കുറ്റപത്രം- 2
അയാളുടെ പേര് ശ്രീകുമാര്‍, പത്തനം തിട്ട കോന്നിയൂരിലെ സ്‌റ്റേഷനിലെ കോണ്‍സ്റ്റബിളായിരുന്നു. 2010 മാര്‍ച്ച് മാസത്തിന്റെ തുടക്കത്തില്‍ 12 ദിവസം അദ്ദേഹം തുടര്‍ച്ചയായി സ്‌റ്റേഷനില്‍ ജോലി ചെയ്തു. 24 മണിക്കൂര്‍ തുടര്‍ച്ചയായുള്ള ജോലി. രണ്ടാഴ്ച വീട്ടില്‍ പോവാനോ വിശ്രമിക്കാനോ അദ്ദേഹത്തിന് സമയം കിട്ടിയില്ല. അതിന് അനുവദിച്ചില്ലെന്ന് പറയുന്നതാവും ശരി. 2010 മാര്‍ച്ച് 7ന് അദ്ദേഹം വീട്ടിലേക്ക് വിളിച്ച് ഈ ജോലിയില്‍ തനിക്ക് തുടരാന്‍ സാധിക്കില്ലെന്ന് പറഞ്ഞു. ഒന്‍പതിന് ആ മനുഷ്യന്‍ കാക്കിക്കുള്ളിലെ ജീവിതം അവസാനിപ്പിച്ചു. തൂങ്ങിമരിക്കുകയായിരുന്നു.
പോലീസുകാരുടെ ആത്മഹത്യയെ കുറിച്ച് ചോദിച്ചപ്പോള്‍ സിവില്‍ പോലീസുകാരന്‍ പങ്ക് വച്ച സംഭവങ്ങളിലൊന്നാണ് ഇത്.
2019ലാണ് എസ്ടി വിഭാഗക്കാരനായ കുമാറിനെ മരിച്ച നിലയില്‍ റെയില്‍വേ ട്രാക്കില്‍ നിന്ന് കിട്ടിയത്. ഭര്‍ത്താവ് മാനസിക പീഡനം മാത്രമല്ല, ശാരീരികമായി ഉപദ്രവിക്കപ്പെട്ടുവെന്നാണ് അദ്ദേഹത്തിന്റെ ഭാര്യയായ സജിനി ആരോപിക്കുന്നത്. സഹപ്രവര്‍ത്തകരാണ് തന്റെ പങ്കാളിയെ കൊന്നത്. അട്ടപ്പാടി സ്വദേശിയായ കുമാര്‍ സഹപ്രവര്‍ത്തകരുടെ പെരുമാറ്റത്തെ കുറിച്ച് പറഞ്ഞിരുന്നു. പീഡിപ്പിക്കപ്പെട്ടുവെന്നത് ആത്മഹത്യ കുറിപ്പിലുണ്ടെന്നതും അവര്‍ ചൂണ്ടികാണിക്കുന്നു.
ഞങ്ങള്‍ക്ക് നഷ്ടപ്പെടാനുള്ളത് നഷ്ടപ്പെട്ടു, ഇപ്പോ സംസാരിച്ചാലും ഇല്ലെങ്കിലും എന്ത് ?
