January 18, 2025 |

അവസാനിപ്പിക്കാത്ത നിയമ തർക്കം; വിരമിക്കൽ ചടങ്ങ് ഒഴിവാക്കി ജസ്റ്റിസ് മേരി ജോസഫ്

കെഎച്ച്സിഎഎ യാത്രയയപ്പ് പരിപാടി റദ്ദാക്കിയിരുന്നു

ദീർഘ കാലത്തെ സേവനങ്ങൾക്കൊടുവിൽ വിരമിക്കുന്ന കേരള ഹൈക്കോടതിയിലെ ജസ്റ്റിസ് മേരി ജോസഫിന് ഹൈക്കോടതി പ്രത്യേക യാത്രയയപ്പ് പരിപാടി നടത്തി. കേരള ഹൈകോർട്ട് അഡ്വക്കേറ്റ്സ് അസോസിയേഷൻ സംഘടിപ്പിക്കാനിരുന്ന പരിപാടിയിൽ ജഡ്ജി പങ്കെടുക്കാൻ വിസമ്മതിച്ചിതായി ബാർ ആൻഡ് ബെഞ്ച് റിപ്പോർട്ട് ചെയ്യുന്നു.

ജസ്റ്റിസ് മേരി ജോസഫിന്റെ വിരമിക്കലിനോടനുബന്ധിച്ച് യാത്രയയപ്പ് ചടങ്ങ് നടത്താൻ കേരള ഹൈകോർട്ട് അഡ്വക്കേറ്റ്സ് അസോസിയേഷൻ (കെഎച്ച്സിഎഎ) ആദ്യം  തീരുമാനിച്ചിരുന്നു. എന്നാൽ ഏറ്റെടുത്തിരുന്ന ജോലി പൂർത്തിയാക്കുന്നതുമായി ബന്ധപ്പെട്ട് ചടങ്ങിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് ജഡ്ജി അറിയിച്ചു. ഇതോടെ വിടവാങ്ങൽ പരിപാടി റദ്ദാക്കാൻ കെഎച്ച്സിഎഎ തീരുമാനിക്കുകയായിരുന്നു. Justice Mary Joseph

ഇത് സംബന്ധിച്ച നോട്ടീസ് കെഎച്ച്‌സിഎഎ പുറപ്പെടുവിച്ചിട്ടുണ്ട്. “കെഎച്ച്‌സിഎഎ സെക്രട്ടറിയും എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളും യാത്രയയപ്പിലേക്ക് ജസ്റ്റിസ് മേരി ജോസഫിനെ ക്ഷണിക്കാനായി ചെന്നിരുന്നു. മുന്നേ ഏറ്റെടുത്ത അസൈൻമെൻ്റുകൾ കാരണം ജസ്റ്റിസ് മേരി ജോസഫ് ചടങ്ങിൽ പങ്കെടുക്കാനുള്ള അസൗകര്യം പ്രകടിപ്പിച്ചു. ജസ്റ്റിസ് മേരി ജോസഫിൻ്റെ അഭാവത്തിൽ ചടങ്ങ് നടത്തുന്നത് ശരിയായ രീതി അല്ലാത്തതിനാൽ യാത്രയയപ്പ് ചടങ്ങ് റദ്ദാക്കാൻ കെഎച്ച്സിഎഎ തീരുമാനിച്ചു,” എന്നാണ് നോട്ടീസിൽ പറയുന്നത്.

ഇതോടെ വിരമിക്കുന്ന ജഡ്ജിക്ക് ഹൈക്കോടതി പ്രത്യേക യാത്രയയപ്പ് പരിപാടി നടത്തുകയായിരുന്നു. ജൂൺ രണ്ടിനാണ് ജഡ്ജി വിരമിക്കുന്നത്. മെയ് 31 വെള്ളിയാഴ്ചയാണ് വിടവാങ്ങൽ പരിപാടി ഹൈക്കോടതി നടത്താൻ തീരുമാനിച്ചത്. ഹൈക്കോടതി ഓഡിറ്റോറിയത്തിൽ നടക്കുന്ന സാധാരണ വിടവാങ്ങൽ ചടങ്ങുകളിൽ നിന്ന് വ്യത്യസ്തമായി,വളരെ ചെറിയ  ഹാളിലാണ് പരിപാടി സംഘടിപ്പിച്ചത്. ജസ്‌റ്റിസ് മേരി ജോസഫിൻ്റെ അഭ്യർഥന പ്രകാരമാണ് നടപടിയെന്ന് ഹൈക്കോടതി വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച വിജ്ഞാപനത്തിൽ പറയുന്നു.

