UPDATES

ഇന്ത്യ

ആയുഷ്മാൻ ഭാരത് പദ്ധതിയിൽ കേരളം പങ്കാളിയാകാത്തതിൽ പ്രതിഷേധമറിയിച്ച് നരേന്ദ്രമോദി

മോദി, മോദി, മോദി എന്നിങ്ങനെയുള്ള ഹർഷാരവത്തോടെയാണ് പ്രധാനമന്ത്രിയെ ബിജെപി പ്രവര്‍ത്തകർ പ്രസംഗപീഠത്തിലേക്ക് ആനയിച്ചത്.

                       

പ്രധാനമന്ത്രി നരേന്ദ്രമോദി ഗുരുവായൂരിൽ സംസാരിക്കുന്നു. കേന്ദ്ര സഹമന്ത്രി വി മുരളീധരനാണ് തർജ്ജമയുടെ ചുമതല.

മോദി, മോദി, മോദി എന്നിങ്ങനെയുള്ള ഹർഷാരവത്തോടെയാണ് പ്രധാനമന്ത്രിയെ ബിജെപി പ്രവര്‍ത്തകർ പ്രസംഗപീഠത്തിലേക്ക് ആനയിച്ചത്. ഭാരത് മാതാ കി ജയ് എന്ന മുദ്രാവാക്യത്തോടെ മോദി തന്റെ പ്രസംഗം തുടങ്ങി. ഇതാദ്യമായാണ് ഒരു പ്രധാനമന്ത്രി ഗുരുവായൂർ ക്ഷേത്രനഗരിയിൽ രാഷ്ട്രീയ പ്രസംഗം നടത്തുന്നത്.

തന്റെ സ്വതസിദ്ധമായ രീതിയിൽ മലയാളത്തിൽ അഭിവാദ്യം ചെയ്തു കൊണ്ടാണ് പ്രധാനമന്ത്രി പ്രസംഗം തുടങ്ങിയത്. ഗുരുവായൂരിന്റെ പവിത്രമായ ഭൂമിയിൽ എത്താൻ കഴിഞ്ഞതിൽ ആഹ്ലാദമുണ്ടെന്ന് അദ്ദേഹം അറിയിച്ചു.

കേരളത്തിലെ ബിജെപി പ്രവർത്തകരുടെ ആത്മവിശ്വാസം കൂട്ടാനാണ് മോദി തന്റെ പ്രസംഗത്തിന്റെ തുടക്കത്തില്‍ നടത്തിയത്. പരാജയത്തിൽ ദുഖിക്കേണ്ടതില്ലെന്ന സന്ദേശം നൽകാൻ അദ്ദേഹം ശ്രമിച്ചു.

ജനതയെന്ന ഈശ്വരപ്രതിരൂപത്തിനു മുന്നിൽ താൻ വണങ്ങുകയാണെന്ന് പറഞ്ഞ മോദി വരാനിരുന്ന തെരഞ്ഞെടുപ്പുവിധി മുൻകൂട്ടി കാണാൻ സാധിച്ചിരുന്നില്ലെന്ന് മോദി പറഞ്ഞു. രാഷ്ട്രീയ പണ്ഡിതർക്കു തോന്നുന്നുണ്ടാകും എന്തുകൊണ്ടാണ് തന്നെ തോൽപ്പിച്ച കേരളത്തിലെ ജനതയ്ക്ക് നന്ദി പറയുന്നത് എന്ന്. എന്നാൽ തെരഞ്ഞെടുപ്പിലെ വിജയം നോക്കിയല്ല, തോൽപ്പിക്കാൻ ശ്രമിച്ചവരെയും ഒരുമിച്ച് കൊണ്ടുവരാനാണ് താനിവിടെ എത്തിയിരിക്കുന്നതെന്ന് മോദി പറഞ്ഞു. തെരഞ്ഞെടുപ്പ് വിജയം മാത്രം നോക്കി പ്രവർത്തിക്കുന്നവരല്ല കേരളത്തിലെ ബിജെപിക്കാരെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ജനങ്ങളെ സേവിക്കുക മാത്രമാണ് അവരുടെ ലക്ഷ്യം

