പാലക്കാടന്‍ കാറ്റിലുഷ്ണിച്ച് കോണ്‍ഗ്രസ്, ലോകസഭ പരിക്കുണങ്ങാതെ ഇടത് പക്ഷം, വിമതശല്യത്തില്‍ പെട്ട് ബി.ജെ.പി

2026 ന്റെ മുന്നൊരുക്കത്തിന് യുഡിഎഫ് ആത്മവിശ്വാസം കൂട്ടുമോ, അതോ സിപിഎം കാര്യം കാണുമോ, നേമത്ത് പൂട്ടിയ അകൗണ്ട് പാലക്കാട് ബിജെപി തുറക്കുമോ?

Palakkad bye election

പലക്കാടിന്റെ ചരിത്രവും വര്‍ത്തമാനവും ശരിക്കും കോണ്‍ഗ്രസിന് ഗുണകരമാണ്. കഴിഞ്ഞ അരനൂറ്റാണ്ടിന്റെ നിയമസഭ ചരിത്രത്തില്‍ രണ്ടേ രണ്ട് തവണയാണ് ഇടത്പക്ഷം പാലക്കാട് മണ്ഡലത്തില്‍ നിന്ന് ജയിച്ചിട്ടുള്ളത്. 1996-ലും 2006-ലും. സംസ്ഥാനത്തുടനീളവും പാലക്കാട് ജില്ലയിലും ഇടത്പക്ഷം വെന്നിക്കൊടി പാറിച്ച 2016, 2021 തിരഞ്ഞെടുപ്പുകളില്‍ പോലും കോണ്‍ഗ്രസിനും ഷാഫി പറമ്പിലിനുമൊപ്പം പാലക്കാട് ഉറച്ച് നിന്നു. എന്നിട്ടും ഈ ഉപതിരഞ്ഞെടുപ്പില്‍ പാലക്കാടന്‍ കാറ്റത്ത് ഉഷ്ണിക്കുന്നത് കോണ്‍ഗ്രസാണ്. എന്തുകൊണ്ട്?

മൂന്ന് വട്ടം മണ്ഡലത്തില്‍ നിന്ന് തുടര്‍ച്ചയായി ജയിച്ച ഷാഫി പറമ്പിലിനെ വടകര ലോകസഭ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായി കണ്ടപ്പോള്‍ ആദ്യം ചോദിച്ചത് പാലക്കാട് നിയമസഭ തിരഞ്ഞെടുപ്പ് എന്താകും എന്നായിരുന്നു. 2021-ലെ തിരഞ്ഞെടുപ്പില്‍ ഡല്‍ഹി മെട്രോയുടെ മുന്‍ മേധാവിയും പ്രഗത്ഭ എഞ്ചിനീയറുമായ ഇ ശ്രീധരന്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചപ്പോള്‍ ഷാഫിക്ക് പിന്തുണ നല്‍കിയത് കേരളത്തിലെ ബി.ജെ.പി ഇതര പൊതുസമൂഹം ഒന്നടങ്കമാണ്. തിരഞ്ഞെടുപ്പ് ഫലത്തില്‍ അവസാനം ഇഞ്ചോടിഞ്ച് എത്തിയത് പാലക്കാടും നേമവും ആയിരുന്നു. നേമത്ത് ശിവന്‍കുട്ടിയും പാലക്കാട് ഷാഫിയും ബി.ജെ.പിയെ അവസാന നിമിഷം തോല്‍പ്പിച്ചത് സോഷ്യല്‍ മീഡിയയിലും മറ്റും വലിയ ആഘോഷമായിരുന്നു. ഇടത്പക്ഷത്തിന്റെ ഒരു വലിയ വിഭാഗം വോട്ടുകള്‍ ഷാഫിക്ക് വീണത് കൊണ്ടാണ് ബി.ജെ.പി തോറ്റതെന്ന് കോണ്‍ഗ്രസും ഇടത്പക്ഷവും ഒരു പോലെ പരോക്ഷമായി സമ്മതിച്ച കാര്യവുമാണ്.

