മലയാളിയുടെ മഴ ഓർമകളുടെ ഗൃഹാതുരത്വം ഭീതിക്ക് വഴിമാറിയിട്ട് വർഷങ്ങളായി
കേരളക്കരയെ ഒന്നാകെ നടുക്കിയ ദുരന്തമുണ്ടായി ഇന്ന് ഒരു മാസം തികയുമ്പോൾ മറ്റൊരു പെരുമഴ കാലമാണ് നമ്മെ തേടി വന്നിരിക്കുന്നത്. മലയാളിയുടെ മഴ ഓർമകളുടെ ഗൃഹാതുരത്വം ഭീതിക്ക് വഴിമാറിയിട്ട് വർഷങ്ങളായെങ്കിലും, ഒരു നാടിനേയും അവിടുള്ള മനുഷ്യരെയും അപ്പാടെ തുടച്ച് നീക്കി കഴിഞ്ഞ ജൂലൈ 30 സമ്മാനിച്ചത് ഒരിക്കലും ഉണങ്ങാത്ത മുറിവാണ്. ഓഗസ്റ്റ് 29 വ്യാഴാഴ്ച രാവിലെയോടെ ആരംഭിച്ച മഴ കേരളത്തിന്റെ എല്ലാ ജില്ലകളിലും ഇടവിട്ട തോതിൽ ശക്തമായി തുടരുകയാണ്. ന്യൂനമർദ്ദം ശക്തമായി തുടരുന്നതിനാൽ ആശങ്ക പെടേണ്ടതുണ്ടോ എന്ന് പറയുകയാണ്, റഡാർ ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞനായ മനോജ് എം ജി. kerala heavy rain
രണ്ട് ന്യൂന മർദ്ദങ്ങളാണ് ഇപ്പോഴുള്ള മഴയുടെ പിന്നിലെ കാരണം ഒന്ന് ഗുജറാത്ത് തീരത്തിനടുത്താണ്. ഗുജറാത്തിൽ കനത്ത മഴയെ തുടർന്ന് ഞായറാഴ്ച ആരംഭിച്ച വെള്ളപ്പൊക്കത്തിൽ 29 പേർ അപകടങ്ങളിൽ മരണപ്പെട്ടിട്ടുണ്ട്. അതോടൊപ്പം ബംഗാൾ ഉൾക്കടലിൽ ഇന്ത്യയുടെ കിഴക്കൻ തീരത്ത് ഒറീസ്സ പശ്ചിമ ബംഗാൾ ഈ സംസ്ഥാനങ്ങളോട് ചേർന്ന് മറ്റൊരു ന്യൂന മർദ്ദം കൂടിയുണ്ട്. ഗുജറാത്ത് തീരത്തുള്ള ന്യൂനമർദ്ദം പോലെ അത്ര ശക്തിയില്ലെങ്കിലും ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം തീവ്രത ഉള്ളതാണ്. ഈ രണ്ട് ന്യൂന മർദ്ദങ്ങളുടെ സ്വാധീനം കൊണ്ട് കാലവർഷക്കാറ്റ് ശക്തിപ്പെട്ടിട്ടുണ്ട്. ഇതിന്റെ ഭാഗമായി കേരളത്തിന്റെ പടിഞ്ഞാറൻ തീരത്ത് നല്ല മഴ ലഭിക്കാനുള്ള സാധ്യതയുണ്ട്. ഇത്തരത്തിൽ മഴ സെപ്റ്റംബർ രണ്ട് മൂന്ന് തീയതികൾ വരെ നീണ്ട നിൽക്കുകയും ചെയ്യും. വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലേർട്ടുകളാണുള്ളത്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലേർട്ട് മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴ ഉണ്ടാകാനാണ് സാധ്യത.