തന്റെ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കേരളത്തിന്റെ വിനോദസഞ്ചാര മേഖലയിൽ പ്രത്യേകമായി ശ്രദ്ധ ചെലുത്തിയെന്ന് അദ്ദേഹം അവകാശപ്പെട്ടു. യുവാക്കൾക്ക് ഏറെ തൊഴിൽസാധ്യതയുള്ള മേഖലയാണിത്. ലോകത്തിലെ വിനോദസഞ്ചാരികളെ കേരളത്തിലേക്കാകർഷിക്കാൻ തന്റെ ഭരണം കൊണ്ട് സാധിച്ചിട്ടുണ്ട്. ആധ്യാത്മിക കേന്ദ്രങ്ങളെ കോർത്തിണക്കുന്ന കേന്ദ്ര സർക്കാരിന്റെ പ്രസാദ് പദ്ധതിയിൽ കേരളത്തെ ഉൾപ്പെടുത്തിയിരുന്നു. ഇത്തരം ഏഴ് പദ്ധതികളാണ് കേരളത്തിൽ കേന്ദ്രം നടപ്പിലാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

പശുക്കളെ പാലിക്കുന്നത് ഭാരതത്തിന്റെ പാരമ്പര്യമാണ്. ഗുരുവായൂരിലെ കൃഷ്ണന് പശുക്കള്‍ ഏറെ പ്രിയപ്പെട്ടതായിരുന്നു. പശുക്കള്‍ ഇന്ത്യയുടെ ഗ്രാമീണമേഖലയുടെ സമ്പദ്‌വ്യവസ്ഥയുടെ ഭാഗമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പശുപാലനത്തെക്കുറിച്ച് മോദി ദീർഘമായി സംസാരിച്ചു.

നിപ പ്രതിരോധത്തിൽ കേരളത്തിനൊപ്പമാണ് കേന്ദ്ര സർക്കാരെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിന് വേണ്ട സഹായങ്ങളെല്ലാം തങ്ങൾ നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. പാവങ്ങളുടെ ചികിത്സാവശ്യത്തിനായി ആയുഷ്മാൻ ഭാരത് എന്ന പദ്ധതി കേന്ദ്രം നടപ്പിലാക്കുന്നുണ്ട്. ഈ പദ്ധതിയുടെ പ്രയോജനം എല്ലായിടത്തും ലഭ്യമായപ്പോൾ കേരളത്തിലെ ജനങ്ങൾക്ക് അത് ലഭ്യമായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. നാട്ടിലെ സാധാരണക്കാര്‍ക്കു വേണ്ടിയുള്ള ഈ പദ്ധതിയിൽ കേരളം പങ്കാളിയാകണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

കേരളത്തിലെ നിഷേധരാഷ്ട്രീയത്തെ തള്ളിക്കളയുകയായിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കേരളത്തിലെ ജനത ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.

ഇതാദ്യമായാണ് ഒരു പ്രധാനമന്ത്രി ഗുരുവായൂരില്‍ രാഷ്ട്രീയ പൊതുയോഗത്തില്‍ പങ്കെടുക്കുന്നത് എന്ന പ്രത്യേകതയുണ്ട്. ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി, നരസിംഹ റാവു എന്നിവര്‍ പ്രധാനമന്ത്രിയായിരിക്കെ ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തിയിട്ടുണ്ട് എങ്കിലും ഗുരുവായൂരില്‍ രാഷ്ട്രീയ യോഗങ്ങളില്‍ പങ്കെടുത്തിട്ടില്ല. ഗുരുവായൂരിലെ പരിപാടിക്ക് ശേഷം കൊച്ചിയിലേയ്ക്ക് തിരിക്കുന്ന പ്രധാനമന്ത്രി വിമാനത്താവളത്തിലെ വിശ്രമത്തിന് ശേഷം ഉച്ചയ്ക്ക് ഡല്‍ഹിയിലേയ്ക്ക് തിരിച്ചുപോകും.

Share on

മറ്റുവാര്‍ത്തകള്‍