ജസ്റ്റിസ് മേരിയും നിലവിലെ കെഎച്ച്‌സിഎഎ പ്രസിഡൻ്റ് യശ്വന്ത് ഷേണായിയും തമ്മിലുള്ള ചില വിവാദ സംഭവങ്ങളുടെ ബാക്കിയായാണ് ചടങ്ങ് ഒഴിവാക്കിയതെന്ന് ബാർ ആൻഡ് ബെഞ്ച് പറയുന്നു. 2023 ഫെബ്രുവരി ആദ്യവാരം ഷേണായി ഒരു കേസിൽ ജസ്റ്റിസ് മേരിക്ക് മുന്നിൽ ഹാജരായിരുന്നു. എന്നാൽ ഷേണായി കോടതിയിൽ മോശമായി പെരുമാറിയെന്ന് കാണിച്ച് ബാർ കൗൺസിൽ ഓഫ് കേരളയ്ക്ക് (ബിസികെ) കത്ത് നൽകിയിരുന്നു. തുടർന്ന് ബിസികെ ഷേണായിക്ക് കാരണം കാണിക്കൽ നോട്ടീസും നൽകിയിരുന്നു.

കാരണം കാണിക്കൽ നോട്ടീസ് ചോദ്യം ചെയ്ത് ഷേണായി ഹർജി ഫയൽ ചെയ്യുകയും ഹൈക്കോടതി രജിസ്ട്രിയിൽ നിന്ന് രേഖകൾ വാർത്താ ഏജൻസികൾക്ക് ചോർത്തുകയാണെന്ന് ആരോപിക്കുകയും ചെയ്തു. ജസ്റ്റിസ് മേരി വിധി പറയേണ്ട കേസുകളുടെ പട്ടിക 20 എണ്ണമായി വെട്ടിക്കുറച്ചതിനെ ചോദ്യം ചെയ്ത് ഷേണായി മറ്റൊരു ഹർജിയും ഫയൽ ചെയ്തു. മിക്ക ജഡ്ജിമാരുടെയും മുമ്പാകെ ഓരോ ദിവസവും 100 ലധികം കേസുകളാണ് വരാറുള്ളത്. ഏതാണ്ട് ഇതേ സമയത്താണ് ഷേണായിക്കെതിരെ  കോടതിയലക്ഷ്യ കേസും ആരംഭിച്ചത്. കൂടാതെ 1971 ലെ കോടതിയലക്ഷ്യ (കേരള ഹൈക്കോടതി) ചട്ടങ്ങളിലെ റൂൾ 15 അനുസരിച്ച്, കേസുമായി ബന്ധപ്പെട്ട് സഹായിക്കാൻ മുതിർന്ന അഭിഭാഷക സീമന്ദിനിയെ നിയമിച്ചു. തുടർന്ന് അഭിഭാഷകനായ പ്രേരിത് ഫിലിപ്പ് ജോസഫ് ഉൾപ്പെട്ട കേസുകളിൽ വാദം കേൾക്കാനായി അദ്ദേഹത്തിന്റെ അമ്മ കൂടിയായ ജസ്റ്റിസ് മേരിയെ ലിസ്റ്റ് ചെയ്യരുതെന്നും ഷേണായി അഭ്യർത്ഥിച്ചു. കേസുകൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെങ്കിലും, അസോസിയേഷനുമായുള്ള ജഡ്ജിയുടെ ബന്ധം കുറച്ചുകാലമായി മോശമായ നിലയിലാണ്. അസോസിയേഷൻ സംഘടിപ്പിക്കാനിരുന്ന പരിപാടിയിൽ ഷേണായിയാണ് പ്രസംഗിക്കേണ്ടിയിരുന്നത്.

Post Thumbnail
മനസും വയറും കീഴടക്കുന്ന നാൻ ലോകത്തിലെ മികച്ച വിഭവംവായിക്കുക

content summary; KHCAA Association cancels farewell for Justice Mary Joseph after she declines invitation Justice Mary Joseph

×