പ്രാതലിന് കഞ്ഞി, ഉപദംശങ്ങളായി പയറ്, കടല, വെള്ളക്കടല, മുതിര അങ്ങനെയെന്തെങ്കിലും. ഉച്ചയ്ക്ക് ചോറ്, കൂടെ സാമ്പാര്‍, മോര്, പപ്പടം, അവിയല്‍, മസാലക്കറി… രാത്രിയിലും ചോറും പച്ചക്കറി കറികളും.
ഇത് തന്നെ എല്ലാ ദിവസവും. മൂന്നു നേരം അരിയാഹാരം, ദിവസം മുഴുവന്‍ പച്ചക്കറി; നിങ്ങള്‍ക്കാണെങ്കില്‍ മടുക്കില്ലേ?
സ്ഥാപിതമായി 94 വര്‍ഷം പിന്നിടുമ്പോള്‍, ചരിത്രത്തിലാദ്യമായി കലാമണ്ഡലത്തില്‍ ചിക്കന്‍ ബിരിയാണി വിളിമ്പിയത് ചോദ്യം ചെയ്യുന്നവരോട് അവിടെയുള്ള വിദ്യാര്‍ത്ഥികള്‍ തിരിച്ചു ചോദിക്കുകയാണ്.
മാംസാഹാരം വിളമ്പിയതു കൊണ്ട് കലാമണ്ഡലത്തിന്റെ മഹത്വത്തിന് എന്തു കോട്ടമാണ് സംഭവിക്കുന്നത്? ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനുള്ള അവനവന്റെ സ്വാതന്ത്ര്യം എന്തുകൊണ്ട് ഇത്രകാലവും അംഗീകരിക്കപ്പെട്ടില്ല എന്നല്ലേ യഥാര്‍ത്ഥത്തില്‍ ചോദിക്കേണ്ടത്? വിമര്‍ശനങ്ങളോടും വിവാദങ്ങളോടും കലാപഠിതാക്കള്‍ അവരുടെ നിലപാട് പറയുന്നതിങ്ങനെയാണ്.
എന്നാല്‍ ഇതേ വിഷയത്തില്‍ വിയോജിപ്പുള്ളവര്‍ കലാമണ്ഡലത്തെ ക്ഷേത്ര സമാനമായ ഇടമായാണ് കാണുന്നത്. അതിന്റെ പൈതൃകത്തെയും മഹത്വത്തെയും മറന്നുള്ള പ്രവര്‍ത്തിയായിപ്പോയെന്നാണ് പരാതി.
‘നാളെ ഗുരുവായൂര്‍ അമ്പലത്തില്‍ മാംസം വിളമ്പണമെന്നു പറഞ്ഞാല്‍ അംഗീകരിക്കുമോ? അത്ര തന്നെ പവിത്രത കലാമണ്ഡലത്തിനുമുണ്ട്. കൂത്തമ്പലത്തിന് മുന്നിലൊരു കൊടിമരമുണ്ട്. അതവിടുന്ന് വെട്ടിമാറ്റിയിട്ട് അവര്‍ ചിക്കനോ ബീഫോ വിളമ്പട്ടെ’ വൈകാരിക ക്ഷോഭത്തോടെ അവര്‍ പറയുന്നു.
കാലം മാറുന്നതനുസരിച്ച് കലാമണ്ഡലവും മാറണമെന്ന് ഒരു വിഭാഗവും, പാരമ്പര്യം മറന്നൊന്നും ചെയ്യരുതെന്ന് മറു വിഭാഗവും നിലപാടെടുക്കുകയാണ്.
മൃദംഗത്തില്‍ എംഎ അവസാന വര്‍ഷ വിദ്യാര്‍ത്ഥിയാണ് അമല്‍ജിത്ത്. കലാമണ്ഡലത്തിലെ വിദ്യാര്‍ത്ഥി യൂണിയന്‍ സെക്രട്ടറിയുമാണ്. അമല്‍ജിത്തിനെപ്പോലുള്ള കലാപഠിതാക്കളുടെ ആവശ്യത്തിലാണ് മാംസാഹാരം വിളമ്പാന്‍ തീരുമാനമായത്. മാസത്തില്‍ രണ്ട് ബുധനാഴ്ച്ച ചിക്കന്‍ ബിരിയാണിയും ഐസ്‌ക്രീമും.