പാലക്കാട് നിയമസഭ മണ്ഡലം പാലക്കാട് മുന്‍സിപ്പാലിറ്റിയും കണ്ണാടി, പിരായിരി, മാത്തൂര്‍ ഗ്രാമപഞ്ചായത്തുകളും ചേര്‍ന്നതാണ്. പാലക്കാട് മുന്‍സിപ്പാലിറ്റിയിലുള്ള മുന്‍തൂക്കമാണ് ബി.ജെ.പിയെ ഈ മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് തവണയും രണ്ടാമതെത്തിച്ചത്. 1967-ല്‍ ഒ.രാജഗോപാല്‍ ജനസംഘത്തിന്റെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന കാലം മുതല്‍ ഹിന്ദുത്വ ശക്തികള്‍ക്ക് 10 ശതമാനത്തില്‍ കൂടുതല്‍ വോട്ടുള്ള മണ്ഡലമാണ് പാലക്കാട്. അടിയന്തിരാവസ്ഥകാലത്തിന് ശേഷം കോണ്‍ഗ്രസ് അത്ഭുതകരമായി ശക്തിയാര്‍ജ്ജിച്ച 77-ലെ തിരഞ്ഞെടുപ്പിലും ’80-ലെ തിരഞ്ഞെടുപ്പിനും ശേഷം രാജഗോപാല്‍ വീണ്ടും മത്സരിച്ച 82-ല്‍ 14 ശതമാനം, രാജഗോപാല്‍ വീണ്ടും മത്സരിച്ച 2006-ല്‍ 24 ശതമാനം എന്നിങ്ങനെ ബി.ജെ.പി വോട്ടുകള്‍ ഉയര്‍ന്നു. 2016-ല്‍ 29 ശതമാനവും 2021-ല്‍ 35 ശതമാനവും നേടി ബി.ജെ.പി രണ്ടാം സ്ഥാനത്തും എത്തി. പാലക്കാട് മുന്‍സിപ്പല്‍ വൈസ് ചെയര്‍മാന്‍ ആയിരുന്ന, ജില്ലയിലെ ബി.ജെ.പിയുടെ ഏറ്റവും വലിയ നേതാക്കളിലൊരാളായ സി.കൃഷ്ണകുമാര്‍ സ്ഥാനാര്‍ത്ഥിയായി വരുമ്പോള്‍ ഇത്തവണ അവര്‍ക്ക് പ്രതീക്ഷകള്‍ ഏറെയാണ്. നേമത്ത് അടച്ച അക്കൗണ്ട് പാലക്കാട് വീണ്ടും തുറക്കാന്‍ കഴിയുമോ?

എന്നാല്‍ സി.കൃഷ്ണകുമാറിനോടുള്ള ബി.ജെ.പിയുടെ ഒരു വിഭാഗത്തിന്റെ എതിര്‍പ്പ് മണ്ഡലത്തിലുടനീളം കാണാമെന്നതാണ് അവരുടെ ഏറ്റവും വലിയ ആശങ്ക. ദീര്‍ഘകാലമായി മൂന്നാം സ്ഥാനത്ത് തുടര്‍ന്നിരുന്ന ബി.ജെ.പിയെ പാലക്കാട് മണ്ഡലത്തില്‍ രണ്ടാം സ്ഥാനത്ത് എത്തിച്ചത് താനാണ് എന്ന അവകാശവാദമാണ് ശോഭ സുരേന്ദ്രനുള്ളത്. അതുകൊണ്ട് തന്നെ ശോഭ സുരേന്ദ്രന്‍ ഇത്തവണ സ്ഥാനാര്‍ത്ഥിയാകുമെന്ന് ഒരു വിഭാഗം ഉറപ്പിച്ചതായിരുന്നു. മാത്രമല്ല, പാലക്കാടിന്റെ തൊട്ടടുത്ത മണ്ഡലമായ മലമ്പുഴ കേന്ദ്രീകരിച്ചാണ് കുറച്ച് കാലമായുള്ള സി.കൃഷ്ണകുമാറിന്റെ പ്രവര്‍ത്തനം. കഴിഞ്ഞ രണ്ട് നിയമസഭ തിരഞ്ഞെടുപ്പിലും മലമ്പുഴയില്‍ രണ്ടാം സ്ഥാനത്തെത്താന്‍ സി.കൃഷ്ണകുമാറിന് കഴിഞ്ഞിട്ടുമുണ്ട്. എന്നാല്‍ സി.പി.ഐ.എമ്മിന്റെ ഉറച്ച കോട്ടകളിലൊന്നായ മലമ്പുഴയില്‍ വിള്ളലുണ്ടാക്കി ഒന്നാം സ്ഥാനത്തേയ്ക്ക് കയറാന്‍ അടുത്തൊന്നും സാധ്യതയില്ലെന്ന കൃഷ്ണകുമാറിന്റെ തന്നെ കണക്ക് കൂട്ടലും ശോഭ സുരേന്ദ്രനോട് പാര്‍ട്ടി നേതൃത്വത്തിനുള്ള താത്പര്യകുറവും ഉപതിരഞ്ഞെടുപ്പില്‍ കൃഷ്ണകുമാറിന് തുണയായി. അതാകട്ടെ ബി.ജെ.പിയുടെ ആഭ്യന്തര കലഹത്തിന് ആഴം കൂട്ടിയിട്ടേ ഉള്ളൂ.

