June 16, 2026 |
Share on

കരിക്കന്‍ വില്ല മുതല്‍ വെഞ്ഞാറമൂട് വരെ; കേരളത്തെ നടുക്കിയ കൊലപാതകങ്ങള്‍

സമീപകാലത്ത് കുടുംബത്തിനകത്തെ കൊലപാതകങ്ങള്‍ക്കാണ് കേരളം സാക്ഷ്യംവഹിക്കുന്നത്

അഞ്ചാംപാതിര എന്ന സിനിമയില്‍ ഒരു സൈക്കോ കൊലപാതകിയെ പറ്റി പ്രതിപാദിക്കുന്നുണ്ട്. സ്വന്തം അച്ഛനേയും അമ്മയേയും വെട്ടിനുറുക്കി ഫ്രിഡ്ജില്‍ കയറ്റിവയ്ക്കുന്ന സൈക്കോ കൊലയാളി. സമീപകാലത്ത് കുടുംബത്തിനകത്തെ കൊലപാതകങ്ങള്‍ക്കാണ് കേരളം സാക്ഷ്യംവഹിക്കുന്നത്.
മനുഷ്യമനഃസാക്ഷിയെ വരെ ഞെട്ടിക്കുന്ന അല്ലെങ്കില്‍ ചിലപ്പോള്‍ മനുഷ്യന് ചിന്തിക്കാന്‍ കഴിയുന്നതിലും അപ്പുറമുള്ള കൊലപാതകങ്ങളാണ് കഴിഞ്ഞ കുറച്ച് കാലങ്ങളായി കേരളത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. 2024 ല്‍ 355 കൊലപാതകങ്ങളാണ് കേരളത്തില്‍ നടന്നത്. 2025 പിറന്ന് രണ്ട് മാസം പിന്നിടവേ 63 കൊലപാതകങ്ങളാണ് നടന്നിരിക്കുന്നത്. കേരളം ചര്‍ച്ച ചെയ്ത കൊലപാതകങ്ങള്‍… kerala shocking mass murders; from karikkan villa to venjaramoodu 

കരിക്കന്‍ വില്ല കൊലക്കേസ്

1980 ഒക്ടോബര്‍ 6 നാണ് രണ്ട് പേരുടെ കൊലപാതകത്തിന് കാരണമായ കരിക്കന്‍ വില്ല ഇരട്ട കൊലക്കേസ് നടക്കുന്നത്. വിദേശത്തെ ജോലിയില്‍ നിന്ന് വിരമിച്ചശേഷം തിരുവല്ല-കോഴഞ്ചേരി റൂട്ടിലെ കരിക്കന്‍ വില്ലയില്‍ താമസിച്ചിരുന്നത് 64 കാരന്‍ ജോര്‍ജും ഭാര്യ റേച്ചലുമായിരുന്നു. ഒക്ടോബര്‍ 7 ന് വീട്ടുജോലിക്കാരി എത്തിയപ്പോള്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്ന ദമ്പതിമാരെയാണ് കണ്ടത്. അന്ന് പത്തനംതിട്ട ജില്ല രൂപീകൃതമായിട്ടില്ലായിരുന്നു. ബന്ധുവായ ‘മദ്രാസിലെ മോന്‍’ വരുമെന്ന് വീട്ടുജോലിക്കാരിയോട് റേച്ചല്‍ പറഞ്ഞതാണ് കേസില്‍ വഴിത്തിരിവായത്. റെനി ജോര്‍ജ് എന്ന മദ്രാസിലെ മോനും റെനിയുടെ വിദേശികളായ മൂന്ന് സുഹൃത്തുക്കളുമായിരുന്നു പ്രതികള്‍.

റിപ്പര്‍ ചന്ദ്രന്‍

ഇരുട്ടിന്റെ മറവില്‍ ആയുധം കൈയിലേന്തി വരുന്ന ‘മരണദൂതന്‍’ എന്നായിരുന്നു റിപ്പര്‍ ചന്ദ്രനെ ആളുകള്‍ പറഞ്ഞിരുന്നത്. കണ്ണൂര്‍, കാസര്‍ഗോഡ്, വയനാട് ജില്ലകളെ ഭീതിയിലാഴ്ത്തി 1980-85 കാലഘട്ടത്തിലായി 14 പേരെയായിരുന്നു ഇയാള്‍ തലയ്ക്കടിച്ച് കൊന്നത്. 1991 ജൂലൈ ആറിന് റിപ്പര്‍ ചന്ദ്രന്‍ എന്നറിയപ്പെട്ടിരുന്ന നീലേശ്വരം കരിന്തളം സ്വദേശി ചന്ദ്രനെ തൂക്കിലേറ്റി.

