സറിലെ ഇന്ത്യ-പാകിസ്ഥാൻ അതിർത്തിയിലുള്ള അട്ടാരിയിലെ ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റ് (ഐസിപി) അടച്ചിട്ടിരിക്കുകയാണെന്നാണ് റിപ്പോർട്ട്.
ലാൻഡ് പോർട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യ (എൽപിഎഐ) പ്രകാരം, ബുധനാഴ്ച 250 ഓളം തീർത്ഥാടകർ കർതാർപൂർ ഗുരുദ്വാര സന്ദർശിക്കുകയും നിയമം പാലിച്ച് അതേ ദിവസം വൈകുന്നേരം തിരിച്ചെത്തുകയും ചെയ്തു. വ്യാഴാഴ്ചയും കർതാർപൂർ ഇടനാഴി സന്ദർശിക്കുന്ന തീർത്ഥാടകർ തുടർന്നുവെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
എന്താണ് കർത്താപൂർ ഇടനാഴി?
ഇന്ത്യക്കാർക്ക് പാകിസ്ഥാന്റെ മണ്ണിൽ കാലുകുത്താനുള്ള അവസരമാണ് കർത്താർപൂർ ഇടനാഴി. അതിർത്തിയും കാലങ്ങളായുള്ള യുദ്ധങ്ങളും പകയുമെല്ലാം വിശ്വാസത്തിനു മുന്നിൽ വഴി മാറിക്കൊടുത്ത ഇടമാണ് കർത്താർപൂർ.
പാക് അധീനതയിലുള്ള പഞ്ചാബിലെ കർത്താർപൂരിൽ സിഖ് മതത്തിന്റെ സ്ഥാപകനായ ഗുരുനാനാക് സ്ഥാപിച്ച ഗുരുദ്വാരയാണ് ദർബാർ സാഹിബ്. ഗുരു നാനാക് ദേവ് തന്റെ ജീവിതത്തിന്റെ അവസാന 18 വർഷം അവിടെ ചെലവഴിച്ച് അവിടെ വച്ച് അന്തരിച്ചതിനാൽ, സിഖുകാർക്ക് കർതാർപൂർ ഗുരുദ്വാര ആഴത്തിലുള്ള ആത്മീയ പ്രാധാന്യമുള്ളതാണ്.
ഇന്ത്യയിലെ സിഖ് മതക്കാരുടെ പുണ്യസ്ഥലമായ ഗുരുദാസ്പൂരിലും ദേരാ ബാബാ നാനക് എന്നൊരു ഗുരുദ്വാരയുണ്ട്. ഈ രണ്ട് ഗുരുദ്വാരകളും പരസ്പരം ബന്ധിപ്പിച്ച് ഇന്ത്യയിലെ തീർത്ഥാടകർക്ക് സന്ദർശനം ലഭ്യമാക്കുന്ന ഇടനാഴിയാണ് കർത്താർപൂർ ഇടനാഴി. നാല് കിലോമീറ്റർ നീളമുള്ളതാണ് കർത്താർപൂരിൽ നിന്ന് പഞ്ചാബിലെ ഗുരുദാസ്പൂരിലേക്ക് നീണ്ടുകിടക്കുന്ന തീർഥാടനപാത. പണ്ട് കാലത്ത് ഇന്ത്യയിലുള്ള സിഖ്മത വിശ്വാസികൾ ദൂരദർശിനി വച്ചായിരുന്നു നാല് കിലോമീറ്റർ അകലെ പാകിസ്ഥാന്റെ മണ്ണിലുള്ള ഗുരുനാനാക്കിന്റെ സമാധിസ്ഥലം കണ്ടിരുന്നത്.
ദേര ബാബ നാനക്കിനടുത്തുള്ള ടെർമിനൽ പൂർണ്ണമായും എയർ കണ്ടീഷൻ ചെയ്തതാണ്. കൂടാതെ 50 ലധികം ഇമിഗ്രേഷൻ കൗണ്ടറുകളുമുണ്ട്. ലാൻഡ് പോർട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യ (എൽപിഎഐ) രേഖകൾ പ്രകാരം, 2021ൽ 10,025 ഭക്തരും 2022 ൽ 86,097 ഭക്തരും 2023 ൽ 96,555 ഭക്തരും ഗുരുദ്വാര സന്ദർശിച്ചു.
2019 നവംബർ 9 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് കർതാർപൂർ ഇടനാഴി ഉദ്ഘാടനം ചെയ്തത്. ഇത് വിസ രഹിത റൂട്ടാണ്. കോവിഡിന്റെ സമയത്ത് ഇടനാഴി അടച്ചിരുന്നു. എന്നാൽ 18 മാസങ്ങൾക്ക് ശേഷം 2021 നവംബറിൽ വീണ്ടും തുറക്കുകയായിരുന്നു.
പ്രതിദിനം 5,000 തീർത്ഥാടകർക്ക് വരെ ഇടനാഴി ഉപയോഗിക്കാൻ അനുവാദമുണ്ട്. പോലീസ് പരിശോധനയ്ക്ക് ശേഷം ഇലക്ട്രോണിക് ട്രാവൽ ഓതറൈസേഷൻ ലഭിക്കുന്നതിന് തീർത്ഥാടകർ പാസ്‌പോർട്ട് വിശദാംശങ്ങൾ സഹിതം കുറഞ്ഞത് ഒരു ആഴ്ച മുമ്പെങ്കിലും ഓൺലൈനിൽ രജിസ്റ്റർ ചെയ്യണം.
2023 ഒക്ടോബറിൽ ഇന്ത്യയും പാകിസ്ഥാനും ഇടനാഴി കരാർ അഞ്ച് വർഷത്തേക്ക് കൂടി നീട്ടിയിരുന്നു. നയതന്ത്ര ബന്ധം വഷളായാലും കർതാർപൂർ ഇടനാഴി തുറന്നിടുമെന്ന് വാഗ്ദാനവും ചെയ്തിരുന്നു.
Content Summary: Kartarpur Corridor opened for Sikhs on Pakistani soil