ചന്ദ്രഗിരി പുഴയ്ക്ക് വടക്ക് ഇത്തവണ താമര വിരിയുമോ?

കേരളത്തിലെ മറ്റ് മണ്ഡലങ്ങളിലെ പോലെയല്ല, ചന്ദ്രഗിരി പുഴയ്ക്ക് വടക്കുള്ള മഞ്ചേശ്വരം

Manjeshwar assembly election analysis

സംസ്ഥാനത്ത് ബിജെപി അമിത പ്രതീക്ഷവയ്ക്കുന്ന ഒരു മണ്ഡലം എന്നത് മാത്രമല്ല, ഭാഷ-സംസ്‌കാരം- മതം എന്നീ ഘടകങ്ങള്‍ വിജയം നിര്‍ണയിക്കുന്ന ഏക മണ്ഡലം എന്ന നിലയില്‍ കൂടിയാണ് കേരള നിയമസഭ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം പ്രസക്തമാകുന്നത്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ യുഡിഎഫ്- എന്‍ഡിഎ ദ്വിമുഖ പോരാട്ടം ഏറ്റവും ശക്തമായി നടക്കുന്ന ഏക മണ്ഡലം എന്നും മഞ്ചേശ്വരത്തെ പറയാം.

കേരളത്തിലെ മറ്റ് മണ്ഡലങ്ങളിലെ പോലെയല്ല, ചന്ദ്രഗിരി പുഴയ്ക്ക് വടക്കുള്ള മഞ്ചേശ്വരം. അവിടെ രാഷ്ട്രീയം മാത്രമല്ല കാര്യങ്ങള്‍ തീരുമാനിക്കുന്നത്. ഭാഷയും സംസ്‌കാരവും മതവും പ്രധാന വേഷം അണിയുന്നു. കേരളത്തില്‍ എതിരില്ലാതെ നിയമസഭയിലേക്ക് ഒരു എംഎല്‍എയെ സംഭാവന ചെയ്ത ഒരേയൊരു മണ്ഡലമാണ് മഞ്ചേശ്വരം. മലയാളം, കന്നഡ, തുളു, കൊങ്കിണി, ഉറുദു, മറാത്തി, ബ്യാരി എന്നിങ്ങനെ സപ്തഭാഷ സംഗമ ഭൂമിയായി അറിയപ്പെടുന്ന മഞ്ചേശ്വരം മണ്ഡലത്തില്‍ മലയാളം സംസാരിക്കുന്നവരെക്കാള്‍ ആധികമാണ് മറ്റുഭാഷകള്‍ സംസാരിക്കുന്നര്‍. ഭാഷാ ന്യൂനപക്ഷത്തിന്റെ അവകാശ സംരക്ഷണത്തിനായി രൂപീകരിക്കപ്പെട്ട കര്‍ണാടക സമിതിയാണ് 70കള്‍ വരെ മണ്ഡലത്തില്‍ ആധിപത്യം പുലര്‍ത്തിയത്. പിന്നീട് ചിത്രത്തില്‍ നിന്നു മാഞ്ഞുപോയെങ്കിലും കര്‍ണാടക സമിതിയുടെ സ്വാധീനം തന്നെയാണ് ഇന്ന് ബിജെപിയെ അവിടെ ശക്തമാക്കി നിര്‍ത്തുന്നത്.

