സുരങ്കകളുടെ പുതിയ മുഖമായി അഡ്ഡബോറുകള്‍!

പരമ്പരാഗതമായ സുരങ്കനിര്‍മ്മാണം അഡ്ഡബോറുകളിലേക്ക് വഴിമാറുകയാണ്. രതീഷ് കുമാറാണ് കാസര്‍ഗോട്ടുകാര്‍ക്ക് അഡ്ഡബോറുകള്‍ പരിചയപ്പെടുത്തിയത്.

Kasargod Suranga

പൊള്ളുന്ന വേനലിലും തെളിനീരൊഴുകുന്ന ശുദ്ധജലസ്രോതസ്സുകളുണ്ട് കാസര്‍ഗോഡന്‍ മലയോര ഗ്രാമങ്ങളില്‍. ആദിമ കാലത്ത് തീരപ്രദേശങ്ങളില്‍ നിന്നും ഇടനാട്ടില്‍ നിന്നും കൃഷിചെയ്യാന്‍ മലനാടുകളില്‍ എത്തി താമസമാക്കിയ മനുഷ്യരുടെയും അവരുടെ പിന്‍ തലമുറകളുടെയും ശുദ്ധ ജലത്തിനായുള്ള കഠിനാധ്വാനത്തിന്റെ അവശേഷിപ്പുകള്‍. അവര്‍ ഒരാള്‍ക്ക് പോകാന്‍ മാത്രം വീതിയില്‍ മലതുരന്ന് സുരങ്കകള്‍ അഥവാ തൊരങ്കങ്ങള്‍ ഉണ്ടാക്കി. കുടിക്കാനും വീട്ടാവശ്യത്തിനും കൃഷിക്കും ഉപയോഗിക്കാന്‍ മാത്രം വെള്ളം കിട്ടിയപ്പോഴൊക്കെ അവര്‍ സംതൃപ്തരായി.

വിദഗ്ധനായ സുരങ്കനിര്‍മ്മാതാവായിരുന്നു കാസര്‍ഗോട്ടെ ബീംബുംങ്കാല്‍ സ്വദേശി സി കുഞ്ഞമ്പു. മലബാറിലും കര്‍ണാടകയിലുമൊക്കെയായി അദ്ദേഹം ഒരുപാട് മനുഷ്യര്‍ക്ക് ശുദ്ധജലമെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കിക്കൊടുത്തു. 1500-ഓളം സുരങ്കകള്‍ അദ്ദേഹം നിര്‍മിച്ചു. 2023-ലായിരുന്നു അദ്ദേഹത്തിന്റെ വിയോഗം. അച്ഛന്റെ പാത പിന്തുടര്‍ന്ന് മകനായ സി രതീഷ്‌കുമാറും ഈ മേഖലയിലാണിപ്പോള്‍. കാലം കടന്നുപോയതോടെ പരമ്പരാഗതമായ സുരങ്കനിര്‍മ്മാണം അഡ്ഡബോറുകളിലേക്ക് വഴിമാറുകയാണ്. രതീഷ് കുമാറാണ് കാസര്‍ഗോട്ടുകാര്‍ക്ക് അഡ്ഡബോറുകള്‍ പരിചയപ്പെടുത്തിയത്. അഡ്ഡബോറുകളെക്കുറിച്ചും ജലനിര്‍ണ്ണയം നടത്തുന്നതില്‍ അച്ഛനില്‍ നിന്ന് കിട്ടിയ പാഠങ്ങളെക്കുറിച്ചും വിവരിക്കുകയാണ് സി രതീഷ് കുമാര്‍.

പിതാവ് സി കുഞ്ചമ്പുവിനോടൊപ്പം(പ്രശസ്ത സുരങ്ക നിർമ്മാതാവ്) സി രതീഷ് കുമാർ

ഭൂപ്രദേശങ്ങളിലെ ജലനിര്‍ണ്ണയവും അഡ്ഡബോര്‍ നിര്‍മ്മാണവുമാണ് താങ്കളുടെ പ്രധാന പ്രവര്‍ത്തനമേഖലകള്‍. അതിനെക്കുറിച്ച് സംസാരിക്കാമോ?

