ജനാധിപത്യത്തിന്റെ വൈവിധ്യവുമായി ബംഗ്ലാദേശ്
പാവപെട്ടവരുടെ ബാങ്കർ എന്നറിയപ്പെടുന്ന മുഹമ്മദ് യൂനസിൻ്റെ നേതൃത്വത്തിൽ ബംഗ്ലാദേശിൽ 17 അംഗങ്ങളുടെ ഇടക്കാല സർക്കാർ അധികാരത്തിൽ എത്തിയിരിക്കുകയാണ്. സത്യപ്രതിജ്ഞ ചെയ്തവരിൽ ഹിന്ദു സമുദായത്തിൽ നിന്ന് രണ്ടു പേരും, സ്ത്രീ പ്രതിനിധ്യവും, പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ വിദ്യാർത്ഥി യൂണിയൻ നേതാക്കളിൽ രണ്ട് പേരും ഉൾപെട്ടിട്ടുണ്ടെന്ന വാർത്തകളാണ് പുറത്തുവന്ന് കൊണ്ടിരിക്കുന്നത്. ഇതോടെ സമാധാനത്തിനുള്ള നൊബേൽ നേടിയ മുഹമ്മദ് യൂനസിൻ്റെ നേതൃത്വത്തിലുള്ള സർക്കാർ ജനാധിപത്യത്തെ കുറച്ചു കൂടി സുതാര്യമാക്കുമെന്ന പ്രതീക്ഷയിലാണ്. Bangladesh’s interim government
കലാപത്തിന്റെ നാളുകളിൽ ബംഗ്ലാദേശിലെ ഹിന്ദു ന്യൂനപക്ഷം അപകടത്തിലെന്നെന്ന തരത്തിലാണ് ഇന്ത്യയിൽ നിന്നടക്കം വാർത്തകൾ പ്രചരിച്ചിരുന്നത്, ഈ വിമർശനത്തെ ശക്തമായി എതിർത്ത് കൊണ്ട് വിദ്യാർത്ഥി യൂണിയനും രംഗത്തെത്തിയിരുന്നു. ഹിന്ദു മത ആരാധനാലയങ്ങളിൽ ആക്രമണം നടത്തരുതെന്നും, അവ സംരക്ഷിക്കണമെന്ന ആഹ്വാനവുമായാണ് യൂണിയൻ നേതാവ് നഹിദ് ഇസ്ലാം തെരുവിലിറങ്ങിയിരുന്നത്. ജനാധിപത്യത്തിൽ വൈവിധ്യത്തിന്റെ പ്രാധാന്യം വിളിച്ചു പറഞ്ഞു കൊണ്ട് ഇന്ത്യയ്ക്ക് പോലും മാതൃകയായിരിക്കുകയാണ് ബംഗ്ലാദേശിന്റെ ഇടക്കാല സർക്കാർ. ഷെയ്ഖ് ഹസീനയുടെ നേതൃത്വത്തിലുള്ള അവാമി ലീഗ് സർക്കാരിൻ്റെ പതനത്തെത്തുടർന്ന് ബംഗ്ലാദേശ് കടന്നു പോകുന്ന പ്രതിസന്ധിയെ തരണം ചെയ്യാൻ ഇടക്കാല സർക്കാരിന് കഴിയുമെന്നാണ് പുതിയ പ്രതീക്ഷ. ഇടക്കാല ഗവൺമെൻ്റിലെ അംഗങ്ങൾ ആരെല്ലാമാണെന്ന് പരിശോധിക്കാം.
ഡോ മുഹമ്മദ് യൂനസ്
ഗ്രാമീൺ ബാങ്കിൻ്റെ സ്ഥാപകനാണ്, മുഖ്യ ഉപദേഷ്ടാവായി സത്യപ്രതിജ്ഞ ചെയ്ത പ്രൊഫ മുഹമ്മദ് യൂനസ്. പ്രധാനമന്ത്രിക്ക് തുല്യമായ പദവിയാണിത്. ഗ്രാമീൺ ബാങ്ക് സ്ഥാപിച്ചതിനും മൈക്രോക്രെഡിറ്റ്, മൈക്രോഫിനാൻസ് എന്നീ ആശയങ്ങളുടെ ഉപഞ്ജാതാവാണ്.
പാവങ്ങളുടെ ബാങ്കർ, ഹസീനയുടെ നോട്ടപ്പുള്ളി ആരാണ് മുഹമ്മദ് യൂനസ് ?