കര്‍ണാടക സമിതി നേതാവായിരുന്ന മഹബല ഭണ്ഡാലി തന്റെ ഹാട്രിക് വിജയത്തില്‍ ഒരുതവണ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിട്ടുണ്ടെന്നതൊഴിച്ചാല്‍ ആ പാര്‍ട്ടിക്ക് പറയാന്‍ തക്ക നേട്ടങ്ങളില്ല. അവര്‍ക്ക് സീറ്റ് ലീഗിന് കൊടുക്കേണ്ടി വന്നു. ആദ്യത്തെ പരാജയം മാറ്റി നിര്‍ത്തിയാല്‍ മുസ്ലീം ലീഗ് ആണ് മണ്ഡലത്തില്‍ വിജയ കണക്കില്‍ മുമ്പില്‍. എട്ടു തവണ മണ്ഡലം അവര്‍ സ്വന്തമാക്കിയിട്ടുണ്ട്. സിപിഐ നാല് തവണ വിജയിച്ചിട്ടുണ്ടെങ്കിലും മൂന്നു തവണയും വലതു മുന്നണിയില്‍ നിന്നാണ്. ഇടതു മുന്നണി രൂപീകരിക്കപ്പെട്ടശേഷം സിപിഐ ഒരിക്കല്‍ കൂടി വിജയിച്ചതൊഴിച്ചാല്‍ പിന്നീട് മഞ്ചേശ്വരം എല്‍ഡിഎഫിന് കിട്ടുന്നത് 2006 ലാണ്. നാല് തവണ തുടര്‍ച്ചയായി വിജയിച്ചു വന്ന ചെര്‍ക്കളം അബ്ദുള്ളയെ പരാജയപ്പെടുത്തി സിപിഎമ്മിന്റെ സിഎച്ച് കുഞ്ഞമ്പു അട്ടിമറി നടത്തി. ചെര്‍ക്കളത്തോട് പ്രാദേശിക ലീഗ് പ്രവര്‍ത്തകര്‍ക്കുണ്ടായ എതിര്‍പ്പാണ് കുഞ്ഞമ്പുവിന് ഗുണമായത്. ആ ഒരൊറ്റ വിജയമാണ് സിപിഎമ്മിന് മഞ്ചേശ്വരത്ത് പറയാനുള്ളത്.

വോട്ടില്ലാതെ ജയിച്ച സ്ഥാനാര്‍ത്ഥി, 89ാം നമ്പര്‍ എംഎല്‍എ വണ്ടി, മൂന്നാമന്മാരായ മന്ത്രിമാര്‍

മഞ്ചേശ്വരം ഇപ്പോള്‍ ലീഗും ബിജെപിയും തമ്മിലുള്ള പോരാട്ട ഭൂമിയാണ്. 87-മുതലാണ് മണ്ഡലം ഈ രീതിയില്‍ മാറ്റപ്പെടുന്നത്. ഭാഷ ന്യൂനപക്ഷക്കാരനായിരുന്ന എച്ച് ശങ്കര ആല്‍വ ബിജെപിക്കാരനായി രംഗത്തു വന്നു. അന്ന് തൊട്ട് 2021 വരെ ബിജെപി രണ്ടാം സ്ഥാനത്ത് നിന്നും മാറിയിട്ടില്ല. 2006-ല്‍ സിപിഎം മണ്ഡലം പിടിച്ചപ്പോള്‍ ലീഗ് മൂന്നാം സ്ഥാനത്തേക്ക് പോവുകയാണുണ്ടായത്.

ഭാഷ വലിയൊരു ഘടകമാണ് ഈ മണ്ഡലത്തില്‍. മഞ്ചേശ്വരത്തെ വോട്ടുകളെ ഈ ഭാഷാന്യൂനപക്ഷങ്ങള്‍ തുടക്കം മുതല്‍ വലിയ രീതിയില്‍ സ്വാധീനിക്കുന്നുണ്ട്. മണ്ഡലത്തിലെ വോട്ടര്‍മാരില്‍ ഏകദേശം 55-60 ശതമാനം വരെ അവിടുത്തെ പ്രാദേശിക ഭാഷകള്‍ സംസാരിക്കുന്നവരാണ്. ഇതില്‍ എല്ലാ മതസ്ഥരും ഉള്‍പ്പെടുന്നുണ്ട്. ഭൂരിപക്ഷവും കന്നഡ, തുളു സംസാരിക്കുന്നു. ഇവരിലെ ഹിന്ദു വോട്ടുകളില്‍ 80 ശതമാനവും ഇപ്പോള്‍ ബിജെപിയുടെ കൈവശമാണ്. ബാക്കി 20 ശതമാനത്തില്‍ പകുതിയിലേറെ ഇടതുപക്ഷത്തിന് ലഭിച്ചിരുന്നു. ബാക്കി കോണ്‍ഗ്രസിനും യുഡിഎഫിനും. ഹിന്ദു-മുസ്ലിം സെക്യുലറര്‍ വോട്ടുകള്‍ ബിജെപിയിലേക്ക് പോകുന്നില്ല. മണ്ഡലത്തില്‍ മലയാളം സംസാരിക്കുന്ന 40 ശതമാനത്തോളം വരുന്ന വോട്ടര്‍മാരില്‍ നിന്നും ഇടതുപക്ഷത്തിന് പിന്തുണ കിട്ടിയിരുന്നതാണെങ്കിലും, പഴയതുപോലെ മുസ്ലിം വോട്ടുകള്‍ ഇടതുപക്ഷത്തെക്കാള്‍ ഇപ്പോള്‍ വിശ്വാസം കാണിക്കുന്നത് ലീഗിനോടാണ്.

ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പ് മഞ്ചേശ്വരം മണ്ഡലത്തില്‍ യുഡിഎഫിന്റെ പ്രതീക്ഷ വലുതാക്കുന്നു. ഒരു ബ്ലോക്ക് പഞ്ചായത്തും എട്ടു ഗ്രാമപഞ്ചായത്തും സ്വന്തമാക്കി സമ്പൂര്‍ണ വിജയം. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിലെ 16 വാര്‍ഡില്‍ 11 ഉം യുഡിഎഫിന് കിട്ടി. രണ്ടെണ്ണം വീതം എന്‍ഡിഎയ്ക്കും എല്‍ഡിഎഫിനും. മഞ്ചേശ്വരം, മംഗല്‍പാടി, കുമ്പള, വോര്‍ക്കാടി, മീഞ്ച, പുത്തിഗെ. പൈവളിഗെ, എന്‍മകജെ പഞ്ചായത്തുകള്‍ യുഡിഎഫ് നേടി. ഇതില്‍ പുത്തിഗെയും വോര്‍ക്കാടിയും എല്‍ഡിഎഫില്‍ നിന്നവര്‍ പിടിച്ചപ്പോള്‍ മീഞ്ചയും പൈവളിഗെയും ബിജെപിയില്‍ നിന്നും കൈക്കലാക്കി. എല്‍ഡിഎഫിന് ബ്ലോക്കില്‍ ഉണ്ടായിരുന്ന ഒരു സീറ്റും, ജില്ല പഞ്ചായത്ത് ഡിവഷനിലെ ബിജെപി സീറ്റും യുഡിഎഫിനാണ് കിട്ടിയത്.

തദ്ദേശത്തില്‍ തിരിച്ചടി നേരിട്ടെങ്കിലും ബിജെപിക്ക് അവരുടെ വോട്ട് വിഹിതം കുറഞ്ഞില്ല എന്നത് ആശ്വാസകരമായ കാര്യമാണ്. കേരളത്തില്‍ ബിജെപിക്ക് ഏറ്റവും അധികം വോട്ട് വിഹിതം ഉള്ള മണ്ഡലവും മഞ്ചേശ്വരമാണ്. കഴിഞ്ഞ മൂന്നു വര്‍ഷത്തെ ബിജെപിയുടെ വോട്ട് വളര്‍ച്ച സ്ഥിരതയാര്‍ന്നതും മുന്നോട്ടുള്ളതുമാണ്. 2011-ല്‍ 34.61 ശതമാനമായിരുന്ന വോട്ട്, 2016-ല്‍ 35.79 ശതമാനമായി കൂടി. 2019 ലെ ഉപതിരഞ്ഞെടുപ്പില്‍ ഏഴായിരത്തിന് അടുത്ത് ഭൂരിപക്ഷം ലീഗ് നേടിയെങ്കിലും ബിജെപിയുടെ വോട്ട് വിഹിതം 34.90 ശതമാനമായിരുന്നു. 2021-ല്‍ കെ സുരേന്ദ്രന്‍ വീണ്ടും വരുമ്പോള്‍ അവരുടെ വോട്ട് വിഹിതം 37.70 ശതമാനമായി വളര്‍ന്നു. 2011-ല്‍ 43,000 ഉണ്ടായിരുന്ന വോട്ട്, 2021 ല്‍ 65,000 ആയാണ് കൂടിയത്. 38 ശതമാനത്തോളം വോട്ട് വിഹിതം ഉണ്ടാക്കിയതും, ആയിരത്തില്‍ താഴെ മാത്രം വോട്ടിനാണ് പരാജയപ്പെടുന്നത് എന്നതും ചെറിയൊരു വോട്ട് സ്വിംഗ് ഉണ്ടായാല്‍ വിജയം തങ്ങള്‍ക്കൊപ്പം പോരുമെന്ന വിശ്വാസം ബിജെപിക്ക് കൂട്ടുന്നു.

ബൂത്ത് തലത്തിലുള്ള വോട്ട് വിഹിതവും ബിജെപിക്ക് കൂടുന്നുണ്ട്. 2016 ല്‍ 56,781 ആയിരുന്നു അവര്‍ക്ക് കിട്ടിയ വോട്ട്, 2021-ല്‍ 65,013 ആയി. വര്‍ദ്ധിച്ചത് 8,232 വോട്ടുകളാണ്. പല ബൂത്തുകളിലും ബിജെപി രണ്ട് മുതല്‍ മൂന്നു ശതമാനം വരെ വോട്ട് വര്‍ദ്ധിപ്പിച്ചു. ഇത് നാലു മുതല്‍ അഞ്ചുവരെയാക്കാന്‍ ഇത്തവണ അവര്‍ക്കായാല്‍ മഞ്ചേശ്വരം പിടിക്കാം.