ഭൂമിയുടെ ചെരിവും, ഘടനയും നോക്കിയിട്ടാണ് എവിടെ വെള്ളം കിട്ടും എന്ന് തീരുമാനിക്കുന്നത്. മരങ്ങളുടെ കിടപ്പും ആരോഗ്യവുമൊക്കെ കണ്ടാലും ആ പ്രദേശത്ത് മണ്ണിനടിയില്‍ വെള്ളമുണ്ടോയെന്ന് മനസ്സിലാകും. ഇത് ഞങ്ങള്‍ പരമ്പരാഗതമായി തുടരുന്ന രീതിയാണ്. മലയോരങ്ങളില്‍ നിന്നും കിണറുകള്‍ക്കകത്ത് നിന്നും തിരശ്ചീനമായി തുരന്നുപോകുന്ന രീതിയാണ് അഡ്ഡബോറുകളുടേത്. സുരങ്കകള്‍ അല്ലെങ്കില്‍ തുരങ്കങ്ങള്‍ പോലെത്തന്നെയാണിവയും. മനുഷ്യര്‍ മഴു ഉപയോഗിച്ച് തുരന്ന് പോകുന്നതിന് പകരം രണ്ടിഞ്ച് വ്യാസത്തില്‍ യന്ത്രസഹായത്തോടെയാണ് അഡ്ഡബോറുകള്‍ ഉണ്ടാക്കുന്നത്. കുഴല്‍ക്കിണറുകള്‍ നിര്‍മ്മിക്കുമ്പോള്‍ ഭൂമിയുടെ അടിയിലേക്ക് തുരന്നുപോകുകയാണെങ്കില്‍ അഡ്ഡബോറുകള്‍ സൈഡിലൂടെ മലയുടെ അടിവാരം തുരന്നാണ് വെള്ളം കണ്ടെത്തുന്നത്. മലയുടെ അടിവാരത്ത് നിന്ന് തുരന്നു പോയി വെള്ളം കിട്ടുന്നത്, മലയുടെ മുകള്‍ത്തട്ടില്‍ നിന്ന് ഒരു കിണര്‍ കുഴിച്ച് വെള്ളം കിട്ടുന്ന ആഴത്തില്‍ ആയിരിക്കും. കാരണം, കിണര്‍ മലമുകളില്‍ നിന്ന് താഴോട്ട് കുഴിക്കുകയാണെങ്കില്‍ അഡ്ഡബോര്‍ അടിവാരത്തുനിന്ന് സൈഡിലോട്ടാണ് തുരക്കുന്നത്.

സാധാരണ ബോര്‍വെല്ലുകള്‍ താഴോട്ടും അഡ്ഡബോറുകള്‍ സൈഡിലോട്ടുമെന്നതുമാത്രമാണോ അവ തമ്മിലെ വ്യത്യാസം?