ഏകദേശം 10 ദശലക്ഷം ആളുകൾക്ക് 34 ബില്യൺ ഡോളറിലധികം ഈട് രഹിത വായ്പകൾ വിതരണം ചെയ്യാൻ ഈ ആശയത്തിലൂടെ സാധിച്ചു. ഇതോടെ സമൂഹത്തിന്റെ താഴെ തട്ടിൽ നിന്ന് സാമ്പത്തികവും സാമൂഹികവുമായ വികസനം സൃഷ്ടിച്ചെടുക്കാനുള്ള യൂനസിന്റെയും ഗ്രാമീൺ ബാങ്കിന്റെയും ശ്രമങ്ങൾക്ക് ആദരവ് എന്ന പോലെ 2006-ൽ സമാധാനത്തിനുള്ള നൊബേൽ അദ്ദേഹത്തെ തേടിയെത്തി. 1998 മുതൽ 2021 വരെ യുഎൻ ലക്ഷ്യങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള പൊതു ചാരിറ്റിയായ യുണൈറ്റഡ് നേഷൻസ് ഫൗണ്ടേഷൻ്റെ ഡയറക്ടർ ബോർഡിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. യുഎസിൽ നിന്നുൾപ്പെടെ നിരവധി ദേശീയ അന്തർദേശീയ ബഹുമതികളും ഡോ യൂനസിന് ലഭിച്ചിട്ടുണ്ട്. 84 കാരനായ മുഹമ്മദ് യൂനസിനെ തലവനാക്കണമെന്ന് സംവരണ വിരുദ്ധ പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ വിദ്യാർത്ഥി നേതാക്കൾ നേരത്തെ ആവശ്യപ്പെട്ടിരുന്നു.
നഹിദ് ഇസ്ലാം, ആസിഫ് മഹ്മൂദ്
സംവരണ വിരുദ്ധ സ്റ്റുഡൻ്റ് മൂവ്‌മെൻ്റിൻ്റെ രണ്ട് കോ-ഓർഡിനേറ്റർമാരും ധാക്ക സർവകലാശാലയിലെ വിദ്യാർത്ഥികളുമാണ് ഇവർ. വിദ്യാർത്ഥികളുടെ നേതൃത്വത്തിലുള്ള ബഹുജന മുന്നേറ്റത്തിൽ വ്യക്തമായ പങ്കുവഹിച്ച ഇരുവരും ഇടക്കാല സർക്കാരിൻ്റെ ഉപദേശകരായാണ് സത്യപ്രതിജ്ഞ ചെയ്തിരിക്കുന്നത്.
ഒരു സോഷ്യോളജി വിദ്യാർത്ഥിയുടെ നേതൃത്വത്തിൽ വിജയം കണ്ട ‘ജെൻ സി’ വിപ്ലവം
നഹിദ് ഇസ്ലാം, ധാക്ക സർവകലാശാലയുടെ 2016-17 അക്കാദമിക് സെഷനിലെ സോഷ്യോളജി വിഭാഗത്തിലെ വിദ്യാർത്ഥിയാണ്, ആസിഫ് 2017-18 അധ്യയന വർഷത്തിലെ ഭാഷാശാസ്ത്ര വിഭാഗത്തിലെ വിദ്യാർത്ഥിയാണ്. സംവരണ വിരുദ്ധ പ്രക്ഷോഭത്തിനെ അടിച്ചമർത്താൻ ഹസീന സർക്കാർ ഏർപ്പെടുത്തിയ ആദ്യ റൗണ്ട് കർഫ്യൂ സമയത്താണ് നേതാക്കൾ ശ്രദ്ധയാകർഷിക്കുന്നത്. ഡിറ്റക്ടീവ് ബ്രാഞ്ച്, നഹിദും ആസിഫും ഉൾപ്പെടെ ആറ് വിദ്യാർത്ഥി നേതാക്കളെ കസ്റ്റഡിയിലെടുക്കുകയും, സമരം അവസാനിപ്പിക്കുന്നുവെന്ന വീഡിയോ സന്ദേശം പുറത്തുവിടാൻ നിർബന്ധിതരാകുകയും ചെയ്തു. നഹിദ് ഇസ്ലാമും ആസിഫ് മഹമൂദും “ഗാനതന്ത്രിക് ഛത്ര ശക്തി” എന്ന വിദ്യാർത്ഥി സംഘടനയുടെ നേതാക്കളാണ്. നഹിദ് സംഘടനയുടെ സെൻട്രൽ കമ്മിറ്റി മെമ്പർ സെക്രട്ടറിയും ആസിഫ് ധാക്ക യൂണിവേഴ്സിറ്റി യൂണിറ്റ് കൺവീനറുമാണ്.
