UPDATES

ട്രെന്‍ഡിങ്ങ്

കേരളത്തിലെ ആദ്യത്തെ കേക്കും നാടന്‍ ചാരായവും!

ഈ മമ്പള്ളി ബാപ്പുവുണ്ടല്ലോ, പുള്ളിക്കാരന്‍ മരണമാസായിരുന്നു! ബര്‍മയില്‍ പോയി ബിസ്‌ക്കറ്റുണ്ടാക്കാന്‍ പഠിച്ച് തിരിച്ചെത്തിയാണ് കേരളത്തിലെ ആദ്യ തദ്ദേശിയ ബിസ്‌കറ്റ് നിര്‍മാണകേന്ദ്രം 1880-ല്‍ തലശ്ശേരിയില്‍ തുടങ്ങുന്നത്

Avatar

അഴിമുഖം

                       

കേരളത്തില്‍ ആദ്യമായി കേക്ക് ഉണ്ടാക്കിയത് എന്നാണെന്ന് അറിയാമോ? പോട്ടെ ആദ്യം കേക്ക് ഉണ്ടാക്കിയ ഇന്ത്യക്കാരന്‍ ആരെന്ന് അറിയാമോ? കൃത്യമായി പറഞ്ഞാല്‍ 1884 ഡിസംബര്‍ 20 നാണ് കേരളത്തില്‍ ആദ്യമായി കേക്ക് ഉണ്ടാക്കിയതെന്നാണ് രേഖകള്‍ പറയുന്നത്. അത് ഉണ്ടാക്കിയത് തലശ്ശേരിയിലെ ‘മമ്പള്ളി റോയല്‍ ബിസ്‌ക്കറ്റ്സ് ഫാക്ടറി’ സ്ഥാപിച്ച മമ്പള്ളി ബാപ്പു ആണ് കേരളത്തില്‍ ആദ്യമായി കേക്കുണ്ടാക്കിയത്. ഇന്ത്യക്കാരനുണ്ടാക്കിയ ആദ്യ കേക്കും അതുതന്നെയെന്നാണ് പറയപ്പെടുന്നത്. ഈ വിവരങ്ങള്‍ ഉള്‍പ്പെടുത്തി ജോസഫ് ആന്റണി ഫെയ്‌സ്ബുക്കില്‍ കുറിച്ച തലശ്ശേരി കേക്കിന്റെ കഥയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളിലെ വൈറല്‍.

ജോസഫ് ആന്റണിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്-

‘ക്രിസ്മസ് കാലമാകുമ്പോള്‍ പല സുഹൃത്തുക്കളും എന്നോട് ചോദിക്കാറുണ്ട്: ‘നിങ്ങള്‍ വീട്ടില്‍ കേക്കൊക്കെ ഉണ്ടാക്കാറില്ലേ’. എന്റെ അറിവില്‍ ഞങ്ങള്‍ നിരപരാധികളാണ്, ഇതുവരെ വീട്ടില്‍ കേക്കുണ്ടാക്കിയിട്ടില്ല.

ഒരിക്കല്‍ അമ്മയോട് ഞാന്‍ ഇക്കാര്യം ചോദിച്ചു. ഒരു മലയോര കുടിയേറ്റ ദരിദ്ര കര്‍ഷക ബുദ്ധിജീവിയാകാന്‍ എന്തുകൊണ്ടും യോഗ്യയായ അമ്മ കൈമലര്‍ത്തി; ‘ആര്‍ക്കറിയാം, ഇതൊക്കെ’! കേക്കുണ്ടാക്കാന്‍ അറിയില്ല എന്നത് ഒരു അയോഗ്യതയായി കരുതേണ്ട കാര്യമില്ലെന്ന് അതോടെ ഞാന്‍ തീരുമാനിച്ചു.

യഥാര്‍ഥത്തില്‍ 1884 ന് മുമ്പ് കേരളത്തില്‍ ആര്‍ക്കും കേക്കുണ്ടാക്കാന്‍ അറിയുമായിരുന്നില്ല എന്നതാണ് വാസ്തവം. തലശ്ശേരിയിലെ ‘മമ്പള്ളി റോയല്‍ ബിസ്‌ക്കറ്റ്സ് ഫാക്ടറി’ സ്ഥാപിച്ച മമ്പള്ളി ബാപ്പു ആണ് കേരളത്തില്‍ ആദ്യമായി കേക്കുണ്ടാക്കിയത് (ഇന്ത്യക്കാരനുണ്ടാക്കിയ ആദ്യ കേക്കും അതുതന്നെയെന്ന് ചരിത്രം).

1884 ഡിസംബര്‍ 20 ന് താനുണ്ടാക്കിയ കേക്ക്, ബ്രിട്ടീഷുകാരനായ പ്ലാന്റര്‍ മര്‍ഡോക് ബ്രൗണിന് ബാപ്പു സമ്മാനിച്ചു. ബ്രൗണിന്റെ പ്രേരണയാലാണ് ബാപ്പു കേക്കുണ്ടാക്കിയ്ത്. ആ വെള്ളക്കാരന്‍ തന്നെയാണ് കേക്കിന്റെ ചേരുവ ബാപ്പുവിന് പറഞ്ഞുകൊടുത്തതും. പക്ഷേ, ബാപ്പുവുണ്ടാക്കിയ കേക്കിന്റെ നാവിലലിയുന്ന രുചി അനുഭവിച്ച് സായ്വ് അത്ഭുതപ്പെട്ടു.