ചരിത്രപരം എന്നാണ് അമല്‍ജിത്ത് ഈ തീരുമാനത്തെ വിശേഷിപ്പിക്കുന്നത്. ഭക്ഷണത്തിന്റെ മെനു മാറുന്നതല്ലാതെ, കലാമണ്ഡലം മാറുന്നില്ലെന്നാണ് വിമര്‍ശകരോട് അമല്‍ പറയുന്നത്. എല്ലാ ദിവസവും ചോറും പച്ചക്കറികളും തന്നെ കഴിക്കുമ്പോള്‍ ആര്‍ക്കായാലും മടുപ്പ് തോന്നില്ലേ എന്നും അമല്‍ ചോദിക്കുന്നു.
‘ഗുരുകുല സമ്പ്രാദയമൊന്നുമല്ല ഇപ്പോള്‍. ഇവിടെയുള്ളവരാരും നോണ്‍-വെജ് ഭക്ഷണം കഴിക്കാത്തവരല്ല. കുട്ടികള്‍ പുറത്ത് നിന്നും വാങ്ങി കഴിക്കാറുണ്ട്. അധ്യാപകരും കഴിക്കും. സ്‌കൂളുകളിലെല്ലാം ഇറച്ചിയും മീനും മുട്ടയുമൊക്കെ കൊടുക്കാറുണ്ട്. പോഷകഗുണങ്ങള്‍ കിട്ടാന്‍ നല്ലതാണ്. പിന്നെന്തുകൊണ്ടാണ് ഇവിടെയുള്ള കുട്ടികള്‍ക്ക് മാത്രം നിഷേധിക്കപ്പെടുന്നത്?’
മാംസാഹാരം വിളമ്പാനുള്ള ആവശ്യം നേരത്തെ മുതല്‍ ഉണ്ടായിരുന്നുവെന്നാണ് അമല്‍ജിത്ത് പറയുന്നത്. മുമ്പത്തെ യൂണിയനും ഇത്തരം ആവശ്യങ്ങള്‍ ഉയര്‍ത്തിയിരുന്നു. അവരുടെ പ്രയത്നം കൊണ്ടാണ് മുട്ട വിളമ്പാന്‍ തയ്യാറായത്. ഇപ്പോള്‍ ഇങ്ങനെയൊരു ആവശ്യം ഞങ്ങള്‍ ഉന്നയിച്ചപ്പോള്‍, അതംഗീകരിച്ചു കിട്ടാന്‍ ബുദ്ധിമുട്ടൊന്നും ഉണ്ടായില്ലെന്നും അമല്‍ജിത്ത് പറയുന്നു.
‘ഇഷ്ടമുള്ള ഭക്ഷണം കഴിക്കുകയെന്നത് ഓരോരുത്തരുടെയും സ്വാതന്ത്ര്യമല്ലേ’ എന്നാണ് അശ്വനി പ്രസന്നന്‍ ചോദിക്കുന്നത്. എട്ടാം ക്ലാസ് മുതല്‍ കലാമണ്ഡലത്തില്‍ പഠിക്കുന്ന അശ്വനി മോഹിനിയാട്ടത്തില്‍ എംഎ അവസാന വര്‍ഷ വിദ്യാര്‍ത്ഥിയാണ്. മീന്‍ കഴിക്കാറുണ്ടെന്നല്ലാതെ ഇറച്ചി വിഭവങ്ങളോട് പ്രത്യേക കമ്പമൊന്നുമില്ലാത്ത അശ്വനിയും പുതിയ തീരുമാനത്തെ പിന്തുണയ്ക്കുകയാണ്. ‘ഇത്തരം തീരുമാനങ്ങള്‍ പോസിറ്റീവായി കാണണം. എന്ത് കഴിക്കണമെന്നത് ഓരോരുത്തരുടെയും ചോയ്സ് ആണ്. ഇതൊരു ജനാധിപത്യ രാജ്യമാണ്. ചിക്കന്‍ ബിരിയാണി വേണ്ടവര്‍ക്ക് അതും വെജിറ്റബിള്‍ ബിരിയാണി കഴിക്കേണ്ടവര്‍ക്ക് അതും വിളമ്പുന്നുണ്ട്. പിന്നെന്താണ് പ്രശ്നം? അശ്വനി ചോദിക്കുകയാണ്.