എന്‍.ജെ ചാക്കോ വധം

1984 ജനുവരി 22 നായിരുന്നു വിദേശ കമ്പനിയില്‍ നിന്ന് എട്ട് ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കുന്നതിനായി ആലപ്പുഴ സ്വദേശിയായ എന്‍ജെ ചാക്കോയെ ഗോപാലകൃഷ്ണ പിള്ള എന്ന സുകുമാരക്കുറുപ്പ് സ്വന്തം വാഹനത്തിലിട്ട് കത്തിച്ചത്. രാജ്യത്ത് തന്നെ ഇത്തരത്തില്‍ നടന്ന ആദ്യ കേസായിരുന്നു ഇത്. കേരളം കണ്ട ഏറ്റവും പിടികിട്ടാപ്പുള്ളിയായ സുകുമാരക്കുറുപ്പ് ഇന്നും കാണാമറയത്ത് തുടരുന്നു.

സിസ്റ്റര്‍ അഭയകൊലക്കേസ്

1992 മാര്‍ച്ച് 27 നാണ് കോട്ടയം പയസ് ടെന്റ് കോണ്‍വെന്റിലെ കിണറ്റില്‍ 19 കാരിയായ സിസ്റ്റര്‍ അഭയയുടെ മൃതഹേം കണ്ടെത്തിയത്. ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും ആത്മഹത്യയാണെന്ന് എഴുതിതള്ളിയ കേസ് 1993 മാര്‍ച്ച് മാര്‍ച്ച് 23 ന് സിബിഐ ഏറ്റെടുത്തു. 16 വര്‍ഷത്തെ നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ 2008 നവംബര്‍ 19 ന് ഫാ. തോമസ് കോട്ടൂര്‍, ഫാ. ജോസ് പൂതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരെ സിബിഐ അറസ്റ്റ് ചെയ്തു. പ്രതികള്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് നേരില്‍ കണ്ട സിസ്റ്റര്‍ അഭയയെ കോടാലി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി കിണറ്റില്‍ തള്ളുകയായിരുന്നു. 2020 ഡിസംബര്‍ 23 ന് 28 വര്‍ഷത്തെ നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് കേസില്‍ വിധി പ്രസ്താവിച്ചത്. ഒന്നാം പ്രതി ഫാ. കോട്ടൂരിനും മൂന്നാം പ്രതി സിസ്റ്റര്‍ സെഫിക്കും ജീവപര്യന്തം തടവും പിഴയുമാണ് വിധിച്ചത്. രണ്ടാം പ്രതി ഫാ. ജോസ് പൂതൃക്കയിലിനെ തെളിവുകളുടെ അഭാവത്തില്‍ വെറുതെ വിടുകയായിരുന്നു. സിസ്റ്റര്‍ അഭയയുടെ ദുരൂഹമരണം വിവിധ ക്രൈസ്തവ സഭകളെ കടുത്ത പ്രതിസന്ധിയിലാക്കിയിരുന്നു.

