ഹോട്ടല്‍ വ്യവസായത്തെ തകര്‍ച്ചയിലെത്തിക്കുകയാണ് എല്‍പിജി സിലിണ്ടര്‍ വിലക്കയറ്റം. ചായയ്ക്കും ചെറുകടികള്‍ക്കും ഉള്‍പ്പെടെ ആഹാര സാധനങ്ങള്‍ക്ക് വില വര്‍ധിപ്പിക്കേണ്ടി സാഹചര്യമാണ്. ഈ പ്രതിസന്ധി ജനജീവിതത്തെയും സാരമായി ബാധിക്കും.
വാണിജ്യ സിലിണ്ടര്‍ വില 3000 കടക്കുമ്പോഴാണ് ഹോട്ടല്‍ മേഖലയുമായി പ്രവര്‍ത്തിക്കുന്നവരുടെ ജീവിതത്തില്‍ തീയാളുന്നത്. എല്‍പിജി നിയന്ത്രണം ഉണ്ടായിരുന്ന സാഹചര്യത്തില്‍ നിരവധി ഹോട്ടലുകളാണ് അടച്ചു പൂട്ടേണ്ടി വന്നത്. അതില്‍ നിന്ന് കരകയറി വരുന്ന സാഹചര്യത്തിലാണ് പാചക വാതകത്തിന്റെ കുത്തനെയുള്ള വിലകയറ്റം. ഹോട്ടല്‍ ഉടമകളെ മാത്രമല്ല ഈ മേഖയെ ആശ്രയിച്ചു ജീവിക്കുന്ന ലക്ഷകണക്കിന് മനുഷ്യരെയും പ്രതികൂലമായി ബാധിക്കും. ഈ മാസം ആറാം തീയതി കേരളത്തിലെ ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്റ് അസോസിയേഷന്(കെഎച്ച്ആര്‍എ) വ്യാപക പണിമുടക്കിലേക്ക് നീങ്ങുകയാണ്. പാചകവാതക വിലക്കയറ്റം മൂലം ഹോട്ടല്‍ മേഖലയ്ക്ക് മുന്നോട്ട് പോകാന്‍ കഴിയാത്ത സാഹചര്യമാണെന്നും അതുകൊണ്ട് തന്നെ സംസ്ഥാനത്തെ ഹോട്ടലുകള്‍ അടച്ചിട്ട് പണിമുടക്കാനുള്ള തീരുമാനത്തില്‍ എത്തിച്ചേര്‍ന്നതും എന്ന് കെഎച്ച്ആര്‍എ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് അസിസ് അഴിമുഖത്തോട് പറയുന്നു. കൂടാതെ വിലവര്‍ദ്ധനവ് കൊണ്ടുണ്ടാകുന്ന ഭക്ഷ്യ വിഭവങ്ങളുടെ വിലക്കയറ്റം ജനങ്ങളിലേക്ക് അടിച്ചേല്‍പ്പിക്കാന്‍ ഞങ്ങള്‍ തയ്യാറല്ല എന്നു അദ്ദേഹം പറയുന്നുണ്ട്.
വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന് 993 രൂപയാണ് ഒറ്റയടിക്ക് വര്‍ധിപ്പിച്ചത്. 19 കിലോ വാണിജ്യ സിലിണ്ടറിനാണ് വില വര്‍ധിപ്പിച്ചത്. അഞ്ച് കിലോ സിലിണ്ടറിന് 261 രൂപയും കൂട്ടിയിരുന്നു. ഇതാദ്യമായാണ് ഒറ്റത്തവണ പാചക വാതകത്തിന് ഇത്രയും വില വര്‍ധിപ്പിക്കുന്നത്. വില പരിഷ്കാരത്തോടെ സംസ്ഥാനത്ത് 19 കിലോ വാണിജ്യ സിലിണ്ടറിന് 3000 രൂപ കടന്നിട്ടുണ്ട്. അഞ്ച് മാസത്തിനുള്ളില്‍ മാത്രം 1498 രൂപയാണ് ഒരു സിലിണ്ടറിന്മേല് വര്‍ധിച്ചത്. ഭക്ഷണത്തിന് വില വര്‍ധിപ്പിക്കാതെ ഹോട്ടലുകള്‍ക്ക് ഇനി നിലനില്പ്പില്ലെന്ന അവസ്ഥയിലാണെന്ന് ഉടമകള്‍ എല്ലാവരും പറയുന്നു. വോട്ടിംഗ് കഴിഞ്ഞതിന് പിന്നാലെ പാചകവാതക വില വര്‍ധിപ്പിച്ചത് ജനദ്രോഹമാണെന്നും ഇവര്‍ ആരോപിക്കുന്നുണ്ട്.