എട്ട് മുതല്‍ എംഎവരെയാണ് കലാമണ്ഡലത്തില്‍ ക്ലാസുകള്‍. ശനി, ഞായര്‍ ദിവസങ്ങളില്‍ ചപ്പാത്തിയോ ദോശയോ ഇഡലിയോ കിട്ടും. കലാമണ്ഡലം കാന്റീനില്‍ വെജിറ്റബിള്‍ ബിരിയാണി ഞായറാഴ്ച്ച ദിവസമുണ്ട്. അതല്ലാതെ നോണ്‍ വിഭവങ്ങള്‍ ലഭ്യമല്ല. നിലവില്‍ പുറത്തു നിന്നും ഭക്ഷണം കഴിക്കാന്‍ പോകാന്‍ അനുവാദം ബിരുദ വിദ്യാര്‍ത്ഥികള്‍ മാത്രമാണ്. അവധിക്ക് വീട്ടില്‍ പോകുമ്പോഴാണ് ഓരോരുത്തര്‍ക്കും ഇഷ്ടഭക്ഷണം കഴിക്കാനുള്ള അവസരം. ഡിഗ്രിയിലേക്ക് എത്താത്ത കുട്ടികള്‍ക്ക് എന്നും ഒരേ ഭക്ഷണം തന്നെ കഴിക്കേണ്ടി വരും. ഈ മടുപ്പ് ഒഴിവാക്കാനാണ് മെനുവില്‍ മാറ്റം വരുത്തണമെന്ന ആവശ്യം വിദ്യാര്‍ത്ഥികള്‍ ഉയര്‍ത്തിയത്.
‘ആശാന്മാര്‍ ഉള്‍പ്പെടെ മാംസാഹാരം കഴിക്കുന്നുണ്ട്. നോണ്‍ വെജ് കഴിച്ചതുകൊണ്ട് കലാമണ്ഡലത്തിന്റെ കീര്‍ത്തിക്ക് യാതൊരു കളങ്കവും വരുന്നില്ല, പരിപാടി സമയത്ത് ഇതാരും കഴിക്കാറുമില്ല. ഭക്ഷണമേ മാറുന്നുള്ളൂ, കലാമണ്ഡലം മാറുന്നില്ല’ അമല്‍ജിത്ത് പറയുന്നത് ഇതിനെ വിവാദമാക്കേണ്ട കാര്യമേയില്ലെന്നാണ്.
പ്രമുഖ മോഹിനായാട്ടം നര്‍ത്തകിയും പ്രാണ അക്കാദമി ഓഫ് പെര്‍ഫോമിംഗ് ആര്‍ട്ട് ഡയറക്ടറുമായ മണിമേഖല കലാമണ്ഡലത്തില്‍ വരുത്തിയ മാറ്റങ്ങളോട് വിയോജിക്കുകയാണ്. പുതിയ മാറ്റങ്ങളെ അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാടുള്ള മണിമേഖല കലാമണ്ഡലത്തെ ഒരു ക്ഷേത്രസങ്കല്‍പ്പത്തിലാണ് കാണുന്നത്. മാംസം കഴിക്കണമെന്നുള്ളവര്‍ക്ക് പുറത്തു പോയി കഴിച്ചാല്‍ പോരേ എന്നാണവര്‍ ചോദിക്കുന്നത്.