ആലപ്പുഴയില്‍ ആത്മഹത്യ ചെയ്ത അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടറുടെ കുടുംബത്തിലെ ഒരംഗം അഴിമുഖത്തോട് പ്രതികരിച്ചത് ഇങ്ങനെയായിരുന്നു. പോലീസ് ഓഫിസറുടെ ബന്ധുക്കളില്‍ ഒരാള്‍ പറഞ്ഞത് ആ ആത്മഹത്യയ്ക്ക് കാരണം മോശം ആരോഗ്യ സ്ഥിതിയിലും ജോലി ചെയ്യേണ്ടി വന്ന ഗതികേട് ആണെന്നാണ്. രാത്രി ഉറക്കമുളച്ചുള്ള ജോലി ചെയ്യാവുന്ന അവസ്ഥയില്‍ ആയിരുന്നില്ല അന്ന് അദ്ദേഹത്തിന്റെ ആരോഗ്യം. അസുഖം ശമിക്കുന്നത് വരെ രാത്രി ഷിഫ്റ്റില്‍ നിന്ന് ഒഴിവാക്കണമെന്ന് ഡിപ്പാര്‍ട്ട്‌മെന്റിനോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം പറഞ്ഞ് ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് പോലും ഹാജരാക്കി. എന്നാല്‍ ആ സമയത്ത് തന്നെ അദ്ദേഹത്തിന് ശബരിമല ഡ്യൂട്ടി ഏല്‍പ്പിച്ച് കൊടുത്തു. അതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. അദ്ദേഹത്തിന്റെ ഉറക്കത്തെ ബാധിച്ചു. മാനസിക ആരോഗ്യം കുറഞ്ഞ് വന്നതോടെ മരുന്നുകള്‍ കഴിക്കുന്നത് നിര്‍ത്തുന്ന അവസ്ഥയിലേക്ക് എത്തി കാര്യങ്ങള്‍. സഹപ്രവര്‍ത്തകരുടെ നിരന്തര ഇടപെടലുകളിലൂടെ അദ്ദേഹത്തെ ശബരിമല ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കിയെങ്കിലും വൈകിപ്പോയിരുന്നു. കടുത്ത വിഷാദത്തിലേക്ക് പോയ അദ്ദേഹം ആത്മഹത്യയില്‍ അഭയം കണ്ടെത്തുകയായിരുന്നു.
ഉന്നത ഉദ്യോഗസ്ഥര്‍ മനസലിവ് കാണിച്ചിരുന്നെങ്കില്‍ ഇന്നും ഞങ്ങള്‍ക്കൊപ്പം അദ്ദേഹം ഉണ്ടാവുമായിരുന്നുവെന്നും അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടറുടെ ബന്ധു പറഞ്ഞു. രാത്രി ഡ്യൂട്ടിയുടെ കാര്യത്തില്‍ മാത്രമല്ല, മാനസികമായി തളര്‍ന്നിരുന്ന ആ ഉദ്യോഗസ്ഥനെ മേലുദ്യോഗസ്ഥര്‍ മാനസികമായി പീഡിപ്പിക്കുക കൂടി ചെയ്തിരുന്നുവെന്നാണ് സഹപ്രവര്‍ത്തകരായിരുന്നവരും വെളിപ്പെടുത്തിയത്.
എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷന്‍ പ്രബേഷനറി എസ് ഐ ടി ഗോപകുമാര്‍, കടമ്പത്ര സ്റ്റേഷന്‍ എ എസ് ഐ ആയിരുന്ന പി എം തോമസ്, കൊല്ലം പുത്തൂര്‍ സ്വദേശിയും ഏഴുകോണ്‍ പോലീസ് സ്റ്റേഷനിലെ സിവില്‍ ഓഫീസറുമായിരുന്ന അനില്‍ തുടങ്ങിയ മരണത്തില്‍ അഭയം പ്രാപിച്ചവരുടെ ലിസ്റ്റും ഇതിനൊപ്പം ചേര്‍ക്കപ്പെടാനുണ്ട്. ബൈപാസ് സര്‍ജറി, കരള്‍ രോഗം അങ്ങനെ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്കൊന്നും യാതൊരു തരത്തിലുള്ള ഇളവും ലഭിക്കാറില്ലെന്നും പോലീസുകാര്‍ തന്നെ പറയുന്നു. സിവില്‍ പോലീസ് ഓഫിസറായി എത്തുന്നവരില്‍ മിനിമം വിദ്യാഭ്യാസ യോഗ്യതയുള്ളവരും ഉന്നത വിദ്യാഭ്യാസമുള്ളവരുമുണ്ട്. മികച്ച വിദ്യാഭ്യാസമുള്ളവര്‍ക്ക് പലപ്പോഴും ഉന്നത ഉദ്യോഗസ്ഥരില്‍ നിന്നുള്ള ചെറിയ രീതിയിലുള്ള ശകാരങ്ങള്‍ പോലും താങ്ങാന്‍ കെല്‍പ്പുണ്ടാവാറില്ല. പലതും ഒരു ചെവിയില്‍ കൂടെ കേട്ട് മറുചെവിയിലൂടെ വിട്ട് കളയാനും പറ്റണം. ജീവിതത്തില്‍ പ്രാരബ്ധങ്ങളുമായി വന്നവര്‍ക്കാണ് അത്തരം സാഹചര്യങ്ങളെ നേരിടുന്നതില്‍ മികവുള്ളതെന്ന് തോന്നിയിട്ടുണ്ടെന്നും ആ ഉദ്യോഗസ്ഥന്‍ പറയുന്നു. താന്‍ തന്നെ ആണ് അതിന് ഉദാഹരണമെന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു.
