March 26, 2025 |

ജീവനെടുക്കുന്ന ആന പ്രേമം, മനുഷ്യരോടാണ്; ആന വളര്‍ത്തു മൃഗമല്ല

ചങ്ങലപൊട്ടിച്ച് മദിച്ചുപായുന്ന ആനപ്രേമികളോട്; ഇത് ഉഷ്ണകാലം കൂടിയാണ്

ഫെബ്രുവരി മാസത്തിൽ തന്നെ കേരളം കടന്ന് പോകുന്നത് സഹിക്കാനാവാത്ത ചൂടിലൂടെയാണ്. ചൂട് വർധിക്കുന്ന സാഹചര്യത്തിൽ എല്ലാവരും ജാഗ്രത പാലിക്കേണ്ട സമയം കൂടിയാണിത്. കേരളത്തിലെ പ്രത്യേകതയനുസരിച്ച് ഈ ചൂട് കാലം ഉത്സവങ്ങളുടെ കാലം കൂടിയാണ്. ഉത്സവത്തിന്റെ ആവേശം കൂട്ടാൻ ആചാരങ്ങളുടെ പേരിൽ ആനകളെ അണിനിരത്താനുള്ള നെട്ടോട്ടത്തിലാണ് ആഘോഷക്കമ്മിറ്റിക്കാരും ആനപ്രേമികളും. നാട്ടാന പരിപാലനത്തിന് പുറത്തിറക്കിയ ചട്ടങ്ങളെയെല്ലാം കാറ്റിൽ പറത്തിക്കൊണ്ട് അവസരം മുതലാക്കാനുള്ള ശ്രമത്തിലാണ് ആനയുടമകളും ഏജന്റുമാരും.

ചൂടു കൂടി വരുന്ന ഈ സാഹചര്യത്തിൽ ആനകൾക്ക് നേരിടേണ്ടി വരുന്നത് വലിയ മാനസിക ശാരീരിക പീഡനങ്ങളാണ്. കേരളത്തിൽ ആനയിടയുന്നതും ആളുകളെ കൊല്ലുന്നതുമൊന്നും പുതിയ വാർത്തയല്ല. ആനകൾക്ക് നേരെയുള്ള ക്രൂരതകളും പീഡനങ്ങളും ആചാരത്തിന്റെയും ആഘോഷത്തിന്റെയും പേരിൽ നിസ്സാരവത്കരിക്കപ്പെടുകയാണ്.

ആനകൾ അടിസ്ഥാനപരമായി വന്യജീവികളാണ്. മറ്റ് വളർത്ത് മൃഗങ്ങളെ പോലെ മനുഷ്യന് ഇണക്കി വളർത്താൻ കഴിയുന്ന ജീവിയല്ല ആനകൾ. കഠിനമായ പീഡനങ്ങളിലൂടെയും ഭയപ്പെടുത്തിയും മനുഷ്യൻ മെരുക്കി നിർത്തിയിരിക്കുന്ന ആന മറ്റേതൊരു വന്യജീവിയെയും പോലെ ഏത് നിമിഷവും മാറാവുന്നതാണ്. ആനകളെ സംബന്ധിച്ച് ഉത്സവ പറമ്പുകൾ പേടിസ്വപ്‌നമാണ്. കേരളത്തിലെ ഉത്സവാഘോഷങ്ങളുടെ ചരിത്രത്തിൽ ആനക്കലിയിൽ ഇല്ലാതായ നിരവധിയാളുകളുടെ ചോരയുടെ മണവുമുണ്ട്.