‘കേരളത്തിന്റെ ചരിത്രം കലാമണ്ഡലത്തെ കൂടാതെ പറഞ്ഞു പോകാന്‍ കഴിയില്ല. എന്നാല്‍ ഇതെങ്ങനെയുണ്ടായെന്ന കാര്യം മറക്കരുത്. വള്ളത്തോളിനെയും കല്യാണിക്കുട്ടിയമ്മയെയും പോലുള്ളവരുടെ ത്യാഗത്തിന്റെ ഫലമാണ് ഇന്ന് കാണുന്ന കലാമണ്ഡലം. ആ പ്രതിഭകളെ അപമാനിക്കുന്നതിന് തുല്യമാണ് ഇപ്പോള്‍ കൊണ്ടുവന്ന മാറ്റം. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മാംസം വിളമ്പാന്‍ പറഞ്ഞാല്‍ അംഗീകരിക്കുമോ? ഗുരുവായൂര്‍ ക്ഷേത്രത്തോളം തന്നെ പവിത്രമാണ് കലാമണ്ഡലവും. അവിടുത്തെ കൂത്തമ്പലത്തിന് മുന്നിലൊരു കൊടിമരമുണ്ട്. അതെന്തിനാണ് അവിടെ നിര്‍ത്തിയിരിക്കുന്നത്? കൂത്തമ്പലവും കൊടിമരവുമൊക്കെ തകര്‍ത്തു കളഞ്ഞിട്ട് പുതിയ കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ പണിയട്ടെ, എന്നിട്ട് ബീഫോ. ചിക്കനോ എന്തു വേണമെങ്കിലും വിളമ്പൂ’ മണിമേഖല പ്രതിഷേധത്തോടെ പറയുന്നു.
‘കൂത്തമ്പലത്തിനുള്ളില്‍ ദൈവ പ്രതിഷ്ഠയുണ്ടോ? പിന്നെന്തിനാണ് അതിനെ ക്ഷേത്രമായി കാണുന്നതെന്നാണ് ചിലര്‍ ചോദിക്കുന്നത്. ദൈവ പ്രതിഷ്ഠ ഇല്ലാത്തതുകൊണ്ട് എന്തും കാണിക്കാമെന്നാണോ? അതിനുള്ളില്‍ ആടുന്നവരുടെയും പാടുന്നവരുടെയും ആത്മാവാണ് അവിടുത്തെ പ്രതിഷ്ഠ. അത് മനസിലാക്കണം. എങ്ങനെയാണ് കൂത്തമ്പലത്തിലേക്ക് കയറുന്നത്, തറയില്‍ തൊട്ട് വണങ്ങിയല്ലേ. എന്തിനാണ് അവിടെ ഗുരുവന്ദനം നടത്തുന്നത്? ഇതൊന്നും മനസിലാക്കത്തവരാണ് അവിടെ അമ്പലമില്ലല്ലോ, പ്രതിഷ്ഠയില്ലല്ലോ എന്നൊക്കെ ചോദിക്കുന്നത്’.
‘ഭരതമുനിയുടെ നാട്യഗൃഹത്തിന്റെ മാതൃകയില്‍ തന്നെയാണ് കൂത്തമ്പലം പണിതിരിക്കുന്നത്. അശ്വനി പറഞ്ഞു തുടങ്ങുന്നു.
“കലകള്‍അവതരിപ്പിക്കുന്നതിനും, പ്രേക്ഷകര്‍ക്ക് കല ആസ്വദിക്കുന്നതിനുമുള്ള വേദിയാണ് കൂത്തമ്പലം അഥവാ നാട്യമണ്ഡപം. പണ്ട് കാലങ്ങളില്‍ ക്ഷേത്രങ്ങളോട് ചേര്‍ന്ന് കൂത്ത് മുതലായ കലകള്‍ അവതരിപ്പിക്കുവാന്‍ കൂത്തമ്പലങ്ങള്‍ പണിഞ്ഞിരുന്നു.