കസ്തൂരി രംഗന് വിഷയത്തില്‍ ഇഎസ്എ അതിര്‍ത്തി പുനര്‍നിര്‍ണയിച്ചുള്ള വിശദമായ മാപ്പ് സംസ്ഥാനങ്ങള്‍ നല്‍കാനുള്ള അവസാന തിയതി ജൂലായ് 31 ആയി കേന്ദ്ര പരിസ്ഥിതി മന്ത്രാലയം തീരുമാനിച്ചിരിക്കുന്നു. 2014 ഓഗസ്ത് മുതല്‍ കേന്ദ്രം ഈ ആവശ്യം ഉന്നയിച്ചു വരികയായിരുന്നു. എങ്കിലും സംസ്ഥാനം മാപ്പ് നല്‍കിയില്ല. ഈ സാഹചര്യത്തില്‍ ആശങ്കകള്‍ അറിയിച്ചു കൊണ്ട് ഇടുക്കി എംപി ജോയ്സ് ജോര്‍ജ്ജ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് അയച്ച കത്ത്.
കസ്തൂരി രംഗന് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലെ 123 വില്ലേജുകള്‍ പരിസ്ഥിതിലോല പ്രദേശങ്ങളായി വിജ്ഞാപനം ചെയ്ത് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുള്ള നീക്കത്തിനെതിരെ, പശ്ചിമഘട്ട പ്രദേശത്താകെ ഉയര്‍ന്നുവന്ന ശക്തമായ ജനകീയ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍ പ്രൊഫ. ഉമ്മന്‍ വി. ഉമ്മന്‍ അദ്ധ്യക്ഷനായി രൂപീകരിച്ച സമിതി നല്കിയ റിപ്പോര്‍ട്ട് പ്രകാരം, കൃഷിയിടങ്ങളും തോട്ടങ്ങളും ജനവാസ കേന്ദ്രങ്ങളും ഉള്‍പ്പെടെയുള്ള ഭൂപ്രദേശത്തെ പൂര്‍ണ്ണമായി ഇ.എസ്.എ. പരിധിയില്‍ നിന്നും ഒഴിവാക്കണമെന്നും അല്ലാത്തപക്ഷം വിജ്ഞാപനം ചെയ്യപ്പെടുന്ന പ്രദേശത്തെ ജനവാസവും ജീവസന്ധാരണ പ്രവര്‍ത്തനങ്ങളും അസാദ്ധ്യമാകുമെന്ന് കണ്ടെത്തിയിരുന്നു. ഉമ്മന്‍ വി. ഉമ്മന്‍ കമ്മിറ്റി തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വലിയൊരു ഭൂപ്രദേശത്തെ കസ്തൂരി രംഗന് സമിതി നിര്‍ദ്ദേശിച്ച ഇ.എസ്.എ. പരിധിയില്‍ നിന്നും ഒഴിവാക്കുന്നതിന് തീരുമാനിക്കുകയും, ആ വിവരം കേന്ദ്ര സര്‍ക്കാരിനെ അറിയിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലെ പശ്ചിമഘട്ട പ്രദേശത്തെ 9107 ചതുരശ്ര കിലോമീറ്റര്‍ വനപ്രദേശം മാത്രം ഇ.എസ്.എ. ആയി വിജ്ഞാപനം ചെയ്യാന്‍ കേന്ദ്ര ഗവണ്മെന്റിനോട് സംസ്ഥാന വനം പരിസ്ഥിതി വകുപ്പ് ശുപാര്‍ശ ചെയ്തു. ഈ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ 10.03.2014 ല്‍ കേന്ദ്ര ഗവണ്മെന്റ് പുറപ്പെടുവിച്ച കരട് വിജ്ഞാപനത്തില്‍ കേരളത്തിലെ പശ്ചിമഘട്ടത്തിലാകെ 9107 ചതുരശ്ര കിലോമീറ്റര്‍ വന പ്രദേശമായും 886 ചതുരശ്ര കിലോമീറ്റര്‍ വനേതര പ്രദേശമായും ഇ.എസ്.എ.യില്‍ ഉള്‍പ്പെടുത്തി.