ആനക്കച്ചവടത്തിന്റെ വലിയൊരു കമ്പോളമാണ് കേരളം. കാട്ടാനകളെ പിടികൂടുന്നതിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും അന്യസംസ്ഥാനങ്ങളിൽ നിന്നും ധാരാളം ആനകളെയാണ് കേരളത്തിലേക്ക് എത്തിക്കുന്നത്. രാജ്യത്ത് ഏറ്റവും കൂടുതൽ നാട്ടാനകൾ (700) ഉള്ളത് കേരളത്തിലാണ്. സംസ്ഥാനത്തെ പതിനായിരത്തോളം ഉത്സവങ്ങളിൽ ആനകളുടെ പ്രദർശനങ്ങൾക്ക് ഉള്ള പ്രത്യേക പ്രാധാന്യം അവയുടെ ദുരിതങ്ങൾ വർദ്ധിപ്പിച്ചു. ഗുരുവായൂർ അമ്പലത്തിന് കീഴിൽ മാത്രമായി 60ൽ അധികം ആനകളുണ്ട്.

പകൽ 11നും 3.30നും ഇടയിലുള്ള സമയം ആനയെ എഴുന്നള്ളിക്കാൻപാടില്ല എന്നാണ് നിയമം. ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായി ഒഴിച്ചുകൂടാൻ വയ്യാത്ത ഇടങ്ങളിൽ പന്തൽ കെട്ടി തണലൊരുക്കിയും, ഇടയ്ക്ക് കുടിവെള്ളം നൽകിയും 11നും 3.30നും ഇടയിൽ എഴുന്നള്ളിക്കാൻ കളക്ടർക്ക് പ്രത്യേക അനുവാദം നൽകാമെന്നുണ്ട്.

ദിവസം ആറുമണിക്കൂറിൽ കൂടുതൽ തുടർച്ചയായ എഴുന്നള്ളിപ്പിന് ഒരേ ആനയെ ഉപയോഗിക്കരുത് എന്നാണ് നിയമത്തിൽ പറയുന്നത്. അല്ലെങ്കിൽ പരമാവധി ഒരുദിവസം രണ്ട് പ്രാവശ്യമായി നാലുമണിക്കൂർവീതം എഴുന്നള്ളിപ്പിക്കാം. രാത്രി എഴുന്നള്ളിപ്പിന് ഉപയോഗിച്ച ആനയെ പിറ്റേദിവസം പകൽ വീണ്ടും എഴുന്നള്ളിപ്പിന് ഉപയോഗിക്കരുത് എന്നും പറയുന്നു. ആനകളെ ഉപയോഗിച്ചുള്ള പുതിയ പൂരങ്ങൾക്ക് അനുവാദം നൽകരുതെന്നും നിലവിൽ ആനകളെ ഉപയോഗിക്കുന്ന ഉത്സവങ്ങൾക്ക് ആനകളുടെ എണ്ണം വർദ്ധിപ്പിക്കാൻ പാടില്ലെന്നും വ്യവസ്ഥയുണ്ട്.

