ഫ്രാങ്കോ മുളയ്ക്കലിന് ജലന്ധറിൽ കന്യാസ്ത്രീകളുടെയും വിശ്വാസികളുടെയും വൻ വരവേൽപ്പ്; പുഷ്പവൃഷ്ടിയും മുദ്രാവാക്യ പ്രാർത്ഥനയും

വിവിധ ചർച്ചുകളിൽ നിന്നാണ് കന്യാസ്ത്രീകൾ ഫ്രാങ്കോയെ വരവേൽക്കാൻ എത്തിയത്.

ബലാൽസംഗക്കേസിൽ ജാമ്യത്തിലിറങ്ങിയ മുൻ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ജലന്ധറിൽ വിശ്വാസി സമൂഹത്തിന്റെ വൻ സ്വീകരണം. ഇന്നലെയാണ് ബിഷപ്പിന് ജാമ്യം കിട്ടിയത്. ഇന്ന് അദ്ദേഹം ജലന്ധറിലേക്ക് പോയി. വൈകീട്ട് അഞ്ചു മണിയോടെ ബിഷപ്പ് ഹൗസിലെത്തിയ ഫ്രാങ്കോ മുളയ്ക്കലിനെ കാത്ത് നിരവധി വിശ്വാസികൾ നിന്നിരുന്നു. കന്യാസ്ത്രീകളും കൂട്ടത്തിലുണ്ടായിരുന്നു. നിലവിലെ അഡ്മിനിസ്ട്രേറ്റീവ് ബിഷപ്പ് ആൻജലോ ഗ്രേഷ്യസും കാത്തു സ്വീകരിച്ചവരുടെ കൂട്ടത്തിലുണ്ടായിരുന്നു.

കവാടത്തിലും മറ്റിടങ്ങളിലും Hearty Welcome എന്നെഴുതിയ പോസ്റ്ററുകളും മറ്റും പതിച്ചിരുന്നു. പ്രാർത്ഥനകൾ മുദ്രാവാക്യങ്ങളെപ്പോലെ ഉറക്കെ വിളിച്ചായിരുന്നു വരവേൽപ്പെന്ന് റിപ്പോർട്ടുകൾ പറയുന്നു.

വിവിധ ചർച്ചുകളിൽ നിന്നാണ് കന്യാസ്ത്രീകൾ ഫ്രാങ്കോയെ വരവേൽക്കാൻ എത്തിയത്. വിശ്വാസികളെക്കാൾ കൂടുതൽ കന്യാസ്ത്രീകൾ വരവേൽപ്പിനെത്തിയിരുന്നെന്നാണ് റിപ്പോർട്ട്. ബിഷപ്പിന്റെ കാർ കവാടം കടന്നെത്തിയപ്പോൾ പുഷ്പവൃഷ്ടിയുണ്ടായി.

സെപ്തംബർ 21ന് അറസ്റ്റ് ചെയ്യപ്പെട്ട ബിഷപ്പ് ഫ്രാങ്കോ പാലാ ജയിലിലായിരുന്നു കഴിഞ്ഞിരുന്നത്.

അഴിമുഖം ഡെസ്ക്:
Related Post
Leave a Comment