ഉമ്മന്‍ വി. ഉമ്മന്‍ സമിതി നിര്‍ദ്ദേശിച്ച പരിസ്ഥിതി ലോല പ്രദേശങ്ങള്‍ അടയാളപ്പെടുത്തുതിന് പഞ്ചായത്ത് തല സമിതികളെ ചുമതലപ്പെടുത്തുകയും അതിന്റെ അടിസ്ഥാനത്തില്‍ ഇ.എസ്.എ. ഭൂപടം തയ്യാറാക്കുകയും ചെയ്തിരുന്നതാണ്. ഇത്തരത്തില്‍ തയ്യാറാക്കിയ ഭൂപടങ്ങളെ സംബന്ധിച്ച് കാര്‍ഷിക ഭൂമിയെ വനഭൂമിയാക്കി ചിത്രീകരിക്കാന്‍ വനം വകുപ്പ് നടത്തിയ ശ്രമങ്ങളുടെ അടിസ്ഥാനത്തില്‍ ആക്ഷേപം ഉയര്ിരുന്നു. എങ്കില്‍ തന്നെയും ഭൂരിപക്ഷം ജനവാസ കേന്ദ്രങ്ങളും കൃഷിയിടങ്ങളും തോട്ടങ്ങളും ഇ.എസ്.എ. പരിധിയില്‍ നിന്നും ഒഴിവാക്കപ്പെട്ടത് ആശ്വാസകരമാണ് എന്ന വികാരം പൊതുവിലുണ്ടായി.
കാര്യങ്ങള്‍ ഇങ്ങനെയായിരിക്കെ 11.08.2014 ല്‍ കേന്ദ്ര ഗവണ്മെന്റ് സംസ്ഥാന ഗവണ്മെന്റിനോട് നിര്‍ദ്ദിഷ്ട ഇ.എസ്.എ.യുടെ അതിര്‍ത്തി സംബന്ധിച്ച വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു. സംസ്ഥാന വനം പരിസ്ഥിതി വകുപ്പ് ഇക്കാര്യത്തില്‍ കുറ്റകരമായ നിസംഗത പുലര്‍ത്തി. 20.10.2014 ല്‍ കേന്ദ്ര ഗവണ്മെന്റ് ഇതേ ആവശ്യമുന്നയിച്ച് സംസ്ഥാന ഗവണ്മെന്റിന് വീണ്ടും കത്തയച്ചു. 27.10.2014 ല്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ ബാംഗ്ലൂര്‍ റീജണല്‍ ഓഫീസില്‍ നിന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രിക്ക് അയച്ച കത്തില്‍ കൃഷിഭൂമിയ്ക്കും ജനവാസ കേന്ദ്രങ്ങള്‍ക്കുമിടയിലുള്ള തരിശൂഭൂമിയും ചതുപ്പുപ്രദേശങ്ങളും വിജ്ഞാപനം ചെയ്യപ്പെട്ട വനഭൂമിയുടെ പരിധിയിലുള്ളതാണെന്ന് സംസ്ഥാന ഗവണ്മെന്റ് സമ്മതിച്ചതായി പരാമര്‍ശിച്ചിട്ടുണ്ട്. ഇത് വസ്തുതാ വിരുദ്ധവും ജനവാസ കേന്ദ്രങ്ങള്‍ വനമാക്കുന്നതിനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായും വേണം കരുതാന്‍. 17.03.2015 ലും ഇത്തരത്തിലുള്ള കത്തിടപാടുകള്‍ വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ ബാംഗ്ലൂര്‍ മേഖല ഓഫീസില്‍ നിന്നും കേന്ദ്ര പരിസ്ഥിതി മന്ത്രാലയവുമായി ഉണ്ടായിട്ടുണ്ട്. ഇങ്ങനെയിരിക്കെ 28.04.2015 ല്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തില്‍ നിന്നും സംസ്ഥാന വനം പരിസ്ഥിതി വകുപ്പിന് 123 പരിസ്ഥിതി ലോല വില്ലേജുകളുടെ അതിര്‍ത്തി സംബന്ധിച്ച രേഖകള്‍ കൈമാറണമൊവശ്യപ്പെട്ട് ഓര്‍മ്മപ്പെടുത്തല്‍ കത്തയച്ചു. 20.05.2015 ല്‍ കേന്ദ്ര വനം പരിസ്ഥിതി സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിക്കയച്ച കത്തില്‍ അടിയന്തിരമായി ഇ.എസ്.എ.യുടെ വില്ലേജ് തിരിച്ചുള്ള അതിര്‍ത്തി രേഖപ്പെടുത്തിയ ഭൂപടം സമര്പ്പിക്കണമൊവശ്യപ്പെട്ടു. ഇത്രയും കത്തിടപാടുകളുണ്ടായിട്ടും സംസ്ഥാന വനം പരിസ്ഥിതി വകുപ്പ് കേന്ദ്ര ഗവണ്മെന്റിനോട് ഒരിക്കല്‍പോലും ഇതുമായി ബന്ധപ്പെട്ട് ഒരു പ്രതികരണം അറിയിക്കുന്നതിന് തയ്യാറായില്ലായെന്നത് ലക്ഷകണക്കിനാളുകളുടെ ജീവിതത്തെ ബാധിക്കുന്ന വിഷയത്തില്‍ സംസ്ഥാന വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ തികഞ്ഞ നിരുത്തരവാദിത്വവും അനാസ്ഥയുമാണ് കാണിക്കുന്നത്. ഏറ്റവുമൊടുവില്‍ 12.06.2015 ല്‍ മാത്രമാണ് സംസ്ഥാന ഗവണ്മെന്റിനുവേണ്ടി അഡീഷണല്‍ ചീഫ് സെക്രട്ടറി, ഭൂപടവും അതിര്‍ത്തി പുനര്‍നിര്‍ണ്ണയവും നടത്തുന്നതിന് രണ്ട് മാസം കൂടി സമയം ചേദിച്ചുകൊണ്ട് കേന്ദ്രത്തിന് കത്തയച്ചത്.