ഡോ സലേഹുദ്ദീൻ അഹമ്മദ്
2005 മെയ് 1 മുതൽ 2009 ഏപ്രിൽ 30 വരെ ബംഗ്ലാദേശ് ബാങ്കിൻ്റെ 9-ാമത്തെ ഗവർണറായി സേവനമനുഷ്ഠച്ച വ്യക്തിയാണ് ഡോ സലേഹുദ്ദീൻ അഹമ്മദ്. അദ്ദേഹത്തിൻ്റെ ഭരണകാലത്ത്, ബാങ്കിംഗ് മേഖലയിൽ അച്ചടക്കം വളർത്തുന്നതിനും സെൻട്രൽ ബാങ്കിൻ്റെ പ്രവർത്തനങ്ങളെ നവീകരിക്കുന്നതിനും ലക്ഷ്യമിട്ടുള്ള പരിഷ്കാരങ്ങൾ ഒട്ടനവധി നടപ്പിലാക്കിയിരുന്നു. 1970-ൽ ധാക്ക സർവ്വകലാശാലയിൽ ഇക്കണോമിക്‌സ് അദ്ധ്യാപകനായാണ് അഹമ്മദ് തൻ്റെ കരിയർ ആരംഭിച്ചത്. തുടർന്ന്, 1971-ൽ പാകിസ്താൻ സിവിൽ സർവീസിൽ ചേർന്നെങ്കിലും 1972-ൽ ധാക്ക സർവകലാശാലയിൽ അദ്ധ്യാപകനായും പ്രവർത്തിച്ചു.
എം സഖാവത് ഹുസൈൻ
എം സഖാവത് ഹുസൈൻ ബംഗ്ലാദേശ് ആർമിയിൽ നിന്ന് വിരമിച്ച ബ്രിഗേഡിയർ ജനറലും ബംഗ്ലാദേശിലെ മുൻ തിരഞ്ഞെടുപ്പ് കമ്മീഷണറുമാണ്. 32-ലധികം പുസ്തകങ്ങൾ എഴുതിയ അദ്ദേഹം ദേശീയ അന്തർദേശീയ മാധ്യമങ്ങളിൽ കോളമിസ്റ്റും കമൻ്റേറ്ററും ആയി പ്രവർത്തിച്ചു വരികയാണ്, സുരക്ഷ, പ്രതിരോധ വിഷയങ്ങളിലാണ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. സെക്യൂരിറ്റി ആൻ്റ് ഡിഫൻസ് അനലിസ്റ്റായും അദ്ദേഹം പ്രശസ്തി നേടിയിട്ടുണ്ട്. റൈനിലെ ബ്രിട്ടീഷ് സൈന്യത്തോടൊപ്പം സൈനികാഭ്യാസത്തിൽ പങ്കെടുക്കാൻ ജർമ്മനിയിലേക്ക് പോയ ആദ്യത്തെ ബംഗ്ലാദേശ് സൈനിക സംഘത്തെ അദ്ദേഹം നയിച്ചിട്ടുണ്ട്.
ഡോ എംഡി നസ്‌റുൽ ഇസ്ലാം (ആസിഫ് നസ്‌റുൽ)
ആസിഫ് നസ്‌റുൽ എന്നും അറിയപ്പെടുന്ന ഡോ ഇസ്‌ലാം നിയമ അധ്യാപകനും ഗവേഷകനും സിവിൽ സൊസൈറ്റി പ്രവർത്തകനുമാണ്. മുൻനിര ജേണലുകളിലും പുസ്തകങ്ങളിലും നിയമപ്രശ്നങ്ങളെക്കുറിച്ച് അദ്ദേഹം നിരവധി പുസ്തകങ്ങളും ഗവേഷണ പ്രബന്ധങ്ങളും എഴുതിയിട്ടുണ്ട്. ഭരണഘടനാ പരിഷ്‌കരണം, തെരഞ്ഞെടുപ്പിലെ സമഗ്രത, സദ്ഭരണ പ്രശ്‌നങ്ങൾ എന്നിവയെക്കുറിച്ച് യുഎസ്, യൂറോപ്പ്, ദക്ഷിണേഷ്യ എന്നിവിടങ്ങളിൽ നടന്ന കോൺഫറൻസുകളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചും ശ്രദ്ധ നേടിയിട്ടുണ്ട്. 2011-17 കാലഘട്ടത്തിൽ സൗത്ത് ഏഷ്യൻ ഫോർ ഹ്യൂമൻ റൈറ്റ്‌സിൻ്റെ ബ്യൂറോ അംഗമായിരുന്നു. അന്താരാഷ്ട്ര ജലപാത നിയമത്തെക്കുറിച്ചുള്ള അദ്ദേഹത്തിൻ്റെ പുസ്തകം 2022 നവംബറിൽ യുപിഎൽ പ്രസിദ്ധീകരിച്ചിരുന്നു.