60 വർഷങ്ങൾ ആയുർദൈർഘ്യമുള്ള കരയിലെ ഏറ്റവും വലിയ ജീവി സാധാരണയായി 12 മുതൽ 18 മണിക്കൂർ വരെ ദിവസവും ഭക്ഷണത്തിനായി ചെലവാക്കുന്നു. ദിനം 100 മുതൽ 200 കിലോ വരെ ഭക്ഷണം കഴിക്കുന്ന ആനകൾ 50 ഗാലൻ വെള്ളം അകത്താക്കും.
മറ്റു മൃഗങ്ങളെ പോലെ ശരീരം രോമാവൃതം അല്ലാത്തതിനാലും മനുഷ്യരെ പോലെ വിയർക്കൽ ഇല്ലാത്തതിനാലും ചൂടിനെ പ്രതിരോധിക്കുവാനുള്ള ശേഷി കുറവാണ്. വലിപ്പമുള്ള ചെവി വീശികൊണ്ടാണ് അത് ശരീര ഊഷ്മാവ് നിയന്ത്രിക്കുന്നത്,ചെവിയാട്ടുമ്പോൾ ഉണ്ടാകുന്ന ഉയർന്ന തോതിലുള്ള രക്തപ്രവാഹം ശരീര ഊഷ്മാവിനെ തണുപ്പിക്കും. ഉത്സവകാലം പൊതുവേ ഫെബ്രുവരി മുതലുള്ള ചൂട് കൂടിയ കാലാവസ്ഥയിലായത് നാട്ടാനകളുടെ ദുരിതങ്ങൾ വർദ്ധിപ്പിക്കുന്നു. പുരുഷ ആനകൾക്ക് ഉണ്ടാകുന്ന മദം പൊട്ടൽ എന്ന ശാരീരിക അവസ്ഥയിൽ ഹോർമോണിനുണ്ടാകുന്ന വർദ്ധിച്ച പ്രവർത്തനം(testosterone) ആനകളെ കൂടുതൽ അസ്വസ്ഥരാക്കാറുണ്ട്. അത്തരം അവസ്ഥയിൽ അവർക്ക് പൂർണ്ണ വിശ്രമം നൽകേണ്ടതാണ്. ശ്രീലങ്കയിൽ ആനകളെ വാർധക്യത്തിൽ വിശ്രമ കേന്ദ്രങ്ങളിലേക്ക് മാറ്റുന്നു. നാട്ടാനകൾക്ക് പൊതുവെ കണ്ടുവരുന്ന ദഹന സമ്പന്ധിയായ പല അസുഖങ്ങൾക്കും പന-തെങ്ങ് ഓലയും പാചകം ചെയ്ത ഭക്ഷണവും കാരണമാണ്.

കച്ചവടം മാത്രം ലക്ഷ്യമാക്കി തൊഴിൽ എടുപ്പിക്കുമ്പോൾ ആനകൾ ആക്രമണകാരികളാകുക സ്വാഭാവികമാണ്. നമ്മുടെ നാട്ടിൽ പ്രതിവർഷം 50 മുതൽ നൂറിനടത്ത് മദമിളകിയ ആനകളുടെ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപെടുന്നു. അതുമായി ബന്ധപെട്ട മരണങ്ങളും അസാധാരണമല്ല.

പാട്ടകൊട്ടിയും ചെറിയ പടക്കംപൊട്ടിച്ചുമാണ് കാട്ടാനകളെ തുരത്തുന്നതെങ്കിൽ, കാതടപ്പിക്കുന്ന ചെണ്ടമേളത്തിനും പഞ്ചവാദ്യത്തിനും ആനപ്രേമികൾ അവതരിപ്പിക്കുന്ന പ്രത്യേകതരം കൂക്കിവിളികൾക്കും ഭൂമികുലുക്കുന്ന വെടിക്കെട്ടുകൾക്കും ഇടയിലാണ് നാട്ടാനകളുടെ ഉത്സവക്കാലം! സ്വന്തം ദേഹത്തിൽ ഒരു കാക്കപോലും വന്നിരിക്കാൻ അനുവദിക്കാത്ത പ്രകൃതമാണ് കാട്ടാനയ്‌ക്കെങ്കിൽ, നെറ്റിപ്പട്ടവും ആലവട്ടവും വെഞ്ചാമരവും മുത്തുക്കുടയും പിടിച്ച് നാലും അഞ്ചും ആളുകൾ കയറുന്നതും ചേർത്ത് ഏതാണ്ട് ആയിരംകിലോ ഭാരവും ചുമന്നാണ് നാട്ടാനകളുടെ വേഷംകെട്ടലുകൾ. തീക്കൊള്ളി കണ്ടാൽ കാട്ടാന ഓടിമറയുമെങ്കിൽ കത്തിജ്വലിക്കുന്ന തീവെട്ടികൾകൊണ്ടാണ് നാട്ടാനയെ ‘എഴുന്നള്ളിക്കുന്നത്’! പുല്ലും മരത്തൊലിയുമൊക്കെയാണ് കാട്ടാനകളുടെ ഭക്ഷണമെങ്കിൽ പനമ്പട്ടയും തെങ്ങോലയും പോലെയുള്ള അസ്വാഭാവിക ഭക്ഷണങ്ങൾ കഴിച്ച് എരണ്ടകെട്ട് പോലെയുള്ള ദഹനസ്തംഭനരോഗങ്ങളിൽ നരകിക്കുകയാണ് നാട്ടാനകളുടെ ജീവിതം. അങ്ങനെ ഓരോ രീതിയിലും നാടിന്റെ ആവാസവ്യവസ്ഥയോട് പൊരുത്തപ്പെടാൻ കഴിയാത്ത ഒരു കാട്ടുമൃഗമാണ് ഓരോ ആനയും!

