അടുത്തവര്‍ഷം സംസ്ഥാനത്തിന്റെ തനത് വരുമാനം ഒരു ട്രില്യണ് മുകളിലെത്തുമെന്ന് ധനകാര്യവകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ സംസ്ഥാനത്തിന്റെ നികുതി-നികുതിയേതര വരുമാനങ്ങളുടെ ആകെത്തുക 54,000 കോടി രൂപയായിരുന്നെങ്കില്‍ ഈ കഴിഞ്ഞ വര്‍ഷം അത് 95,000 കോടി രൂപയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അടുത്തവര്‍ഷം അത് വണ്‍ ട്രില്യണ്‍ മാര്‍ക്ക് കടന്ന് ഒരു ലക്ഷത്തി അയ്യായിരം കോടിയിലേയ്ക്ക് കടക്കുമെന്നും ധനകാര്യമന്ത്രി എന്നനിലയില്‍ അഭിമാനത്തോടെയാണ് താനിത് പറയുന്നതെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനമന്ത്രിസഭയുടെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് വിവര പൊതുജനസമ്പര്‍ക്ക വകുപ്പിന്റെ ഏകോപനത്തില്‍ കൊല്ലം ആശ്രാമം മൈതാനത്ത് സംഘടിപ്പിക്കുന്ന ‘എന്റെ കേരളം പ്രദര്‍ശന വിപണന മേള’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തിനനുവദിക്കുന്ന കേന്ദ്രഫണ്ടിലുണ്ടായ കുറവിന്റെ കണക്കുകളും അദ്ദേഹം എണ്ണിപ്പറഞ്ഞു. സാമ്പത്തികമായി കേരളത്തെ അങ്ങേയറ്റം ബുദ്ധിമുട്ടിക്കുന്നു എന്ന് താന്‍ പറഞ്ഞപ്പോള്‍ ധനകാര്യമന്ത്രിയായി വന്നപ്പോള്‍ വേണ്ടത്ര പരിചയമില്ലാത്തതതുകൊണ്ട് പറയുകയാണെന്ന് പലരും പറഞ്ഞിരുന്നു. പതിനാലാം ധനകാര്യ കമ്മീഷന്റെ സമയത്ത് കേന്ദ്രഗവണ്മെന്റ് നൂറ് രൂപ സംസ്ഥാനങ്ങള്‍ക്ക് കൊടുക്കുമ്പോള്‍ രണ്ടര രൂപ കേരളത്തിന് കിട്ടിയിരുന്നു. എന്നാല്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ അത് 1.90 രൂപ ആയി ചുരുങ്ങി. ഇതനുസരിച്ച് ഈ വര്‍ഷം കിട്ടിയത് 24,000 കോടി രൂപയാണ്. ഒരു ശതമാനം മാറുമ്പോഴുള്ള വ്യത്യാസം അതനുസരിച്ച് പതിനായിരം കോടിയുടെ കണക്കിലാണ്. കേരളത്തിന് ശുചിമുറികള്‍ ആവശ്യമില്ല, സ്‌കൂളുകള്‍ ആവശ്യമില്ല, റോഡുകള്‍ ആവശ്യമില്ല എന്നൊക്കെ പറഞ്ഞ് ഇത്തരത്തില്‍ ഫിനാന്‍സ് കമ്മീഷന്‍ വെട്ടിക്കുറച്ചത് പതിനായിരം കോടിയോളം രൂപയാണെന്നും അദ്ദേഹം പറഞ്ഞു.
”2021-22 ല്‍ റവന്യൂ ഡെഫിസിറ്റ് ഗ്രാന്റ്, ജിഎസ്ടി കോമ്പന്‍സേഷന്‍ എന്നീ കണക്കുകളിലായി സംസ്ഥാന സര്‍ക്കാരിന് ലഭിച്ചത് 33,000 കോടി രൂപയാണെങ്കില്‍ ഈ വര്‍ഷം അത് ആറായിരം കോടി രൂപ മാത്രമാണ്. മുപ്പത്തിമൂവായിരം കോടി കിട്ടുന്നിടത്ത് ആറായിരം കോടി ആയാല്‍ ശമ്പളം കൊടുക്കാന്‍ പറ്റുമോ? വഴി വൃത്തിയാക്കാന്‍ പറ്റുമോ? ടാര്‍ ചെയ്യാന്‍ പറ്റുമോ? യൂണിവേഴ്‌സിറ്റി ആണെങ്കില്‍ വര്‍ക്ക് ചെയ്യാന്‍ പറ്റുമോ? അതെല്ലാം കുറഞ്ഞിട്ട് കേരളം എങ്ങനെയാ പിടിച്ച് നിന്നത്?” അദ്ദേഹം ചോദിച്ചു.
ഇതോടൊപ്പം കടമെടുക്കാനുള്ള പരിധിയും വെട്ടിക്കുറച്ചതോടെ ഏകദേശം അമ്പതിനായിരം കോടി രൂപയുടെ കുറവാണ് വാര്‍ഷിക വരുമാനത്തിലുണ്ടായത്. തനത് വരുമാനം ഗണ്യമായി വര്‍ധിപ്പിച്ചുകൊണ്ടാണ് ഈ കാലയളവില്‍ സംസ്ഥാനം ഇതിനെ അതിജീവിച്ചതെന്ന് മന്ത്രി പറഞ്ഞു.
വാഗ്ദാനങ്ങള്‍ വാക്കുകളില്‍ മാത്രം ഒതുങ്ങുന്നില്ല. 100 ശതമാനം സാക്ഷാത്കരിക്കാന്‍ സാധ്യമായ കാര്യങ്ങള്‍ മാത്രമേ സര്‍ക്കാര്‍ പറയൂ. നവംബര്‍ ഒന്നിന് അതിദാരിദ്ര്യവിമുക്ത സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിക്കുന്ന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
മൃഗസംരക്ഷണ-ക്ഷീരവികസനവകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി അധ്യക്ഷയായ ചടങ്ങില്‍ കൊല്ലം ജില്ലാ കളക്ടര്‍ എന്‍ ദേവിദാസാണ് സ്വാഗതമോതിയത്. മേയര്‍ ഹണി, എം നൗഷാദ് എം.എല്‍.എ, ഡെപ്യൂട്ടി മേയര്‍ എസ് ജയന്‍, സിറ്റി പോലീസ് കമ്മീഷണര്‍ കിരണ്‍ നാരായണന്‍, റൂറല്‍ എസ് പി സാബു മാത്യു, എ. ഡി. എം. ജി നിര്‍മ്മല്‍ കുമാര്‍, ഐ ആന്‍ഡ് പി ആര്‍ ഡി മേഖല ഡെപ്യൂട്ടി ഡയറക്ടര്‍ കെ എസ് ശൈലേന്ദ്രന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എല്‍ ഹേമന്ത് കുമാര്‍ തുടങ്ങിയവരും പങ്കെടുത്തു. Kerala’s own revenue will cross one trillion next year, says finance minister KN Balagopal
Content Summary; Kerala’s own revenue will cross one trillion next year, says finance minister KN Balagopal
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.