സാധാരണ ബോര്‍വെല്ലുകള്‍ ഭൂമിയുടെ ഉപരിതലത്തില്‍നിന്ന് താഴോട്ട് തുരന്ന് പോയി ഭൂഗര്‍ഭജലത്തെയാണ് ആശ്രയിക്കുന്നത്. കരിങ്കല്ലാണ് പ്രധാനമായും ബോര്‍വെല്‍ ഉണ്ടാക്കുമ്പോള്‍ തുരക്കുന്നത്. എന്നാല്‍, അഡ്ഡബോറുകളിലൂടെ നമ്മള്‍ ഉപയോഗിക്കുന്നത് ഭൂമിയുടെ മേല്‍ത്തട്ടിലെ വെള്ളമാണ്. ഞങ്ങളതിനെ മേല്‍വെള്ളമെന്നാണ് വിളിക്കുന്നത്. ഈ വെള്ളമാണ് മനുഷ്യര്‍ക്ക് കുടിക്കാന്‍ ഏറ്റവും നല്ലത്. ശുദ്ധജലത്തിന്റെ എല്ലാ ഗുണങ്ങളുമുള്ളതാണ് മേല്‍വെള്ളത്തിന്റെ ഉറവകള്‍. കുഴല്‍ക്കിണറുകളിലെ വെള്ളം പരിശോധിച്ചാല്‍ ചില പ്രശ്‌നങ്ങള്‍ അതില്‍ കാണാം. ഇരുമ്പുപോലുള്ള പല ലോഹങ്ങളുടെയും ധാതുക്കള്‍ അതില്‍ കൂടുതലായുണ്ടാകും. അതുകൊണ്ട് കുടിക്കുമ്പോള്‍ രുചിവ്യത്യാസവുമുണ്ടാകും. ഒരു ഗ്ലാസ് കിണര്‍ വെള്ളവും മറ്റൊരു ഗ്ലാസ് ബോര്‍വെല്ലിലെ വെള്ളവും കുടിച്ചാല്‍, വെള്ളം ഏതില്‍നിന്നുള്ളതാണെന്ന് നമുക്ക് വ്യക്തമായി തിരിച്ചറിയാന്‍ കഴിയും. അതുപോലെത്തന്നെ സുരങ്കയിലെ വെള്ളവും കിണറിലെ വെള്ളവും ഈ നാട്ടുകാര്‍ക്ക് രുചിയിലൂടെ ഒരു പരിധിവരെ മനസ്സിലാക്കാന്‍ പറ്റും.

തുരങ്കത്തിലെ വെള്ളത്തിനും അഡ്ഡബോറിലെ വെള്ളത്തിനും രുചിയില്‍ വ്യത്യാസമുണ്ടോ?

നേരിയ വ്യത്യാസമുണ്ടാകും. സുരങ്കത്തിലെ വെള്ളം മണ്ണിലൂടെ പുറത്തേക്ക് ഒഴുകിവരുന്നതാണ്. എന്നാല്‍ അഡ്ഡബോറുകളില്‍ രണ്ടിഞ്ച് വ്യാസമുള്ള നീണ്ട ദ്വാരത്തിനകത്ത് പിവിസി പൈപ്പിട്ടിട്ട് അതിലൂടെയാണ് വെള്ളം പുറത്തേക്ക് എടുക്കുന്നത്. പ്ലാസ്റ്റിക്കിലൂടെ ഒഴുകിവരുന്ന വെള്ളവും സ്വാഭാവികമായി മണ്ണിലൂടെ ഒഴുകിവരുന്ന വെള്ളവും തമ്മില്‍ വ്യത്യാസമുണ്ടാകുമല്ലോ.

സി രതീഷ് കുമാർ അഡ്ഡബോർ നിർമ്മാണത്തിൽ

എങ്ങനെയാണ് അഡ്ഡബോറുകള്‍ നിര്‍മ്മിക്കുന്നതെന്ന് വിവരിക്കാമോ?