ആദിലുർ റഹ്മാൻ ഖാൻ
മനുഷ്യാവകാശ സംഘടനയായ ഓദികാറിൻ്റെ സ്ഥാപകനാണ് ആദിലുർ റഹ്മാൻ ഖാൻ. കൂടാതെ അഭിഭാഷകൻ, ബംഗ്ലാദേശിൻ്റെ മുൻ ഡെപ്യൂട്ടി അറ്റോർണി ജനറൽ തുടങ്ങിയ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. 2022 ഒക്ടോബർ മുതൽ, ഇൻ്റർനാഷണൽ ഫെഡറേഷൻ ഫോർ ഹ്യൂമൻ റൈറ്റ്സിൻ്റെ (എഫ്ഐഡിഎച്ച്) സെക്രട്ടറി ജനറൽമാരിൽ ഒരാളാണ്. ധാക്ക സർവകലാശാലയിൽ നിന്നാണ് നിയമം പഠനം. ലെഫ്റ്റനൻ്റ് ജനറൽ ഹുസൈൻ മുഹമ്മദ് എർഷാദിനെതിരായ ജനാധിപത്യ പ്രസ്ഥാനത്തിൻ്റെ ഭാഗമായിരുന്നു അദ്ദേഹം. ധാക്ക സർവ്വകലാശാലയിൽ നിന്നും വ്രിജെ യൂണിവേഴ്‌സിറ്റി ബ്രസ്സലിൽ നിന്നും നിയമത്തിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്.
എഎഫ് ഹസ്സൻ ആരിഫ്
ബംഗ്ലാദേശിലെ സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകനാണ് ഹസ്സൻ ആരിഫ്. 1970 ലാണ് അഭിഭാഷക ജീവിതം ആരംഭിക്കുന്നത്. 2001 ഒക്‌ടോബർ മുതൽ 2005 ഏപ്രിൽ വരെ അദ്ദേഹം ബംഗ്ലാദേശിൻ്റെ അറ്റോർണി ജനറലായിരുന്നു. 2008 ജനുവരി മുതൽ 2009 ജനുവരി വരെ ബംഗ്ലാദേശിലെ കെയർടേക്കർ ഗവൺമെൻ്റിൻ്റെ നിയമ ഉപദേഷ്ടാവ് (കാബിനറ്റ് മന്ത്രി) ആയിരുന്നു.
എംഡി തൗഹിദ് ഹുസൈൻ
ബംഗ്ലാദേശിൻ്റെ മുൻ വിദേശകാര്യ സെക്രട്ടറിയാണ് എംഡി തൗഹിദ് ഹുസൈൻ. ദക്ഷിണാഫ്രിക്കയിലെ ബംഗ്ലാദേശിൻ്റെ മുൻ ഹൈക്കമ്മീഷണറാണ്. 1981-ൽ ബംഗ്ലാദേശ് ഫോറിൻ സർവീസിൽ ചേർന്ന അദ്ദേഹം, 1999 ജനുവരി മുതൽ 2000 ഫെബ്രുവരി വരെ ഹൊസൈൻ ഫോറിൻ സർവീസ് അക്കാദമിയുടെ പ്രിൻസിപ്പലായി സേവനമനുഷ്ഠിച്ചു. 2006 ഡിസംബർ 17 മുതൽ 2009 ജൂലൈ 8 വരെ ഹുസൈൻ ബംഗ്ലാദേശിൻ്റെ വിദേശകാര്യ സെക്രട്ടറിയായിരുന്നു.