തീരദേശ മേഖല, അതിര്‍ത്തി മേഖല, മലയോര-ഗ്രാമീണ മേഖലകളായി തിരിച്ചു പരിശോധിച്ചാല്‍, തീരദേശ മേഖലയിലാണ് ലീഗിനും യുഡിഎഫിനും വ്യക്തമായ മേല്‍ക്കൈ ഉള്ളത്. ഇവിടെ രാഷ്ട്രീയ വോട്ടുകളും ലീഗിന് ഉറപ്പാകുന്നു. എന്നാല്‍ അതിര്‍ത്തി മേഖലയിലേക്ക് പോയാല്‍ ബിജെപിയുടെ അപ്രമാദിത്വമാണ്. ഇവിടെയാണ് ഭാഷാ ന്യൂനപക്ഷങ്ങളുടെ വോട്ട് നിര്‍ണായകമാകുന്നത്. അതിലെ ഹിന്ദു വോട്ടുകള്‍ ബഹുഭൂരിപക്ഷവും ബിജെപിയിലേക്കാണ് ഇപ്പോള്‍ പോകുന്നത്. ഗ്രാമീണ-മലയോര മേഖലയിലാണ് ഇപ്പോഴും ഇടതുപക്ഷത്തിന് സ്വാധീനം ബാക്കിയുള്ളത്. എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പ് വരെയുള്ള കണക്ക് നോക്കിയാല്‍ എല്‍ഡിഎഫിന്റെ കരുത്ത് കുറയുകയാണ്. 2016 ല്‍ 42,565 വോട്ടുകള്‍ കിട്ടിയ ഇടതുപക്ഷത്തിന് 2021-ല്‍ 40,639 വോട്ടുകളായി കുറഞ്ഞതും കാണാം. മഞ്ചേശ്വരം ഒരിക്കലും ഇടതുപക്ഷ സ്വാധീനമുള്ള മണ്ണ് എന്ന് വിളിക്കാവുന്ന സ്ഥലം അല്ലെങ്കിലും സെക്യുലര്‍ മുസ്ലിങ്ങള്‍ക്കിടയില്‍ നിന്നും ഹിന്ദുക്കള്‍ക്കിടയില്‍ നിന്നും അവര്‍ക്ക് വോട്ട് ഉണ്ടായിരുന്നു. പൗരത്വ വിഷയം, ബിജെപിയുടെ വളര്‍ച്ച, വെള്ളാപ്പള്ളി പ്രീണനം തുടങ്ങിയ ഘടകങ്ങള്‍ മുസ്ലിം വോട്ടുകള്‍ ലീഗിലേക്ക് ഏകീകരിക്കപ്പെടാന്‍ കാരണമായിട്ടുണ്ട്. ഇതിന്റെ നഷ്ടം എല്‍ഡിഎഫിനാണ്.

തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് തിരിച്ചടി ഉണ്ടാകാന്‍ കാരണമായി മഞ്ചേശ്വരത്തെ ബിജെപി നേതാക്കള്‍ പറയുന്ന കാരണം എസ് ഐ ആര്‍-ന്റെ പേരില്‍ ലീഗ് മുസ്ലിങ്ങള്‍ക്കിടയില്‍ അനാവശ്യ ഭീതി പരത്തിയതാണെന്നാണ്. എന്നാല്‍ ലീഗ് സ്ഥാനാര്‍ത്ഥിയ്‌ക്കൊപ്പം ഉള്ളവര്‍ ചൂണ്ടിക്കാണിക്കുന്ന കാര്യം, ഇക്കഴഞ്ഞ തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ ജില്ല പഞ്ചായത്തിലേക്കുള്ള മത്സരത്തില്‍ ബിജെപിയെക്കാള്‍ ഇരുപതിനായിരത്തിനടുത്ത് വോട്ടുകള്‍ തങ്ങള്‍ക്ക് കൂടുതല്‍ കിട്ടിയെന്നാണ്. അത് രാഷ്ട്രീയ വോട്ടുകളായിട്ടാണ് അവര്‍ കൂട്ടുന്നത്. ബിജെപിക്ക് ഉണ്ടായ ഈ വോട്ട് വീഴ്ച്ച നിലനില്‍ക്കുകയാണ് ലീഗ് വിജയം ഉറപ്പിക്കുകയാണ്. എന്നാല്‍ സുരേന്ദ്രന്റെ സാന്നിധ്യമാണ് ബിജെപിയുടെ പ്രതീക്ഷ.

എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ട് ശതമാനം പരിശോധിച്ചാല്‍ ലീഗിന് മുന്‍തൂക്കം കാണാം. ബിജെപി വളര്‍ച്ച പോലെ തന്നെ ലീഗിനും മഞ്ചേശ്വരത്ത് സ്വാധീനം കൂടടിക്കൊണ്ടിരുന്നു. 2016-ല്‍ പി ബി അബ്ദുള്‍ റസാഖ് നേടിയ 56,870 വോട്ടുകള്‍ 2019 ലെ ഉപതിരഞ്ഞെടുപ്പില്‍ എം സി ഖമറുദ്ദീന്‍ 65,407 വോട്ടുകളാക്കി ഉയര്‍ത്തി. 2021 ല്‍ എ.കെ.എം അഷ്റഫിന് കിട്ടിയതാകട്ടെ 65,858 വോട്ടുകളും. 2016-ല്‍ നിന്നും 2021 ലേക്ക് എത്തുമ്പോള്‍ 9,000 വോട്ടുകളുടെ വര്‍ദ്ധനവ്. ബിജെപിയുമായി താരതമ്യം ചെയ്താല്‍ അത്ര വലിയ നേട്ടമായി പറയാന്‍ കഴിയില്ല. 2021 ലെ വോട്ട് വിഹിതം നോക്കുമ്പോള്‍ രണ്ടു പേരും ഏകദേശം തുല്യമാണ്. 2016 ലെ 35.85 വോട്ട് ശതമാനം 2021 ല്‍ ലീഗ് 38.19 ആക്കി. എന്നാല്‍ ബിജെപിക്ക് 37.70 ശതമാനം ഉണ്ട്. ഏകദേശം തുല്യമായി തന്നെയുള്ള യാത്ര. എന്നാല്‍ 2025-ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് വോട്ട് വിഹിതം ഏകദേശം 42 ശതമാനമാക്കിയപ്പോള്‍ ബിജെപിക്ക് അത് 38 ശതമാനത്തിനടുത്ത് തന്നെ വന്ന് നില്‍ക്കുകയാണ്. മണ്ഡലത്തിലെ രാഷ്ട്രീയം നിരീക്ഷിക്കുന്നവര്‍ പറയുന്നതുപോലെ, ബിജെപി അവരുടെ പരമാവധി വളര്‍ച്ചയില്‍ വന്നെത്തി നില്‍ക്കുകയാണ്, ഇനിയവര്‍ക്ക് അതില്‍ നിന്നും മുന്നോട്ടു പോകാന്‍ പറ്റുമോയെന്നറിയില്ല!. എന്നാല്‍ ബിജെപി ഇതിനെ ഖണ്ഡിക്കുന്നത് ചില അനാവശ്യ ഭീതികള്‍ മുസ്ലിം സമുദായത്തിനിടയില്‍ പടര്‍ത്തിയാണ് ലീഗ് വോട്ട് വര്‍ദ്ധിപ്പിച്ചതെന്നാണ്.