സാധാരണ ബോര്‍വെല്ലുകള്‍ കുഴിക്കുന്നത് എയര്‍ കംപ്രസ്സര്‍ ഉപയോഗിച്ചാണ്. കരിങ്കല്ല് തുരക്കനാണത്. എന്നാല്‍, അഡ്ഡബോറുകള്‍ ഉണ്ടാക്കുമ്പോള്‍ മണ്ണും ചെങ്കല്ലും ആണ് തുരക്കുന്നത്. അതിന് എയര്‍ കംപ്രസ്സറുകള്‍ ഉപയോഗിക്കാന്‍ കഴിയില്ല. കാരണം, ശക്തമായി എയര്‍ കംപ്രസ്സ് ചെയ്യുമ്പോള്‍ തുരക്കുന്ന ഭാഗത്തെ വശങ്ങളിലെ മണ്ണൊക്കെ ചിതറിത്തെറിക്കും. രണ്ടിഞ്ച് വ്യാസത്തില്‍ തുരന്ന് പോകാന്‍ കഴിയില്ല. അഡ്ഡബോറുകള്‍ ഉണ്ടാക്കുമ്പോള്‍ തുരക്കാന്‍ ഒരു പ്രത്യേക ഡ്രില്ലിങ് മിഷീന്‍ ഉണ്ട്. പിന്നെ മണ്ണ് പുറത്തെത്തിക്കുന്നത് വെള്ളം ശക്തമായി ദ്വാരത്തിനുള്ളിലേക്ക് ചീറ്റിയാണ്. തുരക്കുന്നതിനൊപ്പം വെള്ളം അകത്തേക്ക് കടത്തിവിടും. തിരിച്ചൊഴുകുമ്പോള്‍ വെള്ളം മണ്ണിനെയും പുറത്തെത്തിക്കും. ഇങ്ങനെയാണ് അഡ്ഡബോറുകള്‍ ഉണ്ടാക്കുന്നത്.

കാസര്‍ഗോടന്‍ ഗ്രാമങ്ങളില്‍ ഇപ്പോഴും സുരങ്കനിര്‍മ്മാണങ്ങള്‍ നടക്കുന്നുണ്ടോ?

പുതിയ സുരങ്കകള്‍ ഉണ്ടാക്കുന്നത് കുറവാണ്. പണ്ടൊക്കെയാണെങ്കില്‍ അവരവരുടെ ആവശ്യത്തിന് അവരവര്‍ തന്നെ സുരങ്കകള്‍ തുരന്നിരുന്നു. എണ്ണമില്ലാത്ത സുരങ്കകളുടെ നാടാണ് കാസര്‍ഗോഡ്. പിന്നെ കര്‍ണാടകയിലും ഒരുപാടുണ്ട്. ഞാന്‍ തന്നെ കര്‍ണാടകയിലെ പല സ്ഥലങ്ങളിലും വെള്ളം നിര്‍ണയിക്കാന്‍ പോകുമ്പോള്‍ ഒരുപാട് സുരങ്കകള്‍ കാടുമൂടിക്കണ്ടിട്ടുണ്ട്. ഒരു പറമ്പില്‍ത്തന്നെ നമുക്ക് വിശ്വാസിക്കാന്‍ കഴിയുന്നതിലും കൂടുതല്‍ സുരങ്കകള്‍ കണ്ടിട്ട് ഞാന്‍ അദ്ഭുതപ്പെട്ടിട്ടുണ്ട്.

സുരങ്കകള്‍ ഉണ്ടാക്കിയാല്‍ അവ എപ്പോഴും അങ്ങനെ തന്നെ നിലനില്‍ക്കും. അവയ്ക്കുള്ളില്‍ ഇലകള്‍ വീണ് മലിനമാകുമൊന്നുമില്ല. എത്ര വര്‍ഷം കഴിഞ്ഞാലും വൃത്തിയായിരിക്കും. പക്ഷെ, കാലവര്‍ഷങ്ങള്‍ കടന്നുപോകുന്നതിനനുസരിച്ച് മണ്ണ് മൃദുലമായിക്കൊണ്ടിരിക്കും. അത് തുടരുമ്പോള്‍ സുരങ്കയുടെ മണ്‍ചുവരുകള്‍ ഇടിയാന്‍ തുടങ്ങും. കഴിഞ്ഞ വര്‍ഷം കാസര്‍ഗോഡ് ജില്ലയിലൊക്കെ കാലവര്‍ഷം വളരെ കൂടുതലായിരുന്നു. കുറെ സുരങ്കകളില്‍ മണ്ണിടിഞ്ഞിരുന്നു. മണ്ണിടിഞ്ഞാല്‍പ്പിന്നെ വേനല്‍ക്കാലത്ത് വെള്ളം പുറത്ത് വരില്ല.
അഡ്ഡബോറുകള്‍ക്ക് ആ പ്രശ്‌നം ഇല്ല. പൈപ്പിലൂടെ വെള്ളം ഏത് കാലത്തും തുടര്‍ച്ചയായി കിട്ടും. അതുകൊണ്ടാണ് ഈ മാര്‍ഗത്തിന് കൂടുതല്‍ ജനപ്രീതി കിട്ടുന്നത്.

