Continue reading “2022-കേരളത്തില്‍ കണ്ടത്”

" /> Continue reading “2022-കേരളത്തില്‍ കണ്ടത്”

"> Continue reading “2022-കേരളത്തില്‍ കണ്ടത്”

">

UPDATES

കേരളം

2022-കേരളത്തില്‍ കണ്ടത്

                       

നിരവധി സംഭവ വികാസങ്ങള്‍ കണ്ടും, നാടിന്റെ പ്രിയപ്പെട്ടവരുടെ നഷ്ടങ്ങളും സഹിച്ചാണ് 2022 എന്ന വര്‍ഷം കേരളത്തെ സംബന്ധിച്ച് കടന്നു പോകുന്നത്. ഈ വര്‍ഷം കേരളം ചര്‍ച്ച ചെയ്ത പ്രധാന വിഷയങ്ങള്‍ എന്തൊക്കെയായിരുന്നു?

ഗവര്‍ണര്‍-സര്‍ക്കാര്‍ പോര്
രാഷ്ട്രീയ കേരളം ഏറെ സംഭവബഹുലമായിരുന്ന ഒരു വര്‍ഷമായിരുന്നു ഇത്. വരും വര്‍ഷത്തിലും അതിന്റെ അലയൊലികള്‍ അടങ്ങില്ലെന്ന സൂചനകള്‍ ശക്തമായ പല സംഭവങ്ങളും ഈ വര്‍ഷം നടന്നു. അതില്‍ മുന്നില്‍ നില്‍ക്കുന്നത് സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോരാണ്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സര്‍വകലാശാല വിഷയത്തില്‍ ഉള്‍പ്പെടെ സര്‍ക്കാരുമായി പരസ്യമായി ഏറ്റുമുട്ടലുകള്‍ നടത്തി. കേരളത്തിലെ ഒമ്പത് സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരോടും രാജിവയ്ക്കാന്‍ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആവശ്യപ്പെട്ടു. വിഷയം ഹൈക്കോടതിയിലും സുപ്രീം കോടതിയിലുമെത്തി. തനിക്കെതിരേ സംസാരിച്ച ധനമന്ത്രി കെ എന്‍ ബാലഗോപാലിനെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കണമെന്ന് ഗവര്‍ണര്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. പരസ്പരം കൊണ്ടും കൊടുത്തും മുന്നേറിയ ഈ പോരിന്റെ ഭാഗമായി ഗവര്‍ണറെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ പദവിയില്‍ നിന്നും നീക്കുന്ന ബില്‍ കൊണ്ടുവരുന്നതിന് സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നതിലേക്കും കാര്യങ്ങള്‍ എത്തി.

സജി ചെറിയാന്‍
ഫിഷറീസ്, സാംസ്‌കാരിക വകുപ്പ് മന്ത്രിയായിരുന്ന സജി ചെറിയാന് മന്ത്രിസ്ഥാനം രാജി വയ്‌ക്കേണ്ടി വന്നതും 2022 ലെ പ്രധാന വാര്‍ത്തയായിരുന്നു. കോട്ടയം മല്ലപ്പള്ളിയില്‍ പാര്‍ട്ടി യോഗത്തിനിടയില്‍ ഭരണഘടനയെ വിമര്‍ശിച്ച് നടത്തിയ പ്രസംഗമാണ് സജിക്ക് തിരിച്ചടിയായത്. പകരം മന്ത്രിയെ തെരഞ്ഞെടുക്കാതെ സജി ചെറിയാന്‍ വഹിച്ചിരുന്ന വകുപ്പുകള്‍ മറ്റ് മന്ത്രിമാര്‍ക്ക് വീതിച്ചു നല്‍കുകയായിരുന്നു. എന്നാല്‍ ഏറ്റവും പുതിയ വാര്‍ത്തകളനുസരിച്ച് പുതു വര്‍ഷത്തില്‍ സജി ചെറിയാന്‍ മന്ത്രിസഭയിലേക്ക് തിരിച്ചെത്തും.

കോടിയേരി ബാലകൃഷ്ണന്‍
മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവും സിപിഎം സംസ്ഥാന സെക്രട്ടറിയും പൊളിറ്റ് ബ്യൂറോ അംഗവുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ വിയോഗം ഈ വര്‍ഷത്തെ വലിയൊരു നഷ്ടമായിരുന്നു. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷനായിരുന്ന പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങള്‍ വിടവാങ്ങിയതും ഈ വര്‍ഷമായിരുന്നു.

ഗോവിന്ദനും കാനവും സാദിഖലി തങ്ങളും
കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തെ തുടര്‍ന്ന് മുതിര്‍ന്ന നേതാവ് എം വി ഗോവിന്ദന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. എക്‌സൈസ്- തദ്ദേശഭരണ വകുപ്പ് മന്ത്രിയുടെ ചുമതലയൊഴിഞ്ഞാണ് ഗോവിന്ദന്‍ പാര്‍ട്ടിയുടെ കേരളത്തിലെ അമരക്കരനായി സ്ഥാനമേറ്റത്. സിപിഐ സംസ്ഥാന സെക്രട്ടറിയായി മൂന്നാം തവണയും കാനം രാജേന്ദ്രന്‍ തെരഞ്ഞെടുക്കപ്പെട്ടു. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷനായി പാണക്കാട് സാദീഖ് അലി തങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ടു. എല്‍.ഡി.എഫ് കണ്‍വീനറായി ഇ.പി ജയരാജന്‍ തെരഞ്ഞെടുക്കപ്പെട്ടു.