സയ്യിദ റിസ്വാന ഹസൻ
ബംഗ്ലാദേശ് എൻവയോൺമെൻ്റൽ ലോയേഴ്‌സ് അസോസിയേഷൻ്റെ (ബേല) ചീഫ് എക്‌സിക്യൂട്ടീവാണ് സൈദ റിസ്‌വാന ഹസൻ. പരിസ്ഥിതി നിയമ അലയൻസ് വേൾഡ് വൈഡിലും, പ്രകൃതി സംരക്ഷണത്തിനായുള്ള ഇൻ്റർനാഷണൽ യൂണിയനുകളുടെ പരിസ്ഥിതി നിയമ കമ്മീഷനിലും (IUCN) അംഗമാണ്. കൂടാതെ, സൗത്ത് ഏഷ്യൻ നെറ്റ്‌വർക്ക് ഫോർ ഡെവലപ്‌മെൻ്റ് ആൻഡ് എൻവയോൺമെൻ്റൽ ഇക്കണോമിക്‌സിൻ്റെ (SANDEE) ബോർഡ് അംഗവുമാണ്.
സുപ്രദീപ് ചക്മ
ചിറ്റഗോംഗ് ഹിൽ ട്രാക്‌സ് ഡെവലപ്‌മെൻ്റ് ബോർഡിൻ്റെ (CHTDB) ചെയർമാനാണ് സുപ്രദീപ് ചക്മ. മുമ്പ് വിയറ്റ്നാമിലും മെക്സിക്കോയിലും ബംഗ്ലാദേശ് അംബാസഡറായി പ്രവർത്തിച്ചിട്ടുണ്ട്. ബിസിഎസ് 1985 ബാച്ചിലെ വിദേശ കേഡറായ അദ്ദേഹം റബാത്തിലെ ബംഗ്ലാദേശ് എംബസി, കൊളംബോയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷൻ, ബ്രസൽസിലെ ബംഗ്ലാദേശ് എംബസി, അങ്കാറയിലെ ബംഗ്ലാദേശ് എംബസി എന്നിവിടങ്ങളിൽ വിവിധ പദവികളിൽ സേവനമനുഷ്ഠിച്ചു.
ഫരീദ അക്തർ
നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുള്ള ഫരീദ അക്തർ ദേശീയ ദിനപത്രങ്ങളിലെ സ്ഥിരം കോളമിസ്റ്റാണ്, ജൈവവൈവിധ്യം, പരിസ്ഥിതി, സ്ത്രീകൾ, മറ്റ് വിഷയങ്ങളിലാണ് പ്രധാനമായും എഴുതുന്നത്. കൃഷി, സമുദ്ര മത്സ്യബന്ധനം, ജനസംഖ്യ, വികസന പ്രശ്നങ്ങൾ എന്നിവയിൽ ഫരീദ അക്തർ വിപുലമായ ഗവേഷണം നടത്തിയിട്ടുണ്ട്. ഫരീദ അക്തർ, ജൈവവൈവിധ്യത്തെയും കാർഷിക സമ്പ്രദായത്തെയും പിന്തുണയ്ക്കാനായി UBINIG എന്ന സംഘടന രൂപീകരിച്ചിരുന്നു. ഈ സംവിധാനത്തിൽ 300,000-ലധികം കർഷക കുടുംബങ്ങളാണ് ഉൾപ്പെട്ടിരിക്കുന്നത്, വിവിധ തരത്തിലുള്ള സസ്യങ്ങളെയും മൃഗങ്ങളെയും സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന സുസ്ഥിര കൃഷി പരിശീലിക്കാൻ കർഷകരെ സഹായിക്കുകയാണ് ലക്ഷ്യം.
ബിദാൻ രഞ്ജൻ റോയ്
പ്രൊഫ ബിദാൻ രഞ്ജൻ റോയ് പോദ്ദാർ ബംഗ്ലാദേശിലെ മൈമെൻസിംഗിൽ ഒരു സൈക്കോളജി സ്പെഷ്യലിസ്റ്റാണ്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെൻ്റൽ ഹെൽത്ത് ആൻഡ് ഹോസ്പിറ്റലിൽ സൈക്യാട്രി വിഭാഗത്തിൽ ഡയറക്ടറാണ്.
ഷർമീൻ മുർഷിദ്
മനുഷ്യാവകാശ സംഘടനയായ ബ്രോട്ടിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറാണ് ഷർമിൻ മുർഷിദ്. 2001 മുതൽ, പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളുടെ, പ്രത്യേകിച്ച് തദ്ദേശവാസികളുടെ അവകാശങ്ങൾക്കായി ബ്രോട്ടി പ്രവർത്തിച്ചു വരികയാണ്.