10.03.2014 ലെ കരട് വിജ്ഞാപനത്തിന്റെ സമയ പരിധി ഓഗസ്റ്റില്‍ അവസാനിക്കുമെന്ന് നേരത്തെ അറിയാമായിരുിട്ടും ഗവണ്മെന്റിന്റെ ഭാഗത്ത് നിന്നും ഉണ്ടായ ഇത്തരത്തിലുള്ള നടപടി കൂടുതല്‍ പ്രദേശങ്ങളെ പ്രത്യേകിച്ച് ഇടുക്കി ജില്ലയിലെ ഏലമല പ്രദേശമുള്‍പ്പെടെയുള്ള കാര്‍ഷിക മേഖല ആകെ ഇ.എസ്.എ.യില്പ്പെടുത്തുന്നതിന് മുന്പിന്നാലെയുള്ള ഗൂഢ ശ്രമങ്ങളുടെ തുടര്‍ച്ചയാണ് എന്ന് കാണേണ്ടിയിരിക്കുന്നു. 10.03.2014 ലെ കരട് വിജ്ഞാപന പ്രകാരം 9107 ചതുരശ്ര കിലോമീറ്റര്‍ വനമേഖലയില്‍ ഉള്‍പ്പെട്ട പരിസ്ഥിതിലോല പ്രദേശം ഉണ്ട് എന്ന് വ്യക്തമാക്കിയതില്‍ നിന്നും വ്യത്യസ്തമായി 9746 ച.കി.മീ. പ്രദേശം വനമേഖലയായി ചിത്രീകരിച്ചുകൊണ്ട് വനം വകുപ്പ് തയ്യാറാക്കിയിരിക്കുന്ന റിപ്പോര്‍ട്ടും ഭൂപടവും അംഗീകരിക്കുന്ന സ്ഥിതിയുണ്ടായാല്‍ കസ്തൂരി രംഗന് റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട്് ഉണ്ടായ മുഴുവന്‍ നടപടികളും അര്‍ത്ഥശൂന്യമായി തീരുന്നതും അറുന്നൂറിലേറെ ചതുരശ്ര കിലോമീറ്റര്‍ കൃഷിയിടങ്ങളും തോട്ടങ്ങളും ജനവാസ കേന്ദ്രങ്ങളും വനമായി ചിത്രീകരിക്കപ്പെടുകയും കാലാന്തരേണ വനമാക്കി മാറ്റപ്പെടുകയും ജനങ്ങള്‍ കുടിയൊഴിഞ്ഞ് പോകേണ്ട സ്ഥിതിയും ഉണ്ടാക്കും. മാത്രവുമല്ല, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്് വിവക്ഷിച്ചതിനപ്പുറത്തേക്കുള്ള വനവത്ക്കരണ നടപടിയായി ഇത് മാറുകയും ചെയ്യും. കേരളത്തിലെ 123 വില്ലേജുകളിലും പ്രത്യേകിച്ച് ഇടുക്കി ജില്ലയിലെ തോട്ടം, കൃഷി ജനവാസ കേന്ദ്രമുള്‍പ്പെടെയുള്ള 48 വില്ലേജുകളെ വനവും പരിസ്ഥിതി ദുര്‍ബല പ്രദേശമായി മാറ്റുന്നതിന് വിദേശ ധനസഹായത്തിന്റെ (എച്ച്.ആര്.എം.എല്‍) ഉള്‍പ്പെടെയുള്ള പിന്തുണയോടെ നടത്തുന്ന ഗൂഢാലോചനയുടെ തുടര്‍ച്ചയായാണ് ഇ.എസ്.എ. അതിര്‍ത്തി തീരുമാനിച്ച് റിപ്പോര്‍ട്ടും ഭൂപടവും തയ്യാറാക്കുന്നതിന് വനം വകുപ്പിനെ മാത്രം ചുമതലപ്പെടുത്തിയത്. റവന്യൂ, തദ്ദേശസ്വയംഭരണ വകുപ്പുകളെയും ജനപ്രതിനിധികളെയും ഈ പ്രക്രിയയില്‍ നിന്നൊഴിവാക്കിയത് ഈ ഗൂഢനീക്കത്തിന്റെ ഭാഗമാണ്.