abhaya murder

കല്ലുവാതുക്കല്‍ മദ്യദുരന്തം

2000 ഒക്ടോബര്‍ 21 നായിരുന്നു കല്ലുവാതുക്കല്‍ മദ്യദുരന്തം ഉണ്ടായത്. വ്യാജമദ്യം കഴിച്ച് 33 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് കാഴ്ച നഷ്ടപ്പെടുകയും ചെയ്ത സംഭവം ഏറെ കോളിളക്കമാണ് സൃഷ്ടിച്ചത്. മണിച്ചന്‍ എന്ന അബ്കാരി കോണ്‍ട്രാക്ടറുടെ ഗോഡൗണില്‍ നിന്ന് വിവിധ സ്ഥലങ്ങളില്‍ എത്തിച്ച മദ്യം കഴിച്ചവരാണ് ദുരന്തത്തില്‍ പെട്ടത്. മണിച്ചന്‍, ഹയറുന്നിസ, മണിച്ചന്റെ ഭാര്യ ഉഷ, സഹോദരന്മാരായ കൊച്ചനി, വിനോദ് കുമാര്‍ എന്നിവരാണ് കേസിലെ പ്രതികള്‍. ഹയറുന്നിസ ജയില്‍ ശിക്ഷ അനുഭവിക്കവേ കരള്‍ വീക്കം മൂലം മരണമടഞ്ഞു. കേസില്‍ മണിച്ചനു കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു.

ആലുവ കൂട്ടക്കൊല

2001 ജനുവരി ആറിനാണ് ആലുവ നഗരമധ്യത്തിലെ മാഞ്ഞൂരാന്‍ വീട്ടിലെ കുടുംബാംഗങ്ങളെല്ലാം കൊല്ലപ്പെട്ടത്. ആലുവ റെയില്‍വേ സ്റ്റേഷനു സമീപത്ത് ഹാര്‍ഡ്വേര്‍ ഷോപ്പ് നടത്തിയിരുന്ന അഗസ്റ്റിന്‍, ഭാര്യ ബേബി, മക്കളായ ജെമോന്‍, ദിവ്യ, അഗസ്റ്റിന്റെ അമ്മ ക്ലാര, സഹോദരി കൊച്ചുറാണി എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ ബന്ധുവും വീട്ടിലെ സ്ഥിരം സന്ദര്‍ശകനുമായിരുന്ന ആന്റണിയായിരുന്നു പ്രതി. വിദേശത്തേക്കു ജോലിക്കുപോകാന്‍ പണം ആവശ്യപ്പെട്ടിട്ട് കൊച്ചുറാണി നല്‍കാത്തതായിരുന്നു കൂട്ടക്കൊലയ്ക്കു കാരണമായി കണ്ടെത്തിയത്.

aluva mass murder

കൂടത്തായി കൂട്ടക്കൊല

2002 മുതല്‍ 2016 വരെയുള്ള കാലയളവില്‍ പ്രതി ജോളി ജോസഫ് നടത്തിയ ആസൂത്രിത കൊലപാതക പരമ്പരയാണ് കൂടത്തായി കൂട്ടക്കൊല. 14 വര്‍ഷത്തിനിടെയാണ് കോഴിക്കോട് ജില്ലയിലെ കൂടത്തായിയില്‍ ഒരു കുടുംബത്തിലെ ആറുപേര്‍ കൊല്ലപ്പെട്ടത്. വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥനായിരുന്ന കൂടത്തായി പൊന്നാമറ്റം ടോം തോമസ്, ഭാര്യ അന്നമ്മ തോമസ്, മകന്‍ റോയ് തോമസ്, അന്നമ്മയുടെ സഹോദരന്‍ എം.എം.മാത്യു മഞ്ചാടിയില്‍, ടോം തോമസിന്റെ സഹോദരന്റെ മകനായ ഷാജു സ്‌കറിയയുടെ മകള്‍ ആല്‍ഫൈന്‍, ഷാജു സ്‌കറിയയുടെ ഭാര്യ സിലി എന്നിവരാണ് കൊല്ലപ്പെട്ടത്. 2019 ഒക്ടോബര്‍ അഞ്ചിന് മുഖ്യപ്രതി ജോളി അറസ്റ്റിലായി. പ്ലസ്ടു യോഗ്യത മാത്രമുള്ള ഒരു വീട്ടമ്മ എന്‍.ഐ.ടി. പ്രൊഫസറായി വേഷം കെട്ടിയതും സയനൈഡ് ഉപയോഗിച്ചു ബന്ധുക്കളെ കൊലപ്പെടുത്തിയതുമെല്ലാം കേരളം നടുക്കത്തോടെയാണ് കേട്ടത്.