എഎഫ് എം ഖാലിദ് ഹുസൈൻ
ഡോ എഎഫ് എം ഖാലിദ് ഹൊസൈൻ എന്നറിയപ്പെടുന്ന അബുൽ ഫയീസ് മുഹമ്മദ് ഖാലിദ് ഹുസൈൻ ഇസ്ലാമിക പണ്ഡിതൻ, അധ്യാപകൻ, എഴുത്തുകാരൻ, ഗവേഷകൻ, എഡിറ്റർ, അന്താരാഷ്ട്ര ഇസ്ലാമിക പ്രഭാഷകൻ, സാമൂഹിക പരിഷ്കർത്താവ് എന്നി നിലകളിൽ പ്രശസ്തനാണ്. ഹെഫാസത്ത്-ഇ-ഇസ്‌ലാം മുൻ വൈസ് പ്രസിഡൻ്റ്, ഇസ്‌ലാമി ആന്ദോളൻ വിദ്യാഭ്യാസ ഉപദേഷ്ടാവ്, പ്രതിമാസ അത്-തൗഹീദിൻ്റെ എഡിറ്റർ, ബലാഗ് അൽ-ഷർഖിൻ്റെ അസിസ്റ്റൻ്റ് എഡിറ്റർ എന്നി പദവികളിൽ സേവനം അനുഷ്ഠിച്ചിരുന്നു.
ഫാറൂഖ്-ഇ-അസം
നാവിക കമാൻഡോ ഫാറൂഖ്-ഇ-അസം ബിർ പ്രതീക് പുരസ്‌കാരം നേടിയ സ്വാതന്ത്ര്യ സമര സേനാനിയാണ്. 1971-ൽ, വിമോചനയുദ്ധത്തിൻ്റെ തുടക്കത്തിൽ ഫാറൂഖ്-ഇ-അസം ഹൈസ്കൂൾ പാസായി. “ഓപ്പറേഷൻ ജാക്ക്‌പോട്ട്” ആയിരുന്നു വിമോചനയുദ്ധത്തിൻ്റെ ഏകോപന പ്രചാരണം. ചിറ്റഗോങ് തുറമുഖം ആക്രമിക്കാൻ രൂപീകരിച്ച സംഘത്തിൻ്റെ ഡെപ്യൂട്ടി കമാൻഡറായിരുന്നു.
നൂർജഹാൻ ബീഗം
ഗ്രാമീൺ ബാങ്ക് സ്ഥാപിക്കുന്ന കാലത്ത് പ്രൊഫസർ മുഹമ്മദ് യൂനസിൻ്റെ ആദ്യകാല സഹയികളിൽ ഒരാളാണ് നൂർജഹാൻ ബീഗം. 2011-ൽ മുഹമ്മദ് യൂനസ് ബാങ്ക് വിട്ടതിന് തൊട്ടുപിന്നാലെ ഗ്രാമീൺ ബാങ്കിൻ്റെ ആക്ടിംഗ് മാനേജിംഗ് ഡയറക്ടറായി അവർ സേവനമനുഷ്ഠിച്ചു. ഒരു ദശാബ്ദത്തിലേറെയായി ഗ്രാമീണ് ബാങ്കിൻ്റെ അഡ്മിനിസ്ട്രേഷൻ, ട്രെയിനിംഗ് & ഇൻ്റർനാഷണൽ പ്രോഗ്രാം ജനറൽ മാനേജരായി അവർ പ്രവർത്തിച്ചു. ബാങ്കിൻ്റെ സെൻട്രൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട്. ലോകമെമ്പാടുമുള്ള മൈക്രോക്രെഡിറ്റ് പ്രോഗ്രാമുകളുടെ കൺസൾട്ടൻ്റ്, പരിശീലകൻ, മൂല്യനിർണ്ണയം എന്നീ നിലകളിലും അവർ പ്രവർത്തിച്ചിട്ടുണ്ട്. ഗ്രാമീൺ ഫൗണ്ടേഷൻ്റെ സൂസൻ എം ഡേവിസ് ലൈഫ് ടൈം അച്ചീവ്‌മെൻ്റ് അവാർഡ് 2008, വേൾഡ് സമ്മിറ്റ് മില്ലേനിയം ഡെവലപ്‌മെൻ്റ് ഗോൾസ് അവാർഡ് 2009, വിഷൻ അവാർഡ് 2009 എന്നിവ നുജഹാനെ തേടിയെത്തിയിട്ടുണ്ട്. Bangladesh’s interim government
Contnet summary; Key members leading Bangladesh’s interim government.