താങ്കളുടെ പിതാവ് (സി കുഞ്ഞമ്പു) പ്രശസ്തനായ സുരങ്ക നിര്‍മാതാവ് ആയിരുന്നല്ലോ. അച്ഛന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പറയാമോ. അതില്‍നിന്ന് പ്രചോദനം കൊണ്ടാണോ താങ്കളും ഈ മേഖലയിലേക്ക് തിരിഞ്ഞത്?

തീര്‍ച്ചയായും. അച്ഛന്‍ പതിനാലാമത്തെ വയസ്സില്‍ സുരങ്കനിര്‍മ്മാണത്തിലേക്ക് കടന്നുവന്നയാളാണ്. ആദ്യം മറ്റുള്ളവര്‍ നിര്‍ണയിച്ച സ്ഥലത്ത് സുരങ്കമുണ്ടാക്കി. പതിനാറാമത്തെ വയസ്സില്‍ സ്വന്തമായി സ്ഥാനനിര്‍ണയവും തുടങ്ങി.
അങ്ങനെ 1500-ഓളം സുരങ്കകള്‍ അച്ഛന്‍ നിര്‍മ്മിച്ചിട്ടുണ്ട്. കര്‍ണാടകയിലെ ബിദറിലുള്ള തുരങ്കങ്ങള്‍ പുനര്‍നിര്‍മ്മിക്കാനുള്ള വലിയ പദ്ധതി അച്ഛന്റെ നേതൃത്വത്തിലാണ് നടന്നത്. അച്ഛന്‍ സുരങ്കമുണ്ടാക്കുമ്പോള്‍ ചെറുപ്പത്തില്‍ ഞാനും കൂടെ പോകുമായിരുന്നു. അങ്ങനെ പഠിച്ച് ഞാനും ഒരു സുരങ്ക നിര്‍മ്മിച്ചിരുന്നു. കോഴിക്കോട്ടെ ബാലുശ്ശേരിയില്‍ ആണത്. നല്ല വരള്‍ച്ചയുള്ള ഒരു പാറപ്രദേശമായിരുന്നു അത്. അധികം തുരക്കാതെ തന്നെ അവിടെ പാറയിടുക്കില്‍ എനിക്ക് വെള്ളം കണ്ടെത്താന്‍ കഴിഞ്ഞിരുന്നു.

ബിദറിലെ തുരങ്കങ്ങളെക്കുറിച്ച് സംസാരിക്കാമോ. അവയുടെ പുനര്‍നിര്‍മ്മാണത്തില്‍ താങ്കളുടെ അച്ഛന്റെ പങ്കാളിത്തം എന്തായിരുന്നു?

