പാവങ്ങളുടെ ബാങ്കര്‍, ഹസീനയുടെ നോട്ടപ്പുള്ളി
ആരാണ് മുഹമ്മദ് യൂനസ്
ബംഗ്ലാദേശിൽ ഷെയ്ഖ് ഹസീന രാജി വച്ചതിന് പിന്നാലെ ഇടക്കാല സർക്കാർ രൂപീകരിക്കാനുള്ള നീക്കങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്. സമാധാനത്തിനുള്ള നൊബേല്‍ ജേതാവായ മുഹമ്മദ് യൂനസ് സർക്കാരിൻ്റെ മുഖ്യ ഉപദേഷ്ടാവായി ചുമതലയേൽക്കുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സർക്കാർ ജോലികളിൽ സ്വാതന്ത്ര്യ സമര സേനാനികളുടെ ബന്ധുക്കൾക്ക് സംവരണം ഏർപ്പെടുത്തിയതിനെച്ചൊല്ലി ബംഗ്ലാദേശിൽ കലാപം കൊടുമ്പിരികൊണ്ടിരുന്നു, ഇതോടെ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന പദവി ഒഴിഞ്ഞ് രാജ്യം വിട്ടു. ഓഗസ്റ്റ് 5 ന് സൈനിക മേധാവി വക്കർ-ഉസ്-സമാൻ ഇടക്കാല സർക്കാർ രൂപീകരിക്കുമെന്ന പ്രഖ്യാപനം നടത്തിയിരുന്നു.Nobel Laureate Muhammad Yunus
84 കാരനായ യൂനസ്, ആഗോളതലത്തിൽ പ്രശസ്‌തനായ സാമ്പത്തിക വിദഗ്ധനാണ്. കൂടാതെ അദ്ദേഹം തുടക്കമിട്ട മൈക്രോഫിനാൻസ് സംവിധാനം മുഖേന വലിയ വിഭാഗം ബംഗ്ലാദേശികളെ കടുത്ത ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റാൻ സാധിച്ചിരുന്നു. ഹസീനയുമായി പലവട്ടം യൂനസ് കൊമ്പുകോർത്തിട്ടുണ്ട്. ദരിദ്രരിൽ നിന്ന് രക്തം ഊറ്റി കുടിക്കുന്നുവെന്ന ആരോപണം പോലും ഹസീന യൂനസിനെതിരെ തൊടുത്തുവിട്ടിട്ടുണ്ട്. ഹസീനയുടെ ഭരണത്തിൻ കീഴിൽ, വ്യാജരേഖ ചമയ്ക്കൽ, കള്ളപ്പണം വെളുപ്പിക്കൽ, വഞ്ചന തുടങ്ങി 200-ലധികം കേസുകളിൽ യൂനസിനെതിരെ ചുമത്തപ്പെട്ടിട്ടുണ്ട്.
ആരാണ് മുഹമ്മദ് യൂനസ്?
1940-ൽ ചിറ്റഗോങ്ങിൽ ജനിച്ച യൂനസ് 1969-ൽ അമേരിക്കയിലെ വാൻഡർബിൽറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ പി.എച്ച്.ഡി നേടിയെടുത്താണ് അധ്യാപന ജീവിതം ആരംഭിക്കുന്നത്. പാകിസ്ഥാനിൽ നിന്ന് ബംഗ്ലാദേശ് മോചിപ്പിക്കപ്പെട്ടതിന് ശേഷം മടങ്ങിയെത്തിയ അദ്ദേഹം ചിറ്റഗോംഗ് സർവകലാശാലയിലെ സാമ്പത്തിക ശാസ്ത്ര വിഭാഗത്തിൻ്റെ തലവനായി നിയമിതനായി. സ്വാതന്ത്ര്യാനന്തര വർഷങ്ങളിൽ സമ്പദ്‌വ്യവസ്ഥയെ സുസ്ഥിരമാക്കാനും ദാരിദ്ര്യത്തെ നേരിടാനും ബംഗ്ലാദേശിന് അക്ഷീണം പ്രയത്നിക്കേണ്ടതായി വന്നു. ഇതിന് പരിഹാരമെന്ന നിലയിൽ യൂനസ് ഒരാശയം അവതരിപ്പിച്ചിരുന്നു. മൈക്രോക്രെഡിറ്റ്, അല്ലെങ്കിൽ ബാങ്ക് വായ്പകൾക്ക് സാധാരണയായി യോഗ്യത നേടാത്ത സംരംഭകർക്ക് ഈടില്ലാതെയുള്ള ചെറിയ വായ്പകൾ നൽകുന്ന സംരംഭം, അവർക്ക് അനുയോജ്യമായ വ്യവസ്ഥകളിൽ വായ്പകൾ അനുവദിക്കുമെന്നതായിരുന്നു മൈക്രോക്രെഡിറ്റിന്റെ പ്രത്യേകത.
വിജയകരമായ ഒരു പ്രാദേശിക പരീക്ഷണം ഈ ആശയം വിപുലീകരിക്കാൻ കഴിയുമെന്ന് യൂനസിനെ ബോധ്യപ്പെടുത്തി. 1983ൽ അദ്ദേഹം ഗ്രാമീൺ ബാങ്ക് ആരംഭിച്ചു. ബാങ്ക് വളരെ വിജയകരമായിരുന്നു, ഏകദേശം 10 ദശലക്ഷം ആളുകൾക്ക് 34 ബില്യൺ ഡോളറിലധികം ഈട് രഹിത വായ്പകൾ വിതരണം ചെയ്തു, തിരിച്ചടവ് നിരക്ക് 97% കവിഞ്ഞതായി കഴിഞ്ഞ വർഷം ബംഗ്ലാദേശി പത്രമായ ഡെയ്‌ലി സൺ റിപ്പോർട്ട് ചെയ്തിരുന്നു. നിലവിൽ ലോകത്തെ 100-ലധികം രാജ്യങ്ങളിൽ ഗ്രാമീൺ ബാങ്കിൻ്റെ മൈക്രോക്രെഡിറ്റ് മാതൃകയെ അടിസ്ഥാനമാക്കി ബാങ്കുകൾ പ്രവർത്തിക്കുന്നുണ്ട്. സമൂഹത്തിന്റെ താഴെ തട്ടിൽ നിന്ന് സാമ്പത്തികവും സാമൂഹികവുമായ വികസനം സൃഷ്ടിച്ചെടുക്കാനുള്ള യൂനസിന്റെയും ഗ്രാമീൺ ബാങ്കിന്റെയും ശ്രമങ്ങൾക്ക് ആദരവ് എന്ന പോലെ 2006-ൽ സമാധാനത്തിനുള്ള നൊബേൽ അദ്ദേഹത്തെ തേടിയെത്തി. “പാവങ്ങളുടെ ബാങ്കർ” എന്നാണ് യൂനസ് അറിയപ്പെട്ടത്.
ഹസീനയുമായുള്ള ശീതയുദ്ധം
നൊബേൽ നേടിയതിന്റെ അടുത്ത പടിയെന്ന നിലയിൽ സ്വന്തമായി രാഷ്ട്രീയ പാർട്ടി ആരംഭിക്കാനുള്ള ശ്രമങ്ങൾ കൂടി യൂനസ് തുടങ്ങിവച്ചു. കൊള്ളയടിച്ച കുറ്റത്തിന് ജയിൽ വാസത്തിലായിരുന്ന ഹസീനക്ക് യൂനസിന്റെ നീക്കങ്ങളിൽ ചെറുതല്ലാത്ത അതൃപ്തി ഉണ്ടായിരുന്നു. തൻ്റെ പുതിയ രാഷ്ട്രീയ പ്രസ്ഥാനത്തിന് വേണ്ടത്ര പിന്തുണയില്ലെന്ന കാരണത്താൽ പാർട്ടി രൂപീകരിക്കാനുളള പദ്ധതി യൂനസ് ഉപേക്ഷിച്ചു. എന്നാൽ ഹസീനക്ക് അദ്ദേഹത്തിനോടുള്ള അതൃപ്തിയിൽ മാറ്റം വന്നില്ല. 2009-ൽ അധികാരത്തിൽ തിരിച്ചെത്തിയ ഹസീന യൂനസിൻ്റെ പ്രവർത്തനങ്ങളിൽ അന്വേഷണങ്ങൾ നടത്തി. ഗ്രാമീൺ ബാങ്കിൻ്റെ തലപ്പത്ത് ഇരുന്നു കൊണ്ട് അദ്ദേഹം, പാവപ്പെട്ട ഗ്രാമീണ സ്ത്രീകളിൽ നിന്ന് വായ്പ തിരിച്ചുപിടിക്കാൻ ബലപ്രയോഗവും മറ്റ് മാർഗങ്ങളും ഉപയോഗിച്ചതായി മുൻ പ്രധാനമന്ത്രിയും അവരുടെ സർക്കാരും ആരോപിച്ചു കൊണ്ടിരുന്നു.
എന്താണ് യൂനസിനെതിരെയുള്ള കേസ് ?
ഈ വർഷം ജനുവരിയിൽ, ബംഗ്ലാദേശിലെ തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് യൂനസിനെയും അദ്ദേഹത്തിൻ്റെ ടെലികമ്മ്യൂണിക്കേഷൻ കമ്പനിയായ ഗ്രാമീൺ ടെലികോമിലെ മറ്റ് മൂന്ന് ഉദ്യോഗസ്ഥരെയും ആറ് മാസത്തെ തടവ് ശിക്ഷയ്ക്ക് വിധിച്ചിരുന്നു. കേസിൽ ഇവർക്ക് ഉടൻ തന്നെ ജാമ്യവും ലഭിച്ചു. 2015-ൽ, 1.51 മില്യൺ ഡോളറിൻ്റെ നികുതി അടയ്ക്കാത്തതിൻ്റെ പേരിൽ ബംഗ്ലാദേശ് റവന്യൂ അധികാരികൾ അദ്ദേഹത്തിന് സമൻസ് അയച്ചിരുന്നു. രണ്ട് വർഷം മുമ്പ്, നൊബേൽ സമ്മാനവും ഒരു പുസ്തകത്തിൽ നിന്നുള്ള റോയൽറ്റിയും ഉൾപ്പെടെ സർക്കാർ അനുമതിയില്ലാതെ പണം സ്വീകരിച്ചുവെന്നാരോപിച്ച് അദ്ദേഹത്തെ വിചാരണ ചെയ്തു.
കൂടാതെ സർക്കാർ വിരമിക്കൽ ചട്ടങ്ങൾ ലംഘിച്ചുവെന്നാരോപിച്ച് 2011ൽ യൂനസിനെ ഗ്രാമീൺ ബാങ്കിൻ്റെ മാനേജിങ് ഡയറക്ടർ സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. യൂനസിനെതിരായ ക്രിമിനൽ കേസുകൾ ആഗോളതലത്തിൽ തന്നെ ആശങ്ക പരത്തിയിരുന്നു. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ, മുൻ യുഎസ് പ്രസിഡൻ്റ് ബരാക് ഒബാമയും മുൻ യുഎൻ സെക്രട്ടറി ജനറൽ ബാൻ കി മൂണും ഉൾപ്പെടെ 160 അന്താരാഷ്ട്ര വ്യക്തികൾ യൂനസിൻ്റെ “തുടർച്ചയായ ജുഡീഷ്യൽ പീഡനത്തെ” അപലപിച്ചുകൊണ്ട് ഒരു കത്തിൽ ഒപ്പുവച്ചു.Nobel Laureate Muhammad Yunus
Content summary; Nobel Laureate Muhammad Yunus, the chief advisor of Bangladesh’s government after Hasina’s tenure