എന്നാല്‍ ഇന്ന് മിക്ക കലാ – സാംസ്‌കാരിക സ്ഥാപനങ്ങളിലും കൂത്തമ്പലങ്ങള്‍ ഉണ്ട്. കലാമണ്ഡലം കൂത്തമ്പലത്തെ ക്ഷേത്രമായി സങ്കല്‍പ്പിക്കുന്നവരുമുണ്ട്. എന്നാല്‍ ഇവിടെക്ക് സന്ദര്‍ശനത്തിനായി എത്തുന്നവര്‍, കല ആസ്വദിക്കാനായി എത്തുന്നവര്‍, കലാവതരണത്തിനായി എത്തുന്നവര്‍ എല്ലാം,സസ്യാഹാരം മാത്രം കഴിക്കുന്നവരായിരിക്കില്ലല്ലോ. അതുപോലെ തന്നെ പെണ്‍കുട്ടികളുടെ മെയ്‌സാധകം നടക്കുന്നത് കൂത്തമ്പലത്തില്‍ വെച്ചാണ്. ആര്‍ത്തവ ദിനങ്ങളിലും ഞങ്ങള്‍ കൂത്തമ്പലത്തില്‍ വെച്ച് നടക്കാറുള്ള സാധകത്തിനും, പ്രോഗാംമുകളിലും കളരി ക്ലാസ്സുകളിലും പങ്കെടുക്കാറുമുണ്ട്.പിന്നെ ഗേള്‍സ് ഹോസ്റ്റലിന്റെ അടുത്തായാണ് കൂത്തമ്പലം. അവിടെ നിന്നും ഏറെ മാറി കാമ്പസിന്റെ എതിര്‍ഭാഗത്തുള്ള ബോയ്‌സ് ഹോസ്റ്റലിന് അടുത്താണ് മെസ്. അവിടെയാണ് ബിരിയാണി വിളമ്പിയത്. കൂത്തമ്പലത്തിന് മുന്നിലാണ് മ്യൂസിയം, അതിനു മുന്നിലായാണ് ഹോട്ടല്‍. അവിടെ നിന്ന് അധ്യാപകരും വിദ്യാര്‍ത്ഥികളുമൊക്കെ ഭക്ഷണം കഴിക്കും. ഇറച്ചിയും മീനുമൊക്കെ ഈ ഹോട്ടലുകളിലും വിളമ്പുന്നുണ്ട്.. ഇവിടുന്ന് ഭക്ഷണം കഴിച്ചശേഷം ഒന്നാം ഗേറ്റില്‍ കൂടിയാണ് എല്ലാവരും കലാമണ്ഡലത്തിലേക്ക് പ്രവേശിക്കുന്നത്. മൂന്നാം ഗേറ്റിലുള്ള ബോയ്‌സ് ഹോസ്റ്റലിലെ മെസ്സിലാണ് ബിരിയാണി വിളമ്പിയത്’ കൂത്തമ്പലത്തില്‍ അല്ല”.
കലാമണ്ഡലത്തെ ഒരു സാധാരണ കാമ്പസ് പോലെ കണ്ടാല്‍ പോരെയെന്നാണ് അമല്‍ജിത്ത് ചോദിക്കുന്നത്. മാസത്തിലെ രണ്ട് ബുധനാഴ്ച്ചകളില്‍ മാത്രമാണ് ബിരിയാണി വിളമ്പുന്നത്. കഥകളി, ഓട്ടന്‍തുള്ളല്‍, കൂടിയാട്ടം എന്നീ കലകള്‍ അഭ്യസിക്കുന്നവര്‍ക്ക് 40 ദിവസത്തെ ഉഴിച്ചില്‍ കാലത്ത് മാംസം കഴിക്കാന്‍ പാടില്ല എന്നതുമാത്രമാണ് നിഷ്ഠയായിട്ടുള്ളത്. വേറെ ആര്‍ക്കും മാംസാഹാരം കഴിക്കുന്നതില്‍ പ്രശ്‌നമില്ല. ഇപ്പോഴത്തെ തീരുമാനം ഒരേതരം ഭക്ഷണം കഴിക്കുന്നതില്‍ നിന്നൊരു മാറ്റം മാത്രമാണ്. പുറത്തു നിന്നു കഴിക്കാന്‍ പറ്റുന്നത് ഫൈനല്‍ ഇയര്‍ വിദ്യാര്‍ത്ഥികള്‍ക്കാണ്. ബാക്കിയുള്ളവര്‍ക്ക് അതിനുള്ള വഴിയില്ല. അതുപോലെ എല്ലാവര്‍ക്കും പുറത്തു നിന്നു വരുത്തി കഴിക്കാനോ, മറ്റുള്ളവര്‍ കഴിക്കുന്നത് തന്നെ കഴിക്കാനോ ഉള്ള അവസ്ഥയും ഉണ്ടാകില്ല. ഇതിപ്പോള്‍ ഒരുമിച്ച് ഒരേ ഭക്ഷണം കഴിക്കാന്‍ പറ്റുമ്പോള്‍ അതില്‍ സന്തോഷിക്കുകയാണ് വേണ്ടത്. എന്തിനാണ് വിവാദം കാണുന്നത്?