കസ്തൂരി രംഗന് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളെ സ്ഥല പരിശോധന നടത്തി നിര്‍ദ്ദേശിക്കുന്നതിനുള്ള പൂര്‍ണ്ണമായ അധികാരം സംസ്ഥാനത്തിന് ലഭിച്ചത് ശക്തമായ ജനകീയ സമരങ്ങളുടെയും ഞാനുള്‍പ്പെടെയുള്ള എം.പിമാര്‍ പാര്‍ലമെന്റിനകത്തും പുറത്തും നടത്തിയ പോരാട്ടങ്ങളുടെയും ഫലമാണ്. അതുകൊണ്ടുതന്നെ പരമാവധി ഭൂപ്രദേശത്തെ ഇ.എസ്.എ. പരിധിയുടെ പുറത്തുകൊണ്ടുവന്ന് ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കുകയും വികസന താല്പര്യം കാത്തു സൂക്ഷിക്കുകയും ചെയ്യേണ്ട ഉത്തരവാദിത്വം സംസ്ഥാന ഗവണ്മെന്റിനാണ്. എന്നാല്‍ ഈ ഉത്തരവാദിത്വം സംസ്ഥാന ഗവണ്മെന്റ് നിര്വഹിക്കുന്നില്ലായെന്ന് മാത്രമല്ല കൂടുതല്‍ പ്രദേശങ്ങളെ വനമാക്കുന്നതിനുള്ള മറയായും കസ്തൂരി രംഗന് റിപ്പോര്‍ട്ടിനെ ഉപയോഗിക്കുന്നുവെന്ന ദുഃസ്ഥിതിയാണ് നിലവില്‍ ഉണ്ടായിട്ടുള്ളത്. ആയതുകൊണ്ട് മുഖ്യമന്ത്രിയുടെ അടിയന്തിര ഇടപെടല്‍ ഉണ്ടായി ഇടുക്കി ജില്ലയിലെ ഏലമല പ്രദേശമുള്‍പ്പെടെയുള്ള 48 വില്ലേജുകള്‍ ഉള്‍പ്പെടെ 123 വില്ലേജുകളിലെയും ജനവാസ കേന്ദ്രങ്ങള്‍, കൃഷിയിടങ്ങള്‍, തോട്ടങ്ങള്‍ എന്നിവ പൂര്‍ണ്ണമായും ഇ.എസ്.എ പരിധിയില്‍ നിന്നൊഴിവാക്കി അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുന്നതിലേക്കാവശ്യമായ ഇ.എസ്.എ. ഭൂപടവും റിപ്പോര്‍ട്ടുകളും കേന്ദ്ര സര്‍ക്കാരിന് നിശ്ചയിച്ചിരിക്കുന്ന സമയപരിധിയില്‍ സമര്‍പ്പിക്കുന്നതിന് നടപടി സ്വീകരിക്കണം. ഇത്തരത്തില്‍ തയ്യാറാക്കുന്ന ഭൂപടവും റിപ്പോര്‍ട്ടുകളും അന്തിമമായി അംഗീകരിക്കുന്നതിന് മുമ്പ് എല്ലാതലങ്ങളിലുമുള്ള ജന പ്രതിനിധികള്‍ക്കും ബന്ധപ്പെട്ടവര്‍ക്കും പരിശോധിക്കുന്നതിനുള്ള അവസരം നല്‍കുകയും അതുവഴി കൂടുതല്‍ സുതാര്യത ഉറപ്പ് വരുത്തണമെന്നും അപേക്ഷിക്കുന്നു.