മഞ്ചേശ്വരത്ത് ബിജെപിയെ പ്രതിരോധിക്കാന്‍ മതേതര വോട്ടുകള്‍ ഏകീകരിക്കപ്പെടുന്നുവെന്ന് പറയാറുണ്ട്. ഇടതുപക്ഷത്തിന്റെ ക്രോസ് വോട്ടിംഗ് ആയാണ് ഇത് അവതരിപ്പിക്കപ്പെടുന്നത്. എന്നാല്‍ സിപിഎം ഇത് നിഷേധിക്കുകയാണ്. പാര്‍ട്ടിയുടെ വോട്ടുകള്‍ പാര്‍ട്ടിക്ക് തന്നെ കിട്ടുന്നുവെന്ന് അവര്‍ ഉറപ്പിച്ചു പറയുന്നു. പാര്‍ട്ടി വോട്ട് പോകുന്നുണ്ട് എന്നത് യാഥാര്‍ത്ഥ്യം തന്നെയാണ്. നേരത്തെയുണ്ടായിരുന്ന ഹിന്ദു വോട്ടുകളില്‍ ബിജെപിയിലേക്ക് പോകാനുള്ളത് മുഴുവനായി തന്നെ പോയിട്ടുണ്ട്. ബാക്കി നില്‍ക്കുന്ന വോട്ടുകള്‍, സിപിഎമ്മില്‍ ഉറച്ചു നില്‍ക്കുന്ന സെക്യുലര്‍ വോട്ടുകളാണ്. അത് അവിടെ തന്നെ കിട്ടുകയും ചെയ്യുന്നു. എന്നാല്‍ മുസ്ലിം വോട്ടില്‍ നിന്നും ലീഗിലേക്ക് മാറി കുത്തുന്നുണ്ട്. പൗരത്വ പ്രശ്‌നം പോലുള്ള ഭയം കൊണ്ടും, ബിജെപിയെ തോല്‍പ്പിക്കുന്നത് ലീഗ് ആണെന്നതുകൊണ്ടും ലീഗിന് പോകുന്ന സിപിഎം വോട്ടുകളുണ്ട്. അതേപോലെ വെള്ളാപ്പള്ളിയെ പിന്തുണയ്ക്കുന്നു എന്ന കാരണത്താല്‍ സിപിഎമ്മിനോട് വിയോജിപ്പ് പ്രകടിപ്പിച്ച് ആ പാളത്തില്‍ നിന്നും ലീഗിലേക്ക് പോകുന്ന വോട്ടുകളുണ്ട്. ഇത്തരത്തില്‍ പോകുന്ന വോട്ടുകളാണ് പലപ്പോഴും ലീഗിന് സഹായകരമാകുന്നതെന്നാണ് മണ്ഡലത്തില്‍ ഉള്ളവര്‍ പറയുന്നത്.

ഇത്തവണ ലീഗിനെ അസ്വസ്ഥത പെടുത്തുന്നത് എസ്ഡിപിഐ സ്ഥാനാര്‍ത്ഥിത്വമാണ്. ബിജെപിക്ക് ഗുണം ചെയ്യുമെന്നാണ് യുഡിഎഫ് വിമര്‍ശിക്കുന്നത്, എസ്ഡിപിഐ സ്ഥാനാര്‍ത്ഥി വരുന്നത് അനുഗ്രഹമായി കാണുന്നുവെന്ന് ബിജെപിക്കാരും പറയുന്നു. മഞ്ചേശ്വരം മണ്ഡലത്തില്‍ ബ്ലോക്കിലും ഗ്രാമപഞ്ചായത്തുകളിലുമായി എസ്ഡിപിഐയ്ക്ക് മെംബര്‍മാര്‍ ഉണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം ഗ്രാമപഞ്ചായത്തിലെ ഒരു സീറ്റിലേക്ക് അവര്‍ ഒതുങ്ങി. തങ്ങള്‍ക്ക് നേരിട്ട പരാജയത്തിന് കാരണം ലീഗ് ആണെന്ന് എസ്ഡിപിഐ വിശ്വസിക്കുന്നു. മഞ്ചേശ്വരത്തും കാസറഗോഡ് മണ്ഡലങ്ങളിലും ബിജെപി വളരുകയും അവരുടെ അക്രമപ്രവര്‍ത്തനങ്ങളെ തടയാന്‍ ലീഗിന് സാധിക്കുന്നില്ലെന്നും കുറ്റപ്പെടുത്തി ഒരു സംഘപരിവാര്‍ പ്രതിരോധ സംവിധാനം എന്ന നിലയിലാണ് എസ്ഡിപിഐ മണ്ഡലത്തില്‍ സ്വാധീനം ഉണ്ടാക്കിയെടുക്കുന്നത്. ലീഗിലെ അസംതൃപ്തര്‍ തന്നെയാണ് എസ്ഡിപിഐയായി മാറിയതും. തങ്ങളെ രാഷ്ട്രീയമായി നിശബ്ദമാക്കാന്‍ ലീഗ് ശ്രമിക്കുന്നുവെന്ന പരാതിയും ലീഗ് സിറ്റിംഗ് എംഎല്‍എ എകെഎം അഷ്‌റഫ് പര്യമായി നടത്തുന്ന വിമര്‍ശനവും സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനുള്ള കാരണമായി എസ്ഡിപിയുമായി ബന്ധപ്പെട്ടവര്‍ പറയുന്നുണ്ട്.