കണിച്ചുകുളങ്ങര കൂട്ടക്കൊല

2005 ജൂലായ് 20-നാണ് കണിച്ചുകുളങ്ങര കവലയില്‍ ആസൂത്രിത അപകടത്തില്‍ എവറസ്റ്റ് ചിട്ടിഫണ്ട് ഉടമകളായ രമേഷ്, സഹോദരി ലത, ഡ്രൈവര്‍ ഷംസുദ്ദീന്‍ എന്നിവര്‍ മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാറും ലോറിയുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. ചഹിമാലയ കമ്പനിയുടെ മാനേജരായിരുന്ന രമേഷ് പുതിയ ചിട്ടിക്കമ്പനി തുടങ്ങിയതിലുള്ള പകയായിരുന്നു കൊലയ്ക്കു കാരണം.

2005 ജൂലൈ ഇരുപതിനാണ് സംസ്ഥാനത്ത് കോളിളക്കമുണ്ടാക്കിയ കണിച്ചുകുളങ്ങരയിലെ കൂട്ടക്കൊലപാതകം നടന്നത്. ഒരു ലക്ഷത്തില്‍ അധികം ചിട്ടി നിക്ഷേപകരും 100 കോടി രൂപയുടെ സ്വത്തു വകകളുമുണ്ടായിരുന്ന ഹിമാലയ ഗ്രൂപ് കമ്പനികളുടെ ജനറല്‍ മാനേജര്‍ സ്ഥാനം രാജിവച്ച് എവറസ്റ്റ് ചിട്ടി ഫണ്ട് തുടങ്ങിയ രമേഷ്, സഹോദരി ലത, ഡ്രൈവര്‍ ഷംസുദ്ദീന്‍ എന്നിവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ആസൂത്രിതമായ അപകടത്തില്‍ പെടുത്തി കൊലപ്പെടുത്തുകയായിരുന്നു. ഹിമാലയയുടെ നിലനില്‍പ്പിന് പുതിയ ചിട്ടിക്കമ്പനിയായ എവറസ്റ്റ് ഭീഷണിയാകുമെന്ന് കരുതിയായിരുന്നു കൊലപാതകം. ലോറിഡ്രൈവറായിരുന്ന ഉണ്ണിയായിരുന്നു ഒന്നാംപ്രതി. ഹിമാലയ ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍മാരായ ചെറായി നൊച്ചിക്കാട്ട് സജിത്, ചെറായി കളത്തില്‍ ബിനീഷ് എന്നിവര്‍ ഉള്‍പ്പെടെ അഞ്ച് പ്രതികള്‍ക്ക് കോടതി ജീവപര്യന്തം തടവുശിക്ഷയാണ് വിധിച്ചത്.

റിപ്പര്‍ ജയാനന്ദന്‍

2006 ഒക്‌ടോബര്‍ രണ്ടിനാണ് പുത്തന്‍വേലിക്കര സ്വദേശിനിയായ ദേവകിയെ തലയ്ക്കും മുഖത്തും ഇരുമ്പുദണ്ഡ് കൊണ്ടടിച്ച് കൊലപ്പെടുത്തിയത്. അഞ്ച് കൊലക്കേസുള്‍പ്പെടെ 23 കേസുകളില്‍ പ്രതിയായ ജയാനന്ദന്‍ 19 വര്‍ഷമായി തടവുശിക്ഷ അനുഭവിക്കുകയാണ്. ഇതില്‍ മൂന്ന് കേസുകളിലും ഇയാളെ കോടതി വെറുതെ വിട്ടിരുന്നു. പ്രായമായ ആളുകളെ ഉറങ്ങുന്നതിനിടെ തലയ്ക്കടിച്ചശേഷം വിലപിടിപ്പുള്ള വസ്തുക്കള്‍ കവരുകയായിരുന്നു ഇയാളുടെ പതിവ് എന്നായിരുന്നു പോലീസ് കുറ്റപത്രത്തില്‍ പറയുന്നത്. ജയാനന്ദന് വധശിക്ഷ വിധിച്ചെങ്കിലും പിന്നീടത് മരണം വരെ തടവുശിക്ഷയായി കുറച്ച് നല്‍കി.