33 വർഷക്കാലം നിങ്ങൾക്ക് പരിചിതമായ നാട്ടിൽ വെറുതെ ഒന്ന് നടക്കാൻ ഇറങ്ങിയ സമയം കുറച്ചു പേര് നിങ്ങളെ പിടിച്ചുകൊണ്ടു പോയി എന്ന് കരുതുക. എന്നിട്ട് നിങ്ങളെ ഒന്ന് സ്വാതന്ത്രമായി അനങ്ങാൻ പോലും സമ്മതിക്കാതെ തൊടലുകൊണ്ട് ബന്ധിച്ചു അടിച്ചു ഇടിച്ചു കുത്തിമുറിച്ചു ആ മുറിവുകളിൽ തന്നെ വീണ്ടും കുത്തി ഇളക്കി ഒരു 2500Km അകലെയുള്ള ഏതോ ഒരു നാട്ടിൽ കൊണ്ടുപോയി അസഹ്യമായ ചൂടത്ത് അവിടുള്ള ആളുകൾക്ക് മുന്നിൽ ഒരു പ്രദർശന വസ്തുവായി നിർത്തുന്നു,വെയില് കൊള്ളിച്ചു കൊല്ലാക്കൊല ചെയ്ത് പോരുന്നു എന്ന് കരുതുക ആ ആളുകളോട് നിങ്ങൾക്ക് സ്നേഹമാണോ തോന്നുക .ആനകൾക്ക് ഒരു ദിവസം 50 ​ഗാലൻ വെള്ളം ആവിശ്യമാണ്, നമ്മുടെ നാട്ടാനകൾക്ക് അത്രയും വെള്ളം ലഭിക്കുന്നുണ്ടോ? മനുഷ്യന്റെ ശരീരത്തിലെ ഏറ്റവും മൃദുലമായ തൊലിയേക്കാൾ മൃദുലമാണ് ആനയുടെ കാലിനടിയിലെ തൊലി എന്നിരിക്കെ നിങ്ങളെ തിരുവനന്തപുരം സിറ്റിലെ ഒരു റോഡിൽ ഉച്ചക്ക് വെയിൽ നല്ല കനത്തിരിക്കുന്ന സമയത്ത് നിക്കർ ഊരി ഇരുത്തിയാൽ എങ്ങനെ ഉണ്ടാകും അതേ സ്ഥിതി തന്നെയാണ് ആനകളും വെയിലത്തു റോഡിലൂടെ നടക്കുമ്പോൾ. ആനയ്ക്ക് മനുഷ്യ സംസർഗം മൂലം അസുഖങ്ങൾ വരാറുണ്ട് അതിലൊന്നാണ് ക്ഷയ രോഗം. മഹാ ഭൂരിപക്ഷം നാട്ടാനകൾക്കും ക്ഷയരോഗം ഉണ്ട്. കരയിലെ ഏറ്റവും വലിയ ജീവി അന്യം നിന്നു പോകാൻ നിങ്ങളുടെ ആനപ്രേമം കാരണമാകുമെന്ന് നിങ്ങൾ അറിയുന്നുണ്ടോ??

content summary; Kerala’s frequent elephant attacks highlight the irony of Malayalees affection for these animals, which often translates to torture and harm

×