എസ്ഡിപിഐ മണ്ഡലത്തില്‍ ആറായിരത്തിനും ഏഴായിരത്തിനും ഇടയില്‍ വോട്ട് അവകാശപ്പെടുന്നുണ്ട്. ഈ കണക്ക് നിര്‍ണായകം തന്നെയാണ്. എന്നാല്‍ ലീഗ് പറയുന്നത്, പരമാവധി രണ്ടായിരം-രണ്ടായിരത്തി അഞ്ഞൂറ് വോട്ടുകള്‍ മാത്രമാണ് അവര്‍ക്കുള്ളതെന്നും, എസ്ഡിപിഐയെ ഭയപ്പെടേണ്ടതില്ലെന്നുമാണ്. എങ്കിലും അവസാന നിമിഷം വരെ എസ്ഡിപിഐ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ശ്രമങ്ങള്‍ നടന്നിരുന്നു. പിഡിപിക്കും ചെറിയ വോട്ടുകള്‍ അവിടെയുണ്ട്. പിഡിപി ഇത്തവണ ഇടതുപക്ഷത്തിനാണ് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. ഇപി സുന്നി വിഭാഗത്തിനും വോട്ടുള്ള പ്രദേശമാണ്. എന്നാല്‍ അവരുടെ വോട്ടും ലീഗിന് പോകാനാണ് സാധ്യത.

വളരെ ചെറിയ വിഭാഗമാണ് മഞ്ചേശ്വരത്തെ ക്രിസ്ത്യാനികള്‍. തിരുവിതാംകൂര്‍ മേഖലയില്‍ നിന്നും കുടിയേറിയ ക്രിസ്ത്യാനികളല്ല, മഞ്ചേശ്വരത്തുള്ളത് കൊങ്കിണി ക്രിസ്ത്യനികളാണ്. ഏകദേശം ആറായിരം ഏഴായിരം വോട്ടുകള്‍ ഇവര്‍ക്കുണ്ട്. ഇതില്‍ ഭൂരിഭാഗവും യുഡിഎഫിലേക്കാണ് പോകുന്നത്. ഇത്തവണ ഇവിടുത്തെ ക്രിസ്ത്യാനികള്‍ രണ്ട് ആവശ്യം മുന്നില്‍ വച്ചിരുന്നു. അവരെ ലത്തീന്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്തണം, കാരണം നിലവില്‍ അവര്‍ക്ക് സംവരണം ലഭിക്കുന്നില്ല. മറ്റൊന്ന് ഒരു കൊങ്കിണി അക്കാദമി സ്ഥാപിക്കണം. രണ്ടു കാര്യത്തിലും ഉറപ്പുകള്‍ നല്‍കി യുഡിഎഫ് അവരുടെ പിന്തുണ പ്രതീക്ഷിക്കുമ്പോഴാണ് മറ്റൊരു ട്വിസ്റ്റ് നടക്കുന്നത്. ഇത്തവണ രണ്ട് ക്രിസ്ത്യന്‍ സ്ഥാനാര്‍ത്ഥികള്‍ മഞ്ചേശ്വരത്തുണ്ട്. അതില്‍ ഒന്ന് ബിജെപി പിന്തുണയോടെ മഞ്ചേശ്വരം ഗ്രാമപഞ്ചായത്തിലെ വനിത പ്രസിഡന്റായ ജീന്‍ ലവിന മൊന്ത്‌യ്‌രോ ആണ്. ക്രിസ്ത്യന്‍ വോട്ടുകള്‍ യുഡിഎഫിലേക്ക് പോകാതിരിക്കാനുള്ള ബിജെപിയുടെ തന്ത്രമായി ഇത് വിലയിരുത്തപ്പെടുന്നു.

മഞ്ചേശ്വരം ആരിക്കാടിയിലെ ടോള്‍ പിരിവ് നിര്‍ത്തലാക്കിയതും പരുശറാം എക്‌സ്പ്രസ്സിന് മഞ്ചേശ്വരത്തിന് സ്റ്റോപ്പ് അനുവദിച്ചതും ഈ തിരഞ്ഞെടുപ്പില്‍ നിര്‍ണായകമാകും. ടോള്‍ പ്ലാസയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കാനുള്ള സമരത്തില്‍ ലീഗ് എംഎല്‍എ അഷ്‌റഫ് നിറസാന്നിധ്യമായിരുന്നു. ടോള്‍ നിര്‍ത്തിയതിന്റെ ക്രെഡിറ്റ് അഷ്‌റഫ് ഉപയോഗിക്കുന്നുമുണ്ട്. എന്നാല്‍ ഇത് തന്റെ ഇടപെടല്‍ കൊണ്ടാണെന്ന് സുരേന്ദ്രന്‍ വാദിക്കുന്നു. അയാള്‍ക്കത് ഗുണം ചെയ്യുമെന്ന് വിശ്വസിക്കുന്നവരുമുണ്ട്. അതുപോലെ മഞ്ചേശ്വരത്ത് പരുശറാം എക്‌സ്പ്രസ്സിന് സ്റ്റോപ്പ് അനുവദിച്ചതില്‍ സുരേന്ദ്രന്റെ ഇടപെടലും വോട്ടായി മാറാം.