പിണറായി കൂട്ടക്കൊല

കണ്ണൂരിലെ പിണറായിയില്‍ ദുരൂഹസാഹചര്യത്തില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ പല തവണകളിലായി കൊല്ലപ്പെട്ട സംഭവത്തിലെ ആദ്യ മരണം നടന്നത് 2012 ലായിരുന്നു. പിന്നീട് ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം മൂന്ന് പേര്‍ കൂടി കൊല്ലപ്പെട്ടു. സമാനമായ ലക്ഷണങ്ങളോടെയുള്ള മരണമായിരുന്നു സംശയത്തിന് ഇടയാക്കിയത്. പലപ്പോഴായി ചെറിയ തോതില്‍ വിഷം ഉള്ളിലെത്തിച്ചായിരുന്നു കൊലപാതകങ്ങള്‍ എന്ന് ഫോറന്‍സിക് പരിശോധനയില്‍ തെളിഞ്ഞതോടെ പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കി. സൗമ്യയ്ക്ക് പലരുമായി അടുപ്പമുണ്ടായിരുന്നതായും അതിന് മകളും അച്ഛനമ്മമാരും തടസ്സമായതാണ് 2018 ലെ മൂന്ന് കൊലപാതകങ്ങള്‍ക്കും കാരണമായി സൗമ്യ പറഞ്ഞത്. 2012 ല്‍ നടന്ന മരണം തെളിവുകള്‍ ശേഖരിക്കുക അപര്യാപ്തമായതുകൊണ്ട് പിന്നീടത് സ്വാഭാവിക മരണമായി മാറി. എന്നാല്‍ 2018 ആഗസ്ത് 24 ന് കണ്ണൂര്‍ വനിത സബ് ജയിലില്‍ റിമാന്റില്‍ കഴിയവേ സൗമ്യ ജയിലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. നാല് കൊലപാതകങ്ങളും സൗമ്യ തനിച്ചല്ല നടത്തിയതെന്നും മറ്റാര്‍ക്കോ പങ്കുണ്ടെന്നതുള്‍പ്പെടെയുള്ള ആരോപണങ്ങളും സൗമ്യയുടെ മരണത്തോടെ ഇല്ലാതായി.

pinarayi mass murder

നന്ദന്‍കോട് കൊലപാതകം

2017 ഏപ്രില്‍ 9 ന് ക്ലിഫ് ഹൗസിന് സമീപമുള്ള വീട്ടിലെ നാലുപേര്‍ അതിദാരുണമായി കൊല്ലപ്പെട്ടത്. വീടിന് തീപിടിച്ചതാണെന്നായിരുന്നു ആദ്യം കരുതിയത്. എന്നാല്‍ വാതില്‍ തുറന്നപ്പോള്‍ കണ്ടത് കത്തിക്കരിഞ്ഞ മൃതദേഹങ്ങള്‍ കൂടാതെ അവയ്ക്കരികിലായി ടാര്‍പ്പോളിന്‍ ഷീറ്റില്‍ പുഴുവരിച്ച നിലയില്‍ മറ്റൊരു മൃതദേഹം കൂടി കണ്ടെത്തി. മകന്‍ കേഡല്‍ ജീന്‍സണ്‍ അറസ്റ്റിലായതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. പ്രൊഫ. രാജാ തങ്കം, ഭാര്യ ഡോ. ജീന്‍ പദ്മ, മകള്‍ കരോലിന, ബന്ധു ലളിത എന്നിവരായിരുന്നു കൊല്ലപ്പെട്ടത്. മരണശേഷം കുടുംബാംഗങ്ങളുടെ ആത്മാവ് സ്വര്‍ഗത്തിലൂടെ പറക്കുന്നത് കാണുന്നതിന് വേണ്ടിയാണ് നാലുപേരെ കൊന്നതെന്നായിരുന്നു മൊഴി. പ്രതിക്ക് മാനസിക പ്രശ്നങ്ങള്‍ ഉള്ളതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ആറര വര്‍ഷങ്ങള്‍ക്ക് ശേഷം 2024 നാണ് കേസില്‍ വിചാരണ ആരംഭിച്ചത്.