ഷാഫിയുടെ വ്യക്തിപരമായ അടുപ്പവും ബന്ധങ്ങളുമായിരുന്നു കഴിഞ്ഞ തവണ ഇ.ശ്രീധരന്റെ പ്രതിച്ഛായയെ മറികടക്കാന്‍ കോണ്‍ഗ്രസിന് തുണയായത്. വടകര ജയിച്ചാലും തന്റെ നേതൃത്വത്തില്‍ പാലക്കാട് നിലനിര്‍ത്തുമെന്നായിരുന്നു ഷാഫി പറഞ്ഞിരുന്നത്. എന്നാല്‍ ഷാഫിയുടെ വടകര തിരഞ്ഞെടുപ്പിന്റെ ചുക്കാന്‍ പിടിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ എന്ന യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനെ പാലക്കാടിന് പുറത്ത് നിന്ന് ഉപതിരഞ്ഞെടുപ്പിലേയ്ക്ക് കൊണ്ടു വന്ന് മണ്ഡലം പിടിക്കാന്‍ കഴിയുമെന്നാണ് അവരുടെ പ്രതീക്ഷ. പാലക്കാട് മുന്‍സിപ്പാലിറ്റിയില്‍ ബി.ജെ.പിക്ക് ഉള്ള പോലെ പിരായിരി പഞ്ചായത്തില്‍ കോണ്‍ഗ്രസിന് മുന്‍തൂക്കമുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലെല്ലാം അത് വ്യക്തവുമായിരുന്നു. ബി.ജെ.പിയാകട്ടെ അവിടെ ഇടത് പക്ഷത്തിനൊപ്പം തന്നെ ശക്തമാണ്. ലോകസഭ തിരഞ്ഞെടുപ്പുകളിലടക്കം കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി കോണ്‍ഗ്രസിന് പാലക്കാടുള്ള വ്യക്തമായ മുന്നേറ്റം ഉപതിരഞ്ഞെടുപ്പിലും തുടരാനാകുമെന്നാണ് അവരുടെ പ്രതീക്ഷ.