യുനസ്‌കോയുടെ പൈതൃകപ്പട്ടികയില്‍പ്പെടുന്നതാണ് ആ തുരങ്കങ്ങള്‍. അവ വളരെ മുന്‍പ് രാജാക്കന്മാരുടെ കാലത്ത് നര്‍മ്മിക്കപ്പെട്ടതാണ്. കിലോമീറ്ററുകളോളം ദൂരമുണ്ടവയ്ക്ക്. അതിനകത്ത് ഒരുപാട് ആചാരങ്ങള്‍ ഒക്കെ നടക്കാറുണ്ടായിരുന്നു. ഇപ്പാള്‍ ആ തുരങ്കമൊക്കെ അവിടത്തെ കെട്ടിടങ്ങള്‍ക്കടിയിലാണ്. ആ തുരങ്കങ്ങളില്‍ നിശ്ചിത ദൂരങ്ങള്‍ക്കിടയില്‍ ഭൂമിയുടെ ഉപരിതലത്തേക്ക് വായുദ്വാരങ്ങളുണ്ട്. തുരങ്കത്തിനകത്തേക്ക് വായുസഞ്ചാരം ഉണ്ടാകാനാണ് പണ്ടുള്ളവര്‍ ആ ദ്വാരങ്ങള്‍ നിര്‍മ്മിച്ചത്. കാലങ്ങള്‍ കഴിഞ്ഞുപോകുമ്പോള്‍ ആ ദ്വാരങ്ങളുടെ വശങ്ങളൊക്കെ ഇടിഞ്ഞു വീഴാന്‍ തുടങ്ങി. അതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ അവ പുനര്‍നിര്‍മ്മിക്കാന്‍ പദ്ധതിയിട്ടു. അതിനായി ഒരുപാട് പേരെ അവര്‍ സമീപിച്ചെങ്കിലും പലരും ഒഴിഞ്ഞുമാറി. അങ്ങനെയിരിക്കെയാണ് അച്ഛന്‍ നിര്‍മ്മിച്ച സുരങ്കങ്ങളെക്കുറിച്ച് അവരറിയുന്നത്. അവിടത്തെ ജില്ലാ കളക്ടര്‍ അച്ഛനെ അതിന്റെ ഭാഗമായി കാണാന്‍ വരുകയായിരുന്നു. അങ്ങനെ അച്ഛന്റെ സഹായത്തോടെയാണ് കര്‍ണാടക ഗവണ്‍മെന്റ് ബിദര്‍ തുരങ്കങ്ങള്‍ പുനര്‍നിര്‍മ്മിച്ചത്. അതിനാണ് അച്ഛന് പിന്നീട് എപിജെ അബ്ദുള്‍ കലാം സാറിന്റെ അനുമോദനവും പ്രശസ്തി പത്രവുമൊക്കെ കിട്ടിയത്.

സി രതീഷ് കുമാർ സുരങ്ക നിർമ്മാണത്തിൽ

പരമ്പരാഗതമായ സുരങ്കനിര്‍മ്മാണം എത്രത്തോളം അപകടം പിടിച്ച ജോലിയാണ്?

