സംസ്ഥാന സര്‍ക്കാരിന് കീഴിലെ പിന്‍വാതില്‍ നിയമനങ്ങള്‍ ഇതാദ്യമായല്ല. പക്ഷേ ചട്ടങ്ങളെല്ലാം പാടെ തകര്‍ക്കപ്പെടുമ്പോള്‍ അത് ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യും. ആശ്രിത നിയമന ചട്ടങ്ങളെ പൂര്‍ണമായും കാറ്റില്‍ പറത്തിയാണ് ചെങ്ങന്നൂര്‍ മുന്‍ എംഎല്‍എ കെ കെ രാമചന്ദ്രന്‍ നായരുടെ മകന്‍ ആര്‍ പ്രശാന്തിനെ സംസ്ഥാന സര്‍ക്കാര്‍ നിയമിച്ചത്. എന്നാല്‍ സര്‍ക്കാരിന്റെ അധികാര ദുര്‍വിനിയോഗത്തിനുമേല്‍ ഏറ്റ കനത്ത പ്രഹരമാണ് പ്രശാന്തിന്റെ നിയമനത്തില്‍ സുപ്രീംകോടതിയില്‍ നിന്നുണ്ടായ വിധിപ്രസ്താവം. Kerala government backdoor appointments
പിന്‍വാതില്‍ നിയമനം പല രൂപത്തിലും ഭാവത്തിലും എല്ലാക്കാലവും സര്‍ക്കാരുകള്‍ക്കിടയില്‍ നടക്കുന്ന ഒന്നാണ്. ഇത്തരം നിയമനങ്ങള്‍ക്കായി വിവിധ സര്‍ക്കാരുകള്‍ അവരുടെ ഇഷ്ടക്കാര്‍ക്കായി തസ്തികകള്‍ ഒഴിച്ചിടാറുമുണ്ട്. എന്നാല്‍ ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്തിലേതുപോലെ എല്ലാ വകുപ്പിലും കടന്നു കയറുന്ന രീതി ഒരിക്കലും ഉണ്ടായിട്ടില്ലെന്ന ആരോപണമാണ് ഇപ്പോള്‍ വ്യാപകമായി ഉയരുന്നത്.
അതേസമയം, കെ കെ രാമചന്ദ്രന്‍ നായരുടെ മകന്റെ ആശ്രിത നിയമനം തടഞ്ഞതിന് പിന്നാലെ മറ്റൊരു ആശ്രിത നിയമനത്തിനെതിരെയും ആരോപണങ്ങള്‍ ശക്തമാണ്. പാലക്കാട് കോങ്ങാട് എംഎല്‍എ ആയിരിക്കെ മരിച്ച സിപിഎം നേതാവ് കെവി വിജയദാസിന്റെ മകന്‍ കെവി സന്ദീപിന് ഓഡിറ്റ് വകുപ്പില്‍ ഓഡിറ്ററായി നിയമനം നല്‍കിയതും ആശ്രിത നിയമനമാണെന്നാണ് ആരോപണം.
വിജയദാസിന്റെ മരണശേഷം 2021 ല്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് സന്ദീപിന്റെ നിയമനത്തിന് അനുമതി നല്‍കിയത്. സന്ദീപിന്റെ നിയമനത്തിലും കോടതിയെ സമീപിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനമെന്നാണ് റിപ്പോര്‍ട്ട്.
2018 ജനുവരിയിലാണ് അന്തരിച്ച മുന്‍ എംഎല്‍എ കെ കെ രാമചന്ദ്രന്‍ നായരുടെ മകന്‍ ആര്‍ പ്രശാന്തിന് പൊതുമരാമത്ത് വകുപ്പില്‍ അസിസ്റ്റന്റ് എന്‍ജിനീയറായി പ്രത്യേക നിയമനം നല്‍കുവാന്‍ സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചത്. എന്നാല്‍ നിയമനം ഭരണഘടനയുടെ 14,16 അനുച്ഛേദങ്ങളുടെ ലംഘനം ആണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി റദ്ദാക്കുകയായിരുന്നു. തുടര്‍ന്ന് 2021 ഡിസംബറിലെ ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി.
എംഎല്‍എ ആയിരിക്കെ മരിക്കുന്ന വ്യക്തിയുടെ ആശ്രിതര്‍ക്ക് ഈ വ്യവസ്ഥ ബാധകമാകില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് നിയമന ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയത്. പൊതുമരാമത്ത് വകുപ്പില്‍ പ്രത്യേക തസ്തിക സൃഷ്ടിച്ചായിരുന്നു പ്രശാന്തിന്റെ നിയമനം. പാലക്കാട് സ്വദേശിയായ അശോക് കുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് നിയമനം റദ്ദാക്കാന്‍ കോടതി ഉത്തരവിട്ടത്.
