June 26, 2026 |
Share on

മാധ്യമങ്ങളിലേത് വ്യാജ പ്രചരണം, ആഗോള അയ്യപ്പ സംഗമം ബഹിഷ്‌കരിക്കും: നിലപാടിലുറച്ച് മല അരയ മഹാസഭ

പമ്പ സംഗമം യഥാർത്ഥത്തിൽ വഞ്ചനയുടെയും ചതിയുടെയും സംഗമമായിട്ടാണ് സമുദായം വിലയിരുത്തുന്നത്

നാളെ പമ്പയിൽ നടക്കുന്ന ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കുമെന്ന തരത്തിലുള്ള മാധ്യമ വാർത്തകൾ നിഷേധിച്ച് മല അരയ മഹാസഭ. സമ്മേളനത്തിൽ സമുദായത്തിൻ്റെ പ്രതിനിധികളാരും പങ്കെടുക്കില്ലെന്ന് ജനറൽ സെക്രട്ടറി പി.കെ. സജീവ് അഴിമുഖത്തോട് വ്യക്തമാക്കി.

കഴിഞ്ഞ 75 വർഷമായി ശബരിമലയുൾപ്പെടെയുള്ള ആരാധനാലയങ്ങളിൽ പരമ്പരാഗത ആചാരങ്ങൾ പുനഃസ്ഥാപിക്കാൻ അനുമതി നൽകണമെന്ന തങ്ങളുടെ ആവശ്യം പരിഗണിക്കാത്തതിലുള്ള പ്രതിഷേധത്തിൻ്റെ ഭാഗമായാണ് ഈ തീരുമാനം. തങ്ങളുടെ ആവശ്യങ്ങൾ അവഗണിക്കപ്പെടുന്നതിനാൽ ആഗോള അയ്യപ്പ സംഗമത്തിൽ നിന്ന് വിട്ടുനിൽക്കുകയാണെന്നും മലയരയ മഹാസഭ അറിയിച്ചു.

‘മാറിമാറിവന്ന ഭരണാധികാരികൾക്ക് കഴിഞ്ഞ 75 വർഷത്തിനിടയിൽ സമുദായത്തിൻ്റെ ഒരു ആവശ്യം പോലും നടപ്പിലാക്കാൻ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിൽ, 75-ാം വാർഷിക ആചാരമെന്ന് പറയുന്ന പമ്പ സംഗമം യഥാർത്ഥത്തിൽ വഞ്ചനയുടെയും ചതിയുടെയും സംഗമമായിട്ടാണ് സമുദായം വിലയിരുത്തുന്നത്. അതുകൊണ്ട് സമുദായത്തിന്റെ ജനറൽ സെക്രട്ടറിയായ താനോ മറ്റ് പ്രതിനിധികളോ പമ്പ സംഗമത്തിൽ പങ്കെടുക്കുന്നില്ല’ എന്നും പി.കെ. സജീവ് വ്യക്തമാക്കി.

Also Read: എന്തുകൊണ്ട് ആഗോള അയ്യപ്പ സംഗമം ബഹിഷ്‌കരിക്കുന്നു? മല അരയ സഭ പറയുന്ന കാരണങ്ങള്‍

പമ്പാസംഗമത്തിന് മുന്നോടിയായി തങ്ങളുടെ ആവശ്യങ്ങൾ സർക്കാർ തലത്തിൽ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമാജം മുഖ്യമന്ത്രി, ദേവസ്വം മന്ത്രി, ദേവസ്വം ബോർഡ് പ്രസിഡന്റ് എന്നിവർക്ക് സെപ്റ്റംബർ 3, സെപ്റ്റംബർ 8 തീയതികളിൽ കത്തുകൾ നൽകിയിരുന്നു. എന്നാൽ, നാളിതുവരെയും ചർച്ചകൾക്കായി തങ്ങളെ ക്ഷണിച്ചിട്ടില്ലെന്നും മല അരയ സഭ പറയുന്നു.

1950-ൽ മല അരയ സമാജം പ്രസിഡന്റ് സർക്കാരിന് നൽകിയ നിവേദനത്തിൽ ശബരിമലയിലെ ആചാരങ്ങൾ അനുഷ്ഠിക്കാൻ അനുമതി നൽകണമെന്നതടക്കമുള്ള 11 ആവശ്യങ്ങൾ ഉന്നയിച്ചിരുന്നു. എന്നാൽ, അതിനുശേഷം വന്ന തലമുറകൾ ഇതേ ആവശ്യങ്ങൾ ഉന്നയിച്ചിട്ടും പരിഗണിക്കപ്പെട്ടിട്ടില്ല.

തങ്ങളുടെ അവകാശങ്ങൾ പിടിച്ചടക്കിയതിന്റെ 75 വർഷങ്ങൾ പിന്നിട്ടതിൻ്റെ ആചരണമായാണ് സമാജം ഈ പരിപാടിയെ കാണുന്നത്. ഈ സാഹചര്യത്തിൽ പമ്പാസംഗമത്തിൽ പങ്കെടുക്കുന്നതുകൊണ്ട് അർഥമില്ല എന്നാണ് മല അരയ മഹാസഭയുടെ നിലപാട്.

content summary: Malay Araya Mahasabha has confirmed its firm decision to boycott the Global Ayyappa Sangamam

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×