ആ വിശിഷ്ടരുചിയുടെ രഹസ്യം ബാപ്പു വെളിപ്പെടുത്തിയത് ഇങ്ങനെ: കേക്കിന് വാസനയും രുചിയും കൂട്ടാന്‍ മാഹിയില്‍ കിട്ടുന്ന ഒരിനം ഫ്രഞ്ച് ബ്രാന്‍ഡി ഉപയോഗിക്കാനാണ് മര്‍ഡോക് ബ്രൗണ്‍ ഉപദേശിച്ചത്. ബാപ്പു അതവഗണിച്ചു, പകരം അവിടെ സുലഭമായിരുന്ന നാടന്‍ചാരായം ചേര്‍ത്തു. ക്രിസ്മസ് കേക്ക് അങ്ങനെ കിടിലനായി!

ഈ മമ്പള്ളി ബാപ്പുവുണ്ടല്ലോ, പുള്ളിക്കാരന്‍ മരണമാസായിരുന്നു! ബര്‍മയില്‍ പോയി ബിസ്‌ക്കറ്റുണ്ടാക്കാന്‍ പഠിച്ച് തിരിച്ചെത്തിയാണ് കേരളത്തിലെ ആദ്യ തദ്ദേശിയ ബിസ്‌കറ്റ് നിര്‍മാണകേന്ദ്രം 1880-ല്‍ തലശ്ശേരിയില്‍ തുടങ്ങുന്നത്. നാട്ടുകാര്‍ ബേക്കറി വിഭവങ്ങളിലേക്ക് തിരിയാത്ത കാലമായതിനാല്‍, വെള്ളക്കാരെ ലാക്കാക്കിയായിരുന്നു ബിസ്‌കറ്റ് നിര്‍മാണം. ബിസ്‌കറ്റുകള്‍, റസ്‌ക്കുകള്‍, ബ്രഡ്, ബണ്‍ എന്നിങ്ങനെ 40 വ്യത്യസ്ത വിഭവങ്ങള്‍ ബാപ്പുവിന്റെ ‘ഫാക്ടറി’യിലുണ്ടാക്കിയിരുന്നു.

ബാപ്പുവിന്റെ കുടുംബക്കാര്‍ ബേക്കറി ബിസിനസ് വിട്ടില്ല. കേരളത്തിലങ്ങോളമിങ്ങോളം അവരിന്ന് ബേക്കറികള്‍ നടത്തുന്നു. കൊച്ചിന്‍ ബേക്കറി, തിരുവനന്തപുരത്തെ ശാന്ത ബേക്കറി, കോഴിക്കോട്ടെ മോഡേണ്‍ ബേക്കറി, കോട്ടയത്തെ ബെസ്റ്റ് ബേക്കിങ് കോ., തലശ്ശേരിയിലെ മാമ്പള്ളീസ് ഒക്കെ ബാപ്പുവിന്റെ പിന്‍മുറക്കാര്‍ നടത്തുന്ന ബേക്കറികളാണ്.

1883-ലെ ക്രിസ്മസ് കാലത്ത് ഇംഗ്ലണ്ടീന്ന് കൊണ്ടുവന്ന ഒരു ക്രിസ്മസ് കേക്ക് മര്‍ഡോക് ബ്രൗണ്‍ ബാപ്പുവിന് സമ്മാനിച്ചതില്‍ നിന്നാണ് കേരളത്തിലെ കേക്ക് നിര്‍മാണ ചരിത്രം ആരംഭിക്കുന്നത്. അതുപോലത്തെ കേക്കുണ്ടാക്കിക്കൂടേ എന്ന് ബ്രൗണ്‍ ബാപ്പുവിനോട് ചോദിച്ചു, ചേരുവകളും പറഞ്ഞു കൊടുത്തു. അതിന്റെ ഫലമായിരുന്നു 1884 ല്‍ ബാപ്പു നിര്‍മിച്ച ഇന്ത്യയിലെ ആദ്യകേക്ക്. ആ കേക്കാണ് നാടന്‍ചാരായം ചേര്‍ത്ത് രുചിവര്‍ധിപ്പിച്ചുണ്ടാക്കിയത്.

ക്രിസ്മസിന് ബ്രാന്‍ഡിയും വിസ്‌കിയും വോഡ്കയുമൊക്കെ വെള്ളം ചേര്‍ത്തോ ചേര്‍ക്കാതെയോ അടിച്ചോ, ഫിറ്റായിക്കോ…പക്ഷേ, കേക്ക് തിന്നുമ്പോള്‍ നമ്മുടെ നാടന്‍ വാറ്റിനെ മറക്കരുത്. സ്മരണ വേണം, സ്മരണ!

എല്ലാവര്‍ക്കും ഷാപ്പി ക്രിസ്മസ്…ഷോറി ഹാപ്പി ക്രിസ്മസ്!’

(വിവരങ്ങള്‍ക്കും ചിത്രത്തിനും കടപ്പാട്: 1. Times of India https://goo.gl/r477vk; 2. Thalassery – A historical perspective (FB Page)https://goo.gl/8tIu9s)’

 

Share on

മറ്റുവാര്‍ത്തകള്‍