മുക്കം ഇരട്ടക്കൊല

2017 ജൂണ്‍-ഓഗസ്റ്റ് കാലയളവില്‍ കോഴിക്കോട് ചാലിയം കടപ്പുറം, മുക്കം, കാരശേരി ഭാഗങ്ങളില്‍ മുറിച്ചുമാറ്റിയ നിലയില്‍ മൃതദേഹ ഭാഗങ്ങള്‍ കണ്ടെത്തിയിരുന്നു. പ്രതി മുക്കം വെസ്റ്റ് മണാശേരി പി.വി ബിര്‍ജുവിന്റെ അമ്മ ജയവല്ലിയുടെ കൊലപാതകത്തിന്റെ ചുരുളും അതോടെയാണ് അഴിയുന്നത്. 2016 മാര്‍ച്ച് 15 ന് ജയവല്ലിയെ ബിര്‍ജുവും സുഹൃത്ത് ഇസ്മയില്‍ ചേര്‍ന്ന് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി ഫാനില്‍ കെട്ടിത്തൂക്കുകയായിരുന്നു. ഇത് ആത്മഹത്യയല്ലായിരുന്നുവെന്നും സ്വത്തിന് വേണ്ടിയുള്ള കൊലപാതകമായിരുന്നുവെന്നും ക്രൈം ബ്രാഞ്ച് കണ്ടെത്തുകയായിരുന്നു. കൊലപാതകത്തിനായി രണ്ടുലക്ഷം രൂപ ഇസ്മയില്‍ ആവശ്യപ്പെട്ടിരുന്നു. പണം കിട്ടാതായതോടെ വിവരം പുറത്തുപറയുമെന്ന് ഇസ്മയില്‍ ഭീഷണി മുഴക്കിയിരുന്നു. തുടര്‍ന്ന് 2017 ജൂണ്‍ 18 ന് ബിര്‍ജു ഇസ്മയിലിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തുകയായിരുന്നു.

കമ്പകക്കാനം കൂട്ടക്കൊല

2018 ജൂലൈ 28 നാണ് തൊടുപുഴ വണ്ണപ്പുറത്ത് കമ്പകക്കാനത്ത് രണ്ടരയടിയോളം വരുന്ന കുഴിയില്‍ ഒരു കുടുംബത്തിലെ നാലുപേരെ കൊന്ന് കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തിയത്. കമ്പകക്കാനം കാനാട്ട് കൃഷ്ണന്‍, ഭാര്യ സുശീല, മകള്‍ ആര്‍ഷ, മകന്‍ അര്‍ജുന്‍ എന്നിവരെ തലക്കടിച്ചും വെട്ടിയും കുത്തിയും കൊലപ്പെടുത്തിയ ശേഷം കുഴിച്ച് മൂടുകയായിരുന്നു. നാല് പ്രതികളായിരുന്നു കുറ്റപത്രത്തില്‍ ഉണ്ടായിരുന്നത്. മന്ത്രവാദത്തിന്റെ പേരില്‍ കൃഷ്ണനും ശിഷ്യന്‍ അനീഷും തമ്മിലുണ്ടായിരുന്ന അഭിപ്രായ വ്യത്യാസം കൊലപാതകത്തിലേക്ക് നയിക്കുകയായിരുന്നു. അനീഷ് നടത്തിയിരുന്ന മാന്ത്രിക കര്‍മങ്ങള്‍ ഫലിക്കാതെ വന്നതിന്റെ കാരണം കൃഷ്ണനാണെന്നും കൃഷ്ണന്റെ കൈവശമുള്ള താളിയോല ഗ്രന്ഥങ്ങള്‍ കൈവശപ്പെടുത്താനായിരുന്നു കൊല. 2021 ല്‍ ഒക്ടോബര്‍ 22 ന് ഒന്നാം പ്രതിയായ അനീഷിനെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തി.

മൂക്കന്നൂര്‍ കൂട്ടക്കൊല കേസ്

2018 ഫെബ്രുവരി 11 ന് സഹോദരന്‍ ഉള്‍പ്പെടെ ഒരു കുടുംബത്തിലെ മൂന്നുപേരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതി ബാബുവിന് വധശിക്ഷ വിധിക്കുകയായിരുന്നു. കുടുംബ സ്വത്ത് വീതംവയ്ക്കുന്നതുമായി ബന്ധപ്പെട്ട വില്‍പ്പത്രത്തെ ചൊല്ലിയുള്ള തര്‍ക്കമായിരുന്നു കൊലപാതക കാരണം.