“നിയവവ്യവസ്ഥതിയില്‍ അധിഷ്ഠിതമായ ഒരു രാജ്യത്ത് നിയമപ്രകാരം മാത്രമേ ഇത്തരത്തിലുള്ള നിയമനങ്ങള്‍ നടത്താന്‍ കഴിയൂ. അല്ലാതെ വേണ്ടപ്പെട്ടവരെ തോന്നുംപടി സര്‍ക്കാര്‍ സര്‍വീസില്‍ അതും ഉന്നതപദവിയില്‍ നിയമിക്കുന്നത് ശരിയായ നടപടിയല്ലെന്ന് സുപ്രീംകോടതിയിലെ അഭിഭാഷകനായ അഡ്വ.എംആര്‍ അഭിലാഷ് അഴിമുഖത്തോട് പറഞ്ഞു. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 16 പ്രകാരം പൊതുതൊഴിലുകളില്‍ അവസരസമത്വം എന്നത് ഒരു മൗലികാവകാശമാണ്. സര്‍ക്കാര്‍ ജോലിയില്‍ അവസരം ലഭിക്കാന്‍ എല്ലാവര്‍ക്കും അവകാശം ഉണ്ട്. കൂടാതെ ആര്‍ട്ടിള്‍ 14, തുല്യതയും ഉറപ്പുനല്‍കുന്നു. എന്നാല്‍ പൊതുപരീക്ഷയും റിക്രൂട്ട്‌മെന്റ് നടപടികളുമെല്ലാം മറികടന്നാണ് സര്‍ക്കാര്‍ നിയമനം നല്‍കിയത്. ഇത് നിയമവിരുദ്ധമാണ്. അര്‍ഹരായ എല്ലാവര്‍ക്കും പങ്കെടുത്ത് അവകാശപ്പെടാവുന്ന പൊതുതൊഴിലിലാണ് ഇങ്ങനെ ചട്ടങ്ങള്‍ ലംഘിക്കപ്പെട്ടത്. തങ്ങള്‍ക്ക് വേണ്ടപ്പെട്ടവര്‍ക്ക് ജോലി കൊടുക്കുമെന്ന സര്‍ക്കാരിന്റെ ധിക്കാരത്തെയാണ് ഹൈക്കോടതി തടയിട്ടത്. ആ വിധിയാണ് സുപ്രീംകോടതിയും ശരിവച്ചത്.
പൊതുജന സേവകരെന്ന നിലയിലാണ് സര്‍വീസിലിരിക്കെ മരണപ്പെടുന്ന സര്‍ക്കാര്‍ ജീവനക്കാരുടെ ആശ്രിതര്‍ക്ക് നിയമനം നല്‍കുന്നത്. അതും ചില വ്യവസ്ഥകള്‍ക്ക് വിധേയമായി മാത്രം. എന്നാല്‍ എംഎല്‍എ ആയിരുന്ന ആളുടെ മകന് ജോലി കൊടുക്കുക എന്ന് പറയുമ്പോള്‍ എംഎല്‍എ എന്നത് ഒരു ജോലിയല്ല. ഗവണ്‍മെന്റ് ജോലിയില്‍ ഇരിക്കുന്ന ആള്‍ മരണപ്പെട്ടാല്‍ അയാള്‍ക്ക് ജീവിതമാര്‍ഗങ്ങള്‍ ഒന്നും ഇല്ലാത്ത സാഹചര്യത്തില്‍ കുടുംബത്തിനെ സംരക്ഷിക്കുന്നതാണ് ആശ്രിത നിയമനം. പക്ഷേ ഇവിടെ എംഎല്‍എ യുടെ മകന് ഒരു സാധാരണ ജോലി പോലുമല്ല സര്‍ക്കാര്‍ കൊടുത്തിരിക്കുന്നത്. നിയമങ്ങളെല്ലാം അവഗണിച്ച് ഉന്നതമായ ഒരു ജോലിയാണ് നല്‍കിയത്. അതും പ്രത്യേകമായ പോസ്റ്റ് സൃഷ്ടിച്ചുകൊണ്ട്. മറ്റുള്ള ഉദ്യോഗാര്‍ത്ഥികളെ പരിഗണിക്കാതെ പൊതുപരീക്ഷയൊന്നും നടത്താതെ ഉന്നത ഉദ്യോഗത്തിലേക്ക് ഒരാളെ നിയമിക്കുന്നത് സര്‍ക്കാരിന്റെ ഏകപക്ഷീയമായ നടപടിയായിരുന്നുവെന്നും” അഡ്വ. എംആര്‍ അഭിലാഷ് വ്യക്തമാക്കി.