ഷംസീര്‍ സ്പീക്കര്‍, രാജേഷ് മന്ത്രി
എം വി ഗോവിന്ദന്‍ മന്ത്രിസ്ഥാനമൊഴിഞ്ഞതിനു പിന്നാലെ സ്പീക്കര്‍ ആയിരുന്ന എം ബി രാജേഷ് മന്ത്രിസഭയിലെത്തി. ഗോവിന്ദന്‍ കൈകാര്യം ചെയ്തിരുന്ന എക്‌സൈസ്, തദ്ദേശഭരണ വകുപ്പുകള്‍ രാജേഷിനെ ഏല്‍പ്പിച്ചു. അതേസമയം, രജേഷിനു പകരമായി സ്പീക്കര്‍ സ്ഥാനത്തേക്ക് എ എന്‍ ഷംസീറിനെ തെരഞ്ഞെടുത്തു.

തൃക്കാക്കരയില്‍ ഉമ തോമസ്
കോണ്‍ഗ്രസ് നേതാവും തൃക്കാക്കര എംഎല്‍എയുമായിരുന്ന പി ടി തോമസിന്റെ നിര്യാണത്തെ തുടര്‍ന്ന് മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ തോമസിന്റെ ഭാര്യ ഉമ തോമസ് ഉജ്ജ്വല വിജയം നേടി.

കെ-റെയില്‍ പ്രതിഷേധം
കഴിഞ്ഞ വര്‍ഷം കേരളം കണ്ട ശക്തമായ പ്രതിഷേധങ്ങളിലൊന്ന് കെ-റെയില്‍ പദ്ധതിക്കെതിരെയുള്ളതായിരുന്നു. സ്ഥലം ഏറ്റെടുക്കലുമായി ഭരണകൂടം മുന്നോട്ടു പോയെങ്കിലും സമരം ശക്തമായി തുടര്‍ന്നു. പലയിടങ്ങളിലും പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ അടയാളക്കല്ലുകള്‍ പിഴുതെറിഞ്ഞിരുന്നു. നിലവില്‍ കെ- റെയില്‍ പദ്ധതി താത്കാലികമായി നിര്‍ത്തി വച്ചിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. കേന്ദ്ര സര്‍ക്കാരിന്റെ അനുമതി കിട്ടാത്തതാണ് കാരണം.

വിഴിഞ്ഞം സമരം
കേരളം കണ്ട മറ്റൊരു ശക്തമായ സമരമായിരുന്നു വിഴിഞ്ഞ സമരം. അദാനി ഗ്രൂപ്പിന്റെ വിഴിഞ്ഞം പോര്‍ട്ടിനെതിരെയായിരുന്നു സമരം. ലത്തീന്‍ സഭയുടെയും പോര്‍ട്ട് വിരുദ്ധ ജനകീയ സമതികളുടെയും മത്സ്യത്തൊഴിലാളികളുടെയും നേതൃത്വത്തിലായിരുന്നു സമരം. വലിയ അക്രമസംഭവങ്ങള്‍ ഉണ്ടായി. പൊലീസ് സ്റ്റേഷന്‍ ആക്രമിക്കുന്നതില്‍ വരെ കാര്യങ്ങള്‍ എത്തിയിരുന്നു. സമരക്കാര്‍ ഉന്നയിച്ച വിവിധ ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന സര്‍ക്കാരിന്റെ ഉറപ്പിന്മേല്‍ ഉപാധികളോടെയാണ് സമരം അവസാനിച്ചത്.

കെ പി എ സി ലളിത
അഭിനയ കലയിലെ അസാമാന്യ മികവോടെ മലയാളികളുടെ പ്രിയപ്പെട്ട ചലച്ചിത്ര താരമായി മാറിയ കെ പി എ സി ലളിതയുടെ വിയോഗവും കേരളത്തെ സംബന്ധിച്ച 2022 ലെ വലിയൊരു നഷ്ടമായിരുന്നു. ഒട്ടേറെ മികച്ച ചിത്രങ്ങള്‍ തൂലിക ചലിപ്പിച്ച മഹാനായ തിരക്കഥാകൃത്ത് ജോണ്‍ പോള്‍ വിടപറഞ്ഞതും ഈ വര്‍ഷമായിരുന്നു. സംസ്ഥാന വനിത കമ്മീഷന്‍ മുന്‍ അധ്യക്ഷയും മുതിര്‍ന്ന സിപിഎം നേതാവുമായ എം സി ജോസഫൈനും നമ്മളെ വിട്ടുപിരിഞ്ഞതും 2022 ല്‍ തന്നെയാണ്. പ്രമുഖ നടന്‍ പ്രതാപ് പോത്തന്റെ നഷ്ടത്തിലും കേരളം ഈ വര്‍ഷം കണ്ണീരണിഞ്ഞു.

Share on

മറ്റുവാര്‍ത്തകള്‍