മാറാട് കൂട്ടക്കൊല

2003 മേയ് 2 ന് ആയിരുന്നു എട്ടുപേര്‍ മരിച്ച മാറാട് കലാപം. ആയുധധാരികളായ അക്രമികള്‍ മാറാട് കടപ്പുറത്ത് മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരുന്നവര്‍ക്ക് നേരെ കലാപം അഴിച്ച് വിടുകയായിരുന്നു. 2002 ല്‍ പുതുവര്‍ഷാഘോഷവുമായി ബന്ധപ്പെട്ട് തുടങ്ങിയ തര്‍ക്കമാണ് ഹിന്ദു മുസ്ലിം കലാപമായി മാറിയത്. കേസില്‍ 63 പ്രതികളെയായിരുന്നു കോടതി ശിക്ഷിച്ചത്. 2002 ജനുവരി 3-ാം തീയതി പൊതുടാപ്പില്‍ നിന്നും വെള്ളമെടുക്കുന്നത് സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന് മാറാട് ജുമാ മസ്ജിദിന് സമീപത്ത് വച്ച് കുഞ്ഞിക്കോയ എന്നയാളെ വെട്ടിക്കൊലപ്പെടുത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് 2003 ല്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്.

തൊടുപുഴ കൂട്ടക്കൊലപാതകം

2022 മാര്‍ച്ച് 18 നായിരുന്നു ഉറങ്ങിക്കിടന്ന മകനെയും കുടുംബത്തെയും മുറിയില്‍ പൂട്ടിയിട്ട് പിതാവ് പെട്രോളൊഴിച്ച് തീയിട്ടത്. ഇടുക്കി ചീനിക്കുഴി മുഹമ്മദ് ഫൈസല്‍, ഭാര്യ ഷീബ, മക്കളായ മെഹ്‌റിന്‍, അസ്‌ന എന്നിവരായിരുന്നു മരിച്ചത്. ഫൈസലിന്റെ പിതാവ് ഹമീദ് മക്കാറായിരുന്നു കേസിലെ പ്രതി. ഹമീദിന്റെ പിതാവ് മക്കാര്‍ കൊച്ചുമകന്‍ ഫൈസലിന് ഇഷ്ടദാനമായി നല്‍കിയ സ്വത്ത് തനിക്ക് അവകാശപ്പെട്ടതാണെന്നും തിരികെ വേണമെന്നും ആവശ്യപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

ഷാരോണ്‍ വധക്കേസ്

2022 ഒക്ടോബര്‍ 14 നായിരുന്നു പാറശാല സ്വദേശിയായ ഷാരോണ്‍ രാജിന് പ്രതി ഗ്രീഷ്മ വിഷം കലര്‍ത്തിയ കഷായം നല്‍കിയത്. ആശുപത്രിയില്‍ വൃക്ക, കരള്‍, ശ്വാസകോശം എന്നിവ തകരാറിലായി ചികിത്സയിലിരിക്കെ ഒക്ടോബര്‍ 25 നാണ് ഷാരോണ്‍ മരിച്ചത്. ഏറെ നാളത്തെ പ്രണയത്തിനിടെ മറ്റൊരു വിവാഹാലോചന വന്നതോടെയാണ് ഷാരോണിനെ ഒഴിവാക്കാന്‍ ഗ്രീഷ്മ തീരുമാനിച്ചത്. ഇതിനായി അമ്മാവന്റെ സഹായത്തോടെ കളനാശിനിയായ പാരക്വറ്റ് കൊലപ്പെടുത്തണമെന്ന ലക്ഷ്യത്തോടെ പല തവണ ജ്യൂസിലടക്കം കലര്‍ത്തി നല്‍കിയാണ് ഷാരോണിനെ ഇല്ലാതാക്കിയത്. അമ്മാവന്‍ നിര്‍മലകുമാരന്‍ നായര്‍ക്ക് മൂന്ന് വര്‍ഷം തടവിന് വിധിച്ചപ്പോള്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന് കണ്ടെത്തി ഒന്നാം പ്രതിയായ ഗ്രീഷ്മയ്ക്ക് വധശിക്ഷയാണ് കോടതി വിധിച്ചത്.