ജനപ്രതിനിധിയുടെ മക്കള്‍ക്കും ബന്ധുക്കള്‍ക്കും ആശ്രിത നിയമനം നല്‍കിയാല്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ ഉള്‍പ്പെടെയുള്ളവരുടെ മക്കള്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥരായി നിയമനം നല്‍കേണ്ടി വരുമെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. കൂടാതെ പിന്‍വാതില്‍ നിയമനങ്ങളിലേക്ക് വഴിവയ്ക്കുന്ന ഇത്തരം നടപടികള്‍ സര്‍ക്കാരിനെ കയറൂരി വിടുന്നതിന് തുല്യമാകുമെന്നും കോടതി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഹൈക്കോടതിക്ക് വന്ന പിഴവാണ് വിധിന്യായം എന്ന വാദത്താലാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്.
Supreme Court
പ്രശാന്തിന് മതിയായ യോഗ്യതകളുണ്ടെന്നും കേരള സബോര്‍ഡിനേറ്റ് സര്‍വീസ് ചട്ടം 39 പ്രകാരം സര്‍ക്കാരിന് തസ്തിക സൃഷ്ടിക്കാനും നിയമനം നടത്താനും അധികാരമുണ്ടെന്നുമാണ് സര്‍ക്കാര്‍ ഈ വിഷയത്തില്‍ വാദിച്ചത്. എന്നാല്‍ ഇത് സര്‍ക്കാരിന്റെ അധികാര പരിധിക്ക് പുറത്താണെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.
1970 ലെ ആശ്രിത നിയമന ചട്ടപ്രകാരം സര്‍ക്കാര്‍ സര്‍വീസിലിരിക്കെ മരണപ്പെടുന്ന സര്‍ക്കാര്‍ ജീവനക്കാരുടെ ജീവിത പങ്കാളിക്കോ മക്കള്‍ക്കോ, മരിച്ചയാള്‍ വിവാഹിതനല്ലെങ്കില്‍ അടുത്ത ബന്ധുക്കള്‍ക്കോ ജോലി നല്‍കാനാണ് വ്യവസ്ഥ. എന്നാല്‍ ഈ ചട്ടങ്ങളെ മറികടന്നായിരുന്നു പ്രശാന്തിനായി സര്‍ക്കാര്‍ ന്യൂമറി തസ്തിക സൃഷ്ടിച്ചത്. എന്നാല്‍ 2022 ഒക്ടോബറില്‍ ആശ്രിത നിയമനം വഴി സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ലഭിക്കുക സ്ഥാപിതമായ അവകാശമല്ലെന്ന് സുപ്രീംകോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തിലേറിയത് മുതല്‍ ബന്ധു നിയമന, പിന്‍വാതില്‍ നിയമന വിവാദങ്ങള്‍ വ്യാപകമായിരുന്നു. വ്യവസായ വകുപ്പിന് കീഴിലെ സ്ഥാപനത്തില്‍ തന്റെ ബന്ധുവിനെ നിയമിക്കാന്‍ മന്ത്രി ഇപി ജയരാജന്‍ നടത്തിയ ശ്രമത്തെ തുടര്‍ന്ന് അദ്ദേഹത്തിന് മന്ത്രി സ്ഥാനം തന്നെ രാജിവയ്‌ക്കേണ്ടിയും വന്നിരുന്നു. ഇത്തരത്തിലുള്ള പിന്‍വാതില്‍ നിയമനങ്ങളിലൂടെ അഭ്യസ്തവിദ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് നഷ്ടം സംഭവിക്കുന്നത്. പി.എസ്.സിയില്‍ പ്രതീക്ഷയര്‍പ്പിച്ച് ആയിരക്കണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ കാത്തുനില്‍ക്കുമ്പോഴാണ് സര്‍ക്കാര്‍ ഇഷ്ടക്കാര്‍ക്കായി അവസരങ്ങള്‍ വീതിച്ച് നല്‍കുന്നത്.
കേരളത്തിലെ തൊഴിലില്ലായ്മ മൂലം വിദേശരാജ്യങ്ങളിലേക്ക് നിരവധി പേര്‍ ചേക്കേറുമ്പോള്‍ യുവജനങ്ങളെ സ്വന്തം നാട്ടില്‍ നിര്‍ത്താന്‍ പ്രചോദനമേകേണ്ട സര്‍ക്കാര്‍ ഇത്തരത്തില്‍ പിന്‍വാതിലിലൂടെ സ്വന്തപ്പെട്ടവര്‍ക്കും ബന്ധുക്കള്‍ക്കും നിയമനം നല്‍കുന്നത് യുവജനങ്ങളോടുള്ള കടുത്ത വെല്ലുവിളി കൂടിയാണ്. Kerala government backdoor appointments
Content Summary: Kerala government backdoor appointments
backdoor appointments pinarayi government kerala government latest news kerala news
This post was last modified on December 8, 2024 11:48 am
Leave a Comment