2020ലെ ഹര്‍ത്താല്‍ ദിനത്തില്‍ കൃത്യ സമയത്ത് ഓഫിസില്‍ എത്താന്‍ സാധിക്കാത്തതിന് പോലീസുകാരന് വടകര പോലീസ്റ്റ് സ്റ്റേഷനില്‍ സിവില്‍ പോലീസ് ഓഫീസര്‍ക്ക് കിട്ടിയത് മെമ്മോയായിരുന്നു. പിന്നാലെ കടുത്ത മാനസിക സംഘര്‍ഷത്തിലാണെന്ന് വ്യക്തമാക്കിക്കൊണ്ട് പോലീസുകാരുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ഇദ്ദേഹം സന്ദേശം അയക്കുകയും സ്റ്റേഷന് മുകളിലത്തെ പോലീസുകാരുടെ വിശ്രമ മുറിയില്‍ വച്ച് ആത്മഹത്യാശ്രമം നടത്തുകയും ചെയ്തു. അപ്പോഴേക്കും മറ്റ് പോലീസുകാര്‍ ഇടപെട്ട് ഇയാളെ രക്ഷിച്ചു.
കീഴുദ്യോഗസ്ഥരോട് തട്ടിക്കയറുന്നതും കണ്ണും ചെവിയും പൊട്ടുന്ന തെറിവാക്കുകള്‍ പറയുന്നതും മേലധികാരിയുടെ കടമയെന്ന തരത്തിലാണ് ചില ഉദ്യോഗസ്ഥരുടെ പെരുമാറ്റം. കീഴ്ജീവനക്കാരോട് മുഖം കറുപ്പിച്ചേ അവര്‍ സംസാരിക്കൂ. സദാ ശകാരവും കുറ്റപ്പെടുത്തലും. കാരണങ്ങള്‍ തേടിപ്പിടിച്ചു ചീത്തവിളിക്കും. അതും മറ്റുള്ളവരുടെ മുമ്പില്‍ വെച്ച്. മാത്രമല്ല മേലുദ്യോഗസ്ഥന്റെ അശ്രദ്ധ മൂലം കൃത്യനിര്‍വഹണത്തില്‍ എന്തെങ്കിലും അപാകത സംഭവിച്ചാല്‍ കീഴ്ജീവനക്കാരനെ ബലിയാടാക്കുന്ന സംഭവങ്ങളുമുണ്ടെന്നും പോലീസുകാര്‍ ചൂണ്ടികാണിക്കുന്നു. അതിലൊന്ന് 174ാം വകുപ്പാണ്. അസ്വാഭാവിക മരണങ്ങള്‍ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട വകുപ്പാണിത്.
മൃതദേഹത്തിന് കാവലിരിക്കല്‍ പോലീസുകാരന്റെ ജോലിയാണ്.പലപ്പോളും മൃതദേഹത്തിന് ഒറ്റയ്ക്ക് കാവലിരിക്കേണ്ടി വരും.കാവലിരിക്കുന്ന സിപിഒക്കാണ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റാനുള്ള ചുമതല. ചിലപ്പോള്‍ ഈ മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കം ഉണ്ടാവും. മൃതദേഹം മൂടി ആംബുലന്‍സിലേക്കും തുടര്‍ന്ന് മോര്‍ച്ചറിയിലേക്കും കൊണ്ടുപോകേണ്ടതും സിപിഒ തന്നെയാണ്. തന്റെ ഗുഡ് ബുക്കില്‍ ഇല്ലാത്തവരെ ഈ ഡ്യൂട്ടി ഏല്‍പ്പിക്കാന്‍ ചില മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സെക്ഷന്‍ 174 പ്രകാരമുള്ള കേസുകള്‍ക്കായി കാത്തിരിക്കാറു പോലുമുണ്ട്.
