നാഗ്പൂരിൽ മലയാളി മാധ്യമപ്രവർത്തകൻ അറസ്റ്റിൽ. ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിനെ വിമർശിച്ചതിനാണ് റെജാസ് എം ഷീബ സിദ്ദഖി എന്ന 26കാരനെ നാഗ്പൂരിലെ ലകദ്ഗഞ്ച് പോലീസ് അറസ്റ്റ് ചെയ്തത്. റെജാസിന്റെ കൂടെയുണ്ടായിരുന്ന സുഹൃത്തും നാഗ്പൂർ സ്വദേശിനിയുമായ ഇഷ കുമാരിയെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.Kerala Journalist Held in Nagpur Over Operation Sindoor Post
കേരള യൂണിവേഴ്‌സിറ്റിയിൽ നിന്നും സോഷ്യൽ വർക്ക് പഠിച്ച റെജാസ്, കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന മക്തൂബ്, കൗണ്ടർ കറന്റ്‌സ്, ഒബ്‌സർവർ പോസ്റ്റ് തുടങ്ങിയ മാധ്യമങ്ങളിൽ എഴുതുന്ന മാധ്യമ പ്രവർത്തകനാണ്. അദ്ദേഹത്തിന്റെ എഴുത്തുകൾ പലപ്പോഴും പോലീസിന്റെ അക്രമങ്ങളെക്കുറിച്ചും, ജയിലുകളിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചുമായിരുന്നു.
കലാപമുണ്ടാക്കാനുള്ള ഉദ്ദേശത്തോടെ മനഃപൂർവ്വം പ്രകോപനം സൃഷ്ടിച്ചു, രാജ്യത്തിനും സൈന്യത്തിനുമെതിരെ പ്രസ്താവനകൾ നടത്തി എന്നീ കുറ്റങ്ങൾ ചുമത്തി സെക്ഷൻ 192, 353(1), 353(2),353(3) എന്നിവ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
കഴിഞ്ഞ മൂന്ന് ദിവസങ്ങളായി റെജാസ് നാഗ്പൂരിൽ തുടരുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. നാഗ്പൂരിലെ വിവിധ സ്ഥലങ്ങളിൽ നിന്നായി നിരവധി ചിത്രങ്ങൾ ഇയാൾ പകർത്തിയതായി കണ്ടെത്തിയെന്നും പോലീസ് വ്യക്തമാക്കി.
പാകിസ്താനിൽ ഇന്ത്യ നടത്തിയ സൈനിക നടപടിയെയും ഛത്തീസ്ഗഡിലെ ആദിവാസി പ്രദേശങ്ങളിൽ കേന്ദ്ര-സംസ്ഥാനസർക്കാരുകൾ നടത്തുന്ന ഓപ്പറേഷൻ കഗാർ എന്ന പേരിലുള്ള സൈനിക നടപടിയെയും റെജാസ് വിമർശിച്ചു. ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂർ പാകിസ്താനിൽ സാധാരണക്കാരുടെ മരണത്തിന് കാരണമായെന്നും കുട്ടികളെ കൊല്ലുന്നത് നീതി നൽകുമോയെന്നും റെജാസ് പറഞ്ഞതായും പൊലീസ് എഫ്‌ഐആറിൽ പറയുന്നു.
തോക്കുകൾ വ്യാജമാണോ യഥാർത്ഥമാണോ എന്ന് എഫ്‌ഐആറിൽ വ്യക്തമാക്കിയിട്ടില്ലെങ്കിലും, “ഇന്ത്യാ ഗവൺമെന്റിനെതിരെ യുദ്ധം ചെയ്യുക എന്ന ഉദ്ദേശ്യത്തോടെ ആയുധങ്ങളോ മറ്റ് വസ്തുക്കളോ ശേഖരിച്ചതിന്” ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (ബിഎൻഎസ്എസ്) സെക്ഷൻ 149 പോലീസ് ഇട്ടിട്ടുണ്ട്. ഈ വകുപ്പിന് കീഴിലുള്ള പരമാവധി ശിക്ഷ ജീവപര്യന്തം തടവാണ്. റിമാൻഡ് അപേക്ഷയിൽ, തോക്കുകളുടെ ഉറവിടം നിർണ്ണയിക്കാൻ അദ്ദേഹത്തിന്റെ കസ്റ്റഡി ആവശ്യമാണെന്ന് പോലീസ് വ്യക്തമാക്കി.
അറസ്റ്റിനിടെ ഹോട്ടലിൽ നിന്ന് പിടിച്ചെടുത്ത വസ്തുക്കളിൽ മൂന്ന് പുസ്തകങ്ങളുണ്ടായിരുന്നു: ഹി ഹു ഡിഫൈഡ് ഡെത്ത്: ലൈഫ് ആൻഡ് ടൈംസ് ഓഫ് പ്രൊഫ. ജി.എൻ. സായിബാബ, ദി ഗ്രേറ്റ് ലെഗസി ഓഫ് മാർക്സിസം-ലെനിനിസം: ലെനിൻ ഓൺ ദി സോഷ്യലിസ്റ്റ് സ്റ്റേറ്റ്, ഒൺലി പീപ്പിൾ മേക്ക് ദെയർ ഓൺ ഹിസ്റ്ററി. തന്റെ സോഷ്യൽ മീഡിയ പോസ്റ്റുകളിൽ ഒന്നിൽ രണ്ട് തോക്കുകൾ പിടിച്ച് റെജാസ് പോസ് ചെയ്തതായി പറയപ്പെടുന്ന ഒരു ടീ-ഷർട്ടും പോലീസ് പിടിച്ചെടുത്തു.
‘നസാരിയ’ ജേണലിൽ നിന്നുള്ള ലഘുലേഖകൾ കണ്ടെത്തിയതായി എഫ്‌ഐആറിൽ പരാമർശിക്കുന്നുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ നസാരിയ, മാവോയിസ്റ്റ് പ്രത്യയശാസ്ത്രത്തെ പിന്തുണയ്ക്കുന്നു. കൂടാതെ നിരോധിത മാവോയിസ്റ്റ് പാർട്ടി അടുത്തിടെ ഉന്നയിച്ചിരുന്ന വെടിനിർത്തലിനും സമാധാന ചർച്ചകൾക്കുമുള്ള ആവശ്യങ്ങളെ നസാരിയ പിന്തുണച്ചിട്ടുണ്ട്.Kerala Journalist Held in Nagpur Over Operation Sindoor Post