മലതുരന്ന് പല നാടുകളിലും പല ആവശ്യങ്ങള്‍ക്കായുണ്ടാക്കുന്ന തുരങ്കങ്ങള്‍ വലിയ എന്‍ജിനീയര്‍മാരുടെയൊക്കെ നേതൃത്വത്തിലാണ് നടക്കുന്നത്. എന്നാല്‍ കാസര്‍ഗോഡന്‍ ഗ്രാമങ്ങളിലും കര്‍ണാടകയിലുമുള്ള സുരങ്കകള്‍ അത്തരം സാങ്കേതിക പരിജ്ഞാനം ഇല്ലാത്ത ആള്‍ക്കാര്‍ അവര്‍ക്ക് പരമ്പരാഗതമായിക്കിട്ടിയ അറിവ് മാത്രം വച്ച് നടത്തിയ നിര്‍മ്മാണങ്ങളാണ്. നിങ്ങള്‍ സുരങ്കകള്‍ പോയിക്കണ്ടാല്‍ അതിന്റെ റിസ്‌ക് മനസ്സിലാകും. ഒരാള്‍ക്ക് മാത്രം കടന്നുപോകാന്‍ കഴിയുന്ന രീതിയിലാണ് സുരങ്കകളുടെ നിര്‍മ്മാണം. ചിലപ്പോള്‍ ഒരാള്‍ക്ക് പോലും ശരിക്ക് പോകാന്‍ കഴിയില്ല. മുന്നോട്ട് പോകുമ്പോള്‍ രണ്ട് തോളുകളും മണ്‍ചുവരുകളില്‍ മുട്ടും. എളുപ്പത്തില്‍ തിരിയാന്‍ കഴിയില്ല. തുരന്ന് മുന്നോട് പോകുമ്പോള്‍ മണ്ണ് ഇടിയാന്‍ സാധ്യതയുണ്ടെങ്കില്‍ സുരങ്കയുടെ ഉയരം കുറക്കും. അതിനുശേഷം കുത്തിയിരുന്നാണ് തുരക്കുക. അങ്ങനെ മീറ്ററുകളോളം ഇരുന്ന് തുരന്ന് മുന്നോട്ട് പോകുമ്പോള്‍ പിന്നില്‍ എവിടെയെങ്കിലും മണ്ണിടിഞ്ഞാല്‍ ശ്വാസം കിട്ടില്ല, തിരിച്ചിറങ്ങാനും കഴിയില്ല. അങ്ങനെ മരിച്ചവര്‍ ഇഷ്ടം പോലുണ്ട്. പിന്നെ വിഷവാതകങ്ങളുമുണ്ടാകാം. മണ്ണിനടിയില്‍ സ്വാഭാവികമായ മാളങ്ങളുണ്ടാകും(ഗ്യാപ്പുകള്‍). ചിലതില്‍ വിഷവാതകങ്ങള്‍ നിറഞ്ഞിരിക്കും. ഇത്തരം മാളങ്ങളിലേക്ക് പിക്കാസ് കൊണ്ട് വെട്ടുമ്പോള്‍ പെട്ടന്ന് ശക്തിയോടെ വിഷവാതകം സുരങ്കമുണ്ടാക്കുന്ന ആളുടെ മൂക്കിലേക്ക് ഇരിച്ച് കേറും. ഇത് മരണത്തിന് വരെ കാരണമാകാം. വളരെ അപകടം പിടിച്ച ജോലിയാണത്.

കാസര്‍ഗോഡ് ജില്ലയില്‍ അഡ്ഡബോറുകള്‍ താങ്കളാണല്ലോ ആദ്യമായി നിര്‍മ്മിക്കുന്നത്.

അതെ. രാജസ്ഥാനിലും കര്‍ണാടകയിലും നടത്തിയ യാത്രകള്‍ക്കിടയില്‍ ആണ് ഞാന്‍ അഡ്ഡബോറുകള്‍ ആദ്യമായി കാണുന്നത്. അങ്ങനെയാണ് എന്തുകൊണ്ട് നമ്മുടെ നാട്ടിലും ഇത് പരീക്ഷിച്ചുകൂടാ എന്ന് ചിന്തിക്കുന്നത്. നമ്മുടെ ഭൂപ്രകൃതിക്ക് അനുസൃതമായി അഡ്ഡബോറുകള്‍ നിര്‍മ്മിക്കാനാണ് ഞാന്‍ ശ്രമിച്ചത്. അത് വിജയമായി. അച്ഛന്റെ കൂടെക്കൂടി കാസര്‍ഗോഡിലെ മണ്ണിന്റെ ഘടന മനസ്സിലാക്കിയത് കൊണ്ട് അഡ്ഡബോറുകള്‍ കാസര്‍ഗോഡിലും പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞു.

Content Summary: Kasaragod Suranga traditional water harvesting system. New Technology ‘adda bore’ modern alternative of Suranga. S Ratheesh Kumar

വിനയൻ രാഘവൻ

അഴിമുഖം സബ് എഡിറ്റര്‍ ട്രെയ്‌നി

More Posts

This post was last modified on May 1, 2026 9:05 am

വിനയൻ രാഘവൻ: അഴിമുഖം സബ് എഡിറ്റര്‍ ട്രെയ്‌നി
Related Post
Leave a Comment