വയനാട് പൊതുവെ ശക്തമായ മഴ ലഭിക്കുന്ന പ്രദേശമാണ്. കൂടാതെ കോഴിക്കോട്, കണ്ണൂർ, മലപ്പുറം ജില്ലകളുമായി അതിർത്തി പങ്കിടുന്ന ഇടങ്ങൾ കൂടുതൽ ശക്തിയേറിയ മഴ ലഭിക്കുന്ന പ്രദേശങ്ങളാണ്. കാലവർഷക്കാറ്റ് ശക്തിപ്പെടുമ്പോൾ കുന്നുകളിൽ നിന്നുള്ള കാറ്റ് മേലേക്കുയരും. അങ്ങനെ ഉണ്ടാകുമ്പോൾ കൂടുതൽ മേഘ രൂപീകരണം സംഭവിക്കുകയും വലിയ തോതിൽ മഴ ലഭിക്കുകയും ചെയ്യും. kerala heavy rain
വയനാട്ടിൽ വലിയ ദുരന്തം വിതച്ച ജൂലൈ 30 ലേതുപോലുള്ള അതി ശക്തമായ സാഹചര്യം ഉണ്ടാകാൻ സാധ്യത ഇല്ല എന്നാണ് കരുതുന്നത്. എങ്കിലും നിലവിൽ കേരളത്തിലെ കാലാവസ്ഥ പ്രവചനാതീതമായ അവസ്ഥയിലാണ്. കുന്നിൻ പ്രദേശങ്ങളിൽ എത്ര മാത്രം മഴ ലഭിക്കുന്നുവെന്ന് കൃത്യമായ വിവരം ശേഖരിക്കാൻ സാധിക്കാൻ പ്രായോഗികമായ ബുദ്ധിമുട്ടുകളുണ്ട്. ഇതുകൊണ്ടാണ് പല സ്ഥലത്തും ഉരുൾ പൊട്ടുമോ ഇല്ലയോ എന്ന് കൃത്യമായി പ്രവചിക്കാൻ സാധിക്കാത്തത്. പലപ്പോഴും ഉരുൾ പൊട്ടലിനു പിന്നിലെ കാരണം ഒറ്റ ദിവസം കൊണ്ട് പെയ്യുന്ന മഴ ആയിരിക്കില്ല, പലപ്പോഴായി മഴ പെയ്ത് ഒടുവിൽ മണ്ണിന്റെ സംഭരണ ശേഷി നഷ്ടപ്പെടുമ്പോഴാണ് ഉരുൾ പൊട്ടൽ സംഭവിക്കുന്നത്. ഓരോ പ്രദേശത്തും എത്ര മാത്രം മഴ ലഭിക്കുന്നു എന്നത് കൃത്യമായി അളക്കേണ്ടതുണ്ട്, കുന്നിൻ മുകളിലും അതുപോലെ കാടുകളിലും മഴ അളക്കാനുള്ള സംവിധാനം സ്ഥാപിക്കിക്കാൻ സാധിക്കില്ല, അതിന്റെ പരിപാലനം ബുദ്ധിമുട്ടാണ് എന്നത് തന്നെയാണ് കാരണം. ഒരു ഇല വന്ന് വീണാൽ പോലും എത്ര മഴ ലഭിച്ചു എന്ന കൃത്യമായ അളവെടുക്കുന്നത് തടസപ്പെടാൻ സാധ്യതയുണ്ട്. ഇതു കൂടാതെ വന്യ മൃഗങ്ങൾ നശിപ്പിക്കാനും മരം മറിഞ്ഞു വീഴുന്നത് പോലുള്ള സാങ്കേതിക പ്രശ്‍നങ്ങൾ ഒരു പാടുണ്ട്.
മൺസൂണിലെ ഇടിമിന്നൽ; കാരണമെന്ത് ?
നിലവിൽ കേരളത്തിലെ വിവിധ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടി മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്ററിൽ താഴെവരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. അറബികടൽ ന്യൂനമർദ്ദ പാത്തി സ്വാധീനം ഉള്ളതിനാൽ കേരള തീരത്ത് കാലവർഷക്കാറ്റ് വീണ്ടും ശക്തി പ്രാപിക്കുന്ന സ്ഥിതി വിശേഷമാണ്. കേരളത്തിൽ മണിക്കൂറിൽ 35- 50 കിലോമീറ്റർ വരെ കാറ്റ് വീശാനുള്ള സാധ്യതയുണ്ട്. അതിനാൽ തന്നെ, ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ നിർദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം. നദിക്കരകൾ, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവരും അപകട സാധ്യത മുൻകൂട്ടി കണ്ട് മാറി താമസിക്കേണ്ടതും അത്യാവശ്യമാണ്.
content summary; kerala heavy rainfall as weather alerts are issued across the state