എന്നാല്‍ ഈ പ്രതീക്ഷയെ എല്ലാം തെറ്റിക്കും വിധമാണ് കോണ്‍ഗ്രസികത്ത് രൂപം കൊണ്ട രാഹുല്‍ മാങ്കൂട്ടത്തില്‍ വിരുദ്ധ വിമതനീക്കം. കലാപം അഴിച്ച് വിട്ട പി.സരിനെ സ്ഥാനാര്‍ത്ഥിയാക്കുക വഴി കോണ്‍ഗ്രസിലെ ആഭ്യന്തര കലാപത്തെ കൂടുതല്‍ തീക്ഷ്ണമായ നിലയിലേയ്ക്ക് തിരിച്ച് വിടാന്‍ ഇടത്പക്ഷത്തിന് കഴിഞ്ഞു. പി.സരിന് പിറകെ ഒരു കൂട്ടം പ്രദേശിക നേതാക്കള്‍ കോണ്‍ഗ്രസ് വിട്ടതും വി.ഡി.സതീശന്‍, ഷാഫി പറമ്പില്‍ സഖ്യത്തിന് നേരെ കോണ്‍ഗ്രസില്‍ നിന്ന് ഉയരുന്ന കലാപാഹ്വാനങ്ങളും സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ആശയക്കുഴപ്പമില്ലാതെ മുന്നോട്ട് നീങ്ങിയ കോണ്‍ഗ്രസിന്റെ ആദ്യഘട്ടലുണ്ടായ മുന്‍തൂക്കത്തെ പിന്നോട്ടടിച്ചു. ലോകസഭ തിരഞ്ഞെടുപ്പിലുണ്ടായ മിന്നും വിജയവും ഇടത്പക്ഷ സര്‍ക്കാരിനെതിരെ പൊതുവേ നിലനില്‍ക്കുന്ന അസംതൃപ്തിയും മുതലെടുത്താല്‍ പാലക്കാട് സിറ്റിങ് മണ്ഡലം നിലനിര്‍ത്തുന്നതില്‍ യാതൊരു പ്രശ്‌നവും കോണ്‍ഗ്രസിനുണ്ടാകില്ല എന്നതായിരുന്നു അവരുടെ കണക്ക് കൂട്ടല്‍. പക്ഷേ അനുദിനം ഷാഫിക്കും രാഹുലിനും എതിരെ ഉയരുന്ന ആരോപണങ്ങളും രാഹുലിന് മണ്ഡലത്തിലുള്ള പരിചയക്കുറവും കോണ്‍ഗ്രസിന്റെ തലവേദനയ്ക്ക് ആക്കം കൂട്ടുന്നു.

2014 ലോകസഭ തിരഞ്ഞെടുപ്പില്‍ ഒരു ലക്ഷത്തിലേറെ വോട്ടുകള്‍ക്ക് എംബി രാജേഷ് ജയിച്ച ഘട്ടത്തില്‍ മാത്രമാണ് സമീപകാലത്ത് പാലക്കാട് മണ്ഡലത്തില്‍ ഇടത്പക്ഷത്തിന് മേല്‍കൈ ഉണ്ടാക്കാന്‍ സാധിച്ചിട്ടുള്ളത്. സ്വന്തം വോട്ടടിത്തറിയില്‍ ഉണ്ടായ ഇളക്കങ്ങള്‍ക്ക് പുറമേ സര്‍ക്കാരിനെതിരെ പൊതുവേ ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് കൂടി പരിഹാരം കണ്ടെത്തി മാത്രമേ അത്ഭുതകരമായ ഒരു വിജയമെന്ന സാധ്യത അവര്‍ക്ക് മുന്നിലുള്ളൂ. 1965,67,70 തിരഞ്ഞെടുപ്പുകളിലെ തുടര്‍ച്ചയായ വിജയവും 1996, 2006 എന്നീ തിരഞ്ഞെടുപ്പുകളിലെ ജയവും മാത്രമേ പാലക്കാടിന്റെ നിയമസഭ ചരിത്രത്തില്‍ സി.പി.ഐ.എമ്മിനുള്ളൂ. അതേ സമയം പരിസരങ്ങളിലുള്ള മണ്ഡലങ്ങളില്‍ വലിയ വേരോട്ടം പാര്‍ട്ടിക്കുണ്ട് താനും. കണ്ണാടി, മാത്തൂര്‍ മണ്ഡലങ്ങളില്‍ സി.പി.ഐ.എമ്മിന് ഇപ്പോഴുമുള്ള വലിയ ജനസമ്മതിയാണ് അവരുടെ പ്ലസ് പോയിന്റ്. ഡോ.സരിന്‍ വരുന്നതോടെ കോണ്‍ഗ്രസിലും ബി.ജെ.പിയിലും വിമത പക്ഷത്തുള്ളവര്‍ക്ക് ഇടത്പക്ഷത്തിന് വോട്ട് ചെയ്യാനുള്ള സാഹചര്യം ലഭിക്കുമെന്നാന്നാണ് സി.പി.ഐ.എമ്മിന്റെ പ്രതീക്ഷ. സി.പി.ഐ.എം സ്ഥാനാര്‍ത്ഥിക്ക് അത്തരമൊരു സാധ്യത അവിടെ ഇല്ല. അതേ സമയം കോണ്‍ഗ്രസില്‍ നിന്നുവന്ന സരിന് വോട്ട് ചെയ്യുന്നതില്‍ അവര്‍ക്ക് തടസമുണ്ടാകില്ല. മാത്രമല്ല കഴിഞ്ഞ കാലങ്ങളിലേത് പോലെ ബി.ജെ.പി ജയിക്കുമെന്ന സാഹചര്യം വന്നാല്‍ കോണ്‍ഗ്രസിന് ക്രോസ് വോട്ട് ചെയ്ത് അവരുടെ സാന്നിധ്യം തടയുക എന്ന നീക്കം ഇത്തവണ സി.പി.ഐ.എം അണികളില്‍ നിന്നോ നേതൃത്വത്തില്‍ നിന്നോ ഉണ്ടാകുമെന്ന് ആരും പ്രതീക്ഷിക്കുന്നില്ല. ബി.ജെ.പിയെ പോലെ തന്നെ സി.പി.ഐ.എം അണികള്‍ക്ക് കഠിനമായ എതിര്‍പ്പുള്ള കോണ്‍ഗ്രസ് നേതാക്കളില്‍ പ്രമുഖനാണ് രാഹുല്‍ മാങ്കൂട്ടത്തില്‍.