ഇതൊക്കെയുണ്ടെങ്കിലും ഈ തിരഞ്ഞെടുപ്പിലെ വിജയം നിര്‍ണയിക്കുക പുതിയതായി ചേര്‍ത്ത വോട്ടുകളാണ്. ഏകദേശം തുല്യനിലയില്‍ നില്‍ക്കുന്ന ബിജെപിക്കും ലീഗിനും പുതിയതായി വരുന്ന വോട്ടകളിലാണ് പ്രതീക്ഷ. 2026 എസ് ഐ ആര്‍ പ്രകാരം ഏകദേശം 17000 വോട്ടുകള്‍ വോട്ടര്‍ പട്ടികയില്‍ നിന്നും എസ്.എ.ഡി അനുസരിച്ച്(ഷിഫ്റ്റ്, ആബ്‌സെന്റ്, ഡെത്ത്) ഒഴിവാക്കിയിട്ടുണ്ട്. ഇതില്‍ 11,000 വോട്ടുകളോലം ബിജെപിയുടെതാണെന്ന് ലീഗ് പറയുന്നു. എന്നാല്‍ ബിജെപി പറയുന്നത് 8,000-9000 വോട്ടുകളാണ് മാറിയിരിക്കുന്നതെന്നാണ്. ഇല്ലാത്ത വോട്ടുകള്‍ ഒഴിവാക്കയതോടെ കഴിഞ്ഞ തവണ 78 ശതമാനമായിരുന്ന പോളിംഗ് ഇത്തവണ 83 ശതമാനമായി ഉയരാന്‍ സാധ്യതയുണ്ടെന്ന് പറയുന്നു. 2,30.113 പേരാണ് ഇത്തവണ മണ്ഡലത്തിലെ വോട്ടര്‍മാരായി ഉള്ളത്. പൗരത്വപ്രശ്‌നം മുസ്ലിങ്ങള്‍ക്കിടയില്‍ ഭീതി വളര്‍ത്തിയതോടെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള ആവേശം മുസ്ലിങ്ങള്‍ക്കിടയില്‍ ശക്തമായി. അതായത്, എസ് ഐ ആര്‍ ഉപകാരപ്പെട്ടത് ലീഗിന് ആണെന്ന് അവര്‍ തന്നെ പറയുന്നു. ഏകദേശം 19,000 പുതിയ വോട്ടുകള്‍ ഇത്തവണ ചേര്‍ക്കപ്പെട്ടിട്ടുണ്ട്. അതില്‍ 15,000 ന് അടുത്ത് മുസ്ലിം വോട്ടുകളാണെന്ന് ലീഗിനോട് അടുത്തവര്‍ പറയുന്നു. ഈ കണക്കാണ് ലീഗിന് ഇത്തവണ പ്രതീക്ഷ നല്‍കുന്ന പ്രധാന ഘടകം. എന്നാല്‍ അവസാന നിമിഷം വരെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ബിജെപി തീവ്രശ്രമം നടത്തിയിരുന്നു. അതുകൊണ്ട് പുതിയ വോട്ടുകളില്‍ അവരും പ്രതീക്ഷ വയ്ക്കുന്നുണ്ട്. രണ്ട് കൂട്ടരും പറയുന്ന ഈ അവകാശവാദങ്ങള്‍ തന്നെയാണ് മഞ്ചേശ്വരത്തെ ഇത്തവണയും പ്രവചനാതീതമാക്കുന്നത്.

Content Summary: Kerala Assembly Election 2026; Manjeshwar Constituency analysis. BJP- Muslim League neck to neck fight. K Surendran Vs AKM Ashraf

This post was last modified on April 4, 2026 12:52 pm

അഴിമുഖം പ്രതിനിധി:
Related Post
Leave a Comment