മേലുദ്യോഗസ്ഥരുടെ മോശം പെരുമാറ്റത്തിന് പുറമെ അധിക ജോലി ഭാരം മൂലമുള്ള സമ്മര്‍ദവും പോലീസുകാരില്‍ മനോരോഗത്തിനും ആത്മഹത്യക്കും കാരണമാകുന്നുണ്ട്. സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിലായി ആയിരത്തോളം പോലീസുകാരുടെ കുറവുണ്ടെന്നാണു കണക്ക്. 1983-ലെ ജനസംഖ്യാനുപാതികമായ പോലീസ് വിന്യാസമാണ് സംസ്ഥാനത്ത് നിലവിലുള്ളത്. അതേസമയം സംസ്ഥാനത്ത് കുറ്റകൃത്യങ്ങളും ക്രമസമാധാനപ്രശ്നങ്ങളും ഗതാഗത സ്തംഭനം, രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ തുടങ്ങിയവ വര്‍ധിച്ചു വരികയാണ്. സേനയുടെ അംഗപരിമിതി മൂലം പലപ്പോഴും ക്രമസമാധാന പ്രശ്നങ്ങള്‍ ഉടലെടുക്കാറുണ്ട്. ഉദ്ദേശിച്ച സമയത്തിനുള്ളില്‍ റിപ്പോര്‍ട്ടുകളും മറ്റും ഹാജരാക്കുന്നതിനും ഇത് കാലതാമസം വരുത്തുന്നു. സേനയിലെ കുറവ് നികത്താനും മതിയായ പരിശീലനം നല്‍കാനും സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. അതിലൂടെ മാത്രമേ ശാശ്വത പരിഹാരം കാണാന്‍ കഴിയുവെന്നാണ് പോലീസ് അസോസിയേഷന്‍ ഭാരവാഹിയായി പ്രവര്‍ത്തിച്ച മുന്‍ ഉദ്യോഗസ്ഥന്‍ പ്രതികരിച്ചതും.
പഠനങ്ങള്‍ പറയുന്നത്
കേരള പോലീസ് ഉദ്യോഗസ്ഥരുടെ ജോലി സമ്മര്‍ദ്ദം സംബന്ധിച്ച് റിസര്‍ച്ച് നടത്തിയ ജയേഷ് കെ ജോസഫിന്റെ കണ്ടെത്തലുകള്‍ കൂടി ഇവിടെ പങ്ക് വയ്ക്കുകയാണ്. കേരളത്തിലെ 19 ജില്ലകളിലെ 118 പോലീസ് ഉദ്യോഗസ്ഥരില്‍ നിന്നുള്ള വിവരങ്ങള്‍ ശേഖരിച്ച് നടത്തിയ പഠനമാണിത്. മൈസൂര്‍ യൂണിവേഴ്‌സിറ്റിയിലെ ക്രിമിനോളജി ആന്‍ഡ് ഫോറന്‍സിക് സയന്‍സ് വകുപ്പിന് വേണ്ടിയാണ് ഈ പഠനം നടത്തിയത്.
ജോലിയിലെ സമ്മര്‍ദ്ദത്തെ കുറിച്ച് റിപ്പോര്‍ട്ട് പറയുന്നത് ഇങ്ങനെയാണ്
രാഷ്ട്രീയ സമ്മര്‍ദ്ദം-73.5%
സമയക്കുറവ്, കുടുംബം-67.3%
പൊതുജനങ്ങളില്‍ നിന്നുള്ള നിസ്സഹകരണം-63.4%
കുറഞ്ഞ ശമ്പളം-55.6%
വര്‍ക്ക് ലോഡ്-56.8%,
മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ പീഡനം-66.8%
ഈ രീതിയിലാണ് വിഷമതകളെന്നാണ് ജയേഷ് തയ്യാറിക്കിയ റിസര്‍ച്ച് പേപ്പറില്‍ പറയുന്നത്.
English Summary: Kerala policemen suicide: Work pressure of policemen in focus