അതിനിടയിലാണ് പി.വി.അന്‍വര്‍ കോണ്‍ഗ്രസിനുണ്ടാക്കുന്ന തലവേദന. നിലവിലുള്ള സാഹചര്യത്തില്‍ പി.വി.അന്‍വറിന്റെ സംഘടന സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുകയാണണെങ്കില്‍ അവര്‍ പിടിക്കുന്ന ഓരോ വോട്ടും കോണ്‍ഗ്രസ് മുന്നണിക്ക് ലഭിക്കേണ്ടതാകും എന്നതില്‍ സംശയമില്ല. പാലക്കാട് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയതിന് പുറമേ അന്‍വറിന് ഇപ്പോള്‍ ലഭിക്കുന്ന മാധ്യമ ശ്രദ്ധയില്‍ ഏറിയ പങ്കും കോണ്‍ഗ്രസിനും ഷാഫിക്കും വി.ഡി.സതീശനും രാഹുല്‍ മാങ്കൂട്ടത്തിലിനും എതിരേയുള്ള ആരോപണങ്ങളില്‍ ചുറ്റിപറ്റിയാണ് എന്നതും അവര്‍ക്ക് ക്ഷീണമാണ്. അഥവാ 2026-ലെ നിയമസഭ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെയും യു.ഡി.എഫിന്റേയും മുന്നൊരുക്കത്തിന് ആത്മവിശ്വാസം നല്‍കേണ്ട പാലക്കാട് വിജയം അവരില്‍ നിന്ന് തട്ടിയെടുക്കാന്‍ സി.പി.ഐ.എം കഴിയുന്നത്ര ശ്രമിക്കും. ഈ പോരാട്ടത്തിനിടയില്‍ നേമത്ത് സി.പി.ഐ.എമ്മിന്റെ നേതൃത്വത്തില്‍ അടയ്ക്കപ്പെട്ട അക്കൗണ്ട് പാലക്കാട് തുറക്കാനാകുമോ എന്ന് ബി.ജെ.പിയും ശ്രമിക്കും.  kerala assembly bye-election palakkad analysis

Content Summary; kerala assembly bye-election palakkad analysis

ശ്രീജിത്ത് ദിവാകരന്‍

അഴിമുഖം കണ്‍സള്‍ട്ടന്റ് എഡിറ്റര്‍

More Posts

This post was last modified on October 22, 2024 5:22 pm

ശ്രീജിത്ത് ദിവാകരന്‍: അഴിമുഖം കണ്‍സള്‍ട്ടന്റ് എഡിറ്റര്‍
Related Post
Leave a Comment