February 19, 2025 |
Share on

ചെന്നൈ അണ്ണാ സര്‍വകലാശാല ക്യാമ്പസില്‍ കൂട്ടബലാത്സംഗം; ഒരാള്‍ കസ്റ്റഡിയില്‍

നാലംഗ പ്രത്യേക സംഘത്തെയാണ് ചെന്നൈ പോലീസ് നിയോഗിച്ചിരിക്കുന്നത്

ചെന്നൈ അണ്ണാ യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിനിരയായി. ക്രിസ്മസിന്റെ ഭാഗമായി രാത്രി പള്ളിയില്‍ നിന്നും സുഹൃത്തുമായി മടങ്ങവേ അജ്ഞാതരായ രണ്ടുപേര്‍ ഇരുവരെയും തടയുകയായിരുന്നു. സുഹൃത്തിനെ മര്‍ദിച്ച് അവശനാക്കിയശേഷം പെണ്‍കുട്ടിയെ അതിക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് പരാതി.student of anna university was raped inside the campus

സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയില്‍ എടുത്തതായി ഗ്രേറ്റര്‍ ചെന്നൈ പോലീസ് കമ്മീഷണറുടെ ഓഫീസ് അറിയിച്ചു. പ്രതികളെ പിടികൂടുന്നതിനായി നാലംഗ പ്രത്യേക സംഘത്തെയാണ് ചെന്നൈ പോലീസ് നിയോഗിച്ചിരിക്കുന്നത്. ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്) സെക്ഷന്‍ 64 പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു.

സര്‍വകലാശാലയ്ക്ക് അകത്ത് നടന്ന സംഭവം വലിയ ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്. രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് ബലാത്സംഗത്തിനിരയായത്. പീഡിപ്പിച്ച ദൃശ്യങ്ങള്‍ പകര്‍ത്തിയതായും പെണ്‍കുട്ടി പരാതിയില്‍ പറയുന്നുണ്ട്. വിദ്യാര്‍ത്ഥിനിയുടെ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അടക്കം 20 പേരെ പോലീസ് ചോദ്യം ചെയ്തു. സുരക്ഷാ ജീവനക്കാരും സിസിടിവി സംവിധാനകളും ഉണ്ടായിട്ട് കൂടിയാണ് അതിക്രമം നടന്നത്. സംഭവത്തെ തുടര്‍ന്ന് സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ, ഓള്‍ ഇന്ത്യ വിമന്‍ വെല്‍ഫെയര്‍ ഫെഡറേഷന്‍ എന്നിവര്‍ ക്യാമ്പസില്‍ പ്രതിഷേധം സംഘടിപ്പിച്ചു.

പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ ആവശ്യപ്പെട്ടു. ‘ഡിഎംകെ സര്‍ക്കാരിന്റെ കീഴില്‍ ഇവിടം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ വിളനിലമായും, കുറ്റവാളികളുടെ സങ്കേതമായും മാറി. പ്രതിപക്ഷത്തെ നിശ്ശബ്ദരാക്കാന്‍ ഭരണ ഭരണകൂടം പൊലീസിനെ ഉപയോഗിക്കുന്നതിനാല്‍, സംസ്ഥാനത്തെ സ്ത്രീകള്‍സുരക്ഷിതരല്ല’, അണ്ണാമലൈ എക്‌സ് പോസ്റ്റില്‍ കുറിച്ചു.

ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി കനത്ത പോലീസ് സുരക്ഷ സംസ്ഥാനത്ത് നിലനില്‍ക്കെയാണ് പീഡനം നടന്നത്. 8,000 പോലീസിനെയായിരുന്നു സുരക്ഷയുടെ ഭാഗമായി നഗരത്തില്‍ വിന്യസിച്ചത്. സംഭവത്തെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ വന്‍ പ്രതിഷേധമാണ് നടക്കുന്നത്. പ്രതികള്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ അറിയിച്ചു. അതേസമയം, ക്യാമ്പസിലെ സുരക്ഷ ഉന്നയിച്ച് പ്രതിപക്ഷം സര്‍ക്കാരിനെതിരെ രംഗത്തുവന്നു.student of anna university was raped inside the campus

Content Summary: student of anna university was raped inside the campus

×