എല്‍ പി ജി നിയന്ത്രണം കാരണം സംസ്ഥാനത്ത് പലയിടത്തും ദിവസങ്ങളോളം ഹോട്ടലുകള്‍ അടച്ചിട്ടിരിക്കുകയായിരുന്നു. ഇവയില്‍ പലതും വീണ്ടും തുറന്ന് പ്രവര്‍ത്തിക്കാന്‍ ഒരുങ്ങുന്നതിനിടെയാണ് വില വീണ്ടും വര്‍ധിപ്പിച്ചിരിക്കുന്നത്. പ്രവര്‍ത്തന ചെലവിന്റെ പേരില്‍ ഹോട്ടലുകള്‍ വിഭവങ്ങള്‍ക്ക് വില കൂട്ടിയാല്‍ ഉപഭോക്താക്കള്‍ക്കും അത് വലിയ തിരിച്ചടിയാകും. മുന്‍കാലങ്ങളില്‍ പരമാവധി 100 രൂപയൊക്കെയാണ് സിലിണ്ടറിന് വര്‍ധിപ്പിക്കാറുള്ളത്. ആ നിലയ്ക്ക് നോക്കുമ്പോള്‍ പത്തിരട്ടിയോളം വര്‍ധനവാണ് സിലിണ്ടര്‍ വിലയില്‍ ഉണ്ടായിരിക്കുന്നത്.ഹോട്ടല്‍, റെസ്റ്റോറന്റുകള്‍, ചെറുകിട ഹോട്ടലുകള്‍, തട്ടുകടകള്‍ തുടങ്ങിയവയെ എല്ലാം വില വര്‍ധന സാരമായി ബാധിക്കും.

ഭക്ഷണ വിഭവങ്ങളുടെ വില കൂട്ടാന്‍ ഹോട്ടലുകാര്‍ നിര്‍ബന്ധിതരാകുമ്പോള്‍ സാധാരണക്കാര്‍ വലയും എന്നത് ഉറപ്പ്. നേരത്തെ എല്‍പിജി പ്രതിസന്ധി രൂക്ഷമായതോടെ പല ഹോട്ടലുകളും വിഭവങ്ങള്‍ക്ക് വില കൂട്ടിയിരുന്നതുമാണ്. ദിവസവും ഹോട്ടലുകളെ മാത്രം ആശ്രയിക്കേണ്ടി വരുന്ന തൊഴിലാളികള്‍, മറ്റ് ദിവസവേതനക്കാര്‍, വിദ്യാര്‍ത്ഥികള്‍, ഹോസ്റ്റലില്‍ നില്ക്കുന്നവര് തുടങ്ങിയവരെ എല്ലാം വിഭവങ്ങളുടെ വില വര്‍ധിപ്പിക്കുന്നത് ബാധിക്കും. കൂടാതെ അന്യ സംസ്ഥാന തൊഴിലാളികള്‍ അവരുടെ നാടുകളില്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോയതും തൊഴിലാളികളുടെ കടുത്ത ക്ഷാമത്തിനും കാരണം ആയിട്ടുണ്ട്. ഇവര്‍ മടങ്ങി എത്തുമ്പോള്‍ ഉള്ള സാഹചര്യത്തില്‍ അവരെ തിരികെ ജോലി നല്‍കുന്നത് ചെറുകിട ഹോട്ടല്‍ ഉടമകളെ സംബന്ധിച്ചു പ്രയാസകരമാണ്.
നിലവിലെ ആശ്വാസം ഗാര്‍ഹിക ആവശ്യത്തിന് ഉപയോഗിക്കുന്ന സിലിണ്ടറുകള്‍ക്ക് തല്ക്കാലം വില കൂട്ടിയിട്ടില്ല എന്നതാണ്. ലഭ്യതക്കുറവ് കാരണം സിലിണ്ടറുകളുടെ വിതരണത്തിനും നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഉടന്‍ തന്നെ സര്‍ക്കാര്‍ ഈ വിഷയത്തില്‍ വേണ്ട നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ കൂടുതല്‍ സമര പരിപാടികളുമായി മുന്നോട്ട് പോകും എന്ന് അസോസിയേഷന് ഭാരവാഹികള്‍ അറിയിച്ചിട്ടുണ്ട്.
Content summery; Kerala hotels plan statewide strike on 6th as commercial LPG cylinder price hits 3000. 993 single hike forces food price rise , tea may cost 25 soon .
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.