sharon murder

കുണ്ടറ ഇരട്ടക്കൊല

2024 ഓഗസ്റ്റ് 16 നായിരുന്നു കൊല്ലം പടപ്പക്കരയില്‍ മുത്തച്ഛന്‍ ആന്റണിയെയും അമ്മ പുഷ്പയെയും മകന്‍ അഖില്‍ കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം നാടുവിട്ട പ്രതിയെ നാലരമാസത്തിന് ശേഷമായിരുന്നു പോലീസ് പിടികൂടിയത്. ലഹരിക്ക് അടിമയായിരുന്ന അഖിലിന് പണം നല്‍കാതിരുന്നതിന്റെ പേരിലായിരുന്നു മുത്തച്ഛനെയും അമ്മയെയും കൊലപ്പെടുത്തിയത്.

ചേന്ദമംഗലം കൂട്ടക്കൊല

2025 ജനുവരി 16 നാണ് ചേന്ദമംഗലത്ത് ഒരു വീട്ടിലെ മൂന്നുപേരെ അയല്‍വാസിയായ ഋതു എന്ന യുവാവ് അതിദാരുണമായി കൊലപ്പെടുത്തിയത്. ചേന്ദമംഗലം സ്വദേശി വേണു, ഭാര്യ ഉഷ, മകള്‍ വിനിഷ എന്നിവരാണ് ക്രൂരകൃത്യത്തിന് ഇരയായത്. മുന്‍ വൈരാഗ്യമായിരുന്നു കൊടും ക്രൂരതയ്ക്ക് കാരണമായതെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. ഇരുമ്പുദണ്ഡ് കൊണ്ട് തലയ്ക്കടിച്ചും കത്തികൊണ്ട് കുത്തിയുമായിരുന്നു ഋതു കൊലപാതകം നടത്തിയത്.

നെന്മാറ ഇരട്ടക്കൊല

2025 ജനുവരി 27 നാണ് പാലക്കാട് നെന്മാറയില്‍ സുധാകരനെയും അമ്മ ലക്ഷ്മിയെയും പ്രതി ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ടവരുടെ കുടുംബത്തോടുള്ള പ്രതിയുടെ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണം. 2019 ല്‍ സജിതയെ കൊലപ്പെടുത്തിയിട്ടും പക അടങ്ങാത്തതിനെ തുടര്‍ന്നായിരുന്നു ഭര്‍ത്താവ് സുധാകരനെയും ഭര്‍തൃമാതാവ് ലക്ഷ്മിയെയും കൊലപ്പെടുത്തിയത്.

വെഞ്ഞാറമൂട് കൂട്ടക്കൊല

2025 ഫെബ്രുവരി 24 നായിരുന്നു 23 കാരനായ അഫാന്‍ അഞ്ച് പേരുടെ ജീവന്‍ എടുത്ത കൂട്ടക്കൊലപാതകം നടത്തിയത്. അഫാന്റെ മുത്തശ്ശി സല്‍മാബീവി, സഹോദരന്‍ അഫ്സാന്‍, പിതൃസഹോദരന്‍ അബ്ദുള്‍ ലത്തീഫ്, ലത്തീഫിന്റെ ഭാര്യ സജിതാബീവി, വെഞ്ഞാറമൂട് മുക്കന്നൂര്‍ സ്വദേശിയും അഫാന്റെ കാമുകിയുമായ ഫര്‍സാന എന്നിവരാണ് കൊല്ലപ്പെട്ടത്. കൂടാതെ അമ്മ ഷെമി ഗുരുതര പരുക്കുകളോടെ രക്ഷപ്പെട്ടിരുന്നു. ആറ് മണിക്കൂറുകള്‍ക്കിടയില്‍ അഞ്ച് കൊലപാതകങ്ങളായിരുന്നു അഫാന്‍ നടത്തിയത്. സാമ്പത്തിക പ്രതിസന്ധിയായിരുന്നു കൊലപാതകങ്ങള്‍ക്ക് കാരണമെന്നാണ് പറയപ്പെടുന്നത്. kerala shocking mass murders; from karikkan villa to venjaramoodu 

Content Summary: kerala shocking mass murders; from karikkan villa to venjaramoodu

Leave a Reply

Your email address will not be published. Required fields are marked *

×