അശ്വനി ചൂണ്ടിക്കാണിക്കുന്നതും സമാനകാര്യമാണ്. പെണ്‍കുട്ടികളും ആണ്‍കുട്ടികളും അധ്യാപകരും രജിസ്ട്രാറും വിസിയും എല്ലാവരും ഒരുമിച്ചിരുന്ന് ആഹ്ലാദത്തോടെയാണ് ഭക്ഷണം കഴിച്ചത്. എല്ലാവരും ആസ്വദിച്ച കാര്യം. ഭക്ഷണം മനസ് കൂടി നിറച്ചെന്നാണ് അശ്വനി പറയുന്നത്. അതുപോലെ, ശരീരത്തിനാവശ്യമായ പ്രോട്ടീനും പോഷകവും വിറ്റാമിനുകളുമൊക്കെ ലഭിക്കാന്‍ മാംസാഹാരം കൂടി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതല്ലേ എന്നും മോഹിനിയാട്ടം വിദ്യാര്‍ത്ഥിനി ചോദിക്കുന്നു.
എന്നാല്‍ മണിമേഖല പറയുന്നത്, മാസത്തില്‍ രണ്ടു ദിവസമെന്നത് എല്ലാ ദിവസവുമായി മാറിയാലും അത്ഭുതപ്പെടേണ്ടെന്നാണ്. ‘2024 ലെ കുട്ടികള്‍ക്ക് മാത്രമാണോ പോഷകക്കുറവ്? കലാമണ്ഡലം ഗോപിയാശാനും ക്ഷേമാവതി ടീച്ചറുമൊക്കെ ഇറച്ചിയും മീനുമൊക്കെ തിന്നാണോ പഠിച്ചത്? ഇതൊക്കെ കഴിച്ചിട്ടാണോ അവര്‍ ലോകം മുഴുവന്‍ ചുറ്റി അവരവരുടെ കലകള്‍ അവതരിപ്പിച്ചത്? കലയെന്നത് അക്കാദമിക്കല്‍ പഠനമല്ല, അങ്ങനെ കാണുന്നവരാണ് ഇതൊക്കെ പറയുന്നത്. അന്തര്‍ജ്ഞാനം നേടണം. ഇവിടെ നടക്കുന്നത് അക്കാദമിക് പഠനമാണ്. കണ്ണൂര്‍ സര്‍വകലാശാലയോ ആര്‍എല്‍വിയോ പോലെയല്ല കലാമണ്ഡലം എന്ന് മനസിലാക്കണം’
കുട്ടികള്‍ പറയുന്നത് അതുപോലെ അംഗീകരിച്ചു കൊടുക്കുകയല്ല അധ്യാപകര്‍ ചെയ്യേണ്ടതെന്നാണ് മണിമേഖലയുടെ മറ്റൊരു വാദം. ‘ഇന്ന് ഡാന്‍സ് ചെയ്യാനും പാടാനുമൊക്കെ കയറുന്നതിന് മുമ്പ് കുട്ടികള്‍ റെഡ് ബുള്‍ പോലുള്ള എനര്‍ജി ഡ്രിങ്ക് കുടിക്കാറുണ്ടെന്ന്് പറയാറുണ്ട്. നാളെ കലാമണ്ഡലത്തിലെ കുട്ടികള്‍ അവര്‍ക്ക് റെഡ് ബുള്ളോ ബിയറോ വേണമെന്ന് പറഞ്ഞാല്‍ അതും കൊടുക്കുമോ? പോഷകാഹാരം കിട്ടാനാണെങ്കില്‍ അതിന് ചിക്കന്‍ ബിരിയാണിയല്ല വാങ്ങിക്കൊടുക്കേണ്ടത്. വേറെ മാര്‍ഗങ്ങളുണ്ട്’.
മണിമേഖല തുടരുന്നു; ‘ഈ തീരുമാനം എടുത്തവര്‍ എന്താണ് കലാമണ്ഡലം എന്നു കണ്ടിട്ടുണ്ടാകില്ല. അവര്‍ ഓഫിസില്‍ ഇരിക്കുന്നവരാണ്, ഓഫിസല്ലാതെ വേറൊന്നും കണ്ടു കാണില്ല. ആദ്യം കലാമണ്ഡലം മൊത്തത്തില്‍ ചുറ്റിക്കാണട്ടെ’.
റെഡ് ബുള്ളും ചിക്കന്‍ ബിരിയാണിയും കഴിച്ചിട്ടില്ല കലാകാരന്‍ എനര്‍ജി ഉണ്ടാക്കേണ്ടത്. കടലാസില്‍ കൂടി മാത്രം കല പഠിക്കുന്നവര്‍ക്കാണ് അങ്ങനെയൊക്കെ തോന്നുന്നത്. ആന്തരികമായ ശക്തിയാണ് കലാകാരന്‍ സമ്പാദിക്കേണ്ടത്’ മണിമേഖല തന്റെ നിലപാട് ശക്തിയുക്തം പറയുന്നു.
‘ കലാമണ്ഡലത്തില്‍ മാംസം വിളമ്പുന്ന തീരുമാനത്തില്‍ ഒരുപാട് പേര്‍ക്ക് എതിര്‍പ്പുണ്ട്. പക്ഷേ, അവരൊന്നും പരസ്യമായി പറയില്ല. ഭയമാണ്, നാളെ കലാമണ്ഡലത്തില്‍ വേദി കിട്ടില്ലെന്നും, കലാമണ്ഡലത്തിന്റെ പേരിലുള്ള പുരസ്‌കാരം കിട്ടില്ലെന്നുമൊക്കെയുള്ള ഭയം. എനിക്കാ ഭയമില്ല. എനിക്കാടാന്‍ ഞാനൊരു വേദിയൊരുക്കിയിട്ടുണ്ട്. അതുകൊണ്ട് എന്റെ വിഷമംഞാന്‍ പറയും’.
ഇത്തരം ആക്ഷേപങ്ങളും വിമര്‍ശനങ്ങളും കാര്യമില്ലാത്തതാണെന്നാണ് അശ്വനിയുടെ പക്ഷം. എനര്‍ജി ഡ്രിങ്കുകള്‍ കഴിച്ച് നൃത്തം ചെയ്യാന്‍ കയറുന്നതിനെ കുറിച്ച് അറിയില്ല. അങ്ങനെയൊരു അനുഭവവും ഇല്ല. ചിക്കന്‍ കഴിക്കുന്നത് എനര്‍ജി കിട്ടാനാണെന്ന വാദവും ശരിയല്ല. കലാകാരില്‍ എനര്‍ജി എന്നത് ശരീരികമായും മാനസികമായും ലഭിക്കേണ്ടതാണ്. ഇത് നിരന്തരമായ അഭ്യാസത്തിലൂടെയാണത് ഉണ്ടാക്കിയെടുക്കേണ്ടത്, അശ്വനി പറയുന്നു. നിരന്തരമായ പരിശീലനവും, അഭ്യസനവും ആത്മവിശ്വാസവും ഉണ്ടെങ്കില്‍ ഊര്‍ജ്ജസ്വലതയോടെ വേദിയില്‍ തിളങ്ങാന്‍ സാധിക്കും. അതിലുപരിയായി ആരെങ്കിലും ലഹരി വസ്തുക്കളോ മറ്റോ ഉപയോഗിച്ചിട്ട് അരങ്ങില്‍ കയറാറുണ്ടോയെന്നറിയില്ല. ഒരു സ്ഥാപനത്തില്‍ ഒരിക്കലും വിദ്യാര്‍ത്ഥികള്‍ക്ക് മദ്യമോ മയക്കുമരുന്നോ കൊടുക്കില്ലല്ലോ. അതൊക്കെ വേണമെന്ന് പറഞ്ഞാല്‍ അംഗീകരിക്കാന്‍ തക്ക വിവേകമില്ലാത്തവര്‍ സ്ഥാപനങ്ങളുടെ തലപ്പത്ത് ഇരിക്കില്ലല്ലോ ?
കലാമണ്ഡലത്തില്‍ ബിരിയാണി വിളമ്പിയതാണ് ഇപ്പോള്‍ വലിയ വിവാദത്തിന് കാരണമായിരിക്കുന്നത്. അതെന്തിനാണെന്നാണ് അവിടെയുള്ള മറ്റു കുട്ടികളും ചോദിക്കുന്നത്. വിദ്യാര്‍ത്ഥികളെല്ലാം ഇതൊരു പുതിയ തുടക്കമെന്ന നിലയിലാണ് ഏറ്റെടുത്തിരിക്കുന്നത്. ഈ മാറ്റം എല്ലാവരും സ്വീകരിച്ചു എന്നതുകൊണ്ടാണ് ഭക്ഷണം കഴിക്കാന്‍ ഒരുമിച്ചെത്തിയതെന്നുമുള്ള കാര്യമാണ് അശ്വനി ചൂണ്ടിക്കാണിക്കുന്നത്.
കലാമണ്ഡലത്തില്‍ സംഘടിപ്പിച്ച നിള ഫെസ്റ്റിന്റെ അവസാനത്തില്‍, വിദ്യാര്‍ത്ഥികള്‍ കലാമണ്ഡലത്തിലെ മ്യൂസിയത്തിന് മുന്നില്‍ മ്യൂസിക് വച്ച് ഡാന്‍സ് ചെയ്തിരുന്നു. ഒമ്പത് ദിവസത്തോളം നീണ്ട പരിപാടി വിജയകരമായി അവസാനിച്ചതിന്റെ സന്തോഷം പങ്കിടുകയായിരുന്നു വിദ്യാര്‍ത്ഥികള്‍. എന്നാല്‍ പിറ്റേ ദിവസം വാര്‍ത്ത പരന്നത് കലാമണ്ഡലത്തില്‍ വിദ്യാര്‍ത്ഥികളിടെ ഡിജെ പാര്‍ട്ടി നടത്തിയെന്നായിരുന്നു. വലിയ വിവാദമായി.
എന്തുകൊണ്ടാണ് സമൂഹം ഒരു പ്രത്യേക കണ്ണ് കൊണ്ട് കലാമണ്ഡലത്തെ കാണുന്നതെന്നാണ് വിദ്യാര്‍ത്ഥികള്‍ ചോദിക്കുന്നത്. ഇതും യുജിസി അംഗീകാരത്തില്‍ പ്രവര്‍ത്തിക്കുന്നൊരു കലാസ്ഥാപനമാണ്. മറ്റുള്ള കാമ്പസുകളെ പോലെ ചെറിയ മാറ്റങ്ങളെങ്കിലും ഇവിടെയും വേണ്ടേ? ഞങ്ങളൊക്കെ മാറ്റങ്ങള്‍ ആഗ്രഹിക്കുന്നവരാണ്. പഴമയും ആചാരവും പാരമ്പര്യവുമൊക്കെ കാത്ത് സൂക്ഷിക്കണമെന്നാണെങ്കില്‍, അതെല്ലാ കാര്യത്തിലും പ്രാവര്‍ത്തികമാക്കാറുണ്ടോ? അതിനു വേണ്ടി വാശി പിടിക്കാറുണ്ടോ? കാത്തു സൂക്ഷിക്കേണ്ടതിനെയൊക്കെ കാത്തു സൂക്ഷിച്ചുകൊണ്ട്, മാറി വരുന്ന കാലത്തിനൊപ്പമുള്ള മാറ്റത്തിന് കലാമണ്ഡലവും മാറേണ്ടതല്ലേ എന്നാണ് വിദ്യാര്‍ത്ഥികള്‍ ചോദിക്കുന്നത്.
വിമര്‍ശിക്കുന്നവരോടും വിവാദമുണ്ടാക്കുന്നവരോടും ഒപ്പം സമൂഹത്തിനോടുമുള്ള കലാമണ്ഡലം വിദ്യാര്‍ത്ഥികളുടെ ചോദ്യമാണ്.kerala kalamandalam non veg food serving controversy students reacting
Content Summary; kerala